മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനം കുറ്റകരം; ജാമ്യമില്ലാ വകുപ്പോടെ നിയമം പ്രാബല്യത്തിൽ
മുംബൈ: ബലപ്രയോഗം, വഞ്ചന, ഭീഷണി, പ്രലോഭനം എന്നിവയിലൂടെ നടത്തുന്ന മതപരിവർത്തനങ്ങൾ തടയുന്നതിനായി മഹാരാഷ്ട്ര സർക്കാർ കൊണ്ടുവന്ന മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം – 2026 (Maharashtra Freedom of Religion Act, 2026) പ്രാബല്യത്തിൽ. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് നിയമം നിലവിൽ വന്നത്.
പുതിയ നിയമപ്രകാരം നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം ജാമ്യമില്ലാ (Non-bailable) കുറ്റമായി പരിഗണിക്കും. കുറ്റം തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്.
പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർ എന്നിവരെ ലക്ഷ്യമിട്ട് നടത്തുന്ന നിർബന്ധിത മതപരിവർത്തന കേസുകളിൽ കൂടുതൽ കർശനമായ ശിക്ഷയും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മതവിശ്വാസം സ്വതന്ത്രമായി സ്വീകരിക്കാനുള്ള വ്യക്തിയുടെ ഭരണഘടനാപരമായ അവകാശത്തെ ബാധിക്കാനല്ല, മറിച്ച് ബലപ്രയോഗം, ഭീഷണി, വഞ്ചന, പ്രലോഭനം എന്നിവയിലൂടെ നടക്കുന്ന നിയമവിരുദ്ധ മതപരിവർത്തനങ്ങൾ തടയാനാണ് നിയമം ലക്ഷ്യമിടുന്നതെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി.
അതേസമയം, നിയമം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നുമുള്ള ആശങ്കകൾ പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും ഉയർത്തിയിട്ടുണ്ട്. പുതിയ നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംസ്ഥാനത്ത് വ്യാപകമായ ചർച്ചകൾ തുടരുകയാണ്.


- Advertisement -


Comments are closed.