ലേഖനം: ദൈവം ഉയർത്തുമ്പോൾ താഴ്മയുള്ളവരാകാം: മേഘങ്ങളിൽ പറക്കുമ്പോഴും മണ്ണിൽ ചവിട്ടി നിൽക്കാം | ജോബ് കോവളം
ഒരു വലിയ കൊടുങ്കാറ്റടിച്ചപ്പോൾ ആൽമരവും പുൽച്ചെടിയും രണ്ട് രീതിയിലാണ് പ്രതികരിച്ചത്. ആൽമരം അതിന്റെ വലിപ്പത്തിലും കരുത്തിലും അഹങ്കരിച്ച് തലയുയർത്തി നിന്നു. എന്നാൽ പുൽച്ചെടി കാറ്റിന് മുൻപിൽ വിനയത്തോടെ തലകുനിച്ചു. കൊടുങ്കാറ്റ് അടങ്ങി ഒടുങ്ങിയപ്പോൾ ആൽമരം വേരോടെ പിഴുതെറിയപ്പെട്ടിരുന്നു, എന്നാൽ തലകുനിച്ച പുൽച്ചെടി ഒരിതൾ പോലും കൊഴിയാതെ സുരക്ഷിതമായി നിന്നു. നമ്മുടെ ജീവിതവും ഇതുപോലെയാണ്. ഉയരങ്ങളിൽ എത്തുമ്പോൾ തലയുയർത്തി അഹങ്കരിക്കുന്നവർ വീണുപോകും, താഴ്മയുള്ളവർ സുരക്ഷിതരായിരിക്കും (Proverbs 16:18). ക്രിസ്തീയ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുമ്പോൾ അഹങ്കരിക്കാതെ, വിനയത്തോടെ ജീവിക്കേണ്ടത് ദൈവകൃപ നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.
വിശുദ്ധ ബൈബിളിൽ ദാനിയേലിന്റെ പുസ്തകത്തിൽ ലോകം മുഴുവൻ കീഴടക്കിയ ബാബിലോൺ സാമ്രാജ്യത്തിന്റെ അധിപനായ നെബൂഖദ്നേസർ രാജാവിന്റെ ചരിത്രം വിവരിക്കുന്നുണ്ട് (ദാനിയേൽ 4]. തന്റെ കൊട്ടാരത്തിന്റെ മുകളിൽ നിന്നുകൊണ്ട് “ഇത് എന്റെ സ്വന്തം ശക്തിയാൽ ഞാൻ നിർമ്മിച്ചതല്ലേ” എന്ന് അദ്ദേഹം അഹങ്കരിച്ച ആ ക്ഷണത്തിൽത്തന്നെ ദൈവത്തിന്റെ ശിക്ഷ അവനെ തേടിയെത്തി. ബുദ്ധി നഷ്ടപ്പെട്ട്, കാട്ടുമൃഗങ്ങളെപ്പോലെ പുല്ലു തിന്ന് ഏഴു വർഷം അവന് ജീവിക്കേണ്ടി വന്നു. പിന്നീട് ദൈവത്തിന്റെ പരമാധികാരം അംഗീകരിച്ച് തന്നെത്താൻ താഴ്ത്തിയപ്പോഴാണ് അവന് രാജപദവി തിരികെ ലഭിച്ചത്. നാശത്തിനു മുൻപിൽ അഹങ്കാരവും വീഴ്ചയ്ക്കു മുൻപിൽ മനസ്സിന്റെ ഗർവ്വവും നടക്കുന്നു എന്ന സദൃശവാക്യങ്ങളിലെ വചനം എത്രമാത്രം സത്യമാണെന്ന് ഈ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. സദൃശ്യവാക്യങ്ങൾ 16:18).
നമ്മൾ ഇന്ന് അനുഭവിക്കുന്ന പദവികളും സമ്പത്തും ദൈവത്തിന്റെ ദാനമാണെന്ന് മറക്കുമ്പോൾ നമ്മുടെ പതനവും അവിടെ ആരംഭിക്കുകയാണ് (1കൊരിന്ത്യർ 4:7).
പ്രകൃതിയിലേക്ക് നോക്കിയാൽ വലിയൊരു ആത്മീയ സത്യം നമുക്ക് മനസ്സിലാക്കാം. ഒട്ടും ഫലങ്ങളില്ലാത്ത, വെറും ഇലകൾ മാത്രമുള്ള ഒരു മരം കാറ്റിൽ വലിയ ശബ്ദത്തോടെ ഇളകിയാടുകയും അഹങ്കാരത്തോടെ തലയുയർത്തി നിൽക്കുകയും ചെയ്യും. എന്നാൽ നിറയെ പഴുത്ത ആപ്പിളുകളുള്ള ഒരു മരം നോക്കുക; അതിന്റെ കൊമ്പുകൾ പഴങ്ങളുടെ ഭാരം കൊണ്ട് താഴേക്ക് കുനിഞ്ഞു നിൽക്കും. യഥാർത്ഥ യോഗ്യതയും ദൈവകൃപയും നിറഞ്ഞ മനുഷ്യർ ഒരിക്കലും അഹങ്കരിക്കില്ല (യാക്കോബ് 4:6). അവർ എത്രത്തോളം ഉയരങ്ങളിൽ എത്തുന്നോ, അത്രത്തോളം കൂടുതൽ വിനയമുള്ളവരായി മാറും (ലൂക്കോസ് 14:11).
നേട്ടങ്ങൾ കൂടുമ്പോൾ തലക്കനം കൂടുന്നത് ആത്മീയ ശൂന്യതയുടെ ലക്ഷണമാണ്. ദൈവം അഹങ്കാരികളോട് എതിർത്തു നിൽക്കുകയും താഴ്മയുള്ളവർക്ക് കൃപ നൽകുകയും ചെയ്യുന്നു എന്ന് യാക്കോബിന്റെ ലേഖനത്തിൽ വ്യക്തമായി പറയുന്നുണ്ട്. ക്രൈസ്തവ ജീവിതത്തിന്റെ ഏറ്റവും വലിയ മാതൃക യേശുക്രിസ്തു തന്നെയാണ്. അവിടുത്തെക്കാൾ വലിയൊരു ഉയർച്ചയോ പദവിയോ ഈ പ്രപഞ്ചത്തിൽ ആർക്കുമില്ല. എന്നിട്ടും, തന്റെ അവസാന അത്താഴവേളയിൽ യേശു തന്റെ വസ്ത്രം മാറ്റിവെച്ച്, അരയിൽ തോർത്തു ചുറ്റി, ഒരു ദാസനെപ്പോലെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി തുടച്ചു. പ്രപഞ്ചത്തിന്റെ സൃഷ്ടാവാണ് തനിക്ക് മുൻപിലിരിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ കാലുകൾ കഴുകാൻ തയ്യാറായത്. ഞാൻ സൗമ്യതയും ഹൃദയതാഴ്മയുമുള്ളവനാകയാൽ എന്റെ നുകം ഏറ്റ് എന്നിൽ നിന്ന് പഠിക്കുവിൻ എന്നാണ് യേശു നമ്മോട് ആവശ്യപ്പെട്ടത്. അധികാരം കൈവരുമ്പോൾ മറ്റുള്ളവരെ ഭരിക്കാനല്ല, മറിച്ച് അവരെ സേവിക്കാനാണ് ഉപയോഗിക്കേണ്ടത് എന്ന വലിയ പാഠമാണ് യേശു തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നത് .
ഭൂമിയിലെ മനുഷ്യർ പണവും പദവിയും നോക്കി ആളുകളെ അളക്കുമ്പോൾ, ദൈവം മനുഷ്യന്റെ ഹൃദയത്തെയാണ് നോക്കുന്നത് (1 ശമുവേൽ 16:7). നാം ഏതു വലിയ നിലയിൽ എത്തിയാലും നമ്മുടെ ശ്വാസം ദൈവത്തിന്റെ കയ്യിലാണ് എന്ന ചിന്ത എപ്പോഴും ഉണ്ടാകണം (ഇയ്യോബ് 12:10). നമ്മുടെ ജീവിതത്തിലെ വിജയങ്ങൾ നമ്മുടെ മാത്രം മിടുക്കല്ല, മറിച്ച് ദൈവത്തിന്റെ കാരുണ്യമാണ്. അതുകൊണ്ട്, ജീവിതത്തിൽ വിജയത്തിന്റെ പടവുകൾ കയറുമ്പോഴും മണ്ണിൽ ചവിട്ടി നിൽക്കാൻ നമുക്ക് ശീലിക്കാം. ദൈവം തന്ന ഉയർച്ചകളെ ഓർത്ത് ദൈവത്തെ മഹത്വപ്പെടുത്തുകയും നമ്മുടെ പദവികൾ കൊണ്ട് ദുർബലരായ മനുഷ്യരെ സഹായിക്കുകയും ചെയ്യാം. താഴ്മയുള്ള ഹൃദയങ്ങളെ ദൈവം ഒരിക്കലും കൈവിടില്ല (സങ്കീർത്തനങ്ങൾ 51:17).
ജോബ് കോവളം


- Advertisement -


Comments are closed.