ഷെഫ് ജോമോൻ കുര്യാക്കോസിന്റെ ‘ആറ്റിറ്റ്യൂഡ് – എ ഫുഡ് ടെയിൽ ഫ്രം ഗോഡ്സ് ഓൺ കൺട്രി’ പ്രകാശനം ചെയ്തു
ലണ്ടൻ: സെലിബ്രിറ്റി ഷെഫ് ജോമോൻ കുര്യാക്കോസിന്റെ ‘A.T.T.I.T.U.D.E – A Food Tale from God’s Own Country’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. പത്തു വർഷം മുൻപ് സ്വന്തമായി ഒരു പുസ്തകം എഴുതണമെന്ന സ്വപ്നത്തിന് പ്രചോദനമായ ഹെന്നി വർഗീസിന് ആദ്യകോപ്പി നൽകിയാണ് പ്രകാശനച്ചടങ്ങ് നടന്നത്.

പ്രശസ്ത ഷെഫ് വിവേക് സിങ്ങിന്റെ ലണ്ടനിലെ റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നതിനിടെയുണ്ടായ ഒരു സംഭവമാണ് പുസ്തകരചനയെന്ന സ്വപ്നത്തിലേക്ക് ജോമോനെ നയിച്ചത്. അന്ന് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ഹെന്നി വർഗീസ്, വിവേക് സിങ്ങിന്റെ പാചകപുസ്തകത്തിൽ ജോമോന്റെ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടു. താൻ എഴുതാത്ത പുസ്തകത്തിൽ ഒപ്പിടാൻ മടിച്ച ജോമോനോട്, ‘ഒരുനാൾ നിങ്ങൾ വലിയ ഷെഫാകുമ്പോൾ നിങ്ങളുടെ ഓട്ടോഗ്രാഫ് എന്റെ കൈയിലിരിക്കട്ടെ’ എന്നായിരുന്നു ഹെന്നിയുടെ മറുപടി.
ആ വാക്കുകൾ മനസ്സിൽ പതിഞ്ഞതോടെയാണ് ഒരുനാൾ സ്വന്തമായി പുസ്തകം എഴുതി വായനക്കാർക്ക് ഒപ്പിട്ടു നൽകണമെന്ന ആഗ്രഹം ജനിച്ചതെന്ന് ജോമോൻ പറയുന്നു. പത്തു വർഷത്തിനുശേഷം ആ സ്വപ്നം യാഥാർഥ്യമായപ്പോൾ ആദ്യകോപ്പി ഹെന്നി വർഗീസിന് തന്നെ സമ്മാനിക്കുകയായിരുന്നു.
ലണ്ടൻ പെന്തക്കോസ്തൽ ചർച്ചിൽ നടന്ന ചടങ്ങിൽ സീനിയർ പാസ്റ്റർ സാം ജോൺ, സെക്രട്ടറി ബിജോയ് ജോൺസൺ എന്നിവരും സഭാംഗങ്ങളും പങ്കെടുത്തു.
കേരളത്തിന്റെ ഭക്ഷണപാരമ്പര്യവും ജീവിതാനുഭവങ്ങളും പ്രവാസജീവിതത്തിലെ അനുഭവങ്ങളും സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയും കോർത്തിണക്കുന്നതാണ് ‘ആറ്റിറ്റ്യൂഡ് – എ ഫുഡ് ടെയിൽ ഫ്രം ഗോഡ്സ് ഓൺ കൺട്രി’.


- Advertisement -


Comments are closed.