തുടർക്കഥ: എന്റെ പ്രിയേ… ശൂലേംകാരത്തി…! (ഭാഗം 8) | സജോ കൊച്ചുപറമ്പിൽ

പിറ്റേന്ന് രാവിലെ അയാൾ അവളോട് ചോദിച്ചു, എവിടേക്കാണ് പോകേണ്ടത്???
അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു, “ഒരു മലമുകളിലേക്ക്…”
അയാൾ അത്ഭുതത്തോടെ അവളെ നോക്കി. ഇത്ര നാളായിട്ടും ഒന്നും ആവശ്യപ്പെടാത്ത ഈ സ്ത്രീ ഇന്ന് ആദ്യമായി ഒരു യാത്ര ചോദിച്ചിരിക്കുന്നു.
അങ്ങനെ അവർ യാത്ര തിരിച്ചു. വളവുകളും തിരിവുകളും നിറഞ്ഞ മലമ്പാതയിലൂടെ വാഹനം പതിയെ കയറി. വഴിയോരങ്ങളിൽ കാപ്പിത്തോട്ടങ്ങൾ… മഞ്ഞിൽ പൊതിഞ്ഞ മരങ്ങൾ… പാറക്കെട്ടുകളിലൂടെ ഒഴുകുന്ന ചെറു നീരുറവകൾ… എല്ലാം അവളുടെ കണ്ണുകളിൽ അത്ഭുതമായി നിറഞ്ഞു.
യാത്രയ്ക്കിടയിൽ അവൾ അധികം സംസാരിച്ചില്ല. പക്ഷേ ഇടയ്ക്കിടെ അയാളെ നോക്കും. ആ നോട്ടത്തിൽ കുറ്റപ്പെടുത്തലില്ല… കരുണ മാത്രം.
ഒടുവിൽ അവർ മലമുകളിലെത്തി.
മേഘങ്ങൾ താഴെ ഒഴുകി പോകുന്ന ആ ഉയരത്തിൽ നിന്നുകൊണ്ട് അവൾ ചോദിച്ചു,
“ചേട്ടാ… ഈ ലോകത്ത് എല്ലാം നഷ്ടപ്പെട്ടവനാണോ നിങ്ങൾ??”
അയാൾ കുറെ നേരം മിണ്ടിയില്ല. ശേഷം കണ്ണുകൾ ദൂരേക്ക് നീട്ടി പതിയെ പറഞ്ഞു,
“അതെ… ഞാൻ നഷ്ടപ്പെട്ടവനാണ്.”
അവൾ അയാളുടെ അരികിലേക്ക് ചേർന്നു നിന്നു.
“അല്ല… നിങ്ങൾക്ക് ഇപ്പോഴും ഒരു ജീവൻ ബാക്കിയുണ്ട്… ഒരു ഹൃദയം ബാക്കിയുണ്ട്… ഒരാൾ നിങ്ങളെ വിശ്വസിക്കുന്നുണ്ട്…”
ആ വാക്കുകൾ കേട്ട നിമിഷം അയാളുടെ കണ്ണുകൾ നിറഞ്ഞു. വർഷങ്ങളായി അടച്ചു പൂട്ടിയിട്ടിരുന്ന ഹൃദയത്തിന്റെ വാതിൽ പതിയെ തുറക്കുകയായിരുന്നു.
അവിടെ ആ മലമുകളിൽ വെച്ച്… മേഘങ്ങൾക്കിടയിൽ നിന്നുകൊണ്ട്… രണ്ട് മുറിവേറ്റ ആത്മാക്കൾ പരസ്പരം മനസ്സ് കൈമാറി.
അയാൾ ആദ്യമായി അവളുടെ കൈ പിടിച്ചു.
അവൾ ആദ്യമായി അയാളുടെ തോളിൽ തല ചായ്ച്ചു.
ആ നിമിഷം… അവളുടെ ഉള്ളിൽ ഒരു ശബ്ദം മുഴങ്ങി,
“എന്റെ പ്രിയേ… ശൂലേംകാരത്തി… നീയെത്ര മനോഹരി…!”

തുടരും…

 

സജോ കൊച്ചുപറമ്പിൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading