ലേഖനം: ട്രെയിനിങ് ഇല്ലാത്ത ശുശ്രൂഷയുടെ അപകടം | പാസ്റ്റർ ലിജോ ജോസഫ് തടിയൂർ
പരിശീലനമില്ലാത്ത ശുശ്രൂഷയുടെ അപകടം
“ഒരു ട്രെയിനിങ്ങും ഇല്ലാതെ
ഒറ്റരാത്രികൊണ്ട് പാസ്റ്ററാകാം…!”
ഇന്നത്തെ ചില ആത്മീയ വേദികളിൽ നിശബ്ദമായി മുഴങ്ങുന്ന ഏറ്റവും അപകടകരമായ പ്രഖ്യാപനങ്ങളിൽ ഒന്നാണിത്.
ഈ “സുവർണ്ണ അവസരം”……. കേൾക്കുമ്പോൾ കൈയടിക്കുന്നവർ ഉണ്ടാകാം; പക്ഷേ സ്വർഗ്ഗം അതിന് കൈയടിക്കുമോ എന്നതാണ് ചോദ്യം.
കാരണം,
ദൈവം ഒരിക്കലും ഉത്തരവാദിത്വങ്ങളെ വിലകുറച്ച് കൊടുക്കുന്നവനല്ല.
മനുഷ്യരുടെ ആത്മാക്കളെ കൈകാര്യം ചെയ്യേണ്ട ശുശ്രൂഷ,
ജീവിതങ്ങളെ നയിക്കേണ്ട ദൗത്യം,
വചനത്തെ വ്യാഖ്യാനിക്കേണ്ട പദവി —
ഇവയെല്ലാം ഒരു സ്റ്റേജിലേക്കുള്ള പ്രവേശന പാസ് അല്ല;
ഇത് ഒരു ക്രൂശ് ചുമക്കാനുള്ള വിളിയാണ്.
അതുകൊണ്ടുതന്നെ ദൈവം പോലും മോശെയെ ഒറ്റരാത്രികൊണ്ട് നേതാവാക്കിയില്ല.
അവനെ 40 വർഷം മരുഭൂമിയിൽ പരിശീലിപ്പിച്ചു.
അഹങ്കാരിയായ രാജകുമാരനെ,
തകർന്ന ഹൃദയമുള്ള ഇടയനാക്കി മാറ്റിയ ശേഷമാണ്
ഒരു ജനതയെ നയിക്കാൻ ദൈവം ഉപയോഗിച്ചത്.
കാരണം,
പരിശീലനമില്ലാത്ത നേതൃത്വം പലപ്പോഴും ജനത്തെ ലക്ഷ്യത്തിലെത്തിക്കാതെ മരുഭൂമിയിൽ തളർത്തും.
ഇന്ന് നമ്മുടെ സമൂഹത്തിൽ ഏത് മേഖലയിലേക്കു കടക്കണമെങ്കിലും പരിശീലനം ആവശ്യമാണ്.
ഡ്രൈവർ ആകാൻ പോലും ആദ്യം പഠിക്കണം.
റോഡിൽ ഇറങ്ങുന്നതിന് മുമ്പ് നിയമങ്ങൾ മനസ്സിലാക്കണം.
പരീക്ഷ പാസാകണം.
അതിനുശേഷമാണ് ലൈസൻസ് ലഭിക്കുന്നത്.
ഡോക്ടർ ആകാൻ വർഷങ്ങളോളം പഠിക്കണം.
മനുഷ്യജീവൻ കൈകാര്യം ചെയ്യാൻ പുസ്തകജ്ഞാനം മാത്രം പോര;
പ്രായോഗിക പരിശീലനവും അനുഭവവും ആവശ്യമാണ്.
നഴ്‌സ് ആകാൻ രോഗിയുടെ വേദന മനസ്സിലാക്കാൻ പരിശീലനം വേണം.
ടീച്ചർ ആകാൻ കുട്ടികളുടെ മനസ്സ് കൈകാര്യം ചെയ്യാൻ പഠിക്കണം.
പോലീസിനും സൈന്യത്തിനും കഠിനമായ ശാരീരികവും മാനസികവുമായ ട്രെയിനിങ് ആവശ്യമാണ്.
ഒരു പൈലറ്റിനെ ചിന്തിക്കൂ.
“എനിക്ക് അഭിഷേകം ഉണ്ട്” എന്ന് പറഞ്ഞാൽ മാത്രം ആരും വിമാനം ഓടിക്കാൻ അനുവദിക്കില്ല.
വർഷങ്ങളായുള്ള പരിശീലനവും അനവധി പരീക്ഷണങ്ങളും കഴിഞ്ഞാലേ നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ അവന്റെ കയ്യിൽ ഏല്പിക്കൂ.
എഞ്ചിനീയർക്ക് പഠനമില്ലെങ്കിൽ ഒരു കെട്ടിടം തകരും.
ഇലക്ട്രീഷ്യന് പരിശീലനം ഇല്ലെങ്കിൽ ഒരു വീടു കത്തിനശിക്കും.
മെക്കാനിക്കിന് പരിചയം ഇല്ലെങ്കിൽ യന്ത്രം നിലയ്ക്കും.
അഭിഭാഷകൻ നിയമം പഠിക്കാതെ കോടതിയിൽ നിൽക്കാനാവില്ല.
ഷെഫിന് അഭ്യാസമില്ലെങ്കിൽ ഭക്ഷണം പോലും രുചിയാകില്ല.
സംഗീതജ്ഞന് സ്ഥിരമായ അഭ്യാസമില്ലെങ്കിൽ സ്വരം തെറ്റും.
കായികതാരത്തിന് ദിവസേന പരിശീലനം ഇല്ലെങ്കിൽ കഴിവ് മരിക്കും.
എന്നാൽ
ചിലർ കരുതുന്നത്
ഇവയെക്കാൾ എളുപ്പമാണ് “പാസ്റ്റർ” ആകുന്നതെന്ന്!
രണ്ട് അന്യഭാഷ,
ഒരു കറുത്ത പാന്റ്,
വെള്ള ഷർട്ട്,
ഒരു വേദി, ശബ്ദ മാറ്റം , വേഷവിധാനം
ചിലരുടെ ശുപാർശ,
അല്ലെങ്കിൽ “അഭിഷേകം” ചെയ്യുന്ന ആളിന് പണം — സ്വയം ഗോത്രം
ഇതൊക്കെയുണ്ടെങ്കിൽ ചില ഇടങ്ങളിൽ ഒറ്റരാത്രികൊണ്ട് “ശുശ്രൂഷകൻ” ജനിക്കുന്നു.
പക്ഷേ ചോദിക്കട്ടെ:
വേദിയിൽ കയറുന്നത് ശുശ്രൂഷയാണോ?
അല്ലെങ്കിൽ ആത്മാക്കളെ ചുമക്കുന്നതാണോ യഥാർത്ഥ ശുശ്രൂഷ?
ബൈബിളിൽ വേദി കണ്ടവരെക്കാൾ മുമ്പ് മരുഭൂമി കണ്ടവരാണ് അധികം.
ജോസേഫ് രാജധാനിയിലേക്ക് എത്തുന്നതിന് മുമ്പ് തടവറയുടെ ഇരുട്ടിലൂടെ നടന്നു.
മോശെ ജനത്തെ നയിക്കുന്നതിന് മുമ്പ് മരുഭൂമിയിൽ ഒറ്റപ്പെട്ട ജീവിതം അഭ്യസിച്ചു.
ദാവീദ് സിംഹാസനത്തിലേക്കുയരുന്നതിന് മുമ്പ് ആടുകളെ മേയിച്ചു; ഏകാന്തതയിൽ ദൈവത്തെ പഠിച്ചു.
എസ്തേർ രാജ്ഞിയാകുന്നതിന് മുമ്പ് തയ്യാറെടുപ്പിന്റെ ദിവസങ്ങൾ കടന്നു.
ദാനിയേൽ ബാബേൽ രാജധാനിയിൽ നിലകൊള്ളുന്നതിന് മുമ്പ് ശുദ്ധിയുടെ പരിശീലനം നേടി.
പൗലോസ് രക്ഷിക്കപ്പെട്ട ഉടൻ വേദിയിലേക്കല്ല പോയത്; വർഷങ്ങളോളം ദൈവം അവനെ തകർത്തു, പഠിപ്പിച്ചു, ഒരുക്കി.
ദൈവം ഉപയോഗിച്ച എല്ലാവരുടെയും ജീവിതത്തിൽ ഒരു പൊതു രഹസ്യം ഉണ്ടായിരുന്നു:
വേദിക്ക് മുമ്പ് പരിശീലനം.
അഭിഷേകത്തിന് മുമ്പ് തകർച്ച.
ഉത്തരവാദിത്വത്തിന് മുമ്പ് ഒരുക്കം.
ഇന്ന് പലർക്കും വേദി വേണം;
പക്ഷേ മരുഭൂമി വേണ്ട.
കിരീടം വേണം;
പക്ഷേ ക്രൂശ് വേണ്ട.
പ്രസംഗിക്കണം;
ഒരു ബസ് ഡ്രൈവർ ആകുന്നതിന് മുമ്പ്
ബസ് കഴുകുന്നവനായി തുടങ്ങണം.
പിന്നീട് കിളിയാകണം.
റോഡും യാത്രയും ഉത്തരവാദിത്വവും മനസ്സിലാക്കിയ ശേഷമാണ് സ്റ്റിയറിങ് കൈമാറുക.
ആരംഭത്തിൽ തന്നെ സ്റ്റിയറിങ് കൊടുത്താൽ
യാത്രക്കാരെ മുഴുവൻ അപകടത്തിലാക്കും.
അതുപോലെ തന്നെയാണ് ശുശ്രൂഷയും. അപകടത്തിൽ ആയതിനുശേഷം കിളിയാക്കുന്ന സമ്പ്രദായം ആകരുത് .
പരിശീലനമില്ലാത്ത കൈകളിൽ ആത്മാക്കൾ ഏല്പിക്കുമ്പോൾ
പല ജീവിതങ്ങളും വഴിമുട്ടും.
പിന്നീട് “ട്രെയിനിങ്” കൊടുത്തിട്ട് കാര്യമില്ല;
തകർന്ന വിശ്വാസങ്ങളും മുറിവേറ്റ ആത്മാക്കളും തിരികെ പൂർണ്ണമാകാൻ വർഷങ്ങൾ
പാസ്റ്ററാകുന്നത് ഒരു പദവി അല്ല;
അതൊരു ഭാരമാണ്.
ഒരു അലങ്കാരം അല്ല;
അതൊരു ഉത്തരവാദിത്വമാണ്. മിലിട്ടറിയിൽ പോലും പരിശീലനത്തിൽ ഉത്തരവാദിത്വമില്ലെങ്കിൽ വേദനയോടുകൂടിയ പരിശീലനം ഉണ്ട് ,
ഒരു മൈക്കും സ്റ്റേജും അല്ല;
അതൊരു ആത്മീയ പിതൃത്വമാണ്.
അതുകൊണ്ട്,
ദൈവരാജ്യത്തിൽ യഥാർത്ഥ ശുശ്രൂഷകർ ജനിക്കുന്നത്
ഒറ്റരാത്രികൊണ്ടല്ല,
ഒരിക്കൽ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ ഇപ്പോൾ പാസ്റ്ററാണ്.” എന്നാൽ സുവിശേഷകൻ എന്നല്ല പറഞ്ഞത് , സുവിശേഷകൻ എന്ന് പറഞ്ഞിരുന്നെങ്കിൽ ….
എങ്ങനെ പാസ്റ്റർ ആയി എന്ന് ചോദിച്ചപ്പോൾ, “ഓൺലൈൻ ബൈബിൾ സ്റ്റഡിയിലൂടെയാണ്” എന്നായിരുന്നു മറുപടി.
ഓൺലൈനിൽ പഠിക്കുന്നത് തെറ്റല്ല. പഠിക്കുന്നത് നല്ല കാര്യമാണ്. അതിലൂടെ ഒരാൾക്ക് സുവിശേഷം അറിയാനും, ഒരു സുവിശേഷകനായി പ്രവർത്തിക്കാനും കഴിയും. എന്നാൽ അതുകൊണ്ട് മാത്രം ഒരാളെ പാസ്റ്ററായോ പുരോഹിതനായോ നിയമിക്കുന്നത് അപകടകരമാണ്.
മറ്റു സമുദായ സഭകളിൽ പുരോഹിത ശുശ്രൂഷയ്ക്കായി വർഷങ്ങളോളം പരിശീലനവും പഠനവും ശുശ്രൂഷാനുഭവവും കഴിഞ്ഞ ശേഷമാണ് ഒരാളെ നിയമിക്കുന്നത്. സെമിനാരിയിൽ പോയി അഞ്ചും വർഷവും പത്ത് വർഷവും വരെ തയ്യാറെടുപ്പുണ്ട്.
ഇന്ന് ഡോക്ടറേറ്റ് എം.ഡി വ്, ബി റ്റി എച്ച്, സി.ടി.എച്ച്. പോലുള്ള സർട്ടിഫിക്കറ്റുകൾ വീട്ടിലിരുന്ന് പഠിച്ച് നേടാൻ കഴിയുന്ന കൂണുപോലെയുള്ള ബൈബിൾ കോളേജുകളുടെ കാലമാണ് . പക്ഷേ സർട്ടിഫിക്കറ്റ് ലഭിച്ചതുകൊണ്ട് മാത്രം ഒരു വ്യക്തി ആത്മീയ നേതൃത്വം വഹിക്കാൻ പാകപ്പെട്ടുവെന്നല്ല. ഇന്ന് പലരും ഇങ്ങനെ പഠിച്ച ശേഷം സ്വയം “പാസ്റ്റർ” എന്ന നിലയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ ഒരു സെമിനാരിയിൽ പോയി പരിശീലനം നേടി അഞ്ചുവർഷം ട്രെയിനിങ് നേടി സർട്ടിഫിക്കറ്റ് വാങ്ങുന്ന സർട്ടിഫിക്കറ്റും ഈ പറഞ്ഞ സർട്ടിഫിക്കറ്റും തമ്മിൽ വ്യത്യാസമുണ്ട് .
എന്നാൽ അവർ രൂപപ്പെടേണ്ടത്
പ്രാർത്ഥനയിൽ,
തകർച്ചയിൽ,
അനുസരണയിൽ,
പഠനത്തിൽ, പരിചയസമ്പത്തുള്ള ശുശ്രൂഷകന്മാരുടെ കൂടെയുള്ള
പരിശീലനത്തിൽ,
മരുഭൂമിയിലെ നിശബ്ദ വർഷങ്ങളിൽ.
പാസ്റ്റർ ലിജോ ജോസഫ് തടിയൂർ

- Advertisement -



Comments are closed, but trackbacks and pingbacks are open.