ലേഖനം: വിശുദ്ധചുംബനം | രാജൻ പെണ്ണുക്കര

വിവിധ സാഹചര്യങ്ങളിൽ നടന്ന ചുംബനങ്ങളുടെ നേർചിത്രങ്ങളിൽ ചരിത്രപ്രസിദ്ധമായ യൂദാ ഇസ്കരിയോത്തിന്റെ ചുംബനത്തെ ഒറ്റനോട്ടത്തിൽ സ്നേഹവും നിഷ്കളങ്കതയും ആത്മാർത്ഥതയും സൗഹൃദവുമുള്ള ചുംബനമായി തോന്നുമെങ്കിലും, യഥാർത്ഥത്തിൽ പുരുഷാരമദ്ധ്യേ ഒരാളെ തിരിച്ചറിയാനുള്ള ഒറ്റിക്കൊടുപ്പിന്റെയും വിശ്വാസവഞ്ചനയുടേയും വിലയായ മുപ്പത് വെള്ളിക്കാശിന്റെ ചുംബനമായി മാത്രം കാണുവാൻ കഴിയും!

ഒറ്റിക്കൊടുക്കുന്നതിന് മുൻപായി ആരും സംശയിക്കാതിരിക്കാൻ ബഹുമാനപൂർവ്വം “റബ്ബീ” എന്നു മുഴങ്ങി കേട്ട വന്ദനവാക്കുകളിൽ ബഹുമാനവും ആദരവും ഗുരുഭക്തിയും നിറഞ്ഞു തുളുമ്പുന്നു എന്നു തോന്നുമെങ്കിലും ആത്മാർത്ഥത തൊട്ടുതീണ്ടാത്ത ഗുരുനിന്ദയുടെ ചുംബനവും പ്രവർത്തിയുമല്ലേ യൂദാ കാഴ്ചവെച്ചത്. അവന്റെ ഉള്ളിന്റെയുള്ളിലെ വഞ്ചനയെന്ന ലക്ഷ്യവും ഹൃദയവികാരവും വിചാരവും രക്തസമ്മർദ്ദവും നന്നായി തിരിച്ചറിയുന്ന സ്നേഹനിധിയായ മശിഹ അപ്പോഴും മന്ദസ്വരത്തോടെ ചോദിക്കുന്നു: “സ്നേഹിതാ, നീ വന്ന കാര്യം എന്തു?” ആ “സ്നേഹിതാ” എന്ന സ്നേഹം നിറഞ്ഞ വിളിയിൽ തന്നേ ഒരു മനസാന്തരത്തിന്റെ ആഹ്വാനം ഉണ്ടായിരുന്നിട്ടും ആ സുവർണാവസരവും യൂദാ പാഴാക്കി. നിർഭാഗ്യവശാൽ യേശുവിന്റെ വാക്കുകളുടെ ആഴവും അർത്ഥവും അൽപ്പം പോലും യൂദാവിന് ഗ്രഹിക്കാൻ കഴിഞ്ഞില്ല എന്നതാണ് പരമസങ്കടം. ഇവിടെ രണ്ടു പ്രവർത്തികൾ ഒരുമിച്ച് ഒരേസമയം ചെയ്ത വിദഗ്ധനായ യൂദാസ്സിന്റെ ഗതിയും അവസാനവും എത്ര പരിതാപകരമായിരുന്നു!

അതുപോലെ പഴയനിയമ പുസ്തകം 2 ശമൂവേൽ 20:9–10-ലും അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഇതുപോലൊരു ചുംബനത്തിന്റെ ചിത്രം കൂടി വരച്ചു കാണിക്കുന്നുണ്ട്. അതിന്റെ പിന്നാമ്പുറകഥയും ചരിത്രവും സാഹചര്യവും എന്തും ആകട്ടെ, പിന്നെയോ 9–10-ാം വാക്യങ്ങളിൽ കാണുന്ന അഭിനയവും കൃത്രിമത്വം നിറഞ്ഞ നാടകീയതയുമാണ് ചിന്തനീയം. ഇവിടെ യോവാബ് അമാസയോടു: “സഹോദരാ, സുഖം തന്നേയോ?” എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്യുവാൻ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു. എന്നാൽ അവിടെ നടന്ന സ്നേഹം തുളുമ്പുന്ന “സഹോദരാ” വിളിയിലും ക്ഷേമാന്വേഷണങ്ങളിലും താടിക്കു പിടിച്ചുള്ള തലോടലിലും സ്നേഹഭാവം അഭിനയിച്ച് കൊടുക്കാൻ ശ്രമിച്ച ചുംബനപ്രക്രിയയിലും ഒരണുപോലും ആത്മാർത്ഥതയും സ്നേഹവും ഉണ്ടായിരുന്നുവോ എന്നതാണ് കാതലായ ചോദ്യം. വലിയ തന്ത്രശാലിയും ഒരുമാത്രപോലും സംശയം വരാത്ത രീതിയിലുള്ള തന്ത്രപ്രയോഗവിദഗ്ധനായ യോവാബിന്റെ കയ്യിൽ വാൾ ഇരിക്കുന്നതു പാവം അമാസാ കണ്ടില്ല.

വളരെ ചിന്തിച്ച് കണക്കുകൂട്ടി രഹസ്യമായും സൂക്ഷ്മമായും തയ്യാറാക്കി, പൂർണ്ണശ്രദ്ധയോടെ ആസൂത്രണം ചെയ്ത് ഒരിക്കലും പിഴവ് വരാത്ത രീതിയിൽ സമയക്ലിപ്തതയോടെ ചെയ്തു തീർക്കാൻ തയ്യാറാക്കിയ (Meticulously planned) പദ്ധതി എന്നുതന്നെ അതിനെ വിശേഷിപ്പിക്കാം. അതുകൊണ്ടല്ലേ യോവാബ് അമാസായെ വാൾകൊണ്ടു വയറ്റത്തു കുത്തി കുടൽ ചോർത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവൻ മരിച്ചുപോയി എന്ന് പ്രത്യേകം അടിവരയിട്ട് എടുത്തുപറയുവാൻ കാരണം.

ഇതിൽ എന്നെ ഏറ്റവും ഭയപ്പെടുത്തുന്നതും ചിന്തിപ്പിച്ചതുമായ വിശേഷണം “രണ്ടാമത് കുത്തേണ്ടിവന്നില്ല”, “കുടൽ ചോർത്തിക്കളഞ്ഞു” എന്ന പദപ്രയോഗങ്ങളാണ്. അത്രമാത്രം പിഴയ്ക്കാത്ത ഉന്നവും വേഗതയും കണക്കുകൂട്ടലും നമ്മുടെ ചിന്തകൾക്കും അനുമാനങ്ങൾക്കും അപ്പുറം ആഴത്തിലും ഊക്കോടെയുള്ള കുത്തിന്റെ ഭയാനകരമായ നേർചിത്രമാണ് അവിടെ വരച്ചുകാട്ടിയിരിക്കുന്നത്. ചുംബനത്തിന്റെ പുറകിൽ ഒളിച്ചു വെച്ച് ഏതു നേരത്തും ഉപയോഗിക്കാൻ തക്കവണ്ണം പ്രത്യേകം തയ്യാറാക്കിയ മൂർച്ചയുള്ള കൊടിയ വാൾ.

ഇവിടെ വായ് കൊണ്ട് സഹോദരത്തിൽ നിന്നും പിറന്നവനെ എന്ന വിളിശബ്ദം അന്തരീക്ഷത്തിൽ അലിഞ്ഞുചേരുന്നതിനു മുൻപ് വലത്തുകൈകൊണ്ട് താടിയിൽ തലോടി, ഇടത്തുകൈകൊണ്ട് നിർദാക്ഷിണ്യം കുത്തിമലർത്തുന്ന മൂന്നു പ്രവർത്തികൾ ഒരേസമയം ചെയ്യുന്ന അതിവിദഗ്ധനും നികൃഷ്ടനും നീചനുമായ യോവാബ് എന്ന മനുഷ്യൻ.

നാം കണ്ണടച്ചു വിശ്വസിച്ച് നിത്യം സഹകരിക്കുന്ന, കൂടെ ഒട്ടിനിൽക്കുന്ന ഇതുപോലുള്ള എത്രയോ യോവാബുകളെ പലരും പലപ്പോഴും തിരിച്ചറിയാൻ വൈകിപ്പോകുന്നു എന്നതാണ് ഏറ്റവും വലിയ ആപത്ത്. അവരുമായി എത്രകാലം അടുത്ത് ഇടപെട്ടാലും അവരുടെ ഒരു താളുപോലും പൂർണ്ണമായും വായിച്ചറിയാൻ സാധിക്കില്ല! അവരുമായുള്ള ഇടപാടിൽ അവരുടെ തേൻ ഊറുന്ന “സ്നേഹിതാ”, “സഹോദരാ” വിളിയിലും ആർക്കും ഒരിക്കലും സംശയിക്കാൻ ഇടവരുകയില്ല താനും..

എന്നാൽ ഏതു സമയത്തും സാഹചര്യമനുസരിച്ചും വളരെ കൃത്യമായി ഉന്നം തെറ്റാതെയും ഒരു സെക്കന്റ് പോലും പാഴാക്കാതെയും അതിവേഗതയിലും ഒറ്റപ്രയോഗത്തിലും തന്നേ വൻവിജയം നേടാൻ പര്യാപ്തമായ മൂർച്ചയുള്ള വാൾ ഉറയിലും വിഷം പുരട്ടിയ അമ്പ് ആവനാഴിയിലും കരുതിവെച്ചിട്ടുള്ള കാര്യം പരമസാധുക്കളായ പല അമാസമാരും തിരിച്ചറിയുന്നില്ല എന്ന് നമ്മുടെ ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്നില്ലേ! അത്രമാത്രം നൈപുണ്യം നേടിയ ഈ യോവാബുകളുടെ ഉന്നവും ലക്ഷ്യവും ടൈമിംഗും ഒരിക്കലുമൊരിക്കലും പിഴക്കില്ല, തെറ്റില്ല എന്നതാണ് മഹാശ്ചര്യം.

അന്ന് ഉദാഹരണമായി എടുത്തുകാണിക്കാൻ ഒരു യൂദാ ഇസ്കരിയോത്തും യോവാബും മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഉദാഹരണമായി അനേകായിരം യൂദാസ്സും യോവാബും എല്ലാ മേഖലകളിലും, പ്രത്യേകിച്ച് ആത്മീയലോകത്ത്, യഥേഷ്ടം കൊടികുത്തി വാഴുന്നത് കാണുമ്പോൾ ലജ്ജയും അപമാനവും ആശ്ചര്യവും തോന്നിപ്പോകാറുണ്ടോ?

പ്രദർശനവും വാക്കുകളും തമ്മിൽ ഒരു ബന്ധവും ഇല്ലാതെ വേറെ ലക്ഷ്യം മാത്രം വെച്ചുള്ള പ്രവർത്തി. മനസ്സിലിരിപ്പും പ്രവർത്തിയും ഒരിക്കലും രണ്ടു ദ്രുവത്തിൽ ആകരുത്. ഒരു ദൈവപൈതലിൽ ഒരിക്കലും ഇങ്ങനെയുള്ള സ്വഭാവമോ പ്രവർത്തിയോ മനോഭാവമോ കാണുവാൻ പാടില്ല.

എന്നാൽ വചനം നമ്മോടു വിളിച്ചുപറയുന്നു: “സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം” (സദൃ. 27:6). “സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‍വിൻ” (1 തെസ്സ. 5:26).

യഥാർത്ഥത്തിൽ നമ്മുടെ വിശുദ്ധചുംബനത്തിൽ ആ പദത്തിന്റെ പരിപാവന അർത്ഥത്തിനൊത്ത നിർമ്മലതയും ആത്മാർത്ഥതയും സഹോദരസ്നേഹവും ലേശമെങ്കിലും ഇല്ലായെങ്കിൽ അതിനെ ശത്രുവിന്റെ ചുംബനങ്ങളുടെ ശ്രേണിയിൽ തന്നേ ഉൾപ്പെടുത്താം. പലപ്പോഴും നാം വിശുദ്ധചുംബനം എന്ന് പേര് വിളിക്കുന്ന സ്നേഹചുംബനങ്ങളിൽ വിഷമുള്ളുകൾ, കായ്പിന്റെ വേരുകൾ, പുറമേ ചിരിയും ഉള്ളിൽ അസൂയയും വെച്ചുള്ള ചുംബനങ്ങൾ അല്ലേ കൊടുക്കുന്നത്.

ആത്മാർത്ഥതയുടെയും സ്നേഹത്തിന്റെയും കണികകൾ ലേശം പോലുമില്ലാത്ത “സ്നേഹിതാ”, “സഹോദരാ” വിളിയിൽ എന്തർത്ഥം? വേർപെട്ടവർ എന്നവകാശപ്പെടുന്നവരുടെ ഇടയിൽ സർവ്വസാധാരണ കേൾക്കുന്ന “സഹോദര” എന്ന വിളിയോട് പലപ്പോഴും എനിക്ക് യോജിക്കാൻ കഴിഞ്ഞിട്ടില്ല. കാരണമത് ആത്മാർത്ഥലവലേശം ഇല്ലാത്ത ഏച്ചുവെച്ച വിളിയായും മനസ്സില്ലാമനസ്സോടെ പറയുന്ന വെറും സമ്പ്രദായം പോലെയുള്ള അഭിസംബോധനയായി മാത്രം പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.

എന്നാൽ യൂദായുടെ “റബ്ബീ” വിളിയുടെയും, തന്നേ ചതിക്കാൻ പോകുന്നു എന്ന് യേശു തിരിച്ചറിഞ്ഞിട്ടും യൂദായെ വിളിച്ച “സ്നേഹിതാ” എന്ന പദത്തിന്റെയും, യോവാബിന്റെ “സഹോദരാ” വിളിയുടെയും അർത്ഥവ്യത്യാസം നാം സസൂക്ഷ്മമായി ശ്രദ്ധിച്ചു പഠിക്കണം. ഇതിൽ ആരുടെ വിളിയിൽ ആത്മാർത്ഥതയും സ്നേഹവും ഉണ്ടായിരുന്നു എന്നതാണ് ചോദ്യം..

സഹോദരൻ എന്നാൽ ഉടപ്പിറപ്പ്, സഹോദരത്തിൽ നിന്നും പിറന്നവൻ, പിറന്നവൾ എന്നൊക്കെയല്ലേ അർത്ഥം. എന്നാൽ ഒരു മലയാളം നിഘണ്ടുവിൽ സഹോദരൻ (Brother) എന്നതിന് ഒരേ മതസംഘടനയിലെ അംഗം എന്ന അർത്ഥം കൂടി കാണുവാൻ കഴിഞ്ഞു. അപ്പോൾ ആ അർത്ഥത്തിലാണ് നാം സംബോധന ചെയ്യുന്നെങ്കിൽ പിന്നെ ആരോടും ഒന്നും ഇനിയും പറയാനുമില്ല; യേശു ഉദ്ദേശിച്ച പരിപാവന അർത്ഥമുള്ള വിളിയുമായി അതിന് സാമ്യവും ഇല്ലേയില്ല!

എന്റെ യേശുവിന്റെ മാറിന്റെ ചൂട് മതി; എന്നിലെ ദുഃഖങ്ങൾ, എന്നിലെ വേദന നിന്നോടു ചേരുമ്പോൾ ഉരുകിമാറും എന്ന പാട്ടുപോലെയും, അദൃശ്യമായ ശരീരത്തിന്റെ ഉള്ളിലെ രോഗനിർണയത്തിലും ചികിത്സയിലും ഉപയോഗിക്കുന്ന സ്റ്റെതസ്കോപ്പിന്റെ നിർണ്ണായകപങ്കുപോലെയും നാമെല്ലാം മാറോടു ചേർത്തമർത്തി ചെയ്യുന്ന വിശുദ്ധചുംബനത്താൽ നമുക്കും ഓരോ സ്റ്റെതസ്കോപ്പിനു തുല്യമായി മാറി നിന്റെ സഹോദരന്റെ ഹൃദയസ്പന്ദനം, നെടുവീർപ്പ്, സന്തോഷം, സ്നേഹം നിന്റേതായി അഥവാ എന്റേതായി മാറി നാം പരസ്പരം സ്നേഹചുംബനത്താൽ ഒന്നായി തീരുന്നില്ലായെങ്കിൽ എല്ലാം വെറും പ്രഹസനം, വൃഥാ എന്ന് പറയേണ്ടിവരും.

യേശുവിനെ സ്പർശിച്ച മാത്രയിൽ അവനിൽ നിന്നും ശക്തി പുറപ്പെട്ടതുപോലെ നമ്മുടെ ഒരു വിശുദ്ധചുംബനത്താൽ നിന്നിലെ കൃപയും സ്നേഹവും കരുതലും മറ്റുള്ളവരിലേക്കും അതുപോലെ തിരിച്ചും സ്വന്തമായി വ്യാപാരിച്ച് പരസ്പരം വിടുതലും ശക്തിയും ഊർജ്ജവുമായി മാറട്ടെ എന്നു ആശിച്ചുപോകുന്നു.

കണ്മുന്നിൽ കാണുന്ന സഹോദരനെ പൂർണ്ണഹൃദയത്തോടെ അംഗീകരിക്കാനോ ഉൾക്കൊള്ളാനോ സ്വീകരിക്കാനോ സ്നേഹിക്കാനോ കൈത്താങ്ങൽ കൊടുക്കാനോ ഒറ്റവാക്കിൽ പ്രോത്സാഹിപ്പിക്കാനോ — എന്തിനേറെ പറയുന്നു — അവരുടെ മുഖത്ത് നോക്കി മുൻവിധിയില്ലാതെ സ്നേഹത്തോടെ ഒന്ന് പുഞ്ചിരിക്കാനോ ഹസ്തദാനം ചെയ്യാനോ കഴിയുന്നില്ലായെങ്കിൽ നമ്മുടെ പതിറ്റാണ്ടുകളുടെ പെന്തക്കോസ്തു കുടുംബപാരമ്പര്യവും വിശുദ്ധചുംബനവും കൊണ്ട് ആർക്കെന്ത് പ്രയോജനം?

നാം ഓമനപേര് വിളിക്കുന്ന വിശുദ്ധചുംബനവും കൈകുലുക്കുന്നതും (shake hand) അതിന്റെതായ യഥാർത്ഥ നിർമ്മലതയിലും അർത്ഥത്തിലും മൂല്യത്തിലും ആയിത്തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആരും ഉമിണ്ണുപോകരുത്. പ്രഹസനവും പ്രദർശനവും അല്ല വിശ്വാസജീവിതം എന്ന് ഹൃദയത്തിൽ കുറിക്കൊണ്ടാൽ നന്ന്.

ഒരിക്കൽ നാം ദൈവമുൻപാകെ നിൽക്കുമ്പോൾ നാം എത്രവട്ടം ഇങ്ങനെ യൂദാസ്സും യോവാബും ആയി മാറിയിട്ടുണ്ടെന്നും, നാം പലപ്പോഴായി കൊടുത്ത ചുംബനങ്ങൾ യൂദാ, യോവാബ്, പൗലോസിന്റെ ഭാഷയിലെ വിശുദ്ധചുംബനങ്ങളിൽ ഏതു ഗണത്തിൽ ഉൾപ്പെടുമെന്നും സ്വയം ശോധന ചെയ്യാം! ഇതുവരെ കണ്ട രണ്ട് ഉദാഹരണങ്ങളുടെയും പരിണിതഫലങ്ങൾ മരണം (ഹത്യ) ആയിരുന്നെങ്കിൽ നാം ശാരീരികഹത്യ നേരിട്ട് ചെയ്യുന്നില്ലായെങ്കിലും കൈയിലും വസ്ത്രത്തിലും രക്തക്കറ പുരളാതെയും അടയാളം വീഴാതെയും നമ്മുടെ എത്രയോ പ്രവർത്തികളാൽ ആത്മീയഹത്യ, സ്വഭാവഹത്യ, മാനസികഹത്യ ഇത്യാദി ബഹുവിധ ഹത്യകൾ ചെയ്ത് മറ്റുള്ളവരെ കൊല്ലാതെ കൊന്നിട്ടുണ്ടെന്ന് സ്വയമൊന്ന് ശോധന ചെയ്യാം! അപ്പോൾ എന്തുകൊണ്ട് നമുക്കും ഒരു നല്ല സ്റ്റെതസ്കോപ്പിന് സമാനമായി മാറിക്കൂടാ…

 

രാജൻ പെണ്ണുക്കര

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.