ലേഖനം: നിത്യജീവന്‍ പ്രാപിപ്പാന്‍ ഇനിയും എന്തുവേണം? | റോജി തോമസ് ചെറുപുഴ

“ഒരുത്തന്‍ മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരായ്കില്‍ കിരീടം പ്രാപിക്കയില്ല.” (2 തിമൊഥെയൊസ് 2:5).

നാം രക്ഷിക്കപ്പെട്ടവരെങ്കിലും ആത്മീയ ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കുമ്പോള്‍ അച്ചടക്കത്തിന്‍റെയും കല്പനകള്‍ പാലിക്കുന്നതിന്‍റെയും ആവശ്യകതയെയും പ്രാധാന്യത്തെയും; തിമൊഥെയൊസിന് പൗലൊസ് നല്‍കുന്ന ഈ ഉപദേശത്തല്‍നിന്ന് വെളിവാകുന്നു. ഒരു കായികതാരം സമ്മാനം നേടുന്നതിന് നിയമങ്ങള്‍ക്ക് അനുസൃതമായി മത്സരിക്കേണ്ടതുപോലെ, ക്രിസ്തു വിശ്വാസി ആത്മീയ പ്രതിഫലങ്ങള്‍ ലഭിക്കുന്നതിന് ദൈവത്തിന്‍റെ കല്പനകള്‍ക്ക് അനുസൃതമായി ജീവിക്കണമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് പൗലൊസ് ക്രിസ്തീയ ജീവിത ലക്ഷ്യപ്രാപ്തിക്ക് നാം ഒരുക്കവും തികവും ഉള്ളവരായിക്കണമെന്ന വസ്തുതയ്ക്ക് അടിവരയിടുകയാണ്. നാമും കിരീട പ്രാപ്തിക്കായുള്ള ഓട്ടക്കളത്തിലാണെന്ന് പൗലൊസ് പഠിപ്പിക്കുന്നു.

ജലസ്നാനവും നിത്യജീവിതവുമായുള്ള ബന്ധം; പാപബന്ധനത്തില്‍ നിന്നുള്ള ഒരു വ്യക്തിയുടെ അനുതാപത്തെയും മോചനത്തെയും രക്ഷാപ്രാപ്തിയെയും യേശുക്രിസ്തുവിനെ അനുഗമിക്കാനുള്ള പ്രതിബദ്ധതയെയും പ്രതീകപ്പെടുത്തുന്നു. എന്നിരുന്നാലും, ജലസ്നാനം അത്യന്തികമായി നിത്യജീവനും നിത്യവാസ പ്രാപണവും ഉറപ്പിക്കുന്ന ഘടകമല്ല; മറിച്ച് ഇവയിലേക്കുള്ള ഉടമ്പടി പ്രവേശനവും വാഗ്ദാന പ്രാപണവും അത്രേ. നാം ക്രിസ്തുവിനെ രക്ഷകനും രക്ഷിതാവുമായി ഏറ്റുപറഞ്ഞ് വിശ്വസിച്ച് രക്ഷയില്‍ പങ്കുപറ്റി വിശുദ്ധ സഭയോട് ചേരുന്നു. ശേഷം വിശുദ്ധി നിലനിര്‍ത്തിയും വാഗ്ദത്തങ്ങള്‍ പ്രാപിച്ചും വിശ്വസ്തത ആചരിച്ചും നിലനില്‍ക്കുക എന്നത് നമ്മുടെ നിശ്ചയവും വാഗ്ദാനവും ആണ്. ഇല്ല എങ്കില്‍ ലോകരോടൊപ്പം നമുക്ക് ലഭ്യമായ വിശിഷ്ട രക്ഷാകര സാഹചര്യം നഷ്ട്മാക്കി കിരീടം ലഭിക്കാതെ അവനവന്‍ ചെയ്തതിന് തക്കവണ്ണം പ്രാപിപ്പാന്‍ അവിടുത്തെ മുന്നില്‍ ലജ്ജിതരായി നില്ക്കേണ്ടി വരും എന്നുതന്നെ. രക്ഷിക്കപ്പെട്ട് സഭയോടു ചേര്‍ന്ന വിശ്വാസി ദൈവകല്‍പ്പനകള്‍ക്ക് അനുസൃതമായി ജീവിക്കണം. മാനസാന്തരപ്പെടാനും സ്നാനം സ്വീകരിക്കാനുമുള്ള ദൈവത്തിന്‍റെ കല്‍പ്പന അനുസരിക്കുന്നതിനെ ജലസ്നാനം സാക്ഷ്യപ്പെടുത്തുന്നു.

നിത്യജീവന്‍ സ്നാനത്തിലൂടെ മാത്രമല്ല, യേശു ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയുമാണ് ലഭിക്കുന്നത്. “തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” (യോഹന്നാന്‍ 3:16). വിശ്വാസത്തിന്‍റെയും പ്രതിബദ്ധതയുടെയും ബാഹ്യപ്രകടനമാണ് സ്നാനം. സ്നാനത്തിനുശേഷം ഒരു വ്യക്തി അവരുടെ ജീവിതം നയിക്കുന്ന രീതി – ക്രിസ്തുവിനെ വിശ്വസ്തതയോടെ പിന്തുടരാന്‍ ശ്രമിക്കുന്നത് – നിര്‍ണായക ഘടകമാണ്. കല്പനാനുസരണം നിലനില്‍ക്കുവാന്‍ പരിശ്രമിക്കുകയോ ദൈവഹിതത്തിന് അനുസൃതമായി ജീവിക്കുകയോ ചെയ്യേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഇതില്‍ സ്നാനം സ്വീകരിക്കുക മാത്രമല്ല, തിരുവെഴുത്തുകളില്‍ വിവരിച്ചിരിക്കുന്നതുപോലെ അനുസരണവും സ്നേഹവും നീതിയും നിറഞ്ഞ ജീവിതം നയിക്കുകയും ചെയ്യണം.

ജല സ്നാനം സ്വീകരിക്കുക എന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനുസരണത്തിന്‍റെ സുപ്രധാന ചുവടുവെപ്പാണ്. പക്ഷേ, അത് നിത്യജീവിതത്തിന്‍റെ ആത്യന്തിക ഉറപ്പല്ല. യേശു ക്രിസ്തുവില്‍ വിശ്വാസം പ്രഖ്യാപിച്ച് ദൈവഹിതമനുസരിച്ച് തുടര്‍ന്നും ജീവിക്കുന്നവര്‍ക്ക് നിത്യജീവന്‍ ഉറപ്പാണ്. ഒരു വിശ്വാസി ജീവിതത്തിലുടനീളം ക്രിസ്തുവിനെ വിശ്വസ്തതയോടെ പിന്തുടര്‍ന്ന് വിശ്വാസത്തില്‍ നിലനില്‍ക്കണം. ക്രിസ്തുവുമായുള്ള വിശ്വാസിയുടെ ഉടമ്പടിയേയും അവനെ അനുഗമിക്കാനുള്ള പ്രതിബദ്ധതയെയും പ്രതീകപ്പെടുത്തുന്ന ജലസ്നാനം ആ യാത്രയുടെ തുടക്കത്തെ അടയാളപ്പെടുത്തുന്നു. അതിനാല്‍, സ്നാനം പ്രധാനമാണെങ്കിലും, നിത്യതയുടെ ഉറപ്പ് സ്നാനപ്രവൃത്തിയെ മാത്രം ആശ്രയിച്ചല്ല, മറിച്ച് വിശ്വാസത്തിലും വിശുദ്ധിയിലും വിശ്വസ്തതയിലും ദൈവത്തോടുള്ള അനുസരണത്തിലും ജീവിക്കുന്ന ഒരു ജീവിതത്തെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, നീതിയുടെ നിത്യകിരീടം ലഭിക്കുമെന്ന പ്രതീക്ഷയോടെ ദൈവകൃപ നമ്മെ പ്രാപ്തരാക്കുമെന്ന ഉറപ്പോടെ ദൈവത്തിന്‍റെ വാഗ്ദാനങ്ങളില്‍ ആശ്രയിക്കുകയും അവന്‍റെ ഇഷ്ടത്തിന് അനുസൃതമായി ജീവിക്കാന്‍ അനുദിനം പരിശ്രമിക്കുകയും ചെയ്തുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം.

ക്രിസ്തുവിന്‍റെ ന്യായാസനത്തിന്‍റെ വെളിച്ചത്തില്‍ നാം ഇപ്പോള്‍ എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കുക. നാം അനുതപിക്കുകയും ക്ഷമ തേടുകയും ദൈവഹിതവുമായി കൂടുതല്‍ അടുക്കുകയും ചെയ്യേണ്ട മേഖലകളുണ്ടോ? ദൈവത്തിന്‍റെ മഹത്വത്തിനായി ചിന്തകളും വാക്കുകളും പ്രവര്‍ത്തനങ്ങളും രൂപപ്പെടുത്തുന്നതിന് ദൈവകൃപയിലും മാര്‍ഗനിര്‍ദേശത്തിലും വിശ്വസിച്ച് നിത്യത മനസ്സില്‍ വെച്ചുകൊണ്ട് ജീവിക്കാന്‍ മനഃപൂര്‍വമായ നടപടികള്‍ കൈക്കൊള്ളുക.

സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയോടൊപ്പമുള്ള ഞങ്ങളുടെ യായ്രയില്‍ ഞങ്ങളെ നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന അങ്ങയുടെ വചനത്തിന് ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. കര്‍ത്താവേ, ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അങ്ങയെ സ്തുതിച്ചുകൊണ്ടും ആശ്രയിച്ചുകൊണ്ടും നിലനില്‍പ്പാന്‍ ഞങ്ങളെ ബലപ്പെടുത്തേണമേ. ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ നീതിയുടെ നിത്യകിരീടമാണ് ഞങ്ങളുടെ ആത്യന്തിക പ്രതിഫലം എന്ന് അറിഞ്ഞുകൊണ്ട് ഞങ്ങളുടെ ഓട്ടം തികയ്പ്പാന്‍ ഞങ്ങള്‍ക്ക് സ്ഥിരോത്സാഹം നല്‍കേണമേ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading