ലേഖനം: മരുഭൂയാത്രക്കാരെ നിങ്ങൾ ഇന്ന് എവിടെ? | സിബി ബാബു, യു.കെ

ദൈവം നമ്മെ മിസ്ര്യം അടിമത്വത്തിൽ നിന്ന് മരുഭൂമിയിലേക്ക് ആണ് വിളിച്ചിറക്കിയത്, അതായത് പാപത്തിൽ നിന്നു മരുഭൂപ്രയാണ യാത്രയിലേക്ക്. നമുക്ക് മുമ്പിൽ ഒരു കനാൻ ദേശം (സ്വർഗ്ഗരാജ്യം) ദൈവം ഒരുക്കിയിരിക്കുന്നു.

മരുഭൂമി എന്നു പറയുന്നത് ഒരു പ്രതീക്ഷയും സാധ്യതകളും ഇല്ലാത്ത സ്ഥലമാണ് എന്നാൽ ഒരു ക്രിസ്തു ഭക്തനെ സംബന്ധിച്ചു ഈ മരുഭൂമിയിൽ അവൻ്റെ പ്രതീക്ഷകളും, സാധ്യതകളും എല്ലാം ക്രിസ്തു മാത്രമാണ്,  ഈ യാത്രയിൽ പലപ്പോഴും നമ്മൾ വിളിച്ചവനായ കർത്താവായ യേശുക്രിസ്തുവിനെ മറക്കുന്നു. തന്നിഷ്ടപ്രകാരം ജീവിക്കുന്നു. മരുഭൂമിയിൽ പ്രശ്നങ്ങൾ വരുമ്പോൾ പ്രയാസങ്ങൾ വരുമ്പോൾ, ദുഃഖങ്ങൾ വരുമ്പോൾ ദൈവത്തോട് മറുതലിക്കുന്നു, പിറുപിറുക്കുന്നു. മിക്കപ്പോഴും നമ്മളാണ് കർത്താവിനോട് ഈ യാത്രയിൽ ആലോചന പറഞ്ഞു കൊടുക്കാറുള്ളത്. മരുഭൂയാത്രക്കാരാ ദൈവമാണ് നിങ്ങളെ വിളിച്ചതെങ്കിൽ, അവന്റെ രാജ്യത്തിനു വേണ്ടിയാണ് നിങ്ങളെ വിളിച്ചതെങ്കിൽ നടത്താൻ അവൻ ശക്തൻ, നിർത്താൻ അവൻ മതിയായവൻ
1 കൊരിന്ത്യർ10:1-5 സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു ; എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു. എല്ലാവരും ഒരേ ആത്മികാഹാരം തിന്നു. എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു-അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു, എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു. ഇത് നമുക്ക് ദൃഷ്ടാന്തമായി സംഭവിച്ചു.
ഈ വാക്യപ്രകാരം നമ്മൾ ഒന്ന് ചിന്തിച്ചാൽ നമ്മളും രക്ഷിക്കപ്പെട്ടൂ, മാനസാന്തരപ്പെട്ടു, സ്നാനപ്പെട്ടു, ഒരേ ആത്മീക ആഹാരം തിന്നു, ആത്മീയ പാനിയം കുടിച്ചു, നമ്മൾ അനുഗമിച്ച പാറയും ക്രിസ്തു ആണ്. എന്നാൽ മിക്ക പേരിലും ഇന്നും ദൈവം പ്രസാദിക്കുന്നില്ല, ഒരു ഭൂരിഭാഗം പേരിലും ഇന്നും പ്രസാദിക്കുന്നില്ല എന്നുള്ളതാണ് ഇവിടെ വളരെ വ്യക്തമാകുന്നത്, കാരണം വചനത്തിൽ തന്നെ ദൈവം പറയുന്നുണ്ട്.
എബ്രായർ 4:2 അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവർക്കു ഉപകാരമായി വന്നില്ല.
മരുഭൂയാത്രയിൽ വിളിച്ചറിക്കിയവരോട് ദൈവം സംസാരിച്ച വചനങ്ങൾ വിശ്വാസമായി പരിണമിച്ചില്ല. ചുരുക്കി പറഞ്ഞാൽ അവർ വചനം അനുസരിച്ചില്ല, വചന പ്രകാരം ജീവിച്ചില്ല ഇത് നമുക്ക് മുന്നിൽ ദൃഷ്ടാന്തം. അവർ മോഹിച്ചു, പിറുപിറുത്തു, പരസംഗം ചെയ്തു, വിഗ്രഹങ്ങളെ ആരാധിച്ചു(ദൈവത്തെക്കാളും നീ എന്തിനെ സ്നേഹിക്കുന്നുവോ അതെല്ലാം ദൈവത്തിൻ്റെ കണ്ണിൽ വിഗ്രഹങ്ങൾ ആണ്), ദൈവത്തെ പരീക്ഷിച്ചു, അവർ അസൂയപ്പെട്ടു ദൈവത്തോട് പാപം ചെയ്തു.

അതുകൊണ്ട് മരുഭൂയാത്രക്കാരെ ദൈവം ചോദിക്കുന്നു നിങ്ങൾ ഇന്ന് എവിടെ?
ദൈവം ആക്കിവച്ച സ്ഥലത്ത് നിന്നും നിങ്ങൾ ഇന്ന് എവിടെയാണ്!
വചനം കേൾക്കുന്നുണ്ട് എന്നാൽ പ്രവർത്തിക്കുന്നില്ല എങ്കിൽ നീയും മരുഭൂമിയിൽ ഒരുപക്ഷേ തള്ളപ്പെട്ടു പോകാൻ സാധ്യത ഉണ്ട്,  അതുകൊണ്ട് മടങ്ങി വരിക ദൈവവചന പ്രകാരം ജീവിക്കുക, കേട്ട വചനം വിശ്വാസമായി പരിണമിക്കട്ടെ അത് നിന്റെ ജീവിതത്തിൽ പ്രവൃത്തി ആയി മറ്റുള്ളവരുടെ മുമ്പിൽ വെളിപ്പെടട്ടെ.
മത്തായി 7:24 ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.”
വന്മഴ പെയ്യുന്ന, നദികൾ പൊങ്ങുന്ന, കാറ്റ് അടിക്കുന്ന ഒരു സമയം വരുമ്പോൾ വചനങ്ങളെ കേട്ട് പ്രമാണിക്കുന്നവർ നിലനിൽക്കും, അല്ലാത്തവർ വീണു പോകും. ആ വീഴ്ച വലിയതായിരിക്കും.

മരുഭൂ യാത്രക്കാരെ മടങ്ങി വരുക, ക്രിസ്തു ആക്കി വെച്ച മരുഭൂമിയിൽ യാത്ര ചെയ്യുക, വചന പ്രകാരം ജീവിക്കുക, യേശു ക്രിസ്തുവിനെ മാത്രം നോക്കുക.

നിങ്ങളുടെ പ്രതീക്ഷകളും, സാധ്യതകളും യേശു ക്രിസ്തു മാത്രം ആയിരിക്കട്ടെ…..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.