ലേഖനം: രാജകീയ പുരോഹിത വിശുദ്ധ കുരിശു യുദ്ധം | ബിജു ജോസഫ്, ഷാർജ

ഗത്സമനയിൽ നിന്നും കാൽവരിയിലേക്ക് ഏകാംഗ സൈന്യമായി, ധീരയോദ്ധാവായി പോയ യേശു ക്രിസ്തുവിലൂടെ സൃഷ്ടാവാം ദൈവം തന്റ്റെ തന്നെ സൃഷ്ടിയായ പിന്നെ ശത്രുവായ പിശാചിന്റെ അധീനതയിൽ കിടന്ന മനുഷ്യ മനുഷ്യമക്കളുടെ വീണ്ടെടുപ്പിനും രക്ഷക്കുംവേണ്ടി തന്റ്റെ വീര്യം പ്രവർത്തിക്കുന്ന വലം കയ്യാൽ പിശാചിനെതിരായി നടത്തി ജയക്കൊടി പാറിച്ച പുതിയനിയമ കുരിശു യുദ്ധം

തന്നെ ക്രൂശിക്കാൻ മുറവിളി കൂട്ടിയ സ്വന്ത ജനത്തേയും പുരോഹിത ശ്രേഷ്ഠന്മാരെയും, തന്നെ ക്രൂശിച്ച അധികാരി വർഗ്ഗത്തെയും ലജ്ജിപ്പിക്കാൻ അവരുടെ കൈകൊണ്ടു തന്നെ “നസ്രായനായ യേശു യഹൂദന്മാരുടെ രാജാവ്” എന്ന് കുരിശിന്റെ മുകളിൽ എഴുതി വെപ്പിച്ച യഹോവ നിസ്സി, ജയക്കൊടി.

ഇതോടെ മരണാധികാരി ആയിരുന്ന പിശാച് തൻറെ സർവ്വായുധവും ക്രൂശിൻ ചുവട്ടിൽ, ആ കാല്കീഴിൽ വച്ചു തോറ്റു കീഴടങ്ങി. പിശാചിന്റെ തലയിൽ മരണാടയാളമായിരുന്ന കിരീടത്തെ തകർത്തു നമ്മുടെ വീണ്ടെടുപ്പും രക്ഷകനുമായ യേശുക്രിസ്തു ജയോത്സവം കൊണ്ടാടി

അക്ഷരീയമായ് കാണാൻ കഴിയാത്ത ക്രിസ്തു ജയോത്സവം കൊണ്ടാടിയ ആത്മമണ്ഡലത്തിലെ ഈ യുദ്ധമാണ് യഥാർത്ഥ വിശുദ്ധയുദ്ധം. ദൃശ്യമണ്ഡലത്തിൽ ഒരു ജഡത്തിന്റെയും ചോരപൊടിയാത്ത, ജീവനെടുക്കാത്ത കുരിശുയുദ്ധം, പ്രതിയോഗി അവന്റെ ചേകവരുമൊത്തു വിളയാടുന്നതു അദൃശ്യമണ്ഡലത്തിലാണെന്നു വെളിപ്പെടുത്തി തരുന്ന യുദ്ധം.

അപ്പോൾ ഈ മണ്ഡലത്തിലെ യുദ്ധത്തിന് ഉപയോഗിക്കേണ്ട ആയുധം ജഢികായുധമല്ല, യുദ്ധം മാംസരക്തങ്ങളോടുമല്ല. സൃഷ്ടാവാം ദൈവത്തിന്റെയും മനുഷ്യമക്കളായ നമ്മളുടെയും പൊതു ശത്രു ഒരാൾ മാത്രം, വീണ ദൂതനും അവന്റെ ചേകവരും. നമ്മെയും ദൈവത്തെയും തമ്മിൽ അകറ്റി നമ്മിലൂടെത്തന്നെ കുതന്ത്രങ്ങൾ മെനഞ്ഞു ദൈവത്തിനെതിരായി പ്രവൃത്തിക്കുന്ന രാക്ഷസൻ അഥവാ ബദ്ധശത്രു ഇവൻ ജ്ഞാനിയാണ്‌ സർപ്പ സൗന്ദര്യമുള്ളവനും നിഷ്കളങ്കതയുടെ മൂടുപടമിട്ടവൻ.

വീണതിന് മുൻപുണ്ടായിരുന്ന കഴിവ് മുഴുവനും ഇപ്പോഴും തനിക്കുണ്ടെന്ന് വശീകരണ ജ്ഞാനശക്തിയാൽ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു. വക്രത നിറഞ്ഞ തന്ത്രങ്ങളാണ് ഇപ്പോഴുള്ള അവന്റെ ആയുധം. മനുഷ്യരെ അവന്റെ കൈയിൽ ഇണങ്ങുന്ന പരുവത്തിലാക്കി അവരുടെ തന്നെ ജഡരക്തങ്ങൾക്കെതിരായ് എടുത്തു ഉപയോഗിക്കുന്നു. അതാണ് ഇന്ന് നമ്മൾ ആക്ഷരികമായ ദൃശ്യ മണ്ഡലത്തിൽ കാണുന്ന മനുഷ്യ കുരുതിക്കളങ്ങളാക്കി തീർക്കുന്ന യുദ്ധങ്ങൾ. സഹോദരൻ സഹോദരനെതിരായ് തന്നെ യുദ്ധം ചെയ്യുന്നു.
യുദ്ധം ആർക്കും ഒരു നേട്ടവും ജയവും നൽകുന്നില്ല, നമ്മൾ കരുതും സൈന്യ ബലവും യുദ്ധക്കോപ്പുകളും കൂടുതലുള്ള രാജ്യം വിജയിക്കുന്നു അഥവാ അവരുടെ ബുദ്ധി പൂർവ്വമുള്ള നീക്കത്തിൽ ആ രാജ്യം ജയിക്കുന്നു എന്ന്. പകരം നഷ്ടങ്ങളാണ് ഇരു കൂട്ടർക്കും സംഭവിക്കുന്നത്. ആ നഷ്ടങ്ങൾ ആർക്കും തിരികെ പിടിക്കാനും കഴിയില്ല. മരിച്ച ജീവിതങ്ങൾക്ക് പകരമായി അവർ ഓർമകളുടെ ദുരന്ത സ്മാരകയ് പണിയപ്പെടുന്ന രക്തസാക്ഷി മണ്ഡപങ്ങൾക്കു നഷ്ടപെടലിന്റെ ആ വിടവ് നികത്താൻ കഴിയുമോ. യുദ്ധം ആർക്കുവേണ്ടി, അത് കൊണ്ട് എന്ത് ഗുണം. സൃഷ്ടാവിന്റെ സൃഷ്ടിയല്ല യുദ്ധം സൃഷ്ടിയുടെ അഥവാ വീണ ദൂതന്റെ സൃഷ്ടിയാണ് യുദ്ധം, അതും സൃഷ്ടാവിനെതിരെ ഒപ്പം മനുഷ്യമക്കൾക്കും.

കാവൽക്കാരാ കോട്ട കാത്തുകൊള്ളുക, പ്രതിയോഗി നിനക്കും നിന്റെ സഹോദരങ്ങൾക്കു എതിരായും കയറി വരുന്നുണ്ട്. കുഴൽ ഊതരുത്, കാഹളമാണ് ഊതേണ്ടത്. യുദ്ധമാണ് നടക്കുന്നത് നീ യുദ്ധക്കളത്തിലും അപ്പോൾ യുദ്ധ ധർമം ചെയ്യുന്നതിന് വീഴ്ച വരുത്താതെ പരിഞ്ജാനത്തിൽ നിന്റെ പ്രവർത്തി ചെയ്യുക. ഇവിടെ കാഹളം ഊതി പ്രതിയോഗിയുടെ വരവിനെ അറിയിച്ചു സർവ്വായുധ വർഗം ധരിച്ചു ഒരുങ്ങിയിരിക്കാൻ വിളംബരം ചെയ്യുക അത്രേ വേണ്ടത്. അല്ലാതെ കുഴലൂതി വിവേചനം നഷ്ടപ്പെടുത്തി പ്രതിയോഗിയെ മുഖ്യാസനത്തിൽ ഇരുത്തുകയല്ല വേണ്ടത്. അങ്ങനെ സംഭവിച്ചാൽ അവൻ നിന്നെയും നീ പ്രതിനിധാനം ചെയ്യുന്ന നിന്റെ ദേശത്തെയും, ദേശക്കാരെയും വിഴുങ്ങിക്കളയും.

കൃസ്തുവിന്റെ വിശുദ്ധ യുദ്ധമാണ് വീണ്ടും ജനിച്ച ഒരു ദൈവപൈതൽ അനുകരിക്കേണ്ടത്. നമ്മുടെ ആയുധം ഒരിക്കലും മാനുഷികം അഥവാ ലോകപരം ആയിരിക്കരുത്. സ്നാപകയോഹന്നാന്റെ കൈകീഴ് സ്നാനപ്പെട്ടു യോർദ്ദാൻ നദിയിൽ നിന്ന് കയറിയവന്ന യേശുവിനെ പരിശുദ്ധാത്മാവ് പിശാചിനാൽ പരീക്ഷിക്കപ്പെടാൻ അഥവാ ആത്മീക യുദ്ധം ചെയ്യാൻ മരുഭൂമിയിലേക്ക് നയിച്ചു. നാൽപതു രാവും പകലും പിശാചിനോടു പോരാടി. ഇത് പഴയ നിയമത്തിലെ ദാവീദിന്റെയും ഗോലിയാത്തിന്റെയും ആക്ഷരിക ദൃശ്യ മണ്ഡലത്തിൽ നടന്ന യുദ്ധ വെല്ലുവിളിയെയും യുദ്ധത്തിന്റെ നിഴലിനെയും കാണിക്കുന്നു. അവിടെ അവർ ദൃശ്യമണ്ഡലത്തിലെ ജഡികമായ യുദ്ധക്കോപ്പുകൾ ഉപയോഗിച്ചു.

ഇത് പൊരുളായ്‌ യേശുവിന്റെ ഐഹികകാലത്തു മരുഭൂമിയിൽ നാൽപ്പതു നാൾ വെളിപ്പെട്ടു. ഇവിടെ യേശുവും പിശാചും ഉപയോഗിച്ചത് ആത്മീകായുധങ്ങൾ ആണ്, സാക്ഷാൽ ദൈവ വചനം, ഏതു കൊട്ടകളെയും തകർക്കാൻ ശക്തിയുള്ള ദൈവ വചനം തന്നെ. പിശാച് വ്യാജം പറയുന്നവനും വചനത്തെ ദുർവ്യാഖ്യനം ചെയ്യുന്നവനും ആണ്. മൂന്നു കാര്യങ്ങളിലൂടെ പിശാച് യേശുവിനെ കുടുക്കാൻ ശ്രമിച്ചത്, ആദ്യം നീ ദൈവപുത്രനാണെങ്കിൽ കല്ലിനോട് അപ്പമാകാൻ കല്പിക്ക, രണ്ടു നീ ദൈവപുത്രനാണെങ്കിൽ താഴേക്കു ചാടുക ദൂദന്മാർ നിന്നെ താങ്ങിക്കൊള്ളും, മൂന്നു നീ എന്നെ നമസ്കരിക്ക ലോകത്തിലെ സകല മഹത്തുക്കളും എന്റേതാണ് ഞാൻ നിനക്ക് തരാം.

കല്പന സൃഷ്ടാവിൽ നിന്നാണ് വരുന്നത് സൃഷ്ടി അത് നിവർത്തിക്കയാണ് വേണ്ടത്. യേശുവിനു താൻ ദൈവപുത്രനാണെന്നു ഉറപ്പുണ്ട് പിശാചിന്റെ വാക്കിന്റെ മുൻപിൽ അത് തെളിയിക്കേണ്ട ആവശ്യം ഇല്ല. വചനം കൊണ്ട് തന്നെ യേശു അതിനെ നേരിടുന്നു, മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനം കൊണ്ടും ജീവിക്കുന്നു എന്ന് പറഞ്ഞു.

നീ ദൈവപുത്രൻ എങ്കിൽ താഴോട്ടു ചാടുക… ദൂതന്മാർ കൈകളിൽ താങ്ങിക്കൊള്ളും എന്നതിന് യേശു പറഞ്ഞത് നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നാണ്. ജീവിതത്തിലെ ഇത്തരം പരീക്ഷണ ഘട്ടങ്ങളിൽ സ്വയം തെളിയിക്കാൻ നാം പരിജ്ഞാനം ഇല്ലാതെ എടുത്തു ചാടരുത്. ഇതിലൂടെ നാം ദൈവത്തെ പരീക്ഷിക്കുകയും പിശാചിന്റെ തന്ത്രത്തിൽ നാം കുടുങ്ങി ദൈവനാമം ദുഷിക്കപ്പെടാൻ ഇടയാവുകയും ചെയ്യുന്നു.

ക്ഷണത്തിൽ ലോകത്തിലെ സകല മഹത്തുക്കളും കാണിച്ചിട്ട് അത് തന്റെതാണെന്നും തന്നെ നമസ്കരിച്ചാൽ സകലതും യേശുവിനു നൽകാമെന്നും പറയുമ്പോൾ യേശു പറയുന്നത് സാത്താനെ എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ എന്നാണ്. ക്ഷണത്തിൽ കാണിക്കുന്നതെല്ലാം ക്ഷണികമാണ്, മൂലപദാർത്ഥങ്ങളെല്ലാം അഴിഞ്ഞു പോകും.

പരമപ്രധാനമായത് സൃഷ്ടി സൃഷ്ടാവിനെയാണ് നമസ്കരിച്ചു ആരാധിക്കേണ്ടത് സൃഷ്ടിയെ അല്ല. പിശാചും, ഈ ഭൂമിയിലുള്ള സകലതും സൃഷ്ടി മാത്രം ആണ്, ഒപ്പം ധനവും, മാനവും, പ്രതാപവും നമ്മുടെ വിഗ്രഹം അഥവാ ആരാധനാ മൂർത്തികൾ ആകരുത്.

നാം നടത്തേണ്ടുന്ന യുദ്ധം നമ്മളോടല്ല അതായതു ദൈവം തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ച മനുഷ്യരോടല്ല. അല്പം മണ്ണിനു വേണ്ടി ചൊരിയുന്ന രക്തം ആർക്കുവേണ്ടി? എന്തിനു വേണ്ടി. ഈ ഭൂമിയിൽ പിശാച് മനുഷ്യനിലൂടെ നടത്തിയ ആദ്യ കൊലപാതകമായ ഹാബേലിന്റെ നിഷ്കളങ്ക രക്തത്തിന്റെ നിലവിളി യുദ്ധമുഖങ്ങളിൽ എന്തേ കേൾക്കാത്തത്.

2000 ൽ പരം വര്ഷങ്ങള്ക്കു മുൻപ് സ്വയം ക്രൂശിക്കാൻ ഏല്പിച്ചു കൊടുത്ത യേശു ക്രിസ്തു നടത്തിയ യുദ്ധമല്ലേ യഥാർത്ഥ വിശുദ്ധ യുദ്ധം. മറ്റുള്ളവരുടെ ചോര പൊടിക്കാതെ സ്വന്തം ചോര മറ്റുള്ളവർക്കു വേണ്ടി ചൊരിഞ്ഞു ആത്മാവിൽ മരിച്ചവരെ നിത്യ ജീവനിലേക്കു കൊണ്ടുവരുവാൻ, നമ്മുടെ പൊതു ശത്രുവായ മരണത്തിന്റെ അധികാരിയായ പിശാചിൽ നിന്ന് മാനവരാശിയെ വീണ്ടെടുക്കുവാൻ ചെയ്ത യുദ്ധം.

ലോകത്തിലെ യുദ്ധം മറ്റുള്ളവരുടെ രക്തം ചൊരിയിച്ചു ജയമെടുക്കുമെങ്കിൽ ആത്മീക യുദ്ധം സ്വയം രക്തം ചൊരിഞ്ഞു അന്ധകാര ശക്തികൾക്കുമേൽ ജയംകൊണ്ടാടുന്ന യുദ്ധം. ജഡത്തെ അതിന്റെ രാഗമോഹങ്ങളോടു കൂടി തന്നെ ക്രൂശിച്ചാൽ മാത്രമേ ആത്മാവിൽ പോരാടി ജയിക്കാൻ കഴിയൂ. അതാണ് ക്രിസ്തു ചെയ്തതും നാം ചെയ്യേണ്ടതും.

മരണത്തിന്റെ ആറടി മണ്ണ് കൊണ്ട് തീർക്കപ്പെട്ട കിടപ്പുമുറിയുടെ ഇടുക്കമുള്ള ഒരു കുഞ്ഞു ദ്വാരം നമുക്കുമുന്പിൽ നമുക്ക് അജ്ഞാതനായ ആരോ തുറന്നു തരുമ്പോൾ ഉപേക്ഷിച്ചു പോകേണ്ടിവരുന്ന അല്പം മണ്ണിനും ധനത്തിനും മാനത്തിനും പ്രതാപത്തിനും വേണ്ടി എന്തിനു ഈ യുദ്ധ ചൊരിച്ചിൽ? ദൃശ്യമണ്ഡലത്തിൽ രക്തച്ചൊരിച്ചിൽ നടത്തി അനേക രക്ത സാക്ഷികളെ ജനിപ്പിക്കുന്ന ആക്ഷരികമായ യുദ്ധം നമുക്ക് വേണ്ട.

പുതിയ നിയമ രാജകീയ പുരോഹിത വിശുദ്ധ വർഗ്ഗത്തിന്റെ യഥാർത്ഥ കുരിശു യുദ്ധം ഇതോ? എന്നേക്കും രാജാവും ശ്രേഷ്ഠ മഹാ പുരോഹിതനുമായ യേശു ക്രിസ്തു സൃഷ്ടാവാം ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള ശത്രുത്വം മാറ്റുവാൻ അതിനു കാരണമായ പിശാചിനോടു ഏകാംഗ സൈന്യമായ് പൊരുതി ജയിച്ചു മാതൃക കാണിച്ചു തന്ന യുദ്ധം ഇതോ. ആക്ഷരികമായി മാനവ രാശിക്കുവേണ്ടി സ്വയം രക്തം ചൊരിഞ്ഞു ആത്മാവിൽ പോരാടി ജയിച്ച കുരിശു യുദ്ധം, ഇതല്ലേ നമ്മളും പിന്തുടരേണ്ടത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.