മണിപ്പുരിൽ കൂട്ടസംസ്കാരം; പങ്കെടുത്തത് ആയിരങ്ങൾ; ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റേത് മുതൽ 87 മൃതദേഹങ്ങൾ; നിരോധനാജ്ഞ ലംഘിച്ച് ജനപ്രവാഹം

കൊൽക്കത്ത: മണിപ്പുർ കലാപത്തിൽ കൊല്ലപ്പെട്ട 87 കുക്കി-സോ ഗോത്രവിഭാഗക്കാരുടെ കൂട്ടസംസ്കാരം ചുരാചന്ദ്പുരിലെ സാകേനിൽ നടന്നു. ഒരു മാസം മാത്രം പ്രായമുള്ള ഐസക് എന്ന കുഞ്ഞു മുതൽ മുതിർന്നവരും സ്ത്രീകളും ഉൾപ്പെടെയുള്ളവർക്കാണു ഗോത്രവിഭാഗം അന്ത്യാഞ്ജലി അർപ്പിച്ചത്. ചുരാചന്ദ്പുപുരിലെ നിരോധനാജ്ഞ ലംഘിച്ച് ആയിരങ്ങളാണു സംസ്കാരച്ചടങ്ങുകൾക്ക് എത്തിയത്. സംസ്കാരം നടന്ന സാകേൻ രക്തസാക്ഷി സ്മൃതി കേന്ദ്രമായി അറിയപ്പെടും. കലാപത്തിൽ കൊല്ലപ്പെട്ട 23 കുക്കി ഗോത്രവിഭാഗക്കാരുടെ സംസ്കാരം കഴിഞ്ഞയാഴ്ച കാങ്പോക്പിയിലും നടന്നിരുന്നു.

7 മാസം മുൻപ് ആരംഭിച്ച മണിപ്പുർ കലാപത്തിന്റെ ആദ്യ നാളുകളിൽ കൊല്ലപ്പെട്ടവരാണ് ഇന്നലെ സംസ്കരിച്ചവരിൽ ഭൂരിപക്ഷവും. ഗ്രാമങ്ങൾ സംരക്ഷിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഇംഫാലിലെ വിവിധ മോർച്ചറികളിൽ മാസങ്ങളായി കിടന്ന മൃതദേഹങ്ങൾ സുപ്രീം കോടതിയുടെ ഇടപടലിനെത്തുടർന്നു ഗോത്രമേഖലകളിൽ എത്തിക്കുകയായിരുന്നു. ഇംഫാൽ താഴ്‌വരയിലൂടെ മൃതദേഹങ്ങൾ എത്തിക്കാൻ പറ്റാത്തതിനാൽ അസം റൈഫിൾസിന്റെ ഹെലികോപ്റ്ററിൽ മൃതദേഹങ്ങൾ ചുരാചന്ദ്പുരിലും മറ്റൊരു ഗോത്ര മേഖലയായ കാങ്പോപ്കിയിലും എത്തിച്ചു.

കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും ക്രിസ്തുമത വിശ്വാസികളാണ്. ഏതാനും ജൂതമത വിശ്വാസികളുമുണ്ട്. മേയ് 3 ന് ആരംഭിച്ച മണിപ്പുർ കലാപത്തിൽ 200 ൽ പരം ആളുകൾ കൊല്ലപ്പെട്ടു. അരലക്ഷത്തിലധികം പേർ ഭവനരഹിതരായി. ഇംഫാൽ താഴ്‌വരയിൽ നിന്നു കുക്കി വിഭാഗക്കാർ പലായനം ചെയ്തപ്പോൾ കുക്കി ഗോത്ര മേഖലകളിൽ നിന്നു മെയ്തെയ് വിഭാഗക്കാർ ഒഴിഞ്ഞുപോയി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.