ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലികമെന്ന് ചീഫ് ജസ്റ്റിസ്; ‘കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം’

ന്യൂ ഡല്‍ഹി: ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരെ നല്‍കിയ ഹര്‍ജികളില്‍ ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കശ്മീരിന് പ്രത്യേകപദവി അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രപതി ഭരണസമയത്ത് പാര്‍ലമെന്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അനുകൂലിക്കുന്ന തരത്തിലാണ് ചീഫ് ജസ്റ്റിസിൻ്റെ വിധിയെഴുത്ത്.

ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ 16 ദിവസം വാദം കേട്ടശേഷമാണ് വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറയുന്നത്. മൂന്ന് വിധികളാണ് ബെഞ്ചിന്റെ ഭാഗത്തു ചീഫ് ജസ്റ്റിസ് അറിയിച്ചു.. രണ്ട് ജഡ്ജിമാര്‍ പ്രത്യേക വിധികളെഴുതി.

ആദ്യവിധി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റേതാണ്. ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഈ വിധിയോട് യോജിച്ചത്. സഞ്ജയ് കിഷൻ കൗളും സഞ്ജീവ് ഖന്നയും പ്രത്യേക വിധികളെഴുതിയത്.

വിപുലമായ ബെഞ്ചിന്റെ പരിഗണനയിലേക്ക് വിടണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നെങ്കിലും സുപ്രീം കോടതി അതിനു തയ്യാറായില്ല. ദീര്‍ഘകാലം കേന്ദ്രഭരണപ്രദേശമായി ജമ്മു കശ്മീര്‍ തുടരാൻ അനുവദിക്കില്ലെന്ന പരാമര്‍ശവും ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്നുണ്ടായി. അതേസമയം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാരും ഉറപ്പു നല്‍കിയിട്ടുണ്ട്.

2019 ഓഗസ്റ്റ് 5-നാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ പത്തര ദിവസമാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ വാദം നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അഞ്ചര ദിവസവും. സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രമണ്യം, രാജീവ് ധവാൻ, സഫര്‍ മുഹമ്മദ് ഷാ, ദുഷ്യന്ത് ദാവെ, തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദം നിരത്തിയത്.

രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി സംസ്ഥാനത്തെ മാറ്റിയതും ഹര്‍ജിക്കാര്‍ ചോദ്യംചെയ്തിരുന്നു. ജമ്മു-കശ്മീര്‍ ഭരണഘടനാ നിര്‍മാണസഭയുടെ കാലാവധി 1957-ല്‍ അവസാനിച്ചതോടെ 370-ാം അനുച്ഛേദം ഇല്ലാതായെന്ന് ചില ഹര്‍ജിക്കാര്‍ വാദിച്ചു. അതേസമയം, 1957-നുശേഷം 370-ാം വകുപ്പിന് സ്ഥിരസ്വഭാവം കൈവന്നെന്ന വാദവുമുണ്ട്. എന്നാല്‍, 370-ാം വകുപ്പ് ഭരണഘടനയില്‍ താത്കാലികവകുപ്പായാണ് ഉള്‍ക്കൊള്ളിച്ചതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.

അതിനിടെ വിധി പ്രസ്താവത്തിന് തൊട്ടു മുൻപ് മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി. കശ്മീരിലാകെ കനത്ത സുരക്ഷയേര്‍പ്പാടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നേതാക്കള്‍ വീട്ടുതടങ്കലിലാണെന്നുള്ളത് പോലീസും ലെഫ്റ്റനന്റ് ഗവര്‍ണറും നിഷേധിച്ചു.

വിധി വരുന്നതിന് മുൻപ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ എക്സില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ചര്‍ച്ചയായി. ചില യുദ്ധങ്ങള്‍ തോല്‍ക്കാൻ വേണ്ടിയുള്ളതാണെന്നായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം. വരും തലമുറയ്ക്ക് മനസിലാക്കാൻ വേണ്ടി അസ്വസ്ഥമായ വസ്തുതകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്നും കപില്‍ സിബല്‍ കുറിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.