ലേഖനം: ഇവർ ചെയ്യുന്നതെന്തെന്ന്… | സുരേഷ് ജോൺ, ചണ്ണപ്പേട്ട

സ്നേഹം എന്താണെന്ന്‌ മനോഹരമായി നിർവചിക്കപ്പെട്ട ബൈബിളിലെ ഒരു അധ്യായമുണ്ട്.1 കോരിന്ത്യർ 13.അത് സകല ജ്ഞാനത്തെക്കാളും മലകളെ നീക്കുവാനുള്ള വിശ്വാസത്തേക്കാളും വലിയത്.ദീർഘമായി ക്ഷമിക്കുന്ന,പൊറുക്കുന്ന,ദയ കാണിക്കുന്ന,സ്പർധിക്കാത്ത,നിഗളിക്കാത്ത,സ്വാർഥത അന്വേഷിക്കാത്ത,ദോഷം കണക്കിടാത്ത,അനീതിയിൽ സന്തോഷിക്കാത്ത,എല്ലാം സഹിക്കുന്ന ഒന്ന്.ലോകം അത്തരം സ്നേഹത്തെ കണ്ടത് ഒരിടത്തുമാത്രമാണ്.ഗോൽ ഗോഥായിൽ ഉയിർത്തപ്പെട്ട കുരിശിൽ.അടിച്ചും പരിഹസിച്ചും രോമം പിച്ചിപ്പറിച്ചും കൈകാലുകളിൽ ആണിയടിച്ചും ഉഴവുചാൽപോലെ ശരീരത്തെ കീറിമുറിച്ചും കണ്ടാൽ ആളല്ലാ എന്നു തോന്നുമാറു ഒരു മാംസത്തുണ്ട് കണക്കെ കുരിശിലേറ്റിയവർക്കു വേണ്ടി ആൽഫയും ഒമേഗയും ആദ്യനും അന്ത്യനും ഒന്നാമനും ഒടുക്കത്തവനുമായവൻ പ്രാർത്ഥിക്കുന്നത് ഇപ്രകാരമാണ്.’ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ”.മനുഷ്യരെ മഹദ്‌വചനങ്ങൾ പഠിപ്പിച്ച മഹാരഥന്മാർ ചരിത്രത്തിൽ ഒരുപാട് ഉണ്ടായിട്ടും കൂട്ടുകാർക്കുവേണ്ടി ജീവൻ നൽകുന്നതിലും വലിയ സ്നേഹമില്ല എന്ന് പഠിപ്പിച്ചത് ജീവിതത്തിലേക്ക് പകർത്തിയ ക്രിസ്തുമാതൃക എത്ര ശ്രേഷ്ഠമാണ്..
എന്തിനൊക്കെയോ ഉള്ള പുറപ്പാട് എന്നപോലെ അസമാധാനത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്ന, സ്വന്തം ചിന്താധാരകൾക്കും താല്പര്യങ്ങൾക്കും വിരുദ്ധമായവരെ മൃഗതുല്യം പരിഗണിക്കുന്ന,ഇല്ലായ്മ ചെയ്യുന്ന,നിരപരാധികളുടെ നിലവിളികൾ നിരന്തരം മുഴങ്ങുന്ന സമയത്തുകൂടിയാണ് ഈ കാലഘട്ടം കടന്നുപോകുന്നത്.ഭൂമിയും അതിന്റെ അസന്തുലിതാവസ്‌ഥയും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ വേറെ.നാളെയെന്ത് സംഭവിക്കും എന്ന ഭയത്തിൽ മുന്നോട്ടുപോകുന്ന മനുഷ്യർ.ക്രൂശീകരണം എന്ന ദൈവപദ്ധതി നടന്നിട്ട് 2000 വർഷങ്ങൾ കഴിഞ്ഞിട്ടും എല്ലാ തലങ്ങളിലും അവസ്‌ഥയിലുമുള്ളവർ വർഗ്ഗവർണ്ണ വ്യത്യാസമെന്യേ സമാധാനത്തിന് നോക്കേണ്ടത് ക്രൂശിലേക്ക് തന്നെയാണ്.സഹനത്തിന്റെ, ത്യാഗത്തിന്റെ, മനുഷ്യത്വത്തിന്റെ ആ ചുവട്ടിലേക്ക് എല്ലാവരും ചെന്ന് നിന്നേ പറ്റൂ.ദൈവികസമത്വം മുറുകെപ്പിടിക്കാതെ ഇറങ്ങിവന്നവനെ ഏറ്റു പറഞ്ഞേ മതിയാകൂ.ചൂളപോലെ കത്തുവാൻ കാത്തിരിക്കുന്ന ഈ ഭൂമിയിൽ എപ്പോൾ മടങ്ങിപ്പോകുമെന്ന് അറിയാതെ നിസ്സഹായരായ നമ്മെ പരസ്പരം സ്നേഹത്തോടെയും ബഹുമാനത്തോടെയും മുന്നോട്ടുപോകുവാൻ,സമാധാനത്തിൽ കാക്കുവാൻ ക്രൂശിതനും ഉയിരത്തെഴുന്നേറ്റവനും ഇന്നും തനിക്കായി ജീവിക്കുന്നവർക്ക് വേണ്ടി മധ്യസ്‌ഥത അണയ്ക്കുന്നവനും വേഗം വരുന്നവനുമായ ക്രിസ്തു സഹായിക്കട്ടെ.ഭക്തന്മാർ പണ്ട് പാടിയത് ഓർക്കുക.

“കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ
ഉൽസുകരായിരിപ്പിൻ-നമ്മൾ
ആത്മനാഥൻ ജീവിക്കവേ ഇനി
അലസത ശരിയാമോ..”

(സുരേഷ് ജോൺ, ചണ്ണപ്പേട്ട)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.