വെളിച്ചം | ജെസ്സി അലക്സ്, ഷാർജ

ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും John 8:12
വെളിച്ചതിന്റെ പ്രത്യേകതകൾ എന്തെല്ലാമാണ് എന്ന് നോക്കാം. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു, ഇരുളോ അതിനെ പിടിച്ചടക്കിയില്ല എന്ന് യോഹന്നാൻ 1:5 ൽ രേഖപ്പെടുത്തിയിരിക്കുന്നു.നല്ല ഇരുട്ടുള്ള സ്ഥലത്ത് ഒരു മെഴുകുതിരി കത്തിച്ചു വച്ചാൽ ആ സ്ഥലം ഇരുട്ട് മാറി പ്രകാശപൂരിതം ആകുന്നത് നമുക്ക് കാണുവാൻ കഴിയും. യേശുക്രിസ്തു പറഞ്ഞിരിക്കുന്നത് താൻ ലോകത്തിന് വെളിച്ചം ആണെന്നാണ്. കാരണം പാപം ആകുന്ന കൂരിരുട്ടിൽ കിടന്ന നമ്മെ ഓരോരുത്തരെയും തന്റെ ക്രൂശു മരണത്താൽ, നമ്മുടെ പാപം നീക്കി ജീവിതത്തിൽ വെളിച്ചം പകർന്നു. അതുകൊണ്ടാണ് കർത്താവ് അരുളിച്ചെയ്തത് കർത്താവിനെ അനുഗമിക്കുന്നവർ ഇരുളിൽ നടക്കാതെ വെളിച്ചത്തിൽ നടക്കുന്നുവെന്ന്‌.
വെളിച്ചത്തിന്റെ ഒരു പ്രത്യേകത മറഞ്ഞിരിക്കുന്നതിനെ വെളിയിൽ കൊണ്ടു വരുവാൻ കഴിയുന്നു എന്നുള്ളതാണ്. കാണാതെപോയ ദ്രഹ്മയക്കുറിച്ചുള്ള ഉപമയിൽ യേശു പറയുന്നത് അവൾ വിളക്ക് കത്തിച്ച് വീട് അടിച്ചുവാരി അത് കണ്ടെത്തും വരെ അന്വേഷിക്കുമെന്നാണ്. കാരണം അത് ഇരുട്ടിൽ മറഞ്ഞിരിക്കയാണ്. വെളിച്ചത്തിനുമാത്രമേ അതിനെ പുറത്തു കൊണ്ടുവരുവാൻ കഴിയൂ. ഇരുട്ടിൽ നടക്കുന്നവർക്ക് നിത്യജീവൻ ഇല്ല. കാരണം അവർ ദൈവത്തെ അറിയാത്തവരാണ്. അതുകൊണ്ട് പൗലോസ് പറയുന്നത് നിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുത്. മുമ്പ് നാം ഇരുളിൽ നടക്കുകയായിരുന്നു. എന്നാൽ ക്രിസ്തുവിന്റെ സ്നേഹം നമ്മെ തിരഞ്ഞെടുത്തപ്പോൾ നാം വെളിച്ചത്തിന് മക്കളായി. യോഹന്നാൻ 1:7ൽ അവൻ വെളിച്ചത്തിൽ ഇരിക്കുന്നതു പോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്ക് പരസ്പരം കൂട്ടായ്മ ഉണ്ടെന്ന് യേശു പറയുന്നു
വെളിച്ചത്തിനെ മറ്റൊരു പ്രത്യേകത അതിനു മുഖപക്ഷം ഇല്ല എന്നുള്ളതാണ്. വെളിച്ചത്തിന് വലുപ്പച്ചെറുപ്പം ഇല്ല. എല്ലാറ്റിനെയും ഒരുപോലെ അത് വെളിവാക്കുന്നു.ദൈവം വെളിച്ചം ആയിരിക്കുമ്പോൾ തന്നെ മത്തായി 5:14 ൽ നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു എന്ന് യേശു പറഞ്ഞിരിക്കുന്നു. നാം വെളിച്ചം ആകണം എന്നല്ല മറിച്ച് വെളിച്ചം ആയിരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്.

വെളിച്ചത്തിന് മറ്റൊരു പ്രത്യേകതയാണ് വെളിച്ചം നല്ലൊരു വഴികാട്ടി ആണെന്നുള്ളത്. തുറമുഖങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വിളക്ക് മരത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവരായി ആരുംതന്നെ കാണുകയില്ല. അത് വെറും ഒരു പ്രകാശം അല്ല അത് ഒരു വഴികാട്ടിയാണ് ദിശയറിയാതെ കടലിൽ ഉഴലുന്ന കപ്പൽ യാത്രികർക്ക് നല്ല ഒരു വഴികാട്ടിയാണ് ഈ വിളക്കുമരം. എന്നാൽ ആ പ്രകാശവലയത്തിൽ നിന്നും മാറി പോകുന്നത് അപകടത്തിലേക്ക് ആകാം അതിനെ ലക്ഷ്യംവെച്ച് മുൻപോട്ടു പോയാൽ എത്തേണ്ട തുറമുഖത്ത് എത്താൻ കഴിയും . പ്രതീക്ഷ നഷ്ടപ്പെട്ട അനേകർക്ക് പ്രതീക്ഷയും പ്രത്യാശയും നൽകാനാണ് നമ്മെ ലോകത്തിൽ ആക്കിയിരിക്കുന്നത്. അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ച് ലോകത്തിൽ ജ്യോതിസ്സുകളെ പോലെ പ്രകാശിക്കുന്നു എന്ന് ഫിലിപ്പിയർ 2:15 ൽ പറയുന്നു. ഈ ലോകത്തിന്റെ അന്ധകാരത്തിൽ പെട്ട് വഴി അറിയാതെ നടക്കുന്ന അനേകരെ ക്രിസ്തുവാകുന്ന വെളിച്ചത്തിലേക്ക് നയിക്കാൻ നമുക്ക് കഴിയണം. അതാണ് നമ്മെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നത് .വെളിച്ചം ഉണ്ടാകണമെങ്കിൽ എന്തെങ്കിലും ഒന്ന് കത്തി തീർന്നാൽ മാത്രമേ പ്രകാശം പരത്താൻ കഴിയുകയുള്ളൂ. അതൊരു വിളക്കാണ് എങ്കിൽ അതിൽ തിരിയും എണ്ണയും ഉണ്ടാകണം ഒരു മെഴുകുതിരി ആണെങ്കിലും അത് നന്നായിട്ടുണ്ടെങ്കിൽ മാത്രമേ ഉള്ളൂ
മത്തായി 5:15,16മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിക്കാൻ പാടില്ല വിളക്ക് കത്തിച്ച് പറയിൻകീഴിലല്ല തണ്ടിന്മേലത്രേ വെക്കുന്നത് അപ്പോൾ അത് വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കും.അങ്ങനെ തന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവർത്തികളെ കണ്ടിട്ട് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ.
ഒരു മെഴുകുതിരി കത്തുന്നത് ഒന്നു ഭാവനയിൽ കണ്ടു നോക്കൂ അത് മറ്റുള്ളവർക്ക് പ്രകാശം നൽകുമ്പോൾ തന്നെ അത് സ്വയമായി ഉരുകി ഇല്ലാതാകുകയാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തു നമുക്ക് വേണ്ടി ജീവിച്ചു അവസാനതുള്ളി രക്തം വരെ നമുക്ക് വേണ്ടി ഊറ്റി തന്നവനുവേണ്ടി നമുക്ക് ജീവിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.