ലേഖനം: സാന്ത്വനത്തിന്റെ കരം | ഡെല്ല ജോൺ

ലോകമെമ്പാടുമുള്ള അധ്യാപകരുടെ നേട്ടങ്ങളെയും സംഭാവനകളെയും പ്രയത്നങ്ങളെയും തിരിച്ചറിയാനും അവർക്ക് പ്രചോദനം നൽകുവാനും അവരെ ആദരിക്കുവാനും ഉള്ള ഒരു ദിവസമായിട്ടാണ് ഒൿടോബർ 5 ലോകഅധ്യാപക ദിനമായി ആഘോഷിക്കപ്പെടുന്നത്.

മിക്കവാറും എല്ലാവർക്കും അവരുടെ ജീവിതത്തിൽ പ്രിയപ്പെട്ട ഒരു അധ്യാപകനോ അധ്യാപികയോ ഉണ്ടാകും. തങ്ങളുടെ കഴിവുകൾ കണ്ടെത്താൻ സഹായിച്ചവരോ, പോരായ്മകൾ പരിഹരിക്കുവാൻ ഇടപെട്ടവരോ, പ്രതിസന്ധികളിൽ ചേർത്ത് നിർത്തിയവരോ ആകാം ആ വ്യക്തി.

ഒരിക്കൽ ഒരു അധ്യാപിക തന്റെ ക്ലാസിലെ കുട്ടികളോട് ഒരു ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. നിങ്ങൾ നന്ദിയോടെ ഓർക്കുവാൻ ഇഷ്ടപ്പെടുന്ന ഏതെങ്കിലും ഒരു സംഭവമോ വസ്തുവോ ആയിരിക്കണം ചിത്രത്തിന്റെ വിഷയം. വളരെ ആവേശപൂർവ്വം കുട്ടികൾ ചിത്രരചന ആരംഭിച്ചു. തങ്ങളുടെ കൊച്ചു കൊച്ചു അവധിക്കാല ആഘോഷങ്ങളും തങ്ങൾക്ക് പലപ്പോഴായി കിട്ടിയ കുഞ്ഞു സമ്മാനപ്പൊതികളും ഒക്കെയാണ് ചിലരുടെ ചിത്രത്തിന് വിഷയമായത്. മാതാപിതാക്കളുടെ ചിത്രവും നന്ദി സ്മാരകമായി വരച്ചവരുണ്ട്. വരച്ച ചിത്രങ്ങൾ കുട്ടികളുടെ കയ്യിൽ നിന്ന് ശേഖരിച്ച് കിട്ടിയ ചിത്രങ്ങളിലൂടെ കണ്ണോടിച്ചപ്പോൾ അല്പം വ്യത്യസ്തതയാർന്ന ഒരു ചിത്രത്തിൽ ടീച്ചറുടെ കണ്ണുകളുടക്കി.

ഒരു വെള്ള പേപ്പറിന്റെ ഒത്ത നടുക്കായി നീട്ടിയ ഒരു കൈ. പക്ഷേ ആ കൈ ശൂന്യമാണ്. എന്തായിരിക്കും ഈ കൈയുടെ ചിത്രം കൊണ്ട് ആ കൊച്ചു ചിത്രകാരൻ ഉദ്ദേശിച്ചിട്ടുണ്ടാകുക എന്ന് ആ അധ്യാപിക ഒരു നിമിഷം ആലോചിച്ച ശേഷം ആ ചിത്രം കുട്ടികളുടെ മുൻപിൽ പ്രദർശിപ്പിച്ചു.

ഈ കൈ ആരുടെ കൈ ആയിരിക്കാം? കുട്ടികൾക്ക് ഒരു ചോദ്യം എറിഞ്ഞു കൊടുത്തു. കർഷകർ ധാരാളമുള്ള ഒരു പ്രദേശത്തെ കുട്ടികളായതിനാൽ അവിടെയുള്ള ഏതെങ്കിലും കർഷകരുടെ കൈ ആയിരിക്കാം എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരന്റെ കൈ ആകാമെന്നും അച്ഛന്റെയോ അമ്മയുടെയും കൈ ആയിരിക്കാം എന്നുമൊക്കെ അഭിപ്രായം ഉയർന്നു വന്നു. ഇത് ദൈവത്തിന്റെ കൈ ആണെന്ന് ചിലർ അഭിപ്രായപ്പെട്ടു.

എന്നാൽ ആ ചിത്രം വരച്ച കൊച്ചു മിടുക്കൻ ടീച്ചറുടെ അടുത്ത് വന്ന് തലകുനിച്ച് ശബ്ദം താഴ്ത്തി പറഞ്ഞു ടീച്ചർ ഇത് ടീച്ചറുടെ കൈയാണ്. ടീച്ചർ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ തുടർന്നു, പെൻസിൽ ശരിയായി പിടിക്കാൻ അറിയാത്തപ്പോൾ ടീച്ചർ എന്റെ കയ്യിൽ പെൻസിൽ പിടിപ്പിച്ചില്ലേ?ശരിയായി എഴുതാൻ കഴിയാതിരുന്നപ്പോൾ എന്റെ കൈപിടിച്ച് എഴുതാൻ പഠിപ്പിച്ചില്ലേ? പുറത്തിറങ്ങാൻ മടിച്ചിരുന്ന എന്നെ കൈക്കുപിടിച്ച് പുറത്തിറങ്ങാൻ സഹായിച്ചില്ലേ?ആ കൈ ആണ് ടീച്ചർ ഞാൻ വരച്ചത് .ടീച്ചറുടെ മിഴികൾ അറിയാതെ നിറഞ്ഞു തുളുമ്പി ആ ഇളം മനസ്സിൽ നന്ദിയുടെ പ്രതീകമായി നിലകൊണ്ടത് താൻ ആണെന്നുള്ള തിരിച്ചറിവിൽ അധ്യാപികയുടെ മനസ്സ് നിറഞ്ഞു.

മറ്റുള്ളവരുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന മതിപ്പ് ഉളവാക്കാൻ സാധിക്കുക എന്നത് വലിയൊരു കാര്യമാണ്. ഓരോ മനുഷ്യനും പ്രശ്നങ്ങളുടെ കൂമ്പാരമാണ്.അനുഭവങ്ങളും പാളിച്ചകളും നേട്ടങ്ങളും സ്വപ്നങ്ങളും ഉൾക്കൊള്ളുന്നതാണ് ജീവിതം. മറ്റുള്ളവരെ നാം ശ്രദ്ധിക്കാൻ തയ്യാറാകുന്നത് തന്നെ അവരോട് ചെയ്യുന്ന വലിയ ഒരു സഹായമാണ്. പോരായ്മകൾ ഉള്ളവരോട് സമചിത്തതയോടെ ഇടപഴകാൻ,
തകർന്നുപോകുന്നവരെ തലോടുവാൻ,പരസ്പരം താങ്ങാകുവാൻ, തളർന്നു വീണവർക്ക് ആത്മവിശ്വാസത്തിന്റെ കരസ്പർശം നൽകുവാൻ നിസ്സഹായ നിമിഷങ്ങളിൽ അകപ്പെട്ടു പോകുന്നവർക്ക് ആത്മബോധവും അതിജീവനശേഷിയും നൽകുവാൻ ഒരു കരം നീട്ടുവാൻ കഴിഞ്ഞാൽ അത് എത്രയോ ധന്യമാണ്!!

ഡെല്ല ജോൺ
(ലേഡീസ് കോർണർ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.