മണിപ്പൂര്‍: കേന്ദ്രത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച്‌ ബിഷപ്പ് പാംപ്ലാനി

കണ്ണൂര്‍: മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച്‌ തലശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മണിപ്പുരിലേത് ഗോത്രങ്ങള്‍ തമ്മിലുള്ള കലാപമല്ലെന്നും ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂര്‍വ്വമായ ശ്രമമാണ് അവിടെ നടക്കുന്നതെന്നും പാംപ്ലാനി പറഞ്ഞു. മണിപ്പുര്‍ വിഷയത്തില്‍ കേരളത്തിലെ കത്തോലിക്കാ സഭ നേതൃത്വം ചെമ്ബേരിയില്‍ വെച്ച്‌ നടത്തിയ പ്രതിഷേധ പരിപാടിയില്‍ വെച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാപത്തിന്റെ തുടക്കത്തില്‍ ഗോത്ര കലാപമാണെന്നായിരുന്നു മണിപ്പുരില്‍ നിന്ന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ആദ്യനാളുകളില്‍ കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ ഇടപെടാതിരുന്നത്. എന്നാല്‍ കലാപം വര്‍ഗീയ വത്കരിക്കപ്പെട്ടു എന്ന് വ്യക്തമായപ്പോള്‍ കേരളത്തിലെ സഭ വിഷയത്തില്‍ ശബ്ദമായി പ്രതികരിക്കാനും ഇടപെടാനും ആരംഭിച്ചു – പാംപ്ലാനി പറഞ്ഞു. മണിപ്പുര്‍ വിഷയത്തില്‍ പിന്തുണയുമായെത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളേയും അദ്ദേഹം വിമര്‍ശിച്ചു. പല രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്നും പ്രശ്നത്തിന്റെ യഥാര്‍ഥ പരിഹാരത്തിലേക്ക് നീങ്ങാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തെ രാഷ്ട്രീയ വത്കരിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പുര്‍ ഭരിക്കുന്ന കക്ഷിയും കേന്ദ്രം ഭരിക്കുന്ന കക്ഷിയും ഒന്നായതുകൊണ്ട് പ്രതിസന്ധികള്‍ പരിഹരിക്കാൻ എളുപ്പമാണെന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം പറയുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് പരിഹാരം കാണുന്നില്ല?. ഇരട്ട എഞ്ചിൻ നൂറുദിവസമായി ഓഫ് ആയിക്കിടക്കുന്നത് എന്തുകൊണ്ടാണ് എന്നറിയാൻ ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് അവകാശമുണ്ട് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലാപകാരികള്‍ ഉപയോഗിക്കുന്നത്, സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും ഉപയോഗിക്കുന്ന അതേ ആയുധങ്ങളാണ്. ഈ ആയുധങ്ങള്‍ എങ്ങനെയാണ് കലാപകാരികളുടെ കൈയിലെത്തിയത്തു. ഭരണകൂടം കലാപകാരികള്‍ക്ക് ഒത്താശ ചെയ്തു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു – പാംപ്ലാനി ആരോപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading