ശാസ്ത്രവീഥി: ചന്ദ്രഗ്രഹണവും ചന്ദ്രൻ്റെ ഗതിഭേദവും | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

2022 നവംബർ 8 -നു ചെവ്വാഴ്ച ചന്ദ്രഗ്രഹണമാണ്. ഇൻഡ്യൻ സമയം 2.39 – നു ഭാഗികമായി ആരംഭിച്ചു വൈകിട്ടു 6.19 അവസാനിക്കുന്നു. എന്നാൽ പൂർണ്ണ അളവിൽ 17 മിനിറ്റു മാത്രമേ ദൃശ്യമാവുകയുള്ളു. U. A. E. സമയം 5.38 – നു ആരംഭിച്ചു 5.56 – നു ആണു അവസാനിക്കുന്നത്. ഇത്തരുണത്തിൽ, ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട ചില ശാസ്ത്രീയ കണ്ടെത്തലുകൾ കുറിക്കട്ടെ.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ അതിൻ്റെ ഭ്രമണപഥത്തിൽ ഭൂമിയിൽനിന്നു അകന്നുമാറുന്നതായി ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു. ഇതുസംബന്ധമായ വിശദമായ ശാസ്ത്രീയ വിശകലനവും റിപ്പോർട്ടും 2022 ഓഗസ്റ്റ് 23 -നു അസ്ട്രോണമി ഡോട്ട് കോം പ്രസിദ്ധീകരിക്കുകയുണ്ടായി. ന്യൂട്ടൻ്റെ ചലനനിയമമായ കൺസെർവേഷൻ ഓഫ് ആങ്ഗുലാർ മൊമെൻ്റം (കോണിയ പ്രവേഗസംരക്ഷണം അഥവാ സ്ഥായിഭാവം എന്നൊക്കെ വിവർത്തനം ചെയ്യാം) എന്ന തത്വം അനുസരിച്ചാണ് ഈ പ്രതിഭാസം സംജാതമാക്കപ്പെടുന്നത്. ഭ്രമണം ചെയ്തു ചലിക്കുന്ന ഒരു വസ്തുവിൻ്റെ ചലനസ്ഥായിഭാവം ആണ് കോണിയ ആക്കം. ബാഹ്യമായ ഒരു പ്രതിബലം പ്രതിരോധിക്കാത്തടത്തോളം വസ്തുവിൻ്റെ ഭ്രമണവേഗത സ്ഥിരമായിരിക്കും എന്നതാണ് ഈ ചലനനിയമം. അതു മറ്റൊരു ഭാഷയിൽ പറഞ്ഞാൽ നെറ്റ് ടോർക്ക് പൂജ്യം ആയിരിക്കുന്നിടത്തോളം വസ്തുവിൻ്റെ ഭ്രമണവേഗത സ്ഥിരമായിരിക്കും. ഐസ് സ്കേറ്റിങിനു സഹായമാകുന്നത് ഈ ചലനനിയമം ആണ്.

ഇനി ഈ ചലനനിയമം ഭൂമിയ്ക്കും ചന്ദ്രനും ഇടയിൽ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം. ചന്ദ്രൻ അതിൻ്റെ സാങ്കല്പിക അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നതോടൊപ്പം
ഭൂമിക്കു ചുറ്റും വലയം വയ്ക്കുന്നുമുണ്ട്. ഭൂമി സൂര്യനെ ചുറ്റി പ്രദക്ഷിണം വെയ്കുന്നതിനാൽ ആ ചലനവും ചന്ദ്രനു ബാധകമാണ്. ഭൂമിയും ചന്ദ്രനും ഗുരുത്വാകർഷണ ബലത്താൽ പരസ്പരം ആകർഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ. ഭ്രമണം ചെയ്യുന്ന ഭൂമിയിൽ ചന്ദ്രൻ്റെ ഗുരുത്വാകർഷണബലം നിമിത്തമാണ് ചന്ദ്രൻ ഭൂമിയിൽ നിന്നും ആകുന്നു മാറിക്കൊണ്ടിരിക്കുന്നത് എന്നാണ് കണ്ടെത്തൽ.

post watermark60x60

ചന്ദ്രൻ്റെ ഭൂമിയുടെ മേലുള്ള ഗുരുത്വാകർഷണബലം നിമിത്തം ഭൂമിയിൽ വേലിയേറ്റവും വേലിയിറക്കവും സംഭവിക്കുന്നു എന്ന് നമുക്കറിയാം. വേലിയേറ്റം സംഭവിക്കുമ്പോൾ സമുദ്രത്തിലെ ജലനിരപ്പ് ഉയർത്തപ്പെടുന്നു. ഇത് ഭൂമിയുടെ ഭ്രമണത്തെ മന്ദഗതിയിൽ ആക്കുന്നതിനാൽ കോണീയആക്കം
ക്ഷയിക്കുകയും പ്രതിപ്രവർത്തനമായി ചന്ദ്രൻ്റെ ചലനവേഗത
വർദ്ധിക്കുകയും ചന്ദ്രൻ അതിൻ്റെ
ഭ്രമണപഥത്തിൽ ഭൂമിയിൽ നിന്നു അകന്നു മാറുകയും ചെയ്യുന്നു.

ഏകദേശം 4.5 ബില്യൻ (4.5×10⁹) വർഷങ്ങൾക്കു മുമ്പാണ് ചന്ദ്രൻ രൂപപ്പെട്ടതെന്നാണു കണക്കാക്കപ്പെടുന്നത്. ചൊവ്വായുടെ അത്രയും വലിപ്പമുണ്ടായിരുന്നു ഒരു പ്രോട്ടോപ്ലാനെറ്റ് ഭൂമിയുമായി കൂട്ടിയിടിക്കുകയും, പ്രസ്തുത ആഘാതത്തിൽ ശേഷിച്ച ഭാഗങ്ങൾ കൂടിച്ചേർന്നു ചന്ദ്രൻ ഉണ്ടായി എന്നുമാണ് ശാസ്ത്രമതം. കമ്പ്യൂട്ടർ സിമുലേഷനിലൂടെ ഇത് പുനർജനിക്കപ്പെട്ടിട്ടുണ്ട്. ഈ സിമുലേഷനിലൂടെ മറ്റൊരു സത്യവും വെളിപ്പെട്ടു വന്നു. രൂപീകരണം കഴിഞ്ഞ സമയം ചന്ദ്രൻ ഭൂമിയിൽ നിന്നും വെറും 22,500 കിലോമീറ്റർ മാത്രം ദൂരെ ആയിരുന്നു ഭ്രമണം തുടങ്ങിയത്. എന്നാൽ ഇന്നു അതു 4,02,336 കിലോമീറ്റർ ദൂരമായി വർദ്ധിച്ചിരിക്കുന്നു. അതായത് ചന്ദ്രൻ ഭൂമിയിൽ നിന്നു അകന്നു മാറിക്കൊണ്ടിരിക്കുന്നു എന്ന് സാരം. പ്രതിവർഷം 3.8 സെൻറീമീറ്റർ എന്ന നിരക്കിലാണ് ഈ അകന്നുമാറൽ എന്നാണു കണ്ടെത്തൽ.

സുപ്രസിദ്ധ ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ എഡ്മണ്ട് ഹാലി (1656 – 1742) ആണ് ഈ പ്രതിഭാസത്തെക്കുറിച്ച് ആദ്യം സിദ്ധാന്തിച്ചത്. ഇന്നത്തെപ്പൊലെ യാതൊരുവിധ ആധുനിക ശാസ്ത്രീയ സംവിധാന സഹായവുമില്ലാതെ ചന്ദ്രഗ്രഹണങ്ങളുടെ മാത്രം രേഖകൾ പഠിച്ചു, ഏകദേശം 300 വർഷം മുമ്പ് അദ്ദേഹം ഇതു സമർത്ഥിച്ചു. 1970 – കളിൽ അമേരിക്കൻ- സോവിയറ്റ് ദൗത്യങ്ങൾ ചന്ദ്രനിൽ കണ്ണാടികൾ സ്ഥാപിച്ചു നിരീക്ഷണം ആരംഭിച്ചു. കണ്ണാടിയിൽ നിന്നും പ്രതിഫലിച്ച ലേസർ കിരണങ്ങൾക്കു കുതിപ്പ് (bouncing) അവർ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തൽ ഹാലിയുടെ സിദ്ധാന്തത്തെ പിന്തുണച്ചു.

ഭൂഖണ്ഡവിഘടനവും
പ്ലെയ്റ്റ് ടെൿറ്റോണിക്സും ആധുനികയുഗത്തിൽ പഠനവിഷയമായപ്പോൾ അതും ചന്ദ്രൻ്റെ അകന്നുമാറലിനെ സ്വാധീനിച്ചു എന്നു കണ്ടെത്തിയിരിക്കുന്നു. കോണ്ടിനെൻ്റൽ ഡ്രിഫ്റ്റു കാരണം സമുദ്രത്തിൻ്റെ ഘടന അപ്പാടെ മാറി പല സമുദ്രങ്ങൾ ആയി. സമുദ്രത്തിൻ്റെ ആഴം, വലിപ്പം എന്നിവയിലും വ്യത്യാസം വന്നു. ഇതു വേലിയേറ്റത്തിൻ്റെ നിരക്കിനെ വല്ലാതെ സ്വാധീനിക്കുകയും തൽഫലമായി ഭൂമിയുടെയും ചന്ദ്രൻ്റെയും ഭ്രമണത്തിൽ വീണ്ടും മന്ദീഭാവം സംഭവിച്ചിരിക്കാം എന്നും ജ്യോതിശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നു. ചാന്ദ്രിക വേലിയേറ്റം കൂടാതെ സൗര വേലിയേറ്റവും ഭൂമിയിൽ സ്വാധീനം ചെലുത്തുന്നു. ചാന്ദ്രികവേലിയേറ്റം നടക്കുമ്പോൾ ചന്ദ്രനു
വിമുഖമായി വരുന്ന ഭൂമിയുടെ മുഖം സൂര്യനു അഭിമുഖമായിരിക്കും. ഈ ഭാഗത്ത് സൂര്യൻ തൻ്റെ ബലം പ്രയോഗിക്കുന്നതു മറുഭാഗത്ത് പ്രതിബലമായി ഭവിക്കുന്നതിനാൽ ചാന്ദ്രികബലവേലിയേറ്റത്തിൻ്റെ പ്രഭാവം ക്ഷയിക്കുന്നുണ്ട്. ഭൂമി – സൂര്യൻ – ചന്ദ്രൻ എന്നിവയുടെ സ്ഥാനീയവിന്യാസമനുസരിച്ചായിരിക്കും രണ്ടുവേലിയേറ്റങ്ങളുടെയും ആകെത്തുക വെളിപ്പെട്ടുവരുന്നത്. ഇപ്പോൾ ഈ പ്രതിഭാസങ്ങൾ എല്ലാം കൂട്ടിയിണക്കി പഠിച്ചും വിശകലനം നടത്തിയുമാണു പ്രതിവർഷം 3.8 സെൻറീമീറ്റർ വീതം ചന്ദ്രൻ ഭൂമിയിൽ നിന്നു അകന്നു മാറിക്കൊണ്ടിരിക്കുന്നു എന്നു സമർദ്ധിച്ചിരിക്കുന്നത്.

ചന്ദ്രഗ്രഹണവും ചന്ദ്രൻ്റെ ഗതിഭേദവും ആച്ഛാദനവും ചന്ദ്രൻ ഒരു ദേവനോ ആരാധിക്കപ്പെടേണ്ടവസ്തുവോ അല്ലെന്നു തെളിയിക്കുന്നു. ചന്ദ്രനെ ദേവനായി സങ്കല്പിച്ചു ചന്ദ്രഗ്രഹണം ദേവബലക്ഷയമാണെന്നുള്ള മിഥോളജി ലോകവ്യാപകമായി ധാരാളം ഉണ്ടല്ലോ. എന്നാൽ സൂര്യ – ചന്ദ്രഗ്രഹണങ്ങളിൽ
വാസ്തവത്തിൽ എന്താണു സംഭവിക്കുന്നതെന്നു ശാസ്ത്രം തെളിയിച്ചു കഴിഞ്ഞല്ലോ.

വേലിയേറ്റവും വേലിയിറക്കവും ഭൂഖണ്ഡവിഘടനവും പിന്നെ പ്ലെയ്റ്റ് ടെൿറ്റോണിക്സും ഒന്നും സാധാരണക്കാരായ വിശ്വാസികൾക്ക് ദഹിക്കുന്ന വിഷയങ്ങളല്ല. “സകലവും അവൻ മുഖാന്തരം ഉളവായി വന്നു എന്നും ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല” എന്നു ബൈബിൾ പറയുമ്പോൾ നാം അതു കണ്ണടച്ചു വിശ്വസിക്കുന്നു. “ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ട് -അതായത് ആദിയിൽ- ദൈവത്തിൻ്റെ വചനത്താൽ ഉളവായി എന്നു ശ്ലീഹ പറയുമ്പോൾ (2പത്രോസ്: 3:5) അതിലെന്തോ ശാസ്ത്രീയസത്യം ഉണ്ടെന്നു നാം മനസ്സിലാക്കുന്നു. എന്നാൽ അതു വിശദീകരിക്കാൻ തക്ക ജ്ഞാനം നമുക്കില്ല. സൂര്യൻ ഭൂമിയോട് അടുക്കുന്നുവെന്നോ ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുന്നുവെന്നോ നമുക്കു അറിയില്ല. എന്നാൽ ഒന്നു നാമറിയുന്നു :- ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും. (അതു മറ്റൊരു ബിഗ്ബാങ്
ആയിരിക്കുമോ?). ആകാശം ചുട്ടഴിയും. (അത് റിവേഴ്സ് തെർമോഡൈനാമിക്സ് ആയിരിക്കുമോ?). ഭൂമിയും അതിലെ സകലപണികളും വെന്തുരുകും വിധം മൂലപദാർത്ഥങ്ങൾ കത്തിയഴിയും. മനുഷ്യൻ ശേഖരിച്ചു വച്ചിരുന്ന സകല അണുവായുധങ്ങളും നിമിഷംകൊണ്ട് പൊട്ടിത്തെറിക്കും (2 പത്രോസ്: 3:10-12). ശുദ്ധീകരിക്കപ്പെട്ട പുതിയ ആകാശവും പുതിയ ഭൂമിയും പ്രത്യക്ഷപ്പെടും. അതിനു മുമ്പു കർത്താവിൻ്റെ ദിവസം കള്ളനെപ്പോലെ വരും (2 പത്രോസ്:3:10). അത് നമ്മുടെ വീണ്ടെടുപ്പിൻ നാളത്രെ. നമ്മുടെ കർത്താവു വരും നിശ്ചയം. നാളും നാഴികയും അറിയായ്കയാൽ ഉണർന്നിരിക്കാം. ആമേൻ കർത്താവേ വരേണമേ.

ആമേൻ കർത്താവേ വേഗം വരേണമേ..

പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

-ADVERTISEMENT-

-ADVERTISEMENT-

You might also like