ചെറു ചിന്ത: ക്രിസ്തുവിന്റെ രണ്ടാം വരവ് | റെനി ജോ മോസസ്

ആകാശത്തിന്റെ മനോഹാരിത നോക്കി പലപ്പോഴും ഞാൻ വിസ്മയിക്കാറുണ്ട് . എത്ര നയന സുന്ദര കാഴ്ചയാണത് . പരിധികളില്ലാതെ വിരിഞ്ഞു കിടക്കുന്ന എന്തോ ഒന്നു ,അരുണോദയവും അസ്തമയവും , ഏന്തൊരു കാഴ്ച ” അതിനപ്പുറത്തേക്കു എന്തൊക്കെ നിഗൂഢ രഹസ്യങ്ങൾ ആയിരിക്കും ദൈവം ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നു ചിന്തിച്ചു പോകുന്നു. സങ്കിർത്തനത്തിൽ നാം ഇങ്ങനെ വായിക്കുന്നു.

( സങ്കിർത്തനം 19 : 1 ) ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണിക്കുന്നു , ആകാശ വിതാനം അവന്റെ കൈ വേലയെ പ്രസിദ്ധമാക്കുന്നു. സൃഷ്ടിച്ച നാൾ മുതൽ എത്രയോ സഹസ്രാബ്ദങ്ങളായി അണുവിട തെറ്റാതെ തങ്ങളുടെ ദൗത്യം അവ നിറവേറ്റികൊണ്ടിരിക്കുന്നു , ശുഭ്ര വസ്ത്രധാരികളായ മേഘങ്ങൾ ചിരിച്ചും കളിച്ചും പറന്നു നടക്കുന്നു . പൊടുന്നനെ അവ ചുവപ്പൻ പട്ടു വിരിച്ചപോലെയായി മാറുന്നു , എങ്ങും ചായം തേച്ചു പിടിപ്പിച്ച പോലെ നീലിമ നിറയുന്നു , മഴവില്ലിൻ നിറം ചാർത്തും വർണ കാഴ്ചകൾ . ചില നേരങ്ങളിൽ സൂക്ഷിച്ചു നോക്കിയാൽ വ്യത്യസ്ത രൂപങ്ങൾ ഭാവങ്ങൾ വേഷവിതാനങ്ങളൊക്കെ മാറി മറിയുന്നതും കാണാൻ കഴിയും.

പുരാതന കാലം തൊട്ടെ പ്രപഞ്ച വസ്തുക്കളെ മനുഷ്യർ ആശ്രയിക്കാറുണ്ടായിരുന്നു . സൂര്യന്റെ നിഴൽ നോക്കി സമയങ്ങൾ കണക്കാക്കിയിരുന്ന ഒരു കാലം , മണ്ണിൽ അധ്വാനിച്ചു വിത്തു മുളപ്പിച്ചെടുക്കാൻ , വേരു പിടിപ്പിക്കാൻ , ഫലം കാണേണ്ടതിനും മുന്മഴക്കായി പിൻമഴക്കായി കാത്തിരിക്കുന്ന മനുഷ്യർക്ക് തക്കസമയത്ത് ഭൂമിയെ നനയിച്ചു കൊടുക്കുന്നു . അമ്പിളിമാമൻ ചിരിച്ചു കൊണ്ടു നിലാവെളിച്ചം വീശി വഴികാട്ടി ആയി മാറുന്നു
അപ്പോൾ തന്നെ വാനനിരീക്ഷണം അതിപുരാതന കാലം തൊട്ടേ മനുഷ്യർ ആരംഭിച്ചിരുന്നു എന്നത് ശ്രദ്ദേയമാണ് , സൂര്യ ചന്ദ്രന്റെ പ്രതേകിച്ചു നക്ഷത്രങ്ങളുടെ ഗതി നോക്കി കാലങ്ങളേയും സംഭവങ്ങളെയും ഒക്കെ മനുഷ്യൻ കണക്കാക്കിയിരുന്നു അവയെ പേരിട്ടു വിളിച്ചിരുന്നു എന്നും മനസിലാക്കാം. തിരുവചനത്തിൽ വളരെയധികം സംഭവങ്ങൾ കാണാൻ കഴിയും , ആദാമ്യ വീഴച്ക്കു , പരിഹാരം കാണേണ്ടതിനു കാലസമ്പൂര്ണത വന്നപ്പോൾ ദൈവം താൻ ശിശുവായി ഭൂമിയിലേക്ക് ഇറങ്ങി വന്നു , എന്നും വാനനിരീക്ഷണം നടത്താറ് പതിവുള്ള വിദ്വാന്മാർക്കു വിവരീതമായി അന്ന് ഒരു നക്ഷത്രം കണ്ണിൽ പെട്ടു , ഇതു രാജാവിന്റെ പിറവിയുടെ അടയാളം എന്നു മനസിലാക്കിയ വിദ്വാൻമാർ കിഴക്കു നക്ഷത്രം കണ്ട സ്ഥലം ലക്ഷ്യമാക്കി യാത്ര തിരിച്ചു ഒടുവിൽ ശിശുവിനെ അവന്റെ അമ്മയോട് കൂടെ കണ്ടു നമസ്കരിച്ചു കാഴ്ച ഒരുക്കി .

post watermark60x60

ഒരിക്കൽ തന്റെ ഇഹ ലോക കാലത്തു തന്നെ പരീക്ഷിക്കാൻ വന്ന ശാസ്ത്രിമാരോടും പരീശന്മാരോടും യോന കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ആയിരുന്ന പോലെ മനുഷ്യ പുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും എന്നു പറയുമ്പോൾ തന്റെ ലക്ഷ്യം വ്യെക്തമാണ് . അങ്ങനെ അതു നിവർത്തി ആകുന്ന സമയം ഗദ്സമെന തൊട്ടത്തിൽ പ്രധാന ശിഷ്യന്മാർ ഉറക്കത്തിൽ ആണ്ടുപോയപ്പോൾ , പിതാവേ കഴിയുമെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ എന്നു പ്രാർത്ഥിക്കുന്ന യേശു , എങ്കിലും ഞാൻ ഇച്ഛിക്കുന്നപോലെയല്ല നി ഇച്ഛിക്കുന്നപോലെ , ഹിതം പോലെ ആവട്ടെ എന്നു പറഞ്ഞു തന്റെ ദൗത്യ പൂർത്തീകരണത്തിനു ഏൽപ്പിച്ചു കൊടുത്തു കൊണ്ട് , കാൽവരിയിൽ ഇരു കള്ളമാരുടെ നടുവിൽ , ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കാതെ വീണു പോയ മനുഷ്യരാശിയെ വീണ്ടെടുക്കാൻ ജീവൻ ബലി കഴിക്കുന്ന പുത്രന്റെ അതി ധാരുണമായ ആ കാഴ്ച്ച കാണാനാവാതെ പ്രപഞ്ച വസ്തുവായ സൂര്യൻ കണ്ണു പൊത്തി , നട്ടുച്ചനേരം ദേശം മുഴുവൻ ഇരുട്ടു മൂടി , ഭൂമി വിറകൊണ്ടു ,പാറകൾ പൊട്ടി ചിതറി .അവനെ സ്നേഹിച്ച ഹൃദയങ്ങൾക്കു ഒരു മരവിപ്പു സമ്മാനിച്ചു കൊണ്ടു മരണം വരിച്ചു . മൂന്നാം നാൾ മരണത്തെ ഭേദിച്ചു ഉയിര്തെഴുന്നെറ്റ യേശു തകർന്ന ഹൃദയങ്ങളെ , തന്റെ പ്രിയപ്പെട്ടവരെ ആശ്വസിപ്പിച്ചും സമാധാനിപ്പിച്ചും കൊണ്ട് , സകല ജാതിയോടും ഉള്ള തന്റെ ദൗത്യം കൈമാറി . യേശു അടുത്തു ചെന്നു (മത്തായി 28 : 18 ,19 , 20) സ്വർഗത്തിലെയും ഭൂമിയിലെയും സകല അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു .ആകെയാൽ നിങ്ങൾ പുറപ്പെട്ടു പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാല്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കൽപ്പിച്ചതു പ്രമാണിക്കാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകല ജാതികളെയും ശിക്ഷ്യരാക്കി കൊൾവിൻ ഞാനോ ലോക അവസാനത്തോളം നിങ്ങളോടു കൂടെ ഉണ്ട് എന്നു അരുളി ചെയ്തു , കരേറി പോയി.

അന്ന് മുതൽ ശിക്ഷ്യത്വ ദൗത്യം ഏറ്റെടുത്ത ശിഷ്യന്മാർ ശക്തി പ്രാപിച്ചു യെരുശലേമിലും യഹൂദ്യയിലും ശമര്യയിലും ഭൂമിയുടെ അറ്റത്തോളം പുറപ്പെട്ടു , തൽഫലമായി കാലങ്ങൾക്കു ഇപ്പുറം എനിക്കും നിങ്ങൾക്കും ആ രക്ഷനേടാൻ , രക്ഷകനെ അറിയുവാൻ സംഗതി വന്നു , രണ്ടായിരത്തിൽ പരം വർഷങ്ങൾ , പടർന്നു പന്തലിച്ചു നിൽക്കുന്ന രക്ഷയുടെ സന്ദേശത്തിന്റെ വാതിൽ അടയാൻ ഇനി ഘാതങ്ങൾ മാത്രമേ ബാക്കിയുള്ളൂ.

ഒന്നാം നൂറ്റാണ്ടു മുതൽ വളരെയധികം കൊടിയ പീഡനവും കഷ്ടതകളും എതിർപ്പുകളും അതിജീവിച്ച മാർഗമാണ് ക്രിസ്തുമാർഗം , സ്തേഫാനോസിൽ തുടങ്ങി അനേകായിരങ്ങൾക്കു ഈ മാർഗ്ഗത്തിനു വേണ്ടി ജീവൻ കൊടുക്കേണ്ടി വന്നിട്ടുണ്ട്, ലോക രാജ്യങ്ങളിൽ ആഫ്രിക്കയിൽ ഇന്ത്യയിൽ ദിനം പ്രതി , ആയിരങ്ങൾ മരണപ്പെടുന്നു , അടിച്ചമർത്തുംതോറും അനുദിനം ഈ മാർഗം വളർന്നു കൊണ്ടേ ഇരിക്കുന്നു.

ഒരിക്കൽ ശിക്ഷ്യന്മാർ ഒലിവ് മലയിൽ ആയിരുന്നപ്പോൾ യേശുവിനോട് ചോദിച്ചു , അതു ഇപ്പോൾ സംഭവിക്കും നിന്റെ വരവിനും ലോക അവസാനത്തിനും അടയാളം പറഞ്ഞു തരണം എന്നു അപേക്ഷിച്ചു.
അതിനു യെശു ഉത്തരം പറഞ്ഞതു എന്തെന്നാൽ , (മത്തായി 24 : 9 -31) അന്ന് അവർ നിങ്ങളെ ഉപദ്രവത്തിനു ഏൽപ്പിക്കുകയും കൊല്ലുകയും ചെയ്‌യും ,എന്റെ നാമം നിമിത്തം സകല ജാതികളും നിങ്ങളെ പകയ്ക്കും പലരും ഇടറി അന്യോന്യം ഏൽപ്പിച്ചു കൊടുക്കുകയും അന്യോന്യം പകയ്ക്കുകയും ചെയ്‌യും .

ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്ത കഷ്ടം അന്നുണ്ടാവും ഇനിമേൽ സംഭവിക്കാത്തതുമായ വലിയ കഷ്ടം അന്നുണ്ടാവും.

അങ്ങനെ ആ അധ്യായം പറഞ്ഞു പറഞ്ഞു യാക്കോബിന്റെ കഷ്ടകാലം എന്ന മഹാഉപദ്രവത്തിന്റെ ഉഴൽച്ചകൾക്കു ഒടുവിൽ കർത്താവിന്റെ വരവും സംഭവിക്കുന്നു ..മത്തായി 24 : 30) അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും ,അന്ന് ഭൂമിയിലെ സകല ഗോത്രങ്ങളും വിലപിച്ചും കൊണ്ടു മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാ ശക്തിയോടും തേജസോടും കൂടെ വരുന്നത് കാണും.

അങ്ങനെ ഒരു ആകാശ കാഴ്ചക്ക് ലോകം സാക്ഷിയാകുന്നതിനു മുൻപു പൂർണമായ നീതി ലഭിക്കാത്ത , കഷ്ടതകൾ , വ്യെഥകൾ നിറഞ്ഞ ഈ ലോകത്തു നിന്നും തനിക്കായി കാത്തിരിക്കുന്ന ചെറിയ കൂട്ടത്തെ ദൈവം വേര്തിരിക്കും .അതു മറ്റാരുമല്ല”” തന്റെ കാന്തയാം മണവാട്ടി “” വിവിധ ജാതിമത വർണ വർഗ വിത്യാസം കൂടാതെ തനിക്കായി വേർതിരിഞ്ഞ മണവാട്ടി ,

അവളെ ചേർക്കുവാൻ മധ്യാകാശം ഒരുക്കപ്പെടും , കാഹളം ധ്വനിക്കും ദൂത സംഘങ്ങൾ അണിനിരക്കും, വാദ്യഘോഷ അകമ്പടിയാൽ . കണ്ണിമക്കുള്ളിൽ വിശുദ്ധന്മാർ പറന്നു ഉയരും .

( 1തെസലോനിക്യർ 4 : 16) കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗത്തിൽ നിന്നു ഇറങ്ങി വരികയും ക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയർത്തെഴുന്നേൽക്കുകയും ചെയ്‌യും പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും.ഇങ്ങനെ നാം കർത്താവിനോട് കൂടെ ഇരിക്കും .ഈ വചനങ്ങളെ കൊണ്ടു അന്യോന്യം ആശ്വസിച്ചു കൊൾവിൻ.

ആ മണവാട്ടി പദം അലങ്കരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ , ഇല്ലെങ്കിൽ യേശുക്രിസ്തു എന്ന രക്ഷകനു ഹൃദയം കൊടുക്കുക നിത്യത അവകാശമാക്കുക. പ്രപഞ്ചവും തന്റെ സൃഷ്ടികളും ഒരുങ്ങിക്കൊണ്ടിരിക്കുന്നു . നമുക്കും ഒരുങ്ങാം.

റെനി ജോ മോസസ്

-ADVERTISEMENT-

-ADVERTISEMENT-

You might also like