ക്രൈസ്തവ എഴുത്തുപുര ഇന്ന് ഒൻപതാം വര്‍ഷത്തിലേക്ക്

KE International News Desk

തിരുവല്ല: ക്രൈസ്തവ മാധ്യമ രംഗത്തു തനതായ പ്രവർത്തന ശൈലിയിലൂടെ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ക്രൈസ്തവ എഴുത്തുപുരയുടെ സ്ഥാപകദിനമാണ് ഇന്ന് (ജൂണ്‍ 1). 2013ന്റെ അവസാന ആഴ്ചകളിൽ ഉണ്ടായ ദർശനത്തിന്റെ ഫലമായി ഉരുതിരിഞ്ഞ ആശയം ചില സുഹൃത്തുക്കളുമായി പങ്ക് വച്ചതിന്റെ ഫലമാണ് ക്രൈസ്തവ എഴുത്തുപുരയുടെ തുടക്കം. അങ്ങനെ 2014 ജൂൺ 1 സ്ഥാപക ദിനമായി മാറി.പുതുമുഖ എഴുത്തുകാരെ കൈപിടിച്ചുയർത്തി തുടങ്ങിയ ഈ പ്രവർത്തനം ഇന്ന് വിവിധ ലോക രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വാര്‍ഷിക ദിന സ്തോത്ര ശുശ്രൂഷ ഇന്നു രാത്രി ഇന്ത്യൻ സമയം 10 മണി മുതല്‍ സൂമിലൂടെ നടക്കും. ആഗോള ക്രൈസ്തവ എഴുത്തുപുരയുടെ ജനറൽ കൗൺസില്‍ അംഗങ്ങളും, വിവിധ ചാപ്റ്റര്‍, യൂണിറ്റ് അംഗങ്ങളും എഴുത്തുകാരും മറ്റു അഭ്യുദയകാംക്ഷികളും ഈ യോഗത്തില്‍ പങ്കെടുക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടുന്ന ഈ സൂം മീറ്റിംഗ് വ്യത്യസ്തതകൾ നിറഞ്ഞതായിരിക്കും.
പ്രതിസന്ധികളെ തരണം ചെയ്ത കഴിഞ്ഞ വര്‍ഷങ്ങളില്‍ വിജയകരമായ അനേക നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ക്രൈസ്തവ എഴുത്തുപുരക്ക് കഴിഞ്ഞു. മലയാള ക്രൈസ്തവ ലോകത്തെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തനങ്ങളില്‍ നൂതനമായ ആശയങ്ങളെ സാക്ഷാത്കരിക്കുവാന്‍ ക്രൈസ്തവ എഴുത്തുപുരക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തുപറയേണ്ടുന്ന കാര്യമാണ്.
ക്രൈസ്തവ ലോകത്ത് തന്നെ വിപ്ലവകരമായി മാറിയ ദിനപത്രം പ്രവർത്തന മികവിൽ വ്യത്യസ്തത പുലർത്തി എല്ലാ ദിവസവും വായനക്കാരിലേക്ക് എത്തിച്ചേരുന്നു. അനുദിനം വായനക്കാരുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
കേവലം ഒരു മാധ്യമം എന്ന നിലയില്‍ നിന്നും മിഷന്‍, ഇവാഞ്ചലിസം, അപ്പർ റൂം, ശ്രദ്ധ തുടങ്ങി നിരവധി പദ്ധതികളും ശുശ്രൂഷകളും ചെയ്യുന്ന സുവിശേഷ പ്രസ്ഥാനമായി ക്രൈസ്തവ എഴുത്തുപുര മാറി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ (ശ്രദ്ധ), പുസ്തക പ്രസിദ്ധീകരണം, ഓണ്‍ലൈന്‍ റേഡിയോ (റാഫാ റേഡിയോ), കേഫാ ടി വി, ലൈവ് സ്ട്രീമിംഗ്, കുടുംബ മാസിക, മലയാളം,ഇംഗ്ലീഷ്, കന്നഡ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് ക്രൈസ്തവ എഴുത്തുപുര ചെയ്തുകൊണ്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിലായി പതിനഞ്ച് ചാപ്റ്ററുകളും, ഇരുപതോളം യൂണിറ്റുകളും ക്രൈസ്തവ എഴുത്തുപുരക്ക് ഉണ്ട്. ഈടുറ്റ പന്ത്രണ്ടിൽ പരം പുസ്തകങ്ങളും പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് പുതിയ പ്രവര്‍ത്തകര്‍ ഈ ശുശ്രൂഷയില്‍ ദിനംപ്രതി പങ്കാളികളായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. വരും നാളുകളില്‍ കൂടുതല്‍ നൂതന പ്രവര്‍ത്തനങ്ങള്‍ കൂടി തുടങ്ങുമെന്ന് ജനറൽ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
ഇന്നത്തെ പ്രോഗ്രാം ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജിലും യൂട്യുബിലും തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

You might also like