കഥ: പാഴ്സണേജിലെ മട്ടൺ കറി | ആഷേർ മാത്യു

കൊറോണ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. ഒന്നാം തരംഗത്തിൻ്റെ ഏതാണ്ട് പാതിവഴി പിന്നിട്ടിരുന്നു. ലോക്ക് ഡൗൺ മാറി വരുന്നതേയുള്ളൂ. ആരാധനാലയങ്ങൾ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. അന്നന്നത്തെ വരുമാനം കൊണ്ട് കഴിഞ്ഞിരുന്നവരൊക്കെ വലിയ ബുദ്ധിമുട്ടിലാണ്. പലർക്കും പലവിധ പ്രശ്നങ്ങൾ.

കുര്യൻ പാസ്റ്ററുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു കുര്യൻ പാസ്റ്റർ ആ ദിവസങ്ങളിൽ. കൃത്യമായി ശമ്പളം കിട്ടുന്ന രീതികളുള്ള ‘വലിയ സഭകളിലെ’ പാസ്റ്റർമാർക്കൊഴിച്ച് എല്ലാ ദൈവദാസന്മാരുടെയും സ്ഥിതി സമാനമായിരുന്നു.
സഭായോഗങ്ങളില്ല, സ്തോത്ര കാഴ്ചയില്ല, ദശാംശമില്ല, വിശ്വാസികൾക്ക് ജോലിയില്ല.

അത്യാവശ്യം വീട്ടുചെലവുകളൊക്കെ നടന്നു പോയി. സർക്കാരിൻ്റെ കിറ്റ് കിട്ടുന്നതും ഒരു ആശ്വാസമായിരുന്നു. ഇടക്ക് സഭാ ആസ്ഥാനത്ത് നിന്നും പിന്നെ സഭയുടെ യുവജനപ്രസ്ഥാനത്തിൽ നിന്നും ഓരോ കിറ്റ് കിട്ടി. ശരിക്കും വിശ്വാസത്താലുള്ള ജീവിതം. വളരെ അഭിമാനിയായിരുന്നതിനാലും അങ്ങനെയൊരു ശീലമില്ലാത്തതിനാലും ഒരാളോട് പോലും എന്തെങ്കിലും സഹായം ചോദിക്കേണ്ട സാഹചര്യം കുര്യൻ പാസ്റ്റർ ഉണ്ടാക്കിയിട്ടില്ല.

ഒരു ബുധനാഴ്ച രാവിലെ, പ്രഭാത പ്രാർത്ഥനക്ക് ശേഷം കുര്യൻ പാസ്റ്റർ ഒരു ചായ കുടിച്ച് പത്രം വായിച്ച് ഭവനത്തിലിരിക്കുകയായിരുന്നു.

അപ്പോഴാണ് ജോസ് അവിടേക്ക് വന്നത്. കൈയ്യിൽ ഒരു കവറൊക്കെയുണ്ട്. തൻ്റെ സഭയിലെ ഒരു വിശ്വാസിയാണ് ജോസ്. സ്നേഹമുള്ള ഒരു ചെറുപ്പക്കാരൻ.

” പ്രയ്സ് ദ ലോർഡ് പാസ്റ്ററേ, സുഖമായിരിക്കുന്നോ”. ജോസ് ചോദിച്ചു.

“പ്രയ്സ് ദ ലോർഡ് ജോസ് ബ്രദറേ… കൃപയാൽ സുഖമായിരിക്കുന്നു. വരൂ, അകത്തേക്കിരിക്കാം.” കുര്യൻ പാസ്റ്റർ ക്ഷണിച്ചു.

” വേണ്ട പാസ്റ്ററേ, കൊറോണയൊക്കയല്ലേ. അകത്ത് കയറി ബുദ്ധിമുട്ടാക്കുന്നില്ല. അല്ലെങ്കിൽ തന്നെ ഞാൻ കുറച്ച് കടയിലൊക്കെ പോയിട്ട് വരുന്ന വഴിയാണ്. ഇപ്പോൾ അകത്ത് കയറുന്നില്ല”. മാസ്ക് മാറ്റാതെ തന്നെ ജോസ് പറഞ്ഞു.

” ഒരു ചായ കുടിച്ചിട്ട് പോകാം ജോസ് ബ്രദറേ ” പാസ്റ്ററുടെ ഭാര്യ ലിസ്സി പറഞ്ഞു.

” വേണ്ട അമ്മാമ്മെ. ഞാൻ ദാ.. ഇത് തരാൻ വേണ്ടി വന്നതാണ്”. ജോസ് കൈയ്യിലിരുന്ന കവറ് നീട്ടി.

” അല്പം പച്ചക്കറിയാണ്. പിന്നെ കുറച്ച് മട്ടണും. ഒത്തിരി നാളായില്ലേ പാസ്റ്റർക്ക് എന്തെങ്കിലും തന്നിട്ട്…” അതും പറഞ്ഞ് ജോസ് യാത്രയായി.

ആ കവറ് വാങ്ങിക്കുമ്പോൾ കുര്യൻ പാസ്റ്ററുടെയും ലിസിമ്മാമ്മയുടെയും കണ്ണ് നിറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കൂടി ഇളയ മകൻ ” കഴിക്കാൻ ചിക്കനൊന്നും ഇല്ലേ മമ്മി” എന്ന് ചോദിച്ചതേയുള്ളൂ. പുറത്തേക്ക് ചാടാൻ വെമ്പി നിന്ന കണ്ണീരിനെ കുട്ടികൾ കാണാതെ ലിസിമ്മാമ്മ എങ്ങനെയോ പിടിച്ചു നിർത്തി. ഇന്നിപ്പോ ഇതാ ചിക്കന് പകരം മട്ടൺ ലഭിച്ചിരിക്കുന്നു. വളരെ അത്ഭുതകരമായ ഒരു ദൈവ പ്രവൃത്തിയായാണ് കുര്യൻ പാസ്റ്റർക്കും അമ്മാമ്മക്കും അത് തോന്നിയത്.

“നമ്മൾ മട്ടൺ വാങ്ങിക്കുന്ന പതിവൊന്നും ഇല്ലല്ലോ. എന്നാ വിലയാണ്! ജോസിന് തോന്നിക്കാണും കൊറോണയായിട്ട് പാസ്റ്ററും കുടുംബവും നല്ല മട്ടനൊക്കെ കഴിച്ച് ആരോഗ്യമായി ഇരിക്കട്ടെന്ന്.” കുര്യൻ പാസ്റ്റർ തൻ്റെ സന്തോഷം മറച്ച് വെച്ചില്ല.

ഉച്ചയൂണിൻ്റെ സമയമായപ്പോഴേക്കും ലിസിമ്മാമ്മ സ്വാദിഷ്ടമായ മട്ടൺ കറി തയ്യാറാക്കിയിരുന്നു. അപ്പോഴാണ് കോളിംഗ് ബെല്ലിൻ്റ ശബ്ദം കേട്ടത്. കുര്യൻ പാസ്റ്റർ കതക് തുറന്നു. സഭയിലെ സെക്രട്ടറിയാണ്. തോമാച്ചായൻ.

” പ്രയ്സ് ദ ലോർഡ് തോമാച്ചായാ… വരൂ വരൂ.. അകത്തേക്കിരിക്കാം.” കുര്യൻ പാസ്റ്റർ പറഞ്ഞു.

” പ്രയ്സ് ദ ലോർഡ് പാസ്റ്ററേ.. അകത്തേക്ക് കയറുന്നില്ല. സെൻററിൽ നിന്ന് തന്ന ഈ ഫോം ഉണ്ടല്ലോ. അത് തരാൻ വേണ്ടി വന്നതാണ് “. തോമാച്ചായൻ പറഞ്ഞു.

“അതൊന്നും പറഞ്ഞാൽ പറ്റില്ല. ഊണ് കഴിച്ചിട്ട് പോയാൽ മതി.” കുര്യൻ പാസ്റ്ററും ലിസിമ്മാമ്മയും നിർബന്ധിച്ചു.

അങ്ങനെ നിർബന്ധത്തിനു വഴങ്ങി തോമാച്ചായൻ ഊണ് കഴിക്കാൻ ഇരുന്നു. തോമാച്ചായനും പാസ്റ്ററും ഒരുമിച്ചാണ് കഴിക്കാൻ ഇരുന്നത് . ലിസിമ്മാമ്മ ചോറും കറികളും വിളമ്പി. ഊണ് കഴിച്ച ശേഷം തോമാച്ചായൻ യാത്ര പറഞ്ഞിറങ്ങി.

പിന്നീടാണ് കഥ. തോമാച്ചായൻ പോകുന്ന വഴി ഫിലിപ്പ് ബ്രദറിൻ്റെ വീട്ടുപടിക്കൽ വണ്ടി ഒന്നു നിർത്തി. ചെറിയ കുശലാന്വേഷണങ്ങൾ നടത്തിയശേഷം തോമാച്ചൻ ഫിലിപ്പ്‌ ബ്രദറിനോട് പറഞ്ഞു
“കൊറോണയാണെങ്കിലെന്താ എന്താണെങ്കിലെന്താ… ജീവിക്കുവാണേൽ ദിവസവും മട്ടൺ കറിയൊക്കെ കൂട്ടി ആ കുര്യൻ പാസ്റ്ററെപ്പോലെ ജീവിക്കണം. ആഹ്.. കാശ് ഉള്ളവർക്കൊക്കെ ദിവസവും ആടും കോഴിയുമൊക്കെ വാങ്ങിക്കാമല്ലോ”.
ഇതേ ഡയലോഗ് പോകുന്ന വഴി ജോൺസൺ ബ്രദറിനോടും പിന്നെ അനിയച്ചായനോടും തോമാച്ചായൻ പറഞ്ഞു. ജോൺസൺ ഭാര്യ ലീലാമ്മാമ്മ അത് നാല് പേരോടും അനിയൻ്റെ ഭാര്യ വത്സമ്മാമ്മ അത് എട്ട് പേരോടും പറഞ്ഞു.
“പാസ്റ്റർമാർക്ക് ഇഷ്ടംപോലെ കാശ് വരുന്നുണ്ടെന്നെ… നമുക്ക് ഇവിടെ ഒരു ദിവസം പണിക്ക് പോയില്ലേൽ പട്ടിണി.. നമ്മളാരും ദിവസവും മട്ടൺ വാങ്ങിക്കാറില്ലേ.” കേട്ട ഭൂരിപക്ഷവും ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്.

എന്തായാലും ആ ദിവസങ്ങളിൽ വിശ്വാസികൾക്കിടയിൽ പാസ്റ്ററുടെ ആഢംബര ജീവിതത്തെപ്പറ്റി ചർച്ച നടന്നു. അതിനും രണ്ട് അഭിപ്രായമുണ്ടായിരുന്നു. ഇത് പോലെയുള്ളവരെ നമ്മുടെ സഭയിൽ വേണ്ട എന്ന് ഒരു കൂട്ടർ. കുര്യൻ പാസ്റ്റർ ഒരു സാധുവാണെന്നും ഒരു ആഢംബരവും കാണിക്കുന്നത് കണ്ടിട്ടില്ലെന്നും അടുത്ത കൂട്ടർ.

കൊറോണയൊക്കെ കഴിഞ്ഞ് അടുത്ത ട്രാൻസ്ഫർ വരട്ടെ. നമ്മുക്ക് ശരിയാക്കാം. തോമാച്ചായൻ തീർപ്പു കല്പിച്ചു.

കുര്യൻ പാസ്റ്ററും അമ്മാമ്മയും മട്ടൺ കറിക്ക് പിന്നാലെ നടന്ന കോലാഹലങ്ങളൊന്നും അറിയുന്നേയുണ്ടായിരുന്നില്ല.

ആഷേർ മാത്യു

-Advertisement-

You might also like
Comments
Loading...