ലേഖനം: ധൂർത്തപുത്രനോ, അതൊ ദ്രോഹിമക്കളോ? | രാജൻ പെണ്ണുക്കര

സുവിശേഷ ഘോഷണം ആരംഭിച്ച നാളു മുതൽ തുടങ്ങി ഇന്നും പ്രസംഗിച്ചു കേൾക്കുന്ന ലോകപ്രശസ്തമായ ഉപമയാണ് ലുക്കോ 15:11-32-ൽ വിവരിക്കുന്ന ദുർന്നടപ്പുകാരനായി ജീവിച്ച ഇളയമകന്റെ കഥ. പല പ്രാസംഗികരും മുടിയനായ പുത്രൻ എന്ന പേരുകളിൽ ഇളയമകനെ വിളിക്കാറുണ്ട്. ഞാൻ അവനെ ധൂർത്തപുത്രൻ എന്നു മാത്രം വിളിക്കുന്നു.

യേശു പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്. “പിന്നെയും അവൻ പറഞ്ഞതു: ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ ഇളയവൻ അപ്പനോടു: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു മുതൽ പകുത്തുകൊടുത്തു. ഏറെനാൾ കഴിയുംമുമ്പെ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുർന്നടപ്പുകാരനായി ജീവിച്ചു, വസ്തു നാനാവിധം ആക്കിക്കളഞ്ഞു”. ഈ ഉപമ എങ്ങനെയാണ് പരിയവസാനിക്കുന്നതെന്ന് നമുക്ക് നന്നായി അറിയാം.

ആ വീട്ടിലെ അമ്മയെ പറ്റി ഒന്നും ഉപമയിൽ പറയുന്നില്ലായെങ്കിലും, ഒരു നല്ല അമ്മ ആ വീട്ടിൽ ഉണ്ടായിരുന്നു എങ്കിൽ ഒരുപക്ഷെ ആ മകൻ അവന്റെ ഓഹരി ചോദിക്കാൻ ഇത്രയും ധൈര്യം കാണിക്കില്ലായിരുന്നു എന്നനുമാനിക്കാം.

post watermark60x60

ഒരു സുപ്രഭാതത്തിൽ അവൻ വന്ന് അപ്പൻ ഒരിക്കലും പ്രതീക്ഷിക്കാത്ത, അപ്പനെ തളർത്തി കളയുന്നു ആവശ്യമാണ് ഉന്നയിച്ചത്. അവന്റെ അവകാശമായി വരേണ്ടുന്ന പങ്ക് പകുത്തു കൊടുക്കണം എന്ന ന്യായമായ ആവശ്യം. അത് ആരോ പറഞ്ഞു കൊടുത്തതോ, ആരെങ്കിലും മനഃപൂർവ്വം ചോദിപ്പിച്ചതോ, അല്ലെങ്കിൽ സ്വയമേ ചോദിച്ചതോ ആകാം. ഏതായാലും അവൻ കഷ്ടപ്പെട്ടതല്ലായെങ്കിലും അതിൽ അവന് അവകാശം ഉണ്ടെന്ന് അവന് നന്നായി അറിയാം,

അപ്പൻ ഒരു വൈമനസ്യവും കൂടാതെ, ഒന്നും പറയാതെ, എന്തിനാണ് നീ ഇപ്പോൾ ഇങ്ങനെ നിന്റെ അവകാശം ആവശ്യപ്പെടുന്നതെന്ന ഒരു മറുചോദ്യം പോലും ചോദിച്ചിട്ടില്ല എന്നു കാണുന്നു. ഇവിടെ മനസ്സിലാക്കേണ്ടിയ വിഷയം ഈ സ്വത്ത് ഒന്നുകിൽ പാരമ്പര്യമായി കിട്ടിയതോ, അല്ലെങ്കിൽ അപ്പന്റെ കഷ്ടപ്പാടിന്റ, കഠിനാധ്വാനത്തിന്റ സ്വത്തോ ആകാം.

ഈ സ്വത്ത് സമ്പാദിച്ച വിഷയത്തിൽ മകന് ഒരുപങ്കുമില്ല (Contributions), അവന്റെ അധ്വാനമോ കാണില്ല എന്നു വേണം കരുതാൻ. ആ കഷ്ടപ്പാടിന്റ മൂല്യം അവന് അറിയില്ല, അതാണ് അവൻ എല്ലാം ധൂർത്തടിച്ച് നാനാവിധമാക്കിക്കളഞ്ഞതെന്ന കാര്യം ഓർമ്മയിൽ വെക്കുക. അതേ കഷ്ടപെടാത്ത ധനവും, അധ്വാനിക്കാത്ത സമ്പത്തും പേരും പെരുമയും ചിലവിടാനും നഷ്ടമാക്കാനും ഇന്നു പലരും മിടുക്കരാണെന്ന് പല സംഭവങ്ങളും തെളിയിക്കുന്നു.

മുകളിൽ പറഞ്ഞ കഥയിൽ അപ്പന്റെയും അമ്മയുടെയും സ്നേഹം കൊടുത്ത പിതാവിൽ നിന്നും അവകാശവും ചോദിച്ചു വാങ്ങി തനിയെ വീട് വിട്ടുപോകുന്ന മകനെ കാണുവാൻ കഴിയാതെ വിറയാർന്ന ശരീരമായി വാതിലിൽ ചങ്ക് തകർന്ന് അങ്ങ് ദൂരെ അവൻ കണ്മുൻപിൽ നിന്നും മറഞ്ഞു ഒരു ബിന്ദുവായി മാറുന്നതു വരെ നോക്കിക്കൊണ്ട് കരഞ്ഞു കണ്ണുനീരിൽ കുതിർന്ന വസ്ത്രവുമായി നിൽക്കുന്ന വൃദ്ധനായ പിതാവിനെ നിങ്ങൾ ശ്രദ്ധിച്ചുവോ?. ആ കണ്ണിൽ നിന്നും പൊഴിഞ്ഞു വീഴുന്ന ഓരോ തുള്ളി കണ്ണുനീരിലും നിറഞ്ഞു തുളുമ്പി നിന്ന പ്രാർത്ഥന എന്റെ മകന് തീർച്ചറിവുണ്ടായി എത്രയും പെട്ടെന്ന് മടങ്ങി വരേണമേ എന്നതായിരുന്നില്ലേ!!!.

ആ പിതാവ് അങ്ങനെ ആ മകനെ നോക്കി നോക്കി എത്ര ദിനരാത്രങ്ങൾ ആ വാതിലിൽ നിന്നിട്ടുണ്ടാകും എന്നു സങ്കല്പിച്ചിട്ടുണ്ടോ?. ആ നിൽപ്പാണ്, ആകാംഷയാണ്, കാത്തിരിപ്പാണ്, അവൻ ഒരിക്കൽ മടങ്ങി വരും എന്ന ഉള്ളിലെ അടങ്ങാത്ത ആഗ്രഹമാണ് കണ്ണെത്താദൂരെ വച്ചുതന്നെ അനേക നാളുകൾക്കു ശേഷവും അറപ്പുളവാക്കുന്ന വേഷവുമായി അടുത്തു വരുന്ന മകൻ ഒരു ബിന്ദുവായി പ്രത്യക്ഷപെടുമ്പോൾ തന്നേ അപ്പൻ അവനെ തിരിച്ചറിഞ്ഞു/കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു സ്വീകരിക്കാൻ കാരണമായത്. അതാണ് ഒരു പിതാവിന്റെ സ്നേഹമെന്നു ആ മകൻ ചില നാളുകൾക്കു മുൻപ് ക്ഷണനേരത്തെക്ക് മറന്നു പോയിരുന്നു.

ഇതുവരെ നാം കണ്ടത് അവനു വരേണ്ടുന്ന പങ്കും അവകാശവും വാങ്ങി അപ്പനെ വിട്ടിട്ടു പോയ ധൂർത്തപുത്രനെയല്ലേ. ആ ഉപമ അവിടെ നിൽക്കട്ടെ, ഇനിയും ഈ ഉപമയെ ഒന്ന് തിരിച്ചു ചിന്തിച്ചാൽ ഇന്നത്തെ സാഹചര്യത്തിൽ ഇതുപോലെ നേരെ തിരിചുള്ള അനുഭവമല്ലേ പല ഭവനങ്ങളിലും, പല സഭകളിലും, പ്രസ്ഥാനത്തിലും നടക്കുന്നത് !!!. അതേ സകല സമ്പാദ്യങ്ങളും അവകാശങ്ങളും പിടിച്ചു വാങ്ങിയിട്ട് അപ്പന്മാരെ അടിച്ചിറക്കി വിടുന്ന ദ്രോഹികളായമക്കളെ നാം പല മേഖലയിൽ കാണുന്നു. ഇവിടെ എന്തിനു ദ്രോഹിമക്കൾ എന്ന പ്രയോഗം ഉപയോഗിച്ചു എന്ന് താഴോട്ട് വായിക്കുമ്പോൾ വ്യക്തമാകും.

പിതാക്കന്മാർ പട്ടിണികിടന്നും, കഷ്ടപ്പെട്ടും പണിതുയർത്തിയ ഭവനങ്ങൾ, സ്ഥാപിച്ച സഭകൾ, പ്രസ്ഥാനങ്ങൾ. അവർ ഒരിക്കൽ അനുഭവിച്ച ത്യാഗങ്ങൾ, ഒന്നുമില്ലായ്മയിൽ നിന്നും അവയെ ജീവൻ പിടിപ്പിക്കാൻ, ഒന്നു പച്ചപിടിപ്പിക്കാൻ, ഒന്നു വളർത്താൻ പെട്ട പങ്കപ്പാടുകൾ, നേടുംതൂൺ ആയി നിന്നു സഭയെ താങ്ങി നിർത്തിയവർ, ജീവിതത്തിലെ സാമ്പാദ്യത്തിന്റെ അധികപങ്കും ബലിയർപ്പിച്ച് സേവനങ്ങൾ ചെയ്തവരെ മനഃപൂർവ്വം മറന്നു പോകുന്ന പുതിയതലമുറയും പുതിയവിശ്വാസികളും, അവർക്കു ചേരുന്നു ഉപദേശികളും നേതാക്കന്മാരും ഒത്തുചേർന്ന്, അവരെ പുകച്ച് പുറത്താക്കി, അധികാരവും അവകാശവും തട്ടിയെടുത്ത് സ്വന്തമാക്കാൻ പരാക്രമം കാട്ടികൂട്ടുന്നവർ നമുക്ക് ചുറ്റും ധാരാളം ഉണ്ടെന്നു പറയാൻ ദുഃഖം തോന്നുന്നു. അവരുടെ കസേര വലിച്ചു മാറ്റി നിന്ദിക്കുന്നവർ ഒട്ടും കുറവല്ല എന്നു പലരുടെയും അനുഭവങ്ങൾ തെളിയിക്കുന്നു.

ഒരിക്കൽ പിതാക്കന്മാർ പകുതി വയറിൽ മുണ്ട് മുറുക്കി ഉടുത്തും സ്വരൂപിച്ചു വെച്ച നന്മകൾ, ധൂർത്തടിക്കാൻ കുറെ മക്കളും ഇന്നലെ വന്ന കുറെ മരുമക്കളും, പുതിയ വിശ്വാസികളും അവരുടെ കുറെ ഒത്താശക്കരെയും എല്ലായിടങ്ങളിലും ധാരാളം കാണുവാൻ കഴിയും. ഒരിക്കൽ അവർ ചെയ്ത ത്യാഗവും, വലിയ മൂല്യം കൊടുത്ത് കഷ്ടപ്പെട്ട് പട്ടിണികിടന്നു താങ്ങി നിർത്തി വളർത്തിയ പ്രഥമ നെടുന്തൂണുകൾ ആയിരുന്നവരുടെ അവസ്ഥയും ഇങ്ങനെത്തന്നെ എന്നു പറയാതെ വയ്യാ.

കഷ്ടപ്പാടിന്റെ, ഒരിക്കൽ പിതാക്കന്മാർ ഒഴുക്കിയ വിയപ്പിന്റെ, അനുഭവിച്ച വേദനയുടെ ആഴം അവർക്കറിയില്ല, പത്തുരൂപ ചിലവഴിക്കേണ്ടിയ സ്ഥാനത്ത് ഒരു രൂപ മുടക്കി ബാക്കി ദൂരം നടന്നും സൈക്കിൾ ചവിട്ടിയും ഒരുരുപ മിച്ചം പിടിക്കാൻ അനുഭവിച്ച വേദന ഇന്നും അവർ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുമില്ല. ഓരോ ചില്ലി കാശും നാളത്തേക്ക് സ്വരുപിച്ചു വെച്ച് പകുതി പട്ടിണി കിടന്ന കഥ കേൾക്കാൻ അവർക്ക് താൽപ്പര്യവും ഇല്ല. അതു പറഞ്ഞാൽ ഒന്ന് അയവിറക്കിയാൽ, ദൈവം നടത്തിയ വിധങ്ങൾ പറഞ്ഞാൽ ഇന്നു പലർക്കും ഓക്കാനം വരും. ഇതൊക്കെ ഇവിടെ വിളമ്പുന്നത് എന്തിനാണ് എന്ന ചിന്താഗതിയാണ് സർവ്വ നാശത്തിനും കാരണമാകുന്നത്.

അതിനു പൂർണ്ണ പിന്തുണ കൊടുക്കുന്ന, ഒത്താശ കൊടുക്കുന്ന, വളം വെച്ചുകൊടുക്കുന്ന, തലയിണ മന്ത്രം ഓതാൻ ഗൂഢാലോചന ചെയ്തുകൊടുക്കുന്ന ചില പ്രധാനികൾ, ഉപദേശം കൊടുക്കുന്നവർ (ഉപദേശി), നേതാക്കന്മാർ കുടുംബത്തിലോ, സഭയിലോ പ്രസ്ഥാനത്തിലോ വന്നു കയറിയാൽ പിന്നെ കാര്യങ്ങൾ എത്ര എളുപ്പമാണ്.

ഒരു കാര്യം മനസ്സുതുറന്നു ചോദിക്കട്ടെ ഇന്നത്തെ ഭൗതീക തലങ്ങളും, രാഷ്ട്രീയതലങ്ങളും, കുടുംബതലങ്ങളും, പ്രേത്യേകിച്ച് വലിയ ആത്മീയതയുടെ വേഷം ധരിച്ചിരിക്കുന്ന ആത്മീയഗോളവും, അധികാരവും, സ്ഥാനവും , അവകാശങ്ങളും വെട്ടിപ്പിടിക്കാൻ വേണ്ടിയല്ലേ ഈ പരാക്രമങ്ങൾ കാണിച്ചു കൂട്ടുന്നത്.
എന്നിട്ട് പാടുന്നതൊ…
“ലോകമെനിക്കു വേണ്ടാ,
ലോകത്തിൻ ഇമ്പം വേണ്ടാ…..എന്നല്ലേ!!!!!

യിസഹാക്കിനെ കബളിപ്പിച്ച് അധികാരവും, അനുഗ്രഹങ്ങളും, സ്ഥാനവും, മാനവും, അവകാശങ്ങളും വെട്ടിപ്പിടിക്കാൻ വേണ്ടിയല്ലേ സ്വന്തം ഭാര്യയായ റിബേക്കാ പോലും ഒത്താശയും ചെയ്യേണ്ടിയ രീതികളും, മാർഗ്ഗങ്ങളും, സമയവും സന്ദർഭവും, സാഹചര്യവും ഇളയമകന് പറഞ്ഞുകൊടുത്തു കൂട്ടുനിന്നത്. ഇങ്ങനെ പ്രവർത്തിക്കുന്ന യാക്കോബിന്റെ അമ്മയെ പോലുള്ളവർ ഇന്നു ദൈവസഭകളിലും, സ്വന്തകുടുംബങ്ങളിലും ബന്ധുവീട്ടിലും ധാരാളം ഉണ്ട്.

മക്കൾക്ക് നല്ല ഉപദേശവും, വിലക്കും, ശാസനയും കൊടുക്കേണ്ടിയ ചുമതല മാതാപിതാക്കളുടേതാണ്.
അല്ലാതെ തെറ്റു ചെയ്യാൻ പ്രകോപനവും, പ്രേരണയും, പ്രോത്സാഹനവും, ദുരുപദേശവും, ഒത്താശയും കൊടുക്കുകയല്ല വേണ്ടത്. മുതിർന്നവരെ ബഹുമാനിക്കുന്ന മക്കളെ ലഭിക്കുന്നത് തന്നേ ഒരു ഭാഗ്യമാണ്.

പിതാക്കന്മാർ ശാസിക്കുന്നത്, അവരുടെ നല്ല ഉപദേശങ്ങൾ, അവർ നേർവഴി കാണിക്കുന്നത്, അവർ തെറ്റിനെ തെറ്റായി ചൂണ്ടി കാണിക്കുന്നത്, അവർ തെറ്റുകൾ തിരുത്താൻ ഉപദേശിക്കുന്നത്, അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ പറയുന്നത്, അവർ കർത്തൃത്വം നടത്തുന്നത് ഇന്നു ഒരുകൂട്ടത്തിന് ഇഷ്ടമല്ല. അവർ പറയുന്ന നിതിയും ന്യായവും സത്യവും പുതുതലമുറക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.

അപ്പോൾ അപ്പൻ അവർക്കൊരു നിരന്തരശല്യം ആയി മാറുന്നു എന്ന തോന്നൽ അവരുടെ ഹൃദയത്തിൽ തനിയെ ഉണ്ടാകുകയോ, മറ്റുള്ളവർ കുത്തിവെക്കുകയോ ചെയ്യുന്നു എന്നതല്ലേ വാസ്തവം. പിന്നെ അവരുടെ ഇഷ്ടങ്ങൾക്കും, താല്പര്യത്തിനു തടസ്സം നിൽക്കുന്ന ശല്യമായി/ശത്രുവായി അവർ മാറുന്നു.

പിന്നെ അവരുടെ കണ്ണ് സ്വർഗ്ഗത്തിലോട്ടല്ല, മറിച്ച് അധികാരവും അവകാശവും എങ്ങനെ കൈക്കൽ ആക്കണം, സഭയുടെ ആദ്യ നെടുംത്തൂണുകൾ ആയിരുന്ന ഓരോ തൂണുകൾ എങ്ങനെ അടർത്തി പിഴുതു മാറ്റി ദൂരെ എറിഞ്ഞുകളഞ്ഞിട്ട്, അവരുടെ സ്വന്തം തൂണുകൾ എങ്ങനെ സ്ഥാപിക്കണം എന്നാകില്ലേ!!!. അടിസ്ഥാനം ഇളക്കിയാൽ പിന്നെ എന്തായിരിക്കും അനന്തര ഫലം??.

അവരുടെ കണ്ണ് അപ്പന്മാർ കഷ്ടപ്പെട്ട ധനത്തിന്റെ മേലും അപ്പന്റെ അധികാരത്തിന്റെ മേലും ആണ്. പിന്നെ അപ്പനെ (ശല്യത്തെ) എങ്ങനെയെങ്കിലും ഒഴിവാക്കിയാൽ ബാക്കികാര്യങ്ങൾ അവരുടെ പൂർണ്ണ നിയന്ത്രണത്തിൽ ആകുമല്ലോ എന്ന ചിന്തയാണ് ഇങ്ങനെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. പിന്നെ ആരെന്തു ചോദിക്കാൻ ഞങ്ങൾക്ക് എന്തും ആകും എന്ന തോന്നലും. അതിനു വേണ്ടി ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കിയെടുത്ത് വീട്ടിൽ നിന്നും/ സഭയിൽ നിന്നും പുകച്ച് പുറത്തു ചാടിച്ച് സകല അധികാരവും അവകാശവും കസേരയും കരസ്ഥമാക്കാൻ അല്ലേ ഗൂഢാലോചന നടക്കുക.

അങ്ങനെ അവരെ പുറത്താക്കി പിണ്ഡം വെച്ച് കതക് അടക്കുമ്പോൾ അവരുടെ കണ്ണിൽ നിന്നും വിഴുന്ന കണ്ണിലെ ചുടുരക്തത്തിനു സമാനമായ കണ്ണുനീരിന്റെ വില ആരുകൊടുക്കും, ഒത്താശക്കാരോ, ഇറക്കിവിട്ട മക്കളോ?. ഈ രണ്ടു സന്ദർഭങ്ങളിലും കണ്ണുനീർ വീണത് മാതാപിതാക്കളുടേതാണെന്ന സത്യം മറക്കരുത്, സന്തോഷിച്ചത് മക്കളും…. തീർച്ചയായും അങ്ങനെയുള്ള ഹതഭാഗ്യരുടെ നെടുവീർപ്പ്, കണ്ണുനീർ ഒരു ദിവസം കണക്കു ചോദിക്കും എന്ന ദൈവീക നീതി പലപ്പോഴും മനുഷ്യൻ മറന്നു പോകുന്നു.

ചില സന്ദർഭങ്ങളിൽ ആരോടും ഒന്നും പറയാതെ വീടുവിട്ടോ, ഒരിക്കൽ സഭയുടെ നെടുംത്തൂൻ ആയിരുന്നവർ സകലതും ഉപേക്ഷിച്ചു മനഃപൂർവ്വം മൗനമായി ഒഴിഞ്ഞുമാറി നിർഭാഗ്യം കൊണ്ടും, ഗതികേടുകൊണ്ടും സഭവിട്ടിട്ട് ഇറങ്ങി പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട് എന്നത് നിഷേധിക്കാമോ. പിന്നീടുള്ള പണികളും അദ്ധ്വാനങ്ങളും വൃഥാ; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു എന്നു സങ്കീർത്തനക്കാരൻ വിളിച്ചുപറയുന്നു.

ചിലപ്പോൾ ഒഴിവാക്കി പുകച്ചു പുറത്താക്കാൻ പറ്റിയില്ലായെങ്കിൽ ഒടിച്ചു മടക്കി ഒതുക്കികൂട്ടി ഒരു മൂലയിൽ കുടുംബത്തിന്റെ നാഥനെയോ, ഒരിക്കൽ സഭയുടെ നെടുംത്തൂണായിരുന്നവരെ ഇരുത്തി ഭരണവും അധികാരവും പിടിച്ചെടുത്തു വിജയകോടി പാറിക്കുന്നവർ നമുക്ക് ചുറ്റും കാണുന്നു. സഭപോലും സ്വന്തം പേരിൽ ആക്കിയെടുത്ത വിരുതന്മാരും കുറവല്ല.

സകലതും പിടിച്ചുവാങ്ങി ഇങ്ങനെ അനാഥരായി നിരാശയോടെ ഒരുനേരത്തെ ആഹാരത്തിനായി ഭിക്ഷയാചിക്കുന്ന എത്രയോ മനുഷ്യകോലങ്ങൾ വലിയ പട്ടണങ്ങളുടെ തെരുവോരങ്ങളിൽ നാം കാണുന്നു.

ഇവിടെ നാം ഒരു സത്യം മനസ്സിലാക്കണം മകൻ അവകാശം നേടാൻ ഗൂഢാലോചന നടത്തിയിട്ടില്ല, ഒരു സുപ്രഭാതത്തിലെ അവന്റെ ഡിമാൻഡ് ആയിരുന്നു അവൻ കഷ്ടപെടാത്ത അപ്പന്റെ സ്വത്തിന്റ പകുതി സ്വത്ത് വേണമെന്നുള്ളത്. എന്നാൽ ഇന്നു ഇവിടെയോ അപ്പന്റെ അവകാശവും അധികാരവും, സമ്പാദ്യവും തട്ടിയെടുത്ത് അപ്പനെ പുറത്ത് ചാടിക്കാൻ ഒരു രാത്രിയുടെ പ്രയത്നം പോരാ, അനേക ദിവസത്തെ ആലോചനയും പലരുടെ ഒത്താശയും, ഉപദേശവും അത്യാവശ്യം വേണം എന്ന കാര്യം ഓർത്തുകൊൾക.

ഇവിടെ ഒരു കാര്യത്തിൽ ഈ ധൂർത്തപുത്രനെ സല്യൂട്ട് ചെയ്യണം അത്ര വലിയ ആർത്തിയും അത്യാഗ്രഹവും കാണിക്കാതെ വരേണ്ടുന്ന പങ്കു മാത്രം തരേണമേ എന്നു യാചിക്കുന്നവൻ, അവനു ജേഷ്ഠന്റെ പങ്കും വേണ്ട, മുഴുവനും വേണമെന്ന ആഗ്രഹവും ഇല്ല. എന്നാൽ യാക്കോബ് ചെയ്തതോ, ഇന്നത്തെ ആൾക്കാർ ചെയ്യുന്നതോ സ്വന്തമായതും വേണം, മറ്റുള്ളവരുടെയും വേണം, ഒത്താൽ മുഴുവനും കിട്ടിയാലും തൃപ്തിവരാത്ത ആർത്തിയുള്ളവർ. എന്തോരും വലിയ വിരോധാഭാസം.

ഒരു മകൻ ഒറ്റക്ക് വിചാരിച്ചാൽ അപ്പനെ ഉപേക്ഷിച്ചു വീട് വിട്ടു പോകാം, എന്നാൽ മറുവശം ഒരു മകൻ ഒറ്റക്ക് വിചാരിച്ചാൽ ഒരിക്കലും ഒരു അപ്പനെ വീട്ടിൽ നിന്നും പുറത്തക്കാനോ, ഒരു വിശ്വാസി ഒറ്റക്ക് ശ്രമിച്ചാൽ ഒരു നെടുംതൂൺ പിഴുതെറിയുവാനോ, ഒരാൾ ഒറ്റക്ക് വിചാരിച്ചാൽ ഒരു പ്രസ്ഥാനത്തെ തകർത്തു തരിപ്പണം ആക്കുവാനോ കഴിയില്ല എന്നു ഓർത്തുകൊൾക. അതിനു കൂട്ടായ പ്രവർത്തനവും ഗൂഢാലോചനയും നല്ലൊരു ശതമാനത്തിന്റെ പിന്തുണയും, കഠിന പ്രയത്നവും, ഉചിതമായ സമയവും അനിവാര്യം എന്ന് മനസ്സിലാക്കണം. ഈ കൂട്ടുകൃഷിക്കാരാണ് ദ്രോഹിമക്കൾ (ദ്രോഹികളായമക്കൾ) എന്നു പെർ വിളിച്ചത്.

അടുത്ത വിഷയം, എന്റെ സ്വന്ത പുത്രൻ, നാട്ടുകാരുടെ ധൂർത്തപുത്രൻ എന്നു മടങ്ങി വരുമെന്ന ആശയോട് കണ്ണിൽ എണ്ണഒഴിച്ച് ഉറങ്ങാതെ ഒരു അപ്പൻ കത്തിരുന്നെങ്കിൽ, ഇവിടെ അടിച്ചിറക്കിവിട്ട അപ്പൻ മടങ്ങി വന്നാൽ ഞങ്ങൾ വീടുവിട്ടു താമസം മാറിപോകും, അല്ലെങ്കിൽ വേറെ സഭയിൽ പോകുകയോ വേറെ സഭ സ്ഥാപിക്കയോ ചെയ്യുമെന്ന് ചിന്തിക്കുന്ന ഒരുകൂട്ടം.

അവർ ഒരിക്കലും മടങ്ങി വരരുതേയെന്ന് ഉപവാസം എടുത്തു പ്രവാചകനെ വിളിച്ചു ആലോചന ചോദിച്ചു പണ്ടു പഴമക്കാർ ചെയ്തിരുന്നപോലെ ചാണകവെള്ളം തളിച്ച് ശുദ്ധി ചെയ്യുന്നവർ, തടസ്സമായി നിന്ന ശത്രുക്കൾ ഓടിക്കാതെ ഓടി പോയി എന്ന കള്ളപ്രവചനം കേട്ടു സ്തോത്രം പറഞ്ഞു കൈ അടിച്ചു ആരാധിച്ച് സ്വർഗ്ഗത്തിൽ നിന്നും തീ ഇറക്കാൻ ശ്രമിക്കുന്നവർ എത്ര പേര് നമുക്ക് ചുറ്റും ഉണ്ട്. എന്നിട്ടും അവിടെ അപ്പം നുറുക്കലും പ്രാർത്ഥനയും നടക്കുന്നില്ലേ!!. അങ്ങനെയുള്ള ഭവനങ്ങളിലും, സഭകളിലും നെടുവീർപ്പല്ലാതെ, ദൈവീക സാന്നിധ്യം അൽപ്പമെങ്കിലും കാണുമോ???.

ധൂർത്തപുത്രൻ അവകാശം ചോദിച്ചു വാങ്ങിയെങ്കിൽ, ദ്രോഹികളായമക്കളോ അവകാശം പിടിച്ചുപറിച്ചു വാങ്ങുന്നു എന്ന വലിയ വ്യത്യാസം കാണുന്നു. അപ്പോൾ ഇതിൽ ആദ്യത്തെ ധൂർത്തപുത്രനോ, അതൊ രണ്ടാമത്തെ ദ്രോഹികളായമക്കളോ യഥാർത്ഥത്തിൽ മാനസാന്തര പെടേണ്ടിയവർ??. നിങ്ങൾ ചിന്തിക്കുക.!!!.

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-ADVERTISEMENT-

You might also like