കഥ: ദുരിതഭൂമിയിലെ നിശബ്ദ രാഗങ്ങൾ | സുബേദാർ സണ്ണി കെ. ജോൺ, രാജസ്ഥാൻ

ഒതുക്കിപ്പിടിച്ച ഒരു സംഭ്രമത്തോടെയാണ് കർത്യായനി കയറിവന്നത്. മഴയത്ത് അവൾ നനഞ്ഞൊട്ടിയിരുന്നു. അതിൻറെ നിമ്നോന്നതയിൽ നിന്നും കണ്ണുകൾ പറിച്ചു മാറ്റിക്കൊണ്ട് ആൽബി ചോദിച്ചു,

” നീ എന്നാ താമസിച്ചേ ? ”
” പറയാപ്പാ. ആത്യം ഈറൻ മാറ്റാന ക്കൊണ്ട് … ”

ചായിപ്പിൽ പണ്ടെപ്പഴോ ഉപേക്ഷിച്ച ഒരു നിശാവസ്ത്രം അവൾ തേടിപ്പിടിച്ചു. കീറലുള്ള മുൻഭാഗം ചുരുട്ടിയുണ്ടയുണ്ടാക്കി ചാക്കു നൂല് കൊണ്ട് പിന്നോട്ട് കെട്ടിക്കൊണ്ട് അവൾ ചോദിച്ചു.

“എങ്ങനാ ?”.

ആ ദാരിദ്ര്യം പരിചയിച്ച അവൻ പക്ഷേ, പറഞ്ഞത് ,

” തല നന്നായി തോർത്തിക്കോ… ” എന്നാണ്.

” ഉം ”

ആൽബിക്ക് അവളോടുള്ളത് ഉൽക്കടവും ഉദാത്തവുമായ സ്നേഹമാണ്.സ്നേഹത്തെക്കാളും ഇരട്ടി നന്ദിയും കടപ്പാടുമാണെന്ന് പറയുന്നതാകും ശരി !

സ്നേഹം അങ്ങനെയുമുണ്ട് ! തിരിച്ചു കിട്ടാൻ ഒന്നും ഇല്ലാഞ്ഞിട്ടും ഒന്നും പ്രതീക്ഷിക്കാതെ അനല്പമായി , അനർഗ്ഗമായി ഒഴുകിപ്പോകുന്ന മുക്കടപ്പുഴ പോലത്തെ സ്നേഹം !!

അല്ലെങ്കിൽ പിന്നെ അയാളെപ്പോലെ ഹതഭാഗ്യനായ ഒരു മനുഷ്യനെ സ്നേഹിക്കാൻ , പരിചരിക്കാൻ ഇന്നത്തെ കാലത്ത് ആരിരിക്കുന്നു ?

പതിനൊന്ന് വർഷമായി ആൽബി ഒരേ കിടപ്പാണ് ! ശരിക്കും പറഞ്ഞാൽ ആൽബി മാത്രമൊന്നുമല്ല; ആ ഭാഗങ്ങളിൽ പലരും കിടപ്പിലായി പോയവരുണ്ട്. ബുദ്ധിമാന്ദ്യം സംഭവിച്ചവരുണ്ട്. ക്യാൻസറിന്റെ അഗോചരമായ അണുക്കൾ മാറി മാറി ആക്രമിച്ചു കൊണ്ടേയിരിക്കുന്നവരുണ്ട്. ഒരു ജനതയെ ഖണ്ഡശ്ശ കൊന്നൊടുക്കിയ എൻഡോ സൾഫാന്റെ ഇരുൾ ഇപ്പോഴും കാസർകോഡിന്റെ മലഞ്ചെരുവുകളിൽ പറ്റിനിൽക്കുകയാണ്.

അവൻ പിന്നെയും ചോദിച്ചു,

” ഡോക്ടർ എന്നാ പറഞ്ഞു? പ്രതീക്ഷയ്ക്ക് വല്ല ….?”

” യ്നീ പ്രതീച്ച മാണ്ടോ ലും … !!!

പെട്ടെന്ന് അവിടെ ഒരു നിശബ്ദത പടർന്നു !

ചികിത്സിക്കാൻ ഒരു പൈസയും അവരുടെ കയ്യിലില്ല . കാർത്യായനിയെ ഇനി ചികിത്സിച്ചാലും പ്രയോജനം ഉണ്ടാവുകയുമില്ല.ചികിത്സിക്കാൻ പോയിട്ട് ഒരുനേരം ഭക്ഷിക്കാൻ പോലും അവരുടെ കയ്യിൽ ഒന്നുമില്ല. രണ്ടായിരത്തി പത്തൊമ്പതിൽ
സെക്രട്ടറിയേറ്റിന് മുമ്പിൽ അമ്മമാർ നടത്തിയ അനിശ്ചിതകാല പട്ടിണി സമരത്തെ തുടർന്ന് ക്യാൻസർ ഹൈഡ്രോസെഫാലസ് ,ഡിമെൻഷ്യ, അൽഷിമേഴ്സ് , നടക്കാൻ കഴിയാത്തവർ തുടങ്ങി സങ്കീർണ രോഗം ബാധിച്ച പതിനെട്ടു വയസിൽ താഴെയുള്ള ചില കുട്ടികളെ ദുരിത ബാധിതരുടെ ലിസ്റ്റിൽ പെടുത്തി. അവർക്ക് ചികിത്സയും മറ്റു സഹായങ്ങളും ലഭിച്ചു വരുന്നു എന്ന് പറയാം..

എന്നാൽ ആൽബി പതിനെട്ട് കഴിഞ്ഞു പോയ ഹതഭാഗ്യരുടെ ലിസ്റ്റിലാണ്. ആദ്യകാലങ്ങളിൽ ചിലർക്കെല്ലാം സൗജന്യ ചികിത്സ കിട്ടിയിരുന്നുവെങ്കിലും പിന്നീടതും നിന്നു.. രണ്ടും മൂന്നും ദുരിതബാധിതരുള്ള കുടുംബങ്ങൾ ഇക്കൂട്ടത്തിലുണ്ട്.

ഇപ്പോൾ,

കാർത്യായനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അവളുടെ മനോമുകരത്തിലൂടെ അച്ഛനും അമ്മയും അനുജനും കടന്നുപോയി. ഒരു നേരത്തെ ഭക്ഷണം ഇല്ലാതെ,മരുന്നില്ലാതെ ,വിശക്കുന്നു എന്ന് വാ തുറന്ന് പറയാൻ കഴിയാതെ ഇരന്ന് , ഇരന്ന് …..!! ആരോടും യാത്ര പറയാൻ ഇല്ലാതെ അവർ കളമൊഴിഞ്ഞു. അന്നത്തെ പത്രങ്ങളും പാർട്ടികളും ഒന്നും രണ്ട് ദിവസം അത് കേങ്കേമമാക്കി സർക്കാരിനെതിരെ തൊടുത്തു !

അനാഥയായ അവളെ പക്ഷേ, ആൽബി കൂടെ നിർത്തുകയായിരുന്നു. ആരായിട്ട്? ഭാര്യയാണോ ? അല്ല ! സഹോദരിയാണോ ? അല്ല! അമ്മയാണോ ? അല്ല ! പറഞ്ഞറിയിക്കാനാകാത്തതാണ് അവരുടെ സ്നേഹം . ആ സ്നേഹത്തിന് നിർവചനങ്ങൾ ഇല്ല . വ്യാഖ്യാനങ്ങളില്ല .അവർക്ക് സ്നേഹമാണ്. ഒത്തിരി ഒത്തിരി സ്നേഹം . എൻഡോ സൾഫാൻ ദുരന്തത്തിനിരയായി ജീവിതം തള്ളി നീക്കാൻ ബദ്ധപ്പെടുന്ന രണ്ട് ഹതഭാഗ്യരുടെ സ്നേഹം! അത്ര തന്നെ.

ആൽബിക്ക് ജൻമനാ വൈകല്യങ്ങൾ ഇല്ലായിരുന്നു.എന്നിട്ടും പക്ഷേ എൻഡോസൾഫാന്റെ ആദ്യശ്യമായ ആക്രമണത്തിൽ അവനും കീഴടങ്ങി..

” നീ കിടപ്പിലായിപ്പോയാൽ ”
ആൽബി പറഞ്ഞു,

” പിന്നെ നമുക്ക് ഒന്നിച്ച് മരണം കാത്തു കിടക്കേണ്ടി വരും. നമ്മുടെ ജീവിതവസാനിപ്പിക്കാൻ പിന്നെ നമ്മൾ കൊതിച്ചിട്ടും കഴിയാതെ വരും. എന്റെ അവസ്ഥ നിനക്കുമായാൽ….? ഇപ്പോഴാണെങ്കിൽ നിനക്ക് എഴുന്നേറ്റ് നടക്കാം. എന്തെങ്കിലും കഴിച്ച് നമുക്കങ്ങ് ഒടുങ്ങാം.!! ”

കാർത്യായനി ഒന്നും മിണ്ടിയില്ല.

ആർദ്രതയോടെ അവളുടെ കണ്ണിലേക്ക് നോക്കി ആത്മാർഥതയോടെയാണ് അവൻ ചോദിച്ചത്,

” ചത്താലോ മോളെ?!! നിനക്ക് പേടിയുണ്ടോ? ”

” ഉം . എനക്ക് ചാക്ണ്ട. ”

” മരണം വന്നു വിളിക്കുമ്പോൾ ഞാനിപ്പം വരുന്നില്ലെന്ന് പറയാൻ ആർക്കെങ്കിലും പറ്റുമോ കാർത്തിയെ ?”

” പച്ചേങ്കില് , ”
കാർത്തി ചോദിച്ചു,

“ഓറ് പറഞ്ഞിനല്ല , യേസു ക്‌രിസ്തൂനെ വിശ്വസിച്ച ഒരിക്കലും ചാകൂല്ലാന്ന്. ”

” ആര്? ”

” മ്മപ്പാ ! ഒരു പാസ്സറ് . നീങ്ങ എന്തേ ന്നോട് പറഞ്ഞിറ്റ്ല്ല ?, ”

കർത്യായനി ചോദിക്കുകയാണ് ,

എന്തുകൊണ്ടാണ് യേശുവിനെ കുറിച്ച് എന്നോട് പറയാതിരുന്നത് ? യേശുവിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും എന്ന് യേശു പറഞ്ഞ കാര്യം എന്തേ പറയാതിരുന്നു? നിങ്ങൾ ഒരു ക്രിസ്ത്യാനി ആയിട്ടും ഇക്കാര്യം ഈ കാലമത്രയും മറച്ചുവെച്ചു ? യേശു , പേര് ഞാൻ മറന്നു പോയി; ആരെയൊക്കെയോ ഉയർപ്പിച്ചിട്ടുണ്ടോലും ,

കാർത്യായനി തുടർന്നു ചോദിച്ചു,

” നമ്മ ഇപ്പ ചത്ത്റ്റ്ല്ലാലോ… !? ഈ രോകം നമ്മള കൊല്ലണ മുപ്പാട് നമ്മ യേസു കിരുസ്തൂന് ക്രിദയം കൊടുക്കണം. വിസ്വസിച്ച് പാർത്തിച്ചാ രോകി എയുന്നേറ്റ് നടക്കൂന്ന് …. ”

നാം ഇപ്പോൾ മരിച്ചിട്ടില്ലെന്ന് … ! രോഗം നമ്മളെ കൊല്ലുന്നതിന് മുമ്പ് യേശുവിനെ ഹൃദയം കൊടുക്കണമെന്ന് … ! പ്രാർത്ഥിച്ചാൽ രോഗി എഴുന്നേറ്റു നടക്കുമെന്ന്?!

“ ഇതൊക്കെ ആരു പറഞ്ഞു, നിന്നോട് ? ആ പാസ്റ്ററോ ? എന്നിട്ട് നീ എൻറെ കാര്യം കൂടി പറഞ്ഞില്ലേ ? ഒരാൾ ഇവിടെ തളന്ന് കിടക്കാൻ തുടങ്ങിയിട്ട് ….”

” ആത്യം നിങ്ങള കാര്യം പറഞ്ഞിനി ?”

” എന്നാൽ അദ്ദേഹത്തെ നിനക്ക് നമ്മുടെ ഈ കൂരയിലേക്ക് വിളിക്കരുതായിരുന്നോ?”

” ബരാൻ കൂട്ടാക്കിറ്റ്ല്ല. ഓരിക്ക് നടന്ന് പയക്കമില്ല. ഓറ കാറ് കേറി വരാനക്കൊണ്ട് ഈ മലമണ്ടയ്ക് റോഡുമില്ലാലോ… ?!”

ആൽബിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

” എന്തിന് കരയുന്ന്? ”

” യേശുവിനെ കുറിച്ച് എൻറെ മാതാപിതാക്കൾ ജീവിച്ചിരുന്നപ്പോൾ പറയുമായിരുന്നു’ പക്ഷേ ഞാൻ അത് ശ്രദ്ധിച്ചില്ല. എൻഡോ സൾഫാൻ അവരെ മുക്കിക്കൊന്നപ്പോൾ അനാഥനായ എനിക്ക് ഒരിക്കൽ പോലും യേശുവിനെ വിളിക്കണം എന്ന് തോന്നിയിട്ടില്ല. ഇപ്പോൾ ആശുപത്രിയിൽ വച്ച് നീ കണ്ട പാസ്റ്റർ യേശുവിനെ കുറിച്ച് നിന്നോട് പലതും പറഞ്ഞു തന്നു. ”

ഒന്നു നിശ്വസിച്ചിട്ട് ആൽബി പറഞ്ഞു,

” എനിക്കാകട്ടെ ആ അറിവ് പോലും ഇല്ല . നീ പറഞ്ഞു വന്നപ്പോൾ വീണ്ടും എനിക്കൊരു പ്രതീക്ഷ….. പഴയത് എവിടെയൊക്കെ കൊളുത്തി പിടിക്കാൻ തുടങ്ങുകയണ് ! പക്ഷേ, ഈ കാടും മലയും താണ്ടി ആര് കയറി വരാൻ ? ആർക്ക് വേണം നമ്മളേ? അവരൊക്കെ വണ്ടീം വള്ളോം ചെല്ലുന്നിടത്ത് സിറ്റിയിലൊക്കെ മാത്രമേ പോകുകയുള്ളായിരിക്കും …. ! ഈ കുഗ്രാമത്തിൽ ആര് വരാൻ … ? ”

കാർത്യായനി വിട്ടില്ല,

” അദ് പിന്നാ ഓറ്ക്ക് തെയ്വം കാറ് കൊടുത്തിനല്ലാ ? കാറ് കളഞ്ഞിറ്റ് ബരാനക്കൊണ്ട് പറ്റ്വോ ? ഇല്ലാലോ ? അതോണ്ട് കാറില്ലാത്ത പാസ്സറ്, നടക്കാൻ പറ്റ്ന്ന പാസ്സറ് ബരോന്ന് നോക്കാം. ബന്നിറ്റ് ല്ലാച്ചാ നമ്മക്ക് ചാകാം … !!”

” അങ്ങനെ ആര് ഇരിക്കുന്നു ? നമ്മളെ ആർക്ക് വേണം ? ”

” മനിച്ചൻമാരിക്ക് ആരിക്കും വേണ്ടേലക്കൊണ്ട് കിരീസ്തൂന് വേണ്ടാന്നാക്വോ ? ഓറ് പറഞ്ഞ് വിടും ആരോനെയെങ്കിലും … ”

” എന്നാ നമുക്ക് രണ്ട് ദിവസം നോക്കാം. ”

സന്ധ്യക്ക്,

മരിക്കാതിരിക്കാൻ, ജീവൻറെ വചനം കേൾക്കാൻ ആരെങ്കിലും വന്ന് ഒന്ന് പ്രാർത്ഥിക്കുവാൻ , ഒരാശ്വാസവാക്ക് കേൾക്കുവാൻ കാസർഗോഡിന്റെ മണ്ണിൽ അവർ കാത്തുകിടന്നു….!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.