പ്രിയപ്പെട്ട ഫിലിപ്പ് സാറിനു ഒരു യാത്രാമൊഴി…..

പാസ്റ്റർ റോയ്‌സൻ ജോണി

ഓർമ്മവെച്ച നാൾ മുതൽ ഏതൊരു അസംബ്ലീസ് ഓഫ് ഗോഡുകാരനെയും പോലെ എനിക്കും അങ്ങയെ അറിയാമായിരുന്നു.

ഇക്കഴിഞ്ഞ എട്ടു വർഷങ്ങൾ കൊണ്ട് നമുക്കിടയിൽ രൂഢമൂലമായ ആത്മബന്ധം ഹൃദവും, സമ്പന്നവുമാണ്.

ആ സുകൃത ബന്ധത്തിനു എനിക്കിപ്പോൾ പല പതിറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നതു പോലെ തോന്നിപ്പോകുന്നു.

അങ്ങനെ അടുത്തറിയുവാൻ, ആ മനസ്സിൻ്റെ കോണിൽ ഒരൽപ്പം ഇടം നേടുവാൻ ഞാൻ ഏറെ വൈകിപ്പോയി എന്നു മാത്രമാണിപ്പോഴെൻ്റെ സന്ദേഹം!

അങ്ങ് എന്നെ പലതും പഠിപ്പിച്ചു……
……ക്ഷമിക്കാൻ
……മറക്കാൻ
……സഹിക്കാൻ
……മിണ്ടാതിരിക്കാൻ
അങ്ങനെ ഒരിക്കലും മറക്കാനാകാത്ത പല പാഠങ്ങൾ.

അലറുന്ന ആഴിക്കു സമമായ പ്രശ്നങ്ങൾ അങ്ങ് നേരിടുമ്പോഴും, ഞങ്ങളുടെ ചെറുതും വലുതുമായ പ്രശ്നങ്ങളും സങ്കടങ്ങളും അങ്ങയോടറിയിക്കുമ്പോഴും അങ്ങേക്കുണ്ടായിരുന്ന ഏക മറുപടി-
“നമുക്കു പ്രാർത്ഥിക്കാം” എന്നായിരുന്നു.

സാറിൻ്റെ ശബ്ദം ഇനിയൊരിക്കലും എന്നെത്തേടി വരില്ലല്ലോ എന്ന യാഥാർത്ഥ്യം തിരിച്ചറിയുമ്പോൾ, തേജസ്സുറ്റ ആമുഖം ഇനിയൊരിക്കലും ഈ ഭൂമുഖത്ത് കാണാനാകില്ലല്ലോ എന്നറിയുമ്പോൾ…..

കണ്ണുകൾ നനയുന്നു…..
ഹൃദയം വിങ്ങുന്നു…..
വിരലുകൾ വിറക്കുന്നു…..

ഒടുവിലായി എനിക്കു വന്ന സാറിൻ്റെ ഫോൺ സംഭാഷണത്തിൽ പിറ്റേന്ന് നടക്കേണ്ട സൂം പ്രാർത്ഥനയിൽ കെ.ജെ. മാത്യു സാർ പ്രസംഗിക്കുമെന്നു പറഞ്ഞിരുന്നല്ലോ….

സാറെ, പിറ്റേന്ന് കെ.ജെ. മാത്യു സാർ തന്നെയാണ് പ്രസംഗിച്ചത്, പക്ഷേ…… അന്നത്തെ യോഗത്തിൽ സാർ മാത്രം ഉണ്ടായിരുന്നില്ല.

ഒടുവിലായി പറഞ്ഞവസാനിപ്പിച്ചപ്പോൾ തലേ ദിവസങ്ങളിൽ അങ്ങനുഭവിക്കുന്ന മാനസീകവ്യഥകളെക്കുറിച്ചും സൂചിപ്പിച്ചിരുന്നല്ലോ.

സ്വന്ത മനഃസാക്ഷിയിൽ കുത്തുകൊള്ളുന്നവരോടെല്ലാം ദൈവം ക്ഷമിക്കട്ടെ!

മരണവാർത്ത പുറത്തുവന്ന ശേഷവും മനഃപൂർവ്വം നോവിച്ചുകൊണ്ടിരുന്നവരുടെ കുത്തുവാക്കുകളിൽ നിന്നും, ഒറ്റുകാരുടെ കുതന്ത്രങ്ങളിൽ നിന്നും, നിർദ്ദോഷിയായിരിക്കെ നിരന്തരം വലിച്ചിഴക്കപ്പെട്ട കച്ചേരിതിണ്ണകളുടെ നൂലാമാലകളിൽ നിന്നും അങ്ങ് ഇപ്പോൾ എന്നെന്നേക്കുമായി സ്വാതന്ത്രം പ്രാപിച്ചിരിക്കുന്നു.

ഇനിയാർക്കാണ് ജയിക്കേണ്ടത്?

എല്ലാ പരീക്ഷകളും ജയിച്ചു ഭക്തൻ്റെ വിജയവാതിലായ മരണത്തിലൂടെ പ്രവേശിച്ചു പ്രിയ ഫിലിപ്പ് സാർ എന്നേക്കും ജയാളിയായിരിക്കുന്നു.

തോറ്റത് സാറിനെ ശത്രുക്കളായി കണ്ടവരാണ്!!!

മുൻ സെക്രട്ടറിയും പരേതനായ പാസ്റ്റർ ഇ.പി. ഡാനിയലിൻ്റെ പൗത്രനുമായ പ്രിയ ഫിന്നിസാറിൻ്റെ വാക്കുകൾ കടമെടുക്കട്ടെ- “ഫിലിപ്പ് സാർ ഒരു മഹാനായിരുന്നു”.
ഇന്നലെയും, തലേ ദിവസവും തടിച്ചുകൂടിയ ജനസഹസ്രങ്ങളും, സമൂഹമാധ്യമങ്ങളിലൂടെ വീക്ഷിച്ച പല ലക്ഷം പേരും അത് ശരിവെക്കുന്നു.

അവസാന മിനിട്ടു വരെ തന്നെ ഏൽപ്പിച്ച സകല ഉത്തരവാദിത്തങ്ങളും ഭംഗിയായി നിർവ്വഹിച്ചു ഒരിക്കലും തിരിച്ചുവരാത്ത യാത്രക്കായി പോയിരിക്കുന്ന ദൈവഭക്തനെ,
അങ്ങയുടെ അമരത്വമുള്ള ഓർമ്മകൾക്കു മുമ്പിൽ ഈ ശിഷ്യൻ്റെ അശ്രുപൂക്കൾ!!!

-Advertisement-

You might also like
Comments
Loading...