ലേഖനം: കോടാലി ഇല്ലാത്ത കോടാലികൈ | രാജൻ പെണ്ണുക്കര

കോടാലി ഇല്ലാത്ത കോടാലികൈ, വാത്തല പോയ കോടാലി എന്നൊക്കെ കേൾക്കുമ്പോൾ ചിലപ്പോൾ നമുക്ക് തമാശയായി തോന്നാം.. എന്നാൽ വലിയ യഥാർഥ്യങ്ങളും സന്ദേശങ്ങളും വിളിച്ചറിയിക്കുന്ന ഒരു വാക്യപ്രയോഗം… യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ആത്മീക ലോകത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്ന പദപ്രയോഗം അല്ലെന്നു പറയുവാൻ സാധിക്കുമോ?.

post watermark60x60

ഞങ്ങളുടെ കൂട്ടുകാർക്കിടയിൽ ഈയിടെ സമൂഹമാധ്യമത്തിൽ നടന്ന ചില ചർച്ചകളും, നർമരസങ്ങൾ കലർന്ന അവരുടെ മറുപടികളുമാണ് ഈ പദപ്രയോഗത്തിന്റെ അഴങ്ങളിലെ സത്യങ്ങളെ കുറിച്ച് ചിന്തിക്കുവാനും എഴുതുവാനും പ്രേരണ ആയി തീർന്നത്.

അതേ ക്രിസ്തു ഇല്ലാത്ത ക്രിസ്തീയ ജീവിതം, അല്ലെങ്കിൽ ക്രിസ്തുവിന്റെ സ്നേഹമോ, മനോഭാവമോ, മാതൃകയോ ലേശം ജീവിതത്തിൽ ഇല്ലാതെ പേരുപറഞ്ഞു ക്രിസ്ത്യാനി എന്ന് സ്വയം അഭിമാനിക്കുന്നവരെ പോലെ അഥവാ ക്രിസ്തുവിനെ പ്രസംഗിക്കുന്നവരെ പോലെയല്ലേ കോടാലി ഇല്ലാത്ത കോടാലികൈയുടെ അവസ്ഥ. എന്നാൽ അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു എന്നു വചനം പറയുന്നു (ഫിലി 3:19).

Download Our Android App | iOS App

ദൈവ വചനം പഠിക്കുമ്പോൾ പ്രവാചകനും ശിഷ്യന്മാരും ഉൾപ്പെടുന്ന
ഇങ്ങനെയുള്ള ഒരു സംഭവം നടന്നതായി രണ്ട് രാജാക്കന്മാർ ആറാം അദ്ധ്യായത്തിൽ വായിക്കുന്നു. “അവർ യോർദ്ദാങ്കൽ എത്തി മരംമുറിച്ചു. എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു അവൻ നിലവിളിച്ചു. അതു എവിടെ വീണു എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു പൊങ്ങിവന്നു. അതു എടുത്തുകൊൾക എന്നു അവൻ പറഞ്ഞു. അവൻ കൈ നീട്ടി അതു എടുത്തു”.

ഇവിടെ പ്രത്യേകമായി ചൂണ്ടി കാണിക്കേണ്ട ചില കാര്യങ്ങൾ..
i) ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു..
ii) അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു അവൻ നിലവിളിച്ചു.
iii) അതു എവിടെ വീണു എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു..
iv) അതു എടുത്തുകൊൾക എന്നു അവൻ പറഞ്ഞു, അവൻ കൈ നീട്ടി അതു എടുത്തു…

ഒന്ന്:- ശിഷ്യൻ മരം മുറിക്കുമ്പോളാണ് കോടാലി ഊരി വെള്ളത്തിൽ വീണതെന്നസത്യം മറന്നുപോകരുത്. ഒന്നുകിൽ ശിഷ്യൻ അതിനെ ഉപയോഗത്തിൽ കൊണ്ടുവരും മുൻപേ ഒന്നു സൂക്ഷ്മ പരിശോധന നടത്തി, ഒരുക്കത്തോടെ പോകണമായിരുന്നു. ഇവിടെ അങ്ങനെ ഒരു സ്ഥിരീകരണം നടന്നിട്ടില്ല എന്നുതന്നേ തല്ക്കാലം അനുമാനിക്കാം. ഈ ശിഷ്യൻ സദുദ്ദേശത്തോടും ലക്ഷ്യത്തോടും കൂടി അതിനെ ഉപയോഗിച്ചിട്ടും കോടാലിയുടെ അവസ്ഥ ഇതാണെങ്കിൽ, അതൊന്നും ഇല്ലാതെ കോടാലിയെടുക്കുന്ന മറ്റുള്ളവരുടെ കാര്യം പറയണോ?.

എന്നാൽ എന്ത് ഉദ്ദേശത്തോടെയാണ് അഥവാ ലക്ഷ്യത്തോടെയാണ് കോടാലി കൈയിൽ എടുത്തത് എന്ന മനോഭാവം പോലും മറന്നിട്ടു എവിടെയൊക്കെയോ, എന്തൊക്കെയോ വെട്ടുന്ന അവസ്ഥയല്ലേ ഇന്നു പലരിലും കാണുന്നത്.. വെറുതെ വെട്ടിക്കൂട്ടി ഗുണം (quality) ഇല്ലാതെ എണ്ണം (quantity) കാണിച്ചു പേരെടുക്കാൻ നടക്കുന്ന കുറേ വെട്ടുകാരും, പിന്നെ എങ്ങനെ കോടാലി ഊരി പോകാതിരിക്കും. വാത്തല പോയ കോടാലിയുമായി നാടുനീളെ നടക്കുന്നവരെയും, അതുവെച്ചു വെട്ടുന്ന എത്രയോ ആൾക്കാരെയും വയലപ്രദേശത്തു നാം ദൈനം ദിനം കാണുന്നുണ്ട്..

കോടാലി ഊരിപോയി എന്ന് വാസ്തവമായി അറിഞ്ഞിട്ടും മനഃപൂർവം വെട്ടു തീർത്തതെ, വെറുതെ വെട്ടുന്നവരും അഥവാ വെട്ടുന്നതായി അഭിനയിക്കുന്നവരും നമുക്കുചുറ്റും എത്രയധികം. കോടാലി ഊരി പോയാൽ വെട്ട് അവിടെവച്ച് നിർത്തണം എന്ന കാര്യത്തിൽ ഒരു പ്രേത്യേക തിരിച്ചറിവ് പ്രാപിച്ച പ്രവാചകശിഷ്യനെ നാം വളരെ അഭിനന്ദിക്കണം.

കൂടാതെ, പ്രവാചകശിഷ്യന് പുതിയ നല്ല മരം തന്നേ വെട്ടണം എന്നൊരു ദൃഢനിശ്ചയവും, അന്നുവരെ ആരും കോടാലി വെക്കാത്ത, നേരെയുള്ളതും, ഉപയോഗപ്രദമായതും വെട്ടണം എന്ന കണക്കുകൂട്ടലും ഉണ്ടായിരുന്നു എന്നതും വ്യക്തം.

ഇന്നു പലരും ആരെങ്കിലും ഒക്കെ വെട്ടിയിട്ടതും പല കൂപ്പുകളിൽ കയറിയിറക്കിയിട്ടും ആർക്കും ഉപയോഗപെടാതെ, വളഞ്ഞതും, അകം പൊള്ളായായതും, അങ്ങനെ പ്രയോജന രഹിതമായതിനെ എടുത്തിട്ട് (ആളെക്കൂട്ടി) അവകാശവാദം ഉന്നയിക്കുന്ന എത്ര വെട്ടുകാരെ നമുക്ക് ചുറ്റും കാണാം. എന്നിട്ടും വെട്ടു തീർന്നില്ല ഇനിയും വെട്ടാനുണ്ട് എന്നു സ്വയവാദം ഉന്നയിക്കുന്നവരും കുറവല്ല..

രണ്ട്:- അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു പറഞ്ഞു അവൻ നിലവിളിച്ചു. ഈ പ്രവാചകശിഷ്യനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്ന കാര്യം, വായിപ്പ വാങ്ങിയത് ഒരുദിവസം തിരിച്ചു കൊടുക്കണം എന്ന സുബോധം അവനെ എപ്പോഴും ഭരിച്ചിരുന്നു. അതാണ് അവനെ നിലവിളിക്കാൻ പ്രേരിപ്പിച്ചതും അവനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും. എന്നാൽ ഇന്നു സ്വന്തമായിരുന്നതും, കടമായി വാങ്ങിയതും നഷ്ടപ്പെടുത്തിയിട്ട് ഒരു കുറ്റബോധവും ഇല്ലാതെ മാന്യന്മാരായി ചമഞ്ഞു നടക്കുന്ന വെട്ടുകാരെ കാണുന്നില്ലേ. കടം വാങ്ങിയ കോടാലി നഷ്ടമായാലും വെട്ടുകാരന് കുഴപ്പം ഇല്ലല്ലോ കാരണം അവൻ അധ്വാനിക്കാത്തതല്ലേ നഷ്ടമാക്കിയത്.

ഈ കൊറോണ കാലയളവിൽ ഓതറയുള്ള ഒരു വെട്ടുകാരനെ പരിചയപ്പെട്ടു, ഭയങ്കരവെട്ടാ എന്നുവെച്ചാൽ തിരിഞ്ഞും മറിഞ്ഞും വേട്ടാ, പിന്നീട് ചോദിച്ചറിഞ്ഞപ്പോൾ കാര്യങ്ങൾ പിടികിട്ടി. കള്ളത്തരങ്ങൾ പറഞ്ഞു മറ്റുള്ളവരുടെ മനസ്സലിവ് നേടിയെടുത്ത്, അവസാനം അവരിൽ നിന്നും കടം വാങ്ങിയിട്ട് തിരിച്ചു കൊടുക്കാതെ താമസം മാറ്റി മാറ്റി തെറ്റായ മേൽവിലാസം പറഞ്ഞ് എന്നോ വാത്തല പോയതും, ഊരിപ്പോയ കോടാലിയുമായി വെട്ടോടു വെട്ടു നടത്തുന്ന ഒരു വെട്ടുകാരൻ.. ഇങ്ങനെയുള്ളവർക്ക് ഐയ്യോ കഷ്ടം.

മൂന്ന്:- അതു എവിടെ വീണു എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു. ഇവിടെ പ്രേത്യേകം ശ്രദ്ധിക്കേണ്ടിയ ഭാഗം, പ്രവാചകശിഷ്യൻ അവന്റ കോടാലി വീണസ്ഥലം കാണിച്ചുകൊടുത്തു എന്നതാണ്. പ്രവാചകശിഷ്യന് നന്നായി അറിയാമായിരുന്നു കോടാലി എവിടെവെച്ച് , എപ്പോൾ, എങ്ങനെ നഷ്ടമായി എന്ന്. ഇന്നു പലരും നഷ്ടമായ സ്ഥലവും സാഹചര്യവും നന്നായി അറിയാമായിരുന്നിട്ടും, എവിടെയൊക്കെയോ തപ്പുന്ന, തിരയുന്ന, തത്രപ്പാടിലല്ലേ. വീണ ഭാഗം, തോറ്റുപോയ പാഠങ്ങൾ അറിയാമെങ്കിൽ അതിനെ വീണ്ടെടുക്കാൻ, എളുപ്പമാണെന്ന കാര്യം മറന്നുപോകരുത്. കോടാലി വെള്ളത്തിലാണോ, കാട്ടിലാണോ, ഇരുട്ടിലാണോ വീണതെന്ന് കോടാലി പിടി കൈയിൽ ഉള്ളവന് നന്നായി അറിയാം. അപ്പോൾ അവിടെത്തന്നെ അതിനെ തിരഞ്ഞു കണ്ടുപിടിക്കണം.. അതേ നമ്മേ ഏൽപ്പിച്ച കൃപകൾ, താലന്തുകൾ, ഉത്തരവാദിത്വങ്ങൾ, നാം തന്നേ നഷ്ടപ്പെടുത്തിയിട്ട്, ആരെയും പഴിപ്പറഞ്ഞിട്ടോ, അവിടെയും ഇവിടെയും തിരഞ്ഞിട്ടൊ കാര്യം ഇല്ല, നാം തന്നേ അതിനെ നഷ്ടപ്പെടുത്തിയ സ്ഥാനം കണ്ടുപിടിക്കണം.

നാല്:- അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു പൊങ്ങിവന്നു. അതു എടുത്തു കൊൾക എന്നു അവൻ പറഞ്ഞു. അവൻ കൈ നീട്ടി അതു എടുത്തു”.

അതേ കൈയെത്താവുന്ന ദൂരത്താണ് അത് നഷ്ടമായത്, ഒരു സോറി പറയുവുന്ന ദൂരം, ഒരു വിട്ടുവീഴ്ച ചെയ്യാവുന്ന ദൂരം മാത്രം എന്നകാര്യം മറന്നുപോകരുത്. നമ്മുടെ ശാഠ്യം, വാശി, വൈരാഗ്യം, അഹംഭാവം (ego) ആണ് വിലയുള്ള പലതും നഷ്ടപ്പെടുത്താൻ കാരണം. പ്രവാചകൻ പറയുന്നു അത് എടുത്തുകൊൾക, അവൻ കൈ നീട്ടി അതു എടുത്തു. എത്ര അനുസരണയുള്ള ശിഷ്യൻ. ദൈവത്തിന്റെ ആത്മാവ് നമ്മേ പ്രേരിപ്പിക്കുന്നത്തിനു കീഴ്പെടുക. എന്നാൽ നഷ്ടമായത് തിരികെ ലഭിക്കും..

ഇവിടെ പ്രവാചകൻ കോൽ എടുത്തത് ശിക്ഷിക്കുവാനല്ല, മറിച്ച് ശിഷ്യനെ സഹായിക്കാണ്. പലപ്പോഴും ദൈവത്മാവ് നമ്മേ സഹായിക്കുവാൻ ചില കോലുകൾ നമ്മുടെ മുൻപിൽ നീട്ടുമ്പോൾ നാം അതിനു കീഴ്പ്പെട്ട് നിന്നാൽ നഷ്ടമായത് നമുക്ക് തിരിച്ചു ലഭിക്കും എന്നകാര്യം മറന്നുപോകരുത്. ഒരിക്കൽ നഷ്ടപ്പെട്ടത് ദൈവകൃപായാൽ തിരിച്ചു ലഭിച്ചു എങ്കിൽ അതിനെ വീണ്ടും നഷ്ടപ്പെടുത്തരുതെന്നും ഓർപ്പിക്കുന്നു.

ഈ പ്രവാചകനെ പറ്റി ഒരു വാക്ക് പറയാതെ പോയാൽ അനീതിയാവില്ലേ. മുഖം നോക്കാതെ കോലെടുത്ത പ്രവാചകൻ. ഇന്നത്തെ പ്രവചനക്കാർ മുഖസ്തുതി പറഞ്ഞു പോകും, കിട്ടുന്ന പ്രതിഫലത്തിന്റെ തൂക്കത്തിനൊത്ത പ്രവചനം. ചില കള്ളപ്രവചനങ്ങൾ കേട്ട് പ്രവചന നിവർത്തി കാണാൻ കത്തിരിക്കുന്ന കുറേ പാവം വിശ്വാസികൾ. എന്നുതീരും എല്ലാത്തിനും ഒരറുതി.

മീഖാ പ്രവാചകന്റെ ഭാഷയിൽ പറഞ്ഞാൽ ഇവർ നന്മയെ ദ്വേഷിച്ചു തിന്മയെ ഇച്ഛിക്കുന്നു; ന്യായം വെറുക്കയും ചൊവ്വുള്ളതു ഒക്കെയും വളെച്ചുകളകയും, അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവർ യഹോവയെ ചാരി: യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? അനർത്ഥം നമുക്കു വരികയില്ല എന്നു പറയുന്നു.

ഒരിക്കൽ നമ്മേ ഭരമേൽപ്പിച്ച കോടാലി ഇന്നു ആത്മീക തലം വിട്ടിട്ടു ജീവനകാര്യത്തിനും, ഭൗതീക നേട്ടത്തിനും, ധനസമ്പധാനത്തിനും, പേരിനും പെരുമക്കും വേണ്ടി മാത്രം ഉപയോഗിച്ച് പരമവിളിയുടെ ലക്ഷ്യം തെറ്റി വെട്ടുന്നവർ നമുക്കും ചുറ്റും എത്ര അനവധി.

നമുക്ക് നമ്മെത്തന്നേ ഒന്നുശോധന ചെയ്യാം, നമ്മേ ഏൽപ്പിച്ച കോടാലി ഇപ്പോൾ എവിടെ, അത് ഏല്പിച്ചപ്പോൾ അതിന്റ ഉടയവൻ ഉദ്ദേശിച്ച കാര്യത്തിനുവേണ്ടി മാത്രമാണോ അതിനെ ഉപയോഗിക്കുന്നത്, അതൊ വേറെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി ഉപയോഗിച്ച്, ഇന്ന് വാത്തലയും ഒടിഞ്ഞു, കോടാലിയും ഊരി പോയിട്ട് വെറും കോടാലികയ്യുമായി മാത്രം നടക്കുന്ന അവസ്ഥായിലോ, ഒരു സ്വയപരിശോധന നടത്താം. അതേ കോടാലി നമ്മേ ഏൽപ്പിച്ചവന് അതു കേടുകൂടതെ, ദുരുപയോഗം ചെയ്യാതെ മടക്കികൊടുക്കണം എന്ന ഒരു ഉൽബോധം നമ്മേ എപ്പോഴും ഭരിക്കട്ടെ…

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-ADVERTISEMENT-

You might also like