ലേഖനം: ഒരു മുഖസ്തുതി വരുത്തിയ വിന | ബിജു പി. സാമുവൽ

ഹെരോദാവാണ് പ്രസംഗകൻ. കേട്ടുകൊണ്ടിരുന്ന ജനത്തിന്റെ ഇടയിൽ നിന്ന് ഒരു ആരവം ഉയർന്നു.
“ഇത് മനുഷ്യന്റെ ശബ്ദമല്ല,
ഒരു ദേവന്റെ ശബ്ദമത്രേ”.

Download Our Android App | iOS App

തങ്ങളുടെ അന്നം മുടങ്ങാതിരിക്കാൻ ഹെരോദാവിനെ
മുഖസ്തുതി പറഞ്ഞ് വശത്താക്കേണ്ടത് ജനത്തിന് (സോർ-സീദോൻ നിവാസികൾ) അത്യാവശ്യമായിരുന്നു.
അല്ലാതെ പ്രസംഗത്തിന്റെ മേന്മ ആയിരുന്നില്ല ആരവത്തിന് കാരണം.
എന്തായാലും ജനത്തിന്റെ മുഖസ്തുതി ആസ്വദിച്ച ഹെരോദാവിനെ കാത്തിരുന്നത് വൻദുരന്തമായിരുന്നു. കർത്താവിന്റെ ദൂതന്റെ അടിയേറ്റ അയാൾ കൃമിക്ക് ഇരയായി പ്രാണനെ വിട്ടു.
കാരണമാണ് അറിയേണ്ടത്, ഹെരോദാവ് ദൈവത്തിന് മഹത്വം കൊടുത്തില്ല
(അപ്പൊ.പ്രവൃത്തി.
12: 20-23).

post watermark60x60

ഹെരോദാവിനെ പുകഴ്ത്തിയ ജനത്തിനു കുഴപ്പമൊന്നും സംഭവിച്ചില്ല.
പക്ഷേ ദൈവത്തിന് ലഭിക്കേണ്ട മഹത്വം സ്വയം എടുത്ത ഹെരോദാവ്
ദേവനല്ല, വെറും കൃമിക്ക് ഇരയാകേണ്ടവനാണെന്ന് ദൈവം തെളിയിച്ചു.

ആർക്കാണ് മുഖസ്തുതി ഇഷ്ടമല്ലാത്തത്?.
പ്രസംഗകരും എഴുത്തുകാരുമൊക്കെ മുഖസ്തുതിയുടെ ഈ ചതിയിൽ വീഴാൻ സാധ്യതയുണ്ട് .
തകർപ്പൻ ആയിരുന്നു എന്ന ഉത്തരം പ്രതീക്ഷിച്ച് എങ്ങനെയുണ്ടായിരുന്നു എന്റെ പ്രസംഗം എന്ന് ചോദിക്കുന്ന പലരുമുണ്ട്.
നാം പ്രസംഗിച്ചാലും എഴുതിയാലും പങ്കുവെക്കുന്ന സന്ദേശം
നമ്മുടേതല്ലല്ലോ,
ദൈവത്തിന്റേതല്ലേ?
അപ്പോൾ പിന്നെ അതിൽ പുകഴാൻ എന്തിരിക്കുന്നു?

ചെയ്ത ശുശ്രൂഷയെപ്പറ്റി ജനം പ്രശംസിക്കുമ്പോൾ അതിൽ ആഹ്ലാദിക്കുന്ന നാം ദൈവത്തിന് ലഭിക്കേണ്ട മഹത്വം സ്വയം എടുക്കുന്നവരാണ്. അതും ഒരു മോഷണമാണ്.

ലുസ്ത്രയിലെ മുടന്തൻ സൗഖ്യം പ്രാപിച്ചപ്പോൾ ജനക്കൂട്ടം പൗലോസിനെയും ബർന്നബാസിനെയും ആരാധിക്കാൻ ക്രമീകരണങ്ങൾ നടത്തി. മനുഷ്യരൂപത്തിൽ ഇറങ്ങിവന്ന ദേവന്മാരാണ് അവരെന്ന് വാഴ്ത്തിപ്പാടി
(അപ്പൊ.പ്രവൃത്തി.
14:8-15).

പരിശീലനം ലഭിക്കാത്ത, വാക്സാമർത്ഥ്യം ഇല്ലാത്ത പ്രസംഗകനാണ് താനെന്ന് പൗലോസിന് സ്വയം അറിയാം. പൗലോസിന്റെ സംസാരം കഴമ്പില്ലാത്തതും നിന്ദ്യവുമാണെന്ന് ചിലരൊക്കെ പറഞ്ഞിട്ടുമുണ്ട്
( 2കൊരി. 10:10, 11:6).

എന്നാൽ ലുസ്ത്രയിലെ ജനം പൗലോസിനെ പാണ്ഡിത്യത്തിന്റെയും വാഗ്വിലാസത്തിന്റെയും ദേവനായ ബുധൻ എന്ന് വിശേഷിപ്പിക്കുന്നു.
ക്ഷേത്രപൂജാരി ഉൾപ്പെടെ ഒരുകൂട്ടം അവർക്ക് യാഗം കഴിക്കാൻ ക്രമീകരണങ്ങൾ ചെയ്യുന്നു.
ഒരു പ്രസംഗത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന മാനുഷിക പുകഴ്ച്ചയാണ് പൗലോസിന് ഇവിടെ ലഭിക്കുന്നത്.

ഒരല്പം അംഗീകരിക്കപ്പെടാനും ആരാധിക്കപ്പെടാനും ആരാണ് ആഗ്രഹിക്കാത്തത്? പക്ഷേ പൗലോസ് അവിടെ ജനത്തെ വിലക്കി. പുരോഹിതന്റെയും ജനത്തിന്റെയും നീക്കത്തിന് പിന്നിലുള്ള ദുരന്തം അപ്പൊസ്തലർ മനസ്സിലാക്കി.
ബുധൻ, ഇന്ദ്രൻ എന്നീ ദേവന്മാരായി ജനം തങ്ങളെ ദർശിക്കുമ്പോൾ തങ്ങൾ പ്രതിനിധീകരിക്കുന്ന ജീവനുള്ള ദൈവത്തിന് ലഭിക്കേണ്ട മഹത്വം ഇല്ലാതാകുകയാണ്.

തങ്ങൾ മനുഷ്യരാണെന്നും തങ്ങളിലേക്കല്ല, ജീവനുള്ള ദൈവത്തിലേക്കാണ് തിരിയേണ്ടതെന്നും പൗലോസ് അവരെ ബോദ്ധ്യപ്പെടുത്തി.

സഭയുടെ ആത്മീയ വളർച്ചയ്ക്കായി വിവിധങ്ങളായ ആത്മീയ വരങ്ങൾ ലഭ്യമായിട്ടുള്ളവരെ വീരനായകരാക്കി നടക്കുന്നത് അർത്ഥശൂന്യമാണ്.
ദൈവത്തിന് മാത്രം ലഭിക്കേണ്ട മഹത്വം
ശുശ്രൂഷകർ ഏറ്റെടുക്കുമ്പോൾ അവിടെ ക്രൂശ് ചവിട്ടി മെതിക്കപ്പെടുകയാണ്.
ആർക്കും നിഷേധിക്കാനാവാത്ത ചില അത്ഭുതങ്ങൾ ചെയ്തശേഷം അത് പരസ്യമാക്കരുതെന്ന് കർക്കശമായി വിലക്കിയ യേശു നമുക്ക് അന്യനായിരിക്കുന്നു.

സൗഖ്യദായകർ എന്ന നിലയിൽ പത്രോസിനും യോഹന്നാനും ഒരിക്കൽ ലഭിച്ച വീരപരിവേഷം
നിരസിച്ചുകൊണ്ട് അവർ സംസാരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക.
“ഈ സൗഖ്യത്തിൽ ആശ്ചര്യപ്പെടാനൊന്നുമില്ല; ഞങ്ങളുടെ സ്വന്തം ശക്തിയോ ഭക്തിയോ കൊണ്ടല്ല; മറിച്ച്, യേശുവിലുള്ള വിശ്വാസവും യേശുവിന്റെ നാമവും മാത്രമാണ് സൗഖ്യത്തിന് കാരണമായത്”
(പ്രവൃത്തി 3:12- ).
തങ്ങളിലേക്ക് ആകർഷിക്കപ്പെട്ട ജനത്തെ തിരിച്ച് ദൈവത്തിലേക്ക് നയിക്കാനാണവർ ശ്രമിച്ചത്. സൗഖ്യം ലഭിച്ച വ്യക്തിക്ക് സാക്ഷ്യം പറയാൻ പോലും അവസരം നൽകാതെ പത്രോസ് സുവിശേഷ സന്ദേശത്തിന്റെ കാതൽ അവതരിപ്പിച്ചു.

രോഗിക്ക് പോലും ബോധ്യമാകാത്ത സൗഖ്യം സ്റ്റേജിൽ കയറ്റി ജനമധ്യത്തിൽ വിളമ്പി പെരുമ വർദ്ധിപ്പിക്കുവാൻ ഇന്നത്തെ താരപ്രസംഗകർ കിണഞ്ഞു ശ്രമിക്കുന്നത് കാണുമ്പോൾ കർത്താവ് ഇവരെ പരിഹസിക്കുകയാകും ചെയ്യുക.

മൂന്നാം സ്വർഗ്ഗത്തോളം പോയിട്ടും അത് 14 വർഷത്തോളം രഹസ്യമാക്കി വച്ച പൗലോസ് അപ്പൊസ്തലൻ ഇന്ന് നമ്മുടെ ചിന്തകളിൽ പോലുമില്ല. തന്റെ അപ്പോസ്തലത്വത്തിനെതിരെ ശക്തമായ ആക്രമണം വന്നപ്പോഴാണ് പൗലോസ് അത് വെളിപ്പെടുത്തുന്നത്. അതും ക്രിസ്തുവിലുള്ള ഒരു മനുഷ്യൻ എന്ന പേരിൽ.

യേശുവിന്റെ ശിഷ്യന്മാർ ജനത്തെ തങ്ങളിലേക്ക് മാത്രമായി ആകർഷിക്കാനുള്ള ഒരു വഴിയും തേടിയില്ല. അവരുടെ പ്രവർത്തികളിലൂടെ ദൈവമഹത്വമാണ് ഉണ്ടാകുന്നതെന്ന് അവർ ഉറപ്പാക്കി.
പ്രശസ്തരാകാനും മനുഷ്യനാൽ ബഹുമാനിക്കപ്പെടാനുമുള്ള ഇന്നത്തെ സുവിശേഷകരുടെ ആഗ്രഹങ്ങൾ ദൈവീകമല്ല.

ഞാൻ മനുഷ്യരുടെ ബഹുമാനം സ്വീകരിക്കുന്നില്ലെന്നും,
തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങുന്നവർക്ക് ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം ലഭിക്കില്ലെന്നും യേശു തന്നെയാണ് പറഞ്ഞത്
(യോഹ.5:41,44 ).

സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തി പറയുമ്പോൾ നിങ്ങൾ എല്ലാവരെക്കാളും മിടുക്കന്മാർ എന്നല്ല നിങ്ങൾക്ക് അയ്യോ കഷ്ടം
എന്നല്ലേ യേശു പറഞ്ഞത്?
(ലൂക്കൊ.6:26).

അവസാനം ഓർത്തുവെക്കാൻ ഒരു വാക്യം കൂടി: പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ. തന്നെത്താൻ പുകഴ്ത്തുന്നവനല്ല കർത്താവ് പുകഴ്ത്തുന്നവത്രേ കൊള്ളാവുന്നവൻ
(2കൊരി10:17).

ബിജു പി. സാമുവൽ

-ADVERTISEMENT-

You might also like
Comments
Loading...