ലേഖനം: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ…. | പാസ്റ്റർ സണ്ണി പി. സാമുവൽ

“നിന്റെ രാജ്യം വരേണമേ,” എന്നത് യേശു കർത്താവു ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർത്ഥനയുടെ ഒരു ഭാഗം ആയിരുന്നു (മത്താ:6:10; ലൂക്കോ:12:2). യേശുവിനു വഴിയൊരുക്കുവാൻ വന്ന യോഹന്നാൻ സ്നാപകന്റെ മരുഭൂമിയിലെ പ്രസംഗത്തിന്റെയും, യേശു കർത്താവിന്റെ പരസ്യ ശുശ്രൂഷയുടെയും താക്കോൽ വാക്കുകൾ ‘സ്വർഗ്ഗരാജ്യം,’ (മത്താ: 3:2; 4:17) അഥവാ ‘ദൈവരാജ്യം’ (മർ:1:14,15) എന്നതായിരുന്നു. ഈ രണ്ടു വാക്കുകളും അർത്ഥാൽ ഒന്നു തന്നെയാണെന്ന് മുൻ ലേഖനത്തിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. മാനസാന്തരപ്പെട്ടാൽ പോരാ, അതിനു യോഗ്യമായ ഫലവും കായ്ക്കണമെന്ന് യോഹന്നാൻ അനുബന്ധമായി കൂട്ടിച്ചർത്തു (മത്താ:3:8). സ്വർഗ്ഗരാജ്യം എന്ന വിഷയം തന്നെയായിരുന്നു യേശുവിന്റെ തുടർപ്രസംഗങ്ങളുടെയും അന്തഃസത്ത ( മത്താ:5:3,10,19,20;7:21;8:11). മാത്രമല്ല അവിടുന്നു ശിഷ്യഗണത്തെ ചുമതലപ്പെടുത്തി, അധികാരപ്പെടുത്തി അയക്കുമ്പോൾ “നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു,” എന്ന സന്ദേശം പ്രഘോഷിപ്പാനാണ് നിയോഗിച്ചത് (മത്താ:10:7).

യേശുവിന്റെ പ്രസംഗ വിഷയം യോഹന്നാന്റെ പ്രസംഗത്തിന്റെ തുടർച്ച ആയിരുന്നുവെന്നു മത്താ:4:12-17; മർക്കോ: 1:14 വാക്യങ്ങളിൽ നിന്നും ഗ്രഹിക്കാം. യോഹന്നാൻ ഒഴിഞ്ഞുപോകുവാൻ യേശു കാത്തിരിക്കുക ആയിരുന്നു എന്ന ദുഃസൂചനയല്ല, യോഹന്നാൻ അവസാനിപ്പിച്ചയിടത്തു നിന്നു യേശു ആരംഭിച്ചു എന്നതാണ് ധ്വനി. രണ്ടു പേരുടെയും സന്ദേശത്തിന്റെ ആകെത്തുക വിലയിരുത്തുമ്പോൾ ‘സ്വർഗ്ഗരാജ്യം,’ ‘ദൈവരാജ്യം’ എന്നീ ബീജധാതുക്കൾ ഒന്നുതന്നെയാണെന്നു മനസ്സിലാക്കാം. “നിന്റെ രാജ്യം വരേണമേ,” എന്നത് ഈ രണ്ടു വാക്കുകളുടെയും ആകെത്തുകയാണ്. അതു എങ്ങനെ സംഭവിക്കും? പിതാവിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആയിത്തീരുന്നതാണ് സ്വർഗ്ഗരാജ്യം അഥവാ ദൈവരാജ്യം.

അർത്ഥ വിന്യാസം
സ്വർഗ്ഗരാജ്യവും ദൈവരാജ്യവും രണ്ടും ഒന്നാണെങ്കിലും വിശകലനം ചെയ്തു പഠിക്കുമ്പോൾ; താത്വികമായി അത് ആ രാജ്യത്തിന്റെ വ്യവസ്ഥയെയും ആധിപത്യത്തെയും കുറിക്കുന്ന രണ്ടു വീക്ഷണകോണുകൾ ആണെന്നു ഗ്രഹിക്കാം.

സ്വർഗ്ഗരാജ്യം:- സ്വർഗ്ഗീയ വ്യവസ്ഥ പ്രകാരമുള്ള രാജ്യം ആയതിനാലാണ് സ്വർഗ്ഗരാജ്യം എന്നു വിളിക്കുന്നത്. ഇന്ന് ഭൂമിയിൽ നിലനില്ക്കുന്ന യാതൊരു ഭരണക്രമവും സ്വർഗ്ഗീയ വ്യവസ്ഥ പ്രകാരമുള്ള ഭരണക്രമം അല്ല. അത് ഭൂമിയിലെ വ്യവസ്ഥ പ്രകാരമുള്ള ഭരണക്രമങ്ങൾ അത്രെ. ‘അതിക്രമത്തിന്റെ വ്യവസ്ഥ’ എന്നും (സദൃശ:28:2), ‘ഈ ലോകത്തിന്റെ കാലഗതി’ (എഫേ:2:1-2), എന്നും ഈ ഭരണക്രമങ്ങളെ ബൈബിൾ വിളിക്കുന്നു. ഭരണാധിപന്മാരായ പ്രഭുക്കന്മാർ തമ്മിൽ ചേരാതെ ഛിദ്രിച്ചു പോകുന്ന ഭരണക്രമമാണ് അതിക്രമത്തിന്റെ വ്യവസ്ഥ. ഈ ലോകത്തിന്റെ കാലഗതി എന്ന സമ്പ്രദായം ആണ് അതിക്രമത്തിന്റെ വ്യവസ്ഥയുടെ ഉത്ഭവം. The course of this world,എന്നോ the order of this world എന്നോ ഒക്കെ അതിനെ വിളിയ്ക്കാം. ആ സമ്പ്രദായത്തിനു പിന്നിൽ ആകാശത്തിലെ ബാവ എന്നും വാഴ്ത്തപ്പെടുന്ന, ആകാശത്തിലെ അധികാര കേന്ദ്രമായ സാത്താനും അവന്റെ ആത്മാവും ആകുന്നു. ഈ ആത്മാവിന് ബൈബിൾ ഇട്ടിരിക്കുന്ന പേര് അനുസരണക്കേടിന്റെ ആത്മാവ് എന്നാണ്. ആ ആത്മാവ് അനുസരണക്കേടിന്റെ മക്കളിൽ ആധിപത്യം പ്രാപിച്ച് അവരെ ബദ്ധരാക്കി കളയുന്നു. അവരിലൂടെ അനുസരണക്കേടിന്റെ ആത്മാവിന്റെ അധിപതിയായവൻ ഭൂമിയിൽ സ്ഥാപിച്ചെടുക്കുന്ന ഭരണ സംവിധാനമാണ് ഈ ലോകത്തിന്റെ കാലഗതി. അഴിമതി, അക്രമം, സ്വജനപക്ഷപാതം, രാഷ്ട്രീയ കൊലപാതകം എന്നിങ്ങനെ അതിക്രമങ്ങളാൽ താങ്ങി നിറുത്തപ്പെടുന്ന ഈ ഭരണങ്ങൾ ഒന്നും തന്നെ സ്വർഗ്ഗീയ വ്യവസ്ഥക്കു കീഴ്പ്പെട്ടല്ല നീങ്ങുന്നത്. മനുഷ്യരിൽ അധമനായവൻ ആണ് മനുഷ്യരുടെ രാജ്യത്വത്തിന്മേൽ വാഴുന്നത്. ഈ വ്യവസ്ഥയ്ക്കു മാറ്റം വന്നു സ്വർഗ്ഗീയ വ്യവസ്ഥയ്ക്കു കീഴിൽ ജനവും ലോകവും ആയിത്തീരുന്ന അവസ്ഥയാണ് സ്വർഗ്ഗരാജ്യം എന്നു പറയുന്നത്. അതായത് അനുസരണക്കേടിന്റെ ആത്മാവിന്റെ അധിപതി ആയവന്റെ വാഴ്ചയിൽ നിന്നും, ലോകത്തിന്റെ കാലഗതിയിൽ നിന്നും ജനം ദൈവാത്മാവിനും ദൈവാധിപത്യത്തിനും സ്വർഗ്ഗീയ വ്യവസ്ഥ യ്ക്കും കീഴ്പെട്ടു അനുസരണത്തിന്റെ മക്കളായി തീരുന്ന അനുഭവം. അനുസരണവും അനുസരണക്കേടും കീഴ്പെടലും ഒക്കെ മനുഷ്യന്റെ ഹൃദയത്തിൽ നിന്നും, വൈകാരിക തലത്തിൽ നിന്നും ഉത്ഭവിക്കുന്നത് ആകയാൽ; സ്വർഗ്ഗരാജ്യം എന്നതു സ്വർഗ്ഗസ്ഥനായ പിതാവിനോടുള്ള അനുസരണത്തിൽ നിന്നും ഉടലെടുക്കുന്ന മാനസിക രൂപാന്തരം ആണ്! അത് ദൃശ്യമണ്ഡലത്തിലെ ഒരു ഭരണക്രമം അല്ലവേ അല്ല.

ദൈവരാജ്യം:- ദൈവരാജ്യം എന്ന സംജ്ഞ ദൈവം എന്ന ഭരണാധികാരിയെ ആണ് നമ്മുടെ മുമ്പിൽ വരച്ചു കാട്ടുന്നത്. യഹോവ എന്ന പേരിൽ മോശെക്കും അചിരേണ യിസ്രായേലിനും ആത്യന്തികമായി ലോകത്തിനു തന്നെത്താൻ വെളിപ്പെടുത്തിയ ദൈവം ഏകസത്യദൈവവും നിത്യരാജാവും എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. അവൻ സകലത്തിന്റെയും സ്രഷ്ടാവാകുന്നു. അവന്റെ വാഴ്ചയുടെ ആധിപത്യം സകവ സൃഷ്ടികളിലും വെളിപ്പെട്ടിരിക്കുന്നു. ആ അധികാരം പങ്കു വയ്ക്കുവാൻ കൂടെയായിരുന്നു ആദാമിന്റെ സൃഷ്ടിപ്പ്. അവൻ അവനെ അനുഗ്രഹിച്ചപ്പോൾ ഭൂമിയെ അടക്കി വാഴുവീൻ എന്നാണ് കല്പിച്ചത് (ഉല്പ:1:26-29). ആദാം ദൈവത്തിന്റെ ഭൂമിയിലെ പ്രതിപുരുഷനും ഏകാധിപതിയും ആയിരുന്നു.

എന്നാൽ സാത്താന്റെ ആലോചനക്കും വഞ്ഛനയ്ക്കും വശംവദരായി ആദാമ്യവർഗ്ഗം പാപം ചെയ്തപ്പോൾ അനുസരണക്കേടിന്റെ ആത്മാവിന് അധീനരായി മാറി. ദൈവം നല്കിയ വാഴ്ചാധികാരം ആദാമിനു നഷ്ടമായി. ആധിപത്യം പ്രതിയോഗിയിലേക്കു മാറ്റപ്പെട്ടു (യെശയ്യാ:14:17). “ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും എങ്കൽ ഏല്പിക്കപ്പെട്ടിരിക്കുന്നു,” (ലൂക്കോ:4:6) എന്ന പ്രയോഗം ഇതോടു ചേർത്തു വായിക്കുക. മാനവവംശം ബദ്ധന്മാരായി. അവരെ അവരുടെ വീട്ടിലേക്കു വിടാതെ കുണ്ടറയിലും അന്ധകാരത്തിലും കാരാഗൃഹത്തിലും ആക്കിവച്ച വാഴ്ചയുടെയും ആധിപത്യത്തിന്റെയും ശക്തിയുണ്ട്. അവനെ നിഷ്കണ്ടകൻ (terrible one) എന്നാണ് പ്രവാചകൻ വിളിച്ചത് (യെശയ്യാ:49:24).

യിസ്രായേൽ ദൈവത്തിന്റെ രാജ്യം

തുടർന്നു ദൈവം യിസ്രായേലിനെ തന്റെ രാജ്യമായി തെരഞ്ഞെടുത്തു (ആവ:7:6;10:14,15;14:2;26:18;സങ്കീ:24:1;135:4). അവർ ദൈവത്തിന്റെ ജനസമൂഹവും (ഉല്പ:28:3) യഹോവയുടെ സഭയും (സംഖ്യാ:16:3;20:4;27:16;31:16; ആവർ:23:1-3,8; യോശുവ:22:16,17) വീണ്ടെടുക്കപ്പെട്ട ജനവും (പുറ:15:13; സംഖ്യാ:3:51; ആവർ:7:8;24:18) ദൈവം സമ്പാദിച്ച ജനവും (പുറ:15:16; 2ശാമു:7:23; സങ്കീ:74:2) ആയിരുന്നു.

എന്നാൽ യിസ്രായേൽ ദൈവത്തെ തോല്പിച്ചു കളഞ്ഞു. ദൈവാധിപത്യ ഭരണക്രമത്തിൽ നിന്നും (Theocracy)അവർ രാജാധിപത്യത്തിലെക്ക് (Monarchy) മാറിയപ്പോൾ അവരും ലോകത്തിന്റെ കാലഗതിക്കു കീഴിൽ അമർന്നു പോവുകയായിരുന്നു. അതിന്റെ ആത്യന്തികഫലം ആയിരുന്നു അശൂർ-ബാബിലോന്യ പ്രവാസങ്ങൾ!

രാജാവായി പിറന്നവൻ

ഒടുവിൽ, കാലസമ്പൂർണ്ണതയിൽ, യേശു യെഹൂദന്മാരുടെ രാജാവായി പിറന്നു (മത്താ:2:2; 18:23; 21:4; മർ: 15:2,10). നഥനയേലിനെ പോലെയും പത്രോസിനെയും പൊലെയും ചുരുക്കം ചിലർ: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവ് എന്നു ഏറ്റു പറഞ്ഞു അവനെ അംഗീകരിച്ചു (യോഹ:1:49; മത്താ:16:16). എന്നാൽ, എന്റെ രാജ്യം ഐഹികമല്ല (യോഹ: 18:36) എന്നു യേശു പ്രസ്താവിച്ചിട്ടും; ചിലർ അവനെ രാജാവാക്കുവാൻ ശ്രമിച്ചു (യോഹ:6:15). ആയതിനാൽ അവൻ അവരെ ഒഴിഞ്ഞു മാറിപ്പോയി.

ഇവിടെയാണ് “നിന്റെ രാജ്യം വരേണമേ,” “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു,” “ദൈവരാജ്യം സമീപിച്ചിരിക്കുന്നു,” എന്നീ വാക്യങ്ങളുടെ പ്രസക്തിയും അപ്പോൾ തന്നെ അർത്ഥതലങ്ങളും വ്യക്തമാക്കുന്നത്. ദൈവരാജ്യം സ്ഥാപിക്കപ്പെടുന്നത് മനുഷ്യ ഹൃദയങ്ങളിൽ അത്രെ. അതിന് ചില യോഗ്യതകളും വ്യവസ്ഥകളും ദൈവം നിഷ്കർഷിച്ചിട്ടുണ്ട്. ലോകത്തിന്റെ കാലഗതിക്ക് അനുസൃതമായി, അനുസരണം കെട്ടവരായി; അനുസരണക്കേടിന്റെ ആത്മാവിന് കീഴ്പെട്ടും അതിന്റെ അധിപതിക്കു സ്വയമേവ വിറ്റും; അതിക്രമത്തിന്റെയും അക്രമത്തിന്റെയും വ്യവസ്ഥയ്ക്ക് കീഴിലുള്ള ആർക്കും സ്വർഗ്ഗത്തിൽ പ്രവേശനം ഇല്ല. അതിന്റെ ഏകമാത്ര യോഗ്യത എന്ന് പറയുന്നത് വക്രതയും കോട്ടവും ഉള്ള ഈ കാലഗതിയിൽ നിന്നും മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുക എന്നത് മാത്രമാണ്. ഈ സുവിശേഷത്തെ ദൈവ രാജ്യത്തിന്റെ സുവിശേഷം (മത്തായി 4:23; 9:35; മർ: 1:14) എന്നും വിളിക്കുന്നു. ദൈവരാജ്യത്തിന്റെ സുവിശേഷത്തിൽ യേശുക്രിസ്തുവിന്റെ ജനനം, ജീവിതം, ശുശ്രൂഷ, ഉപദേശം, പഠിപ്പിക്കലുകൾ, മരണം, ഉയർത്തെഴുന്നേൽപ്പ്, മഹത്വീകരണം, മടങ്ങിവരവ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ആകയാൽ അത് പുത്രനെക്കുറിച്ചുള്ള സുവിശേഷം (റോമ: 1:10; ഗലാ:1:16) എന്നും വിളിക്കപ്പെടുന്നു. യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം എന്നാണല്ലോ മർക്കോസ് രേഖപ്പെടുത്തുന്നത് (1:1).

പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട് (യോഹ: 3:36). ഇങ്ങനെ നിത്യജീവൻ പ്രാപിപ്പാൻ തെരഞ്ഞെടുക്കപ്പെട്ടവരിലേക്കു ദൈവരാജ്യം എല്ലാം മഹത്വത്തോട് കൂടെ ഇറങ്ങി വരികയാണ്. ഇങ്ങനെയുള്ളവരുടെ സമൂഹമാണ് സഭ.

ദൈവരാജ്യത്തിന്റെ പ്രദർശനം

തെരഞ്ഞെടുക്കപ്പെട്ടവരിൽ ദൈവരാജ്യം അദൃശ്യ മണ്ഡലത്തിൽ സ്ഥാപിക്കപ്പെടുമ്പോൾ, ദൃശ്യ മണ്ഡലത്തിൽ അതിന്റെ ചില അടയാളങ്ങൾ, പ്രദർശനങ്ങൾ, വെളിപ്പെടും എന്ന് ബൈബിൾ പഠിപ്പിക്കുന്നു. “ദൈവാത്മാവിനാൽ യേശു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ, ദൈവരാജ്യം നിങ്ങളുടെ അടുക്കൽ എത്തിയിരിക്കുന്നു സ്പഷ്ടം” (മത്താ:12:28;ലൂക്കോ:11:20). ആകാശത്തിന്റെ അധിപതിയുടെ ആധിപത്യം അതു ബാധിക്കപ്പെട്ടവനിൽ നിന്നും പുറത്താക്കപ്പെടുകയാണ്. ദൈവരാജ്യത്തിന്റെ സന്ദേശത്തിന് ഒപ്പം അടയാളമായി രോഗശാന്തിയും ഉണ്ട്.
അത് സ്റ്റേജിൽ നിന്നും ലേലംചെയ്ത് വാരിക്കോരി കൊടുത്ത് പ്രഹസനം കാണിക്കുവാൻ ഉള്ളതല്ല, വേണ്ടവർക്കു മാത്രമുള്ളതാണ്. അപ്പന്റെ ഇഷ്ടം ചെയ്യുന്ന അനുസണത്തിന്റെ ആത്മാവ് വ്യാപിക്കുന്നവരിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടുന്നു (മത്താ:21:31). മനുഷ്യനെ പ്രസാദിപ്പിക്കാതെ ദൈവേഷ്ടം ചെയ്തത് (എഫേ:6:6) ദുർന്നടപ്പു വിട്ടൊഴിഞ്ഞ് വിശുദ്ധീകരണം പ്രാപിച്ചു മാനത്തോടെ താന്താന്റെ പാത്രത്തെ നേടുന്നവരത്രെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ (1തെസ്സ: 4:3-5; എബ്രാ:12:14).

തേജസ്സിൻ ശരീരം

ദൈവരാജ്യത്തിന്റെ പൂർണ്ണത അഥവാ പൂർത്തീകരണം എന്താണെന്ന് രൂപാന്തര മലയിലെ അനുഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു (മർ:9:1-8). “ദൈവരാജ്യം ശക്തിയോടെ വരുന്നത് അഥവാ വെളിപ്പെടുന്നത്,” എന്നാണ് കർത്താവ് തന്നെ ആ മഹത്തരമായ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. ആ പറഞ്ഞതിന് ആറു ദിവസം കഴിഞ്ഞ് അവൻ താബോർ മലയിൽ വച്ച് മൂന്ന് ശിഷ്യന്മാരുടെ മുമ്പിൽ മറുരൂപപ്പെട്ടു. ശരീരം മനുഷ്യന്റെ ബലഹീനതയുടെ ശരീരം അല്ലായിരുന്നു. ദൈവപുത്രന്റെ തേജസ്സിന്റെ ശരീരത്തിന്റെ (സങ്കീ:204:2) പ്രദർശനമായിരുന്നു (1യോഹ:3:2;വെളി:1:13-18). അതെ, ദാനിയേൽ കണ്ട വയോധികനായവന്റെ (Ancient of ages) വെളിപ്പാട് തന്നെ (7:9). വയോധികനായവൻ വന്നു അതുന്നതനായവന്റെ — വിശുദ്ധന്മാർ രാജ്യത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യും (ദാനീ:7:21). ഈ വാക്യങ്ങൾ ചേർത്തു പഠിക്കുമ്പോൾ യേശുവിന്റെ, ദൈവ രാജ്യത്തിന്റെ, സുവിശേഷം വിശ്വസിച്ച് അത്യുന്നതന്റെ രാജ്യത്വം ആന്തരികമായി പ്രാപിച്ച സകലരും വയോധികനായവന്റെ ശരീരത്തോട് ഏകിഭവിച്ചു അവനോട് അനുരൂപമായി തീരും എന്നതിന്റെ സൂചനയായിരുന്നു മറുരൂപ മല. യേശുവിൽ വെളിപ്പെട്ട ആ തേജസ് നമ്മിലും വെളിപ്പെടും എന്ന് പൗലോസ് ശ്ലീഹ പറയുന്നു (റോമ:8:18). അവർ ദൈവപുത്രന്മാർ എന്നും തേജസ്കരിക്കപ്പെട്ട തേജസിൻ പുത്രന്മാർ എന്നും വിളിക്കപ്പെടുന്നു (റോമ:8:19).
അവർ ലോക സ്ഥാപനം മുതൽ മനുഷ്യവർഗ്ഗത്തിനായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കി കൊള്ളും (മത്താ:25:34). ദൈവരാജ്യത്തിന്റെ പൂർത്തീകരണം ആയിരിക്കും. അതിനായി നമുക്ക് ഒരുങ്ങാം. രാജ്യം ഒരുക്കി താൻ വേഗം വരുന്നു. ആമേൻ കർത്താവേ വരേണമേ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.