ചെറു ചിന്ത: രണ്ടു തരം ചെരുപ്പുകൾ | സോനു സക്കറിയ ഏഴംകുളം

കൗമാരക്കാരനായിരുന്ന ഡി. എൽ. മൂഡി, ബോസ്റ്റൺ പട്ടണത്തിലെ തൻറെ അങ്കിളിൻറെ ചെരുപ്പുകടയിൽ ജോലി ചെയ്തിരുന്ന കാലം. ദൈവവുമായി വലിയ ബന്ധമില്ലാതിരുന്ന ഒരു കാലത്താണ് മൂഡി ഗ്രാമത്തിൽനിന്ന് പട്ടണത്തിലെത്തിയത്. അവിടെ വച്ച് തൻറെ സൺഡേസ്കൂൾ അദ്ധ്യാപകനായിരുന്ന എഡ് കിംബൽ യേശുവിൻറെ സ്നേഹത്തെ പരിചയപ്പെടുത്തിയത് മുഖാന്തിരവും സഭയിലെ ശുശ്രൂഷകന്മാരുടെ ഉപദേശത്താലും അദ്ദേഹം വിശ്വാസിയായിത്തീർന്നു.

post watermark60x60

ആത്മപ്രേരിതമായി, സഭയുടെ ഇടയോഗങ്ങളിൽ മൂഡി പ്രബോധനം നൽകാനാരംഭിച്ചു. തൻറെ നാടൻ പ്രസംഗശൈലിയും മുഖം നോക്കാതെ കാര്യങ്ങൾ പറയുന്ന രീതിയും പലർക്കും പഥ്യമായിരുന്നില്ലെങ്കിലും, ഉദാഹരണങ്ങൾ ചേർത്ത് ആ ബാല്യക്കാരൻ വചനസത്യങ്ങളെ വിളിച്ചുപറഞ്ഞു. ചെരുപ്പ് വാങ്ങാൻ കടയിലെത്തിയിരുന്ന പലരുടെയും കൗതുകകരമായ ചെയ്തികൾ ശ്രദ്ധയോടെ വീക്ഷിച്ചിട്ട്, പ്രസംഗമദ്ധ്യേ താൻ അവയെ ഉദാഹരണങ്ങളാക്കിയിരുന്നു.

ഒരിക്കൽ മൂഡി ഇപ്രകാരം പ്രസംഗിച്ചു. ” ഈ സഭയിലെ ചില സ്ത്രീകൾ ചെരുപ്പ് വാങ്ങാൻ കടയിൽ വരാറുണ്ട്. പലപ്പോഴും കാലിനു പാകമല്ലെങ്കിലും, പുതിയ ഫാഷൻ നോക്കി അവർ ചെരുപ്പുകൾ വാങ്ങിക്കും. അവ ഉപയോഗിച്ചു കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ അവരുടെ കാല് പൊട്ടി വേദനിക്കും. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? ഒറ്റക്കാരണമേയുള്ളു; ചെരുപ്പിൻറെ അളവിനു ചേരുന്ന കാലല്ല അവരുടേത്.” ഒന്നുനിർത്തിയിട്ട് അദ്ദേഹം തുടർന്നു. ” പ്രതാപത്തിൻറെയും അഹങ്കാരത്തിൻറെയും ലൗകികതയുടെയുമൊക്കെ വലിപ്പം വച്ച കാലുകൾ, ദൈവരാജ്യത്തിൻറെ ചെരുപ്പിനകത്ത് ഒതുങ്ങുകയില്ല. ” മൂഡി പറഞ്ഞുനിർത്തി.

Download Our Android App | iOS App

പ്രിയമുള്ളവരെ, ചിന്തോദ്ദീപകമായ രണ്ടു കാര്യങ്ങൾ ഈ വാക്കുകളിൽനിന്ന് നമുക്ക് വായിച്ചെടുക്കാം. ഒന്നാമതായി – പ്രൗഢി നോക്കി, ഫാഷൻ നോക്കി, ജഡത്തെയോ കണ്ണിനെയോ മോഹിപ്പിക്കുന്ന ലോകത്തിൻറെ ചെരുപ്പുകൾ കാലക്രമത്തിൽ നമ്മെ നശിപ്പിക്കുമെന്ന സത്യം. യോഗ്യമായതു മാത്രം തിരഞ്ഞെടുക്കുക; യോഗ്യമായവ മാത്രം ചെയ്യുക. സാത്താൻ ഒരുക്കുന്ന ചെരുപ്പുകൾ നാം തിരസ്കരിക്കണം.

രണ്ടാമതായി നാം ഓർക്കേണ്ടത്, ദൈവരാജ്യത്തിൻറെ പ്രമാണമാകുന്ന ചെരുപ്പിന് നമ്മുടെ കാലുകൾ പാകമായിരിക്കണം എന്ന വസ്തുതയാണ്. പാദങ്ങൾ ചെറുതായവർക്കോ, വലുതായവർക്കോ ഉള്ളതല്ല ഈ ചെരുപ്പ്. ഒന്നുകിൽ, ദൈവപ്രമാണത്തിൻറെ പരിധിവിട്ട് വലുതായിപ്പോകുന്ന അഹങ്കാരത്തിൻറെ പാദങ്ങളുള്ളവർ. അല്ലെങ്കിൽ, പ്രമാണത്തിൻറെ അളവിലേക്ക്‌ എത്തുവാൻ കഴിയാതെ ചെറിയ പാദങ്ങളുള്ളവർ; ഇക്കാലത്ത് ഇങ്ങനെയൊക്കെ ജീവിക്കാൻ പറ്റുമോ എന്നൊക്കെ തൊടുന്യായം പറയുന്നവർ.

ദൈവം ഒരുക്കിയിരിക്കുന്ന ചെരുപ്പ് നമുക്കുണ്ട്; നമ്മുടെ കാലുകൾ അതിനു പാകത്തിലുള്ളതാക്കാം. ഫാഷൻ നോക്കിയൊ, നമ്മുടെ കാലിൻറെ പാകം നോക്കിയൊ ചെരുപ്പ് തെരഞ്ഞെടുക്കാനാവില്ല. കാരണം, ദൈവരാജ്യത്തിൻറെ ചെരുപ്പിന് ഒരു അളവേയുള്ളു; അത് പ്രമാണത്തിൻറെ അളവാണ്.

രണ്ടുതരം ചെരുപ്പുകൾ നമ്മുടെ മുൻപിലുണ്ട്. ശരിയായ തെരഞ്ഞെടുപ്പ് നാം നടത്തണം. ആ ചെരുപ്പിനായി നമ്മുടെ പാദങ്ങൾ പാകപ്പെടാൻ ദൈവം സഹായിക്കട്ടെ.

സോനു സക്കറിയ ഏഴംകുളം.

-ADVERTISEMENT-

You might also like