ശുഭദിന സന്ദേശം : സൂക്ഷിച്ചോണം ശ്രദ്ധിച്ചോണം |‌ഡോ.സാബു പോൾ

“അതിന്നു യേശു ഉത്തരം പറഞ്ഞതു: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ”(മത്താ.24:4).

ആഘോഷങ്ങൾക്ക് അതിരു കല്പിച്ച ആഗോള മഹാമാരി കേരളീയരുടെ ഉത്സവാരവങ്ങൾക്കു മേലും കരിനിഴൽ പരത്തി. അതുകൊണ്ട് ഇപ്രാവശ്യത്തെ ഓണത്തിന് ഏഷ്യാനെറ്റ് ഇട്ടിരിക്കുന്ന തലക്കെട്ട് ‘കരുതലോണം’ എന്നാണ്. കരുതലോടെ ഓണം ആഘോഷിച്ചില്ലെങ്കിൽ വൈറസ് വ്യാപനത്തെ അത് ക്ഷണിച്ചു വരുത്തും എന്ന ചിന്തയെ ഒറ്റവാക്കിൽ ഒതുക്കിയിരിക്കയാണിവിടെ…

എല്ലാ ജനവിഭാഗങ്ങൾക്കും സന്തോഷമുള്ള ഒന്നാണ് കഠിനാദ്ധ്വാനത്തിന് ഭൂമി കനിഞ്ഞ് നൽകുന്ന കൊയ്ത്ത് കാലം. അതുകൊണ്ട് വിളവെടുപ്പ് എല്ലാവർക്കും ആഘോഷം തന്നെയാണ്. സ്വാഭാവികമായി അങ്ങനെയുള്ള ആഘോഷങ്ങളോട് ചേർന്ന് അവരവരുടെ മത വിശ്വാസങ്ങൾക്കനുസൃതമായ ഐതിഹ്യങ്ങളും ചമയ്ക്കപ്പെട്ടു. ഓണാഘോഷത്തിന് പിന്നിൽ ഹൈന്ദവ പുരാണമാണുള്ളത്. അത്തരം കഥകളിലെ വൈരുദ്ധ്യങ്ങളും വചനവിരുദ്ധതയും ഒത്തിരി ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതിനാൽ വീണ്ടും ആവർത്തിക്കുന്നില്ല.

‘ഉള്ളതുകൊണ്ട് ഓണം പോലെ’ എന്ന ശൈലിയും മലയാളിക്ക് സുപരിചിതമാണ്. നാളെയേക്കുറിച്ച് ചിന്തയില്ലാതെ, കൈയിലുള്ള പൈസ കൊണ്ട് ആഘോഷമായി ജീവിക്കുന്നവരെക്കുറിച്ചാണിങ്ങനെ പറയുന്നത്. അപരനെ ചതിച്ചിട്ടായാലും എനിക്ക് ആഘോഷിക്കണമെന്ന ആർത്തിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് പത്തനംതിട്ടയിലെ പോപ്പുലർ ഫൈനാൻസിൽ സംഭവിച്ചത്.

ആഘോഷത്തിമിർപ്പുകൾക്കിടയിൽ അവഗണിക്കപ്പെട്ടു പോകരുതാത്ത പല കാര്യങ്ങൾ വചനം ചൂണ്ടിക്കാണിക്കുന്നുണ്ട്. അവയിൽ ചിലതു മാത്രം താഴെ കുറിക്കട്ടെ. മുന്നറിയിപ്പുകൾ അവഗണിക്കാതെ ജീവിച്ചാൽ അപകടങ്ങളെ ഒഴിഞ്ഞു പോകാം….!

*സൂക്ഷിച്ചോണം*

▪️യഹോവ നാവിൽ തരുന്നതു മാത്രം സംസാരിക്കാൻ പ്രവാചകർ…..(സംഖ്യാ.23:12).
▪️യഹോവ വിരോധിച്ചതു പോലെ യാതൊന്നിൻ്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിക്കാൻ…(ആവ.4:23).
▪️ഹോമയാഗങ്ങൾ ബോധിക്കുന്നേടത്തൊക്കെയും കഴിക്കാതിരിക്കാൻ…(ആവ.12:13).
▪️മനുഷ്യർ കാണേണ്ടതിനു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിക്കാൻ…(മത്താ.6:1).
▪️ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിക്കാൻ…(മത്താ.18:10).
▪️ക്രിസ്തുവിൻ്റെ പേരിൽ ആരും നിങ്ങളെ തെറ്റിക്കാതിരിക്കാൻ…. (മത്താ. 24:4).
▪️നിങ്ങളിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ… (ലൂക്കൊ.11:35).
▪️ആകാത്ത വേലക്കാരെ….(ഫിലി.3:2).
▪️നമ്മെത്തന്നെയും ഉപദേശത്തെയും…(1 തിമൊ.4:16).
▪️കേട്ട വചനം ഒഴുകിപ്പോകാതിരിക്കാൻ… (എബ്രാ.2:1).

പ്രിയമുള്ളവരേ,

ആഘോഷത്തിൻ്റെ മൂഡിലായിരിക്കുന്നവർ പല മുന്നറിയിപ്പുകളെയും അവഗണിക്കാറുണ്ട്. അവർ കാളക്കുട്ടിയെ ഉണ്ടാക്കും…
മൂഢനായ ധനവാനും അത്തരമൊരു മൂഡിലായിരുന്നു. അതുകൊണ്ട് അപ്രതീക്ഷിതമായി സൗഭാഗ്യങ്ങൾ ലഭിച്ചവൻ അവയോടൊപ്പം നിത്യതയെയും നഷ്ടമാക്കി….
നമുക്കങ്ങനെ സംഭവിക്കാതിരിക്കാൻ സൂക്ഷിക്കാം…..!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.