ചെറു ചിന്ത : അമ്മ മറന്നാലും | സോനു സക്കറിയ ഏഴംകുളം

ഒരു കഥ ഇപ്രകാരം കേട്ടിട്ടുണ്ട്. ഒരിക്കൽ ഒരു അമ്മക്കുരങ്ങ് തൻറെ പിഞ്ചുകുഞ്ഞുമായി ഒരു നദി കടക്കുമ്പോൾ ജലപ്രളയത്തിൽ അകപ്പെട്ടു. കുത്തിയൊലിച്ചുവരുന്ന വെള്ളത്തിന്നു നടുവിൽ ഒരു ചെറിയ പാറയിൽ ആ ജീവി എങ്ങനെയോ അള്ളിപ്പിടിച്ചു കയറിനിന്നു. ജലത്തിന്റെ അളവ് ഓരോ നിമിഷത്തിലും വർധിച്ചുവരുന്നത് നോക്കിക്കൊണ്ട്, തൻറെ കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ച് ആ ജീവി നിന്നു. വെള്ളം പാദങ്ങളെ കവിഞ്ഞു, മുട്ടോളമെത്തി; അരയോളമായി. തൻറെ കുഞ്ഞിനെ ചേർത്തുപിടിച്ച്, കാലുകൾ കഴിയുന്നത്ര ഉറപ്പിച്ച്, ആ തള്ളക്കുരങ്ങ് അചഞ്ചലയായി നിന്നു. പ്രളയജലം ഉയർന്നുകൊണ്ടേയിരുന്നു. നിമിഷങ്ങൾക്കകം നെഞ്ചിനു മുകളിൽ വെള്ളം ഉയരുമെന്നും, തൻറെ കുഞ്ഞ് മുങ്ങിപ്പോകുമെന്നും ആ അമ്മ തിരിച്ചറിഞ്ഞു. തൻറെ ജീവൻറെ ജീവനായ ആ കുരുന്നിനെ രക്ഷിയ്ക്കാൻ എന്ത് ത്യാഗത്തിനും താൻ തയ്യാറാണ് എന്ന ദൃഢനിശ്ചയത്തോടെ, ആ സ്നേഹനിധിയായ മാതാവ് അതിനെ തൻറെ തലയ്ക്കു മുകളിലേക്ക് എടുത്തുയർത്തി നിൽപാരംഭിച്ചു.

പതിയെപ്പതിയെ വെള്ളം നെഞ്ചോളമെത്തി, കഴുത്തൊപ്പമായി, അതിനും മേലേയ്ക്ക് ഉയരാൻ തുടങ്ങി. ജലനിരപ്പിന് മുകളിലേക്ക് തൻറെ തല ഉയർന്നുനിൽക്കുന്നതിനായി പാദങ്ങൾ പരമാവധി ഉയർത്താൻ ആ കുരങ്ങ് ശ്രമിച്ചു. തലയ്ക്കു മുകളിൽ താൻ ഉയർത്തി പിടിച്ചിരിക്കുന്ന കുഞ്ഞിൻറെ ഭാരം കൂടിയുള്ളത് കൊണ്ട് അതിനു കഴിഞ്ഞില്ല. വെള്ളം തലയ്ക്കുമേലെയെത്തി; ഇനിയെന്താണ് വഴി?

അപ്രതീക്ഷിതമായത് അപ്പോൾ സംഭവിച്ചു. തൻറെ ജീവൻ ഇപ്പോൾ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ ആ അമ്മക്കുരങ്ങ് ആ കുഞ്ഞിനെ താഴേയ്ക്കിട്ടു, ശേഷം അതിനുമുകളിൽ കയറിനിന്നു. ശ്വാസം നഷ്ടപ്പെടുമെന്ന അവസ്ഥയിൽ സ്വയം രക്ഷപെടുവാനായി മറ്റെല്ലാം ആ ജീവി മറന്നു പോയി.

ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ് ഇവിടെ പ്രതിപാദിച്ച കഥയിൽ നിന്നുള്ള പാഠം. ഒരു മാതാവ് സ്വന്തം കുഞ്ഞിനെ ഒരിക്കലും കൈവിടുകയില്ല എന്ന് നാം പറയാറുണ്ട്. പക്ഷെ, സാഹചര്യങ്ങൾ ഏറ്റവും പ്രതികൂലമാകുന്ന സമയത്തൊ, സ്വന്തം നിലനിൽപ്പിനു വേണ്ടിയൊ അതു ചെയ്തേക്കാം.

ഒരു കുരങ്ങിൻറെത് എന്ന് ന്യായം പറഞ്ഞ് ഈ ഉദാഹരണത്തെ മാറ്റിനിർത്താനാവില്ല. ദേശത്തു ക്ഷാമം വർധിച്ചപ്പോൾ, സ്വന്തം കുഞ്ഞിനെ ഭക്ഷണമാക്കി വിശപ്പകറ്റിയ ഉദാഹരണം ബൈബിളിൽ നിന്ന് തന്നെ നാം വായിക്കുന്നുണ്ട്. അനേക സംഭവങ്ങൾ മുൻകാലങ്ങളിൽ, നമ്മുടെ മലയാളി സമൂഹത്തിൽ നിന്ന് തന്നെ നാം കണ്ടിട്ടുണ്ട്. ഈ കാലഘട്ടത്തിൽ അത്തരം സംഭവങ്ങൾ വർധിച്ചിരിക്കുന്നു. സ്വന്ത സൗകര്യങ്ങൾക്കായി മക്കളെയും പ്രിയപ്പെട്ടവരെയും മറന്നുപോകുന്ന വേദനാജനകമായ അനുഭവങ്ങൾ.

എന്നാൽ, ദൈവത്തിനു നമ്മോടു പറയുവാനുള്ളത് എന്തെന്ന് യെശയ്യാ പ്രവാചകൻറെ പുസ്തകത്തിൽ നിന്ന് വായിക്കാം – “ഒരു സ്ത്രീ തൻറെ കുഞ്ഞിനെ മറക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കുകയില്ല”.

ഓർക്കുക, ലോകത്തിലെ ഒരു ബന്ധവും മാറിപ്പോകാത്തതല്ല; പരമാവധി കല്ലറ വരെ മാത്രമേയുള്ളൂ എല്ലാം. ഒരിക്കലും കൈവിടാത്ത ഒരേയൊരു സ്നേഹബന്ധമേയുള്ളു. അത് നമ്മുടെ കർത്താവിന് നമ്മോടുള്ള സ്നേഹമാണ്; നിത്യതയോളം നിലനിൽക്കുന്നതാണ്. ലോകത്തിലെ ഒന്നിൻറെയും പേരിൽ, ആ സ്നേഹത്തിൽ നിന്ന് അകന്നുപോകാൻ നമുക്ക് ഇടവരാതിരിക്കട്ടെ.

സോനു സക്കറിയ ഏഴംകുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.