ചെറു ചിന്ത: എന്‍റെ ദൈവമേ… എന്‍റെ ദൈവമേ… നീ എന്നെ കൈ വിട്ടതെന്ത് | അനീഷ്‌ ജോസഫ്‌ സലാല

മൂന്നാണികളിൽ തൂങ്ങി കിടക്കുമ്പോൾ യേശു താൻ നേരിട്ട പീഡന പരമ്പരയെ ഓർത്തിട്ട് പറഞ്ഞ വാക്കുകളല്ലിത്. താൻ നിരന്തരം അനുഭവിച്ചുകൊണ്ടിരുന്ന പിതാവാം ദൈവത്തിന്റെ സാനിധ്യം കുറച്ചു സമയത്തേക്ക് ഇല്ലാതായപ്പോഴുള്ള യേശുവിന്റെ നിലവിളിയാണിത് .

അന്നുവരെ പിതാവ് മുഖംതിരിച്ചു കളഞ്ഞ അനുഭവം യേശുവിനുണ്ടായിട്ടില്ല . പലവിധമായ സാഹചര്യങ്ങളിൽ യേശുവിനെ തകർത്തുകളയുവാൻ പിശാച് ശ്രമിച്ചെങ്കിലും അവിടെയെല്ലാം പിതാവിന്റെ മുഖശോഭയാണ് യേശുവിനെ വഴി നടത്തിയത്.
ഒരു വലിയ ദൗത്യവുമായി പൂർണ്ണ മനുഷ്യനെന്ന നിലയിൽ ഭൂമിയിലേക്ക് വരുമ്പോൾ തന്നെ അയച്ച പിതാവിന്റെ സാന്നിധ്യത്തിനകത്ത് ജീവിച്ച യേശു, താൻ പിടിക്കപ്പെട്ടതുമുതൽ പ്രാണൻ പോകുന്നതുവരെയുള്ള സമയം പിതാവ് മുഖം മറച്ചുകളഞ്ഞതിന്റെ അതി വേദന ഹൃദയത്തിൽ താങ്ങുവാൻ കഴിയാതെ, ജീവൻ ശരീരത്തിൽ നിന്നും പോകുമ്പോഴുള്ള വേദനയേക്കാൾ പിതാവിന്റെ മുഖത്തിന് പ്രാധാന്യം കൊടുത്തവൻ വിറയ്ക്കുന്ന ചുണ്ടുകളോടെ ഗോല്ഗോഥാ മലമുകളിൽ കിടന്നു ഉറക്കെ നിലവിളിക്കുകയാണ്..

എന്റെ ദൈവമേ……… എന്റെ ദൈവമേ…… നീ എന്നെ കൈ വിട്ടതെന്ത് …!!!

പിതാവ് തന്റെ മുഖം മറച്ചത് കണ്ടിട്ട് യേശുവിനു തന്നെത്താൻ രക്ഷിച്ച് , ഒരു നിമിഷത്തിൽ താൻ ദൈവമാണെന്ന് തെളിയിക്കാൻ സാധിക്കുമായിരുന്നെങ്കിലും അതിനു മുതിരാതെ ക്രൂശിൽ കിടന്നു നിലവിളിക്കുക മാത്രം ചെയ്തതിലൂടെ വലിയൊരു സന്ദേശമാണ് യേശു പകർന്നു തന്നത് . “സ്വയം പര്യാപ്തത വന്നിട്ടുണ്ടെങ്കിലും പിതാവിന്റെ സമയത്തിനായി കാത്തിരിക്കുന്ന മകൻ” .

എന്റെ ദൈവമേ……… എന്റെ ദൈവമേ…… നീ എന്നെ കൈ വിട്ടതെന്ത് …!!!
എന്ന് സ്വന്ത പുത്രൻ നിലവിളിക്കുമ്പോഴും മുഖം തിരിച്ചു കളഞ്ഞ പിതാവിനും പറയുവാനുണ്ടായിരുന്നു ഒരു പദ്ധതി.

“അന്ന് വരെ പുരോഹിതന്മാർക്ക് മാത്രം അവകാശമായിരുന്ന…, ദൈവ സാന്നിധ്യവും , ദൈവ മഹത്വവും ഇറങ്ങിവരുന്ന “അതിവിശുദ്ധ സ്ഥലത്തിന്റെ” മുൻപിലുണ്ടായിരുന്ന തിരശീല…., പുരോഹിതർ ഒഴികെയുള്ളവർക്ക് കാണുവാൻ കഴിയാതെ അതിവിശുദ്ധ സ്ഥലം മറച്ചുവെച്ചിരുന്ന തിരശീല… , ദൈവത്തിനും മനുഷ്യനും ഇടയിൽ ഒരു തടസ്സമായി നിന്ന തിരശീല….. മേൽതൊട്ട് അടിവരെ രണ്ടായി ചിന്തിപ്പോയി”.

സ്വന്ത മകന് മുഖം മറച്ചുകളഞ്ഞിട്ട് കോടാനുകോടി പാപികളെ ദൈവസാനിധ്യം എന്താണെന്നു അറിയിക്കുവാനുള്ള പദ്ധതി അവിടെ പൂർണ്ണമായി.

********************

ജീവിതത്തിന്റെ തീച്ചൂളകളിൽ വെന്തെരിയുമ്പോ പലരും ഈ വാക്കുകൾ കടമെടുക്കാറുണ്ട് .

എന്റെ ദൈവമേ……… എന്റെ ദൈവമേ…… നീ എന്നെ കൈ വിട്ടതെന്ത് …!!!

എന്നാൽ ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന കഷ്ട നഷ്ടങ്ങളെ ഓർത്തിട്ടാണോ ഈ നിലവിളി നമ്മിൽ ഉണ്ടാകുന്നത് ..? അതോ മറ്റെല്ലാ വേദനകളെക്കാളും ഉപരിയായി ദൈവ സാനിധ്യം നഷ്ട്ടപെടുമ്പോളുള്ള വേദന അനുഭവിക്കുമ്പോഴാണോ..?

ഒന്നാമത്തേതാണെങ്കിൽ ആമുഖം നിങ്ങൾക്ക് വേണ്ടിയുള്ളതാണ് , ക്രിസ്തു അനുഭവിച്ച വേദനകളെക്കാൾ വലുതൊന്നും നമ്മുടെ ജീവിതത്തിലും വരാനില്ലെന്നിരിക്കെ ദൈവ സാന്നിധ്യത്തിനാണ് പ്രാധാന്യം എന്ന് തിരിച്ചറിയുവാനുള്ള ആഹ്വാനം…

രണ്ടാമത്തേതാണെങ്കിൽ നാം അനുഭവിക്കുന്ന കഷ്ടങ്ങളുടെ മറുഭാഗത്ത് ഒരു വലിയ ദൈവ പ്രവർത്തി വെളിപ്പെടാനുണ്ട് . അതിനായി ഒരല്പം കാത്തിരിക്കണമെന്നു മാത്രം. പ്രവർത്തി പൂർണ്ണമാവുകതന്നെ ചെയ്യും..!!

– Ashish Joseph Salalah

-Advertisement-

You might also like
Comments
Loading...