ചെറു ചിന്ത: യാത്രയിൽ അനുഗമിക്കുന്ന നിഴൽ മനുഷ്യൻ | ബിജോ മാത്യു പാണത്തൂർ

യാത്രയിൽ അനുഗമിക്കുന്ന നിഴൽ മനുഷ്യൻ..

മനുഷ്യൻ ഉള്ള കാലം മുതലേ അന്ധവിശ്വാസങ്ങൾ ഈ ഭൂമിയിൽ എല്ലായിടത്തും ഉണ്ട്. അത് പല സംസ്കാരങ്ങളുമായും മനുഷ്യരുമായും ബന്ധപ്പെട്ടു കിടക്കുന്നു. പലയിടത്തും പല രീതിയിലുള്ള അന്ധവിശ്വാസങ്ങൾ ഉണ്ട്. ശാസ്ത്രം ഇത്രയേറെ വളർന്നിട്ടും ആളുകൾ അന്ധവിശ്വാസങ്ങളിൽ നിന്ന് മോചിതരായിട്ടില്ല.

അത് തലമുറയിൽ നിന്ന് മറ്റൊരു തലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. അന്ധവിശ്വാസങ്ങളെ ഒരു പരിധിവരെ തുടച്ചെറിഞ്ഞു കളഞ്ഞത് സുവിശേഷവും അത് പ്രചരിപ്പിക്കാൻ എത്തിയ മമിഷണറിമാരുമാണ്.

സ്കോട്ട്‌ലൻഡിലെ രണ്ടാമത്തെ ഉയർന്ന പർവതമാണ് ബെൻ മക്ദൂയി. ഇത് മഞ്ഞുനിറഞ്ഞ, ഒറ്റപ്പെട്ട്, വിജനമായി കിടക്കുന്ന ഒരു പർവതമാണ്. ആളുകൾ വർഷങ്ങളായി ഇത് കയറിയിറങ്ങുന്നുണ്ട്. എന്നാൽ സയന്റിസ്റ്റ് ആയിരുന്ന ജോൺ നോർമാൻ എന്ന വ്യക്തി 1925ൽ ഒറ്റയ്ക്ക് ഈ മല കയറി. പകൽസമയത്ത് ആയിരുന്നു ഇദ്ദേഹം മല കയറിയത്.

എന്നാൽ പർവ്വതത്തിന്റെ ഏറ്റവും മുകളിൽ എത്തിയപ്പോൾ മുതൽ ജോൺ നോർമാനെ വല്ലാത്തൊരു ഭയം പിടികൂടാൻ തുടങ്ങി. മറ്റൊന്നുമല്ല ഇദ്ദേഹത്തെ ആരോ അനുഗമിക്കുന്നുണ്ടോ എന്ന് ഒരു തോന്നൽ അദ്ദേഹത്തിന്റെ മനസ്സിൽ കടന്നുകൂടി. അതെന്താണ് എന്ന് അദ്ദേഹത്തിന് ആദ്യം മനസ്സിലായില്ല.

എന്നാൽ അദ്ദേഹം ഒരു കഥ കേട്ടിരുന്നു. ഈ മലനിരകളിൽ മനുഷ്യന് സമാനമായുള്ള ഒരു ജീവി ജീവിക്കുന്നുണ്ടെന്നായിരുന്നു അത്. ആളുകൾ അതിനെ ബിഗ് ഗ്രമാൻ എന്നാണ് വിളിച്ചിരുന്നത്. തന്റെ പുറകിൽ അകലം വിട്ട അനുഗമിക്കുന്നത് ബിഗ് ഗ്രെ മാൻ ആണോ എന്നൊരു സംശയം അദ്ദേഹത്തിനുണ്ടായി. കാരണം വലിയ ഭീമാകാരനായ ഒരു ജീവി കുറച്ച് അകലെയായി നിൽക്കുന്നത് അദ്ദേഹം കണ്ടു.

അദ്ദേഹം ഭയപ്പെട്ടു മലയിറങ്ങി. എന്തായാലും ഇങ്ങനെ ഒരു ജീവിയെ അദ്ദേഹം നേരിട്ട് കണ്ടു. അദ്ദേഹം ഒരു ശാസ്ത്രജ്ഞനാണ്, താഴെ വന്ന് ബിഗ് ഗ്രെ മാൻ എന്ന സാധനത്തെ കണ്ടുവെന്ന് റിപ്പോർട്ട് ചെയ്തപ്പോൾ അത് അന്നത്തെ പത്രങ്ങളിലൊക്കെ വലിയ വാർത്തയായി.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് നോർമാന് ഒരു വലിയ അബദ്ധം പറ്റിയെന്ന് മനസ്സിലായത്. ഇങ്ങനെ ഒരു ജീവിയെ അദ്ദേഹം അവിടെ കണ്ടിട്ടേയില്ല!! അദ്ദേഹത്തിന് തോന്നിയതാണ്. എങ്ങനെയാണ് ഈ തോന്നൽ ഉണ്ടായത്? അദ്ദേഹം കണ്ട സ്ഥലത്ത് ശരിക്കും ഒരു ജീവിയുടെ നിഴൽ ഉണ്ടായിരുന്നു. പക്ഷേ അത് അദ്ദേഹത്തിൻറെ തന്നെയായിരുന്നു!!

“ബ്രോക്കൺ ബോ” എന്ന് വിളിക്കുന്ന ഒരു ശാസ്ത്രീയ പ്രതിഭാസമായിരുന്നു അദ്ദേഹം കണ്ടത്. ഇത്തരം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒരാൾ ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഒരു വശത്ത് സൂര്യനും മറുവശത്ത് അല്പം താഴ്ന്ന നിലയിൽ പുകയോ മഞ്ഞൊ ഒക്കെയു ണ്ടെങ്കിൽ നിൽക്കുന്ന ആളിന്റെ നിഴൽ ഈ മഞ്ഞിൽ പതിയുകയും, അത് ആളിന്റെ രണ്ടോ മൂന്നോ ഇരട്ടി വലിപ്പമുള്ളതായി തോന്നുകയും ചെയ്യും.

തലയൊക്കെ അല്പം തിളങ്ങുന്നതും വികൃത രൂപത്തിലും ഒക്കെ ഈ നിഴൽ കാണപ്പെടും. പക്ഷേ ഇത് മനസ്സിലാക്കാത്തവർ ഭയപ്പെടുകയും ഒരു ഭീകരജീവിയെ കണ്ടെന്നു പറയുകയും അത് പിന്നീട് നാട്ടിലൊക്കെ പാട്ടായി മാറുകയും ചെയ്യും.

ആ ചെറുപ്പക്കാരൻ പൈലറ്റ് കണ്ടത് എന്താണ്?

ഓസ്ട്രേലിയക്കും അതിന് തെക്കുള്ള ടാൻസ്മാനിയയ്ക്കും ഇടയ്ക്കുള്ള സമുദ്ര ഭാഗത്തെ “ബാസ് ഉൾക്കടൽ” എന്നാണ് വിളിക്കുന്നത്.ഈ ബാസ് ഉൾക്കടലിൽ ഒരു ദ്വീപുണ്ട്. പേര് “കിംഗ്സ് ഐലൻഡ്” കിംഗ്സ് ഐലൻഡ് 17-18 നൂറ്റാണ്ടുകൾ മുതൽ ദുരൂഹതയ്ക്ക് പേരുകേട്ട സ്ഥലമാണ്. അതിന് കാരണം ബാസ് ഉൾക്കടലിൽ നടന്നിട്ടുള്ള നിരവധി കപ്പലപകടങ്ങൾ തന്നെയാണ്.

60 ഓളം കപ്പലപകടങ്ങൾ ഈ ദ്വീപിനടുത്ത് നടന്നിട്ടുണ്ട്. ധാരാളം ആളുകൾ മരിച്ചിട്ടുമുണ്ട്. അതിഭയങ്കരമായ തിരമാലകളും ചുഴലിക്കാറ്റുകളും അടിക്കുന്ന സ്ഥലമാണ് ബാസ് ഉൾക്കടൽ. ഈ കടലിൽ ധാരാളം അപകടങ്ങൾ നടന്നിട്ടുള്ളതിനാൽ ആളുകൾ ഈ കടലിൽ തന്നെയുള്ള കിംഗ് ഐലന്റിൽ താമസിക്കാൻ ഭയപ്പെട്ടിരുന്നു.

1978 ഒക്ടോബർ 23 തീയതി ശനിയാഴ്ച വൈകുന്നേരം ഓസ്ട്രേലിയയുടെ മെയിൻ ലാൻഡിൽ നിന്ന് ഫെഡറിക് എന്ന ഒരു ചെറുപ്പക്കാരൻ തൻറെ ഒറ്റ എൻജിനുള്ള ചെറിയ വിമാനത്തിൽ കിംഗ്സ് ഐലൻഡ് ലക്ഷ്യമാക്കി പറക്കുന്നുണ്ടായിരുന്നു. കിങ്സ് ഐലൻഡിൽ എത്തണമെങ്കിൽ സ്വാഭാവികമായും ബാസ് ഉൾക്കടലിനു മുകളിലൂടെ പറക്കണം.

വൈകുന്നേരം 6: 19 ആയപ്പോഴേക്കും ഓസ്ട്രേലിയയിലുള്ള എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷനിൽ ബന്ധപ്പെട്ടിട്ട് ഇവൻ ഭീതിയോടെ ചോദിക്കുകയാണ് “ഈ ഭാഗത്ത് മറ്റേതെങ്കിലും വിമാനങ്ങൾ പറക്കുന്നുണ്ടോ?” എയർ ട്രാഫിക് കൺട്രോളർ മറുപടി പറഞ്ഞു “ഒരു വിമാനവും ഈ ഭാഗത്തില്ല” രണ്ടാമതായി ട്രാഫിക് കൺട്രോളർ ചോദിച്ചു “അത് വിമാനങ്ങൾ തന്നെയാണോ എന്ന് നോക്കൂ.”

അപ്പോൾ ഫെഡറിക് പറഞ്ഞു: “രണ്ട് വസ്തുക്കൾ എൻറെ വിമാനത്തിന് കുറച്ച് മീറ്ററുകൾ മാത്രം ഉയരത്തിൽ പറക്കുന്നു അതിൽ നിന്നും മഞ്ഞയും ചുവപ്പും നിറത്തിലുള്ള പ്രകാശം വരുന്നുണ്ട്” ട്രാഫിക് കൺട്രോളർ പറഞ്ഞു “നിങ്ങൾ ഭയക്കേണ്ട, കൃത്യമായി ദിശ നോക്കി വിമാനം പറത്തൂ”. എന്നാൽ ഫെഡറിക് പറഞ്ഞത്: “എനിക്ക് ദിശ കണ്ടുപിടിക്കാൻ ആവുന്നില്ല പറക്കുന്ന അജ്ഞാത വസ്തു എൻറെ നേർക്ക് വരുന്നു.. ഉറപ്പായും അതൊരു വിമാനം അല്ല അതൊരു…” എന്ന് പറഞ്ഞ് സംഭാഷണം മുറിഞ്ഞു പോയി.

ഓസ്ട്രേലിയൻ ഏവിയേഷൻ ഒരു ബാക്ക് അപ്പ് വിമാനം ഈ റൂട്ടിലൂടെ വിട്ടെങ്കിലും അവർക്ക് ഫെഡറിക്കിനെയോ, വിമാനത്തെയോ കണ്ടെത്താൻ കഴിഞ്ഞില്ല. അന്ന് അപ്രത്യക്ഷമായ ആ വിമാനം ഇന്നോളം ആരും കണ്ടെത്തിയിട്ടില്ല. ദുരൂഹത ഇന്നും തുടരുന്നു.

ഇനി ചോദ്യം: വാസ്തവത്തിൽ ഫെഡറിക്ക് എന്താണ് കണ്ടത്? ഫെഡറിക്ക് എന്ന ചെറുപ്പക്കാരൻ പൈലറ്റിന് വെറും 150 മണിക്കൂർ വിമാനം പറപ്പിച്ചിട്ടുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാത്രി വിമാനം പറത്തിയിട്ടുമില്ല. ഇതേ അനുഭവം ലോകത്തുള്ള പല വൈമാനികർക്കും ഉണ്ടായിട്ടുണ്ട്. അദ്ദേഹം വിമാനം പറപ്പിച്ച സമയം വൈകിട്ട് ആറ് മണി കഴിഞ്ഞാണ്.

അതായത് സൂര്യൻ അസ്തമിച്ചതിന് തൊട്ട് ശേഷം. ഈ സമയം ആകാശത്ത് ഒരു പ്രതിഭാസം ഉണ്ട് “ഗ്രേവിയാഡ് സ്പൈറൽ” എന്നാണ് ഇതിന്റെ പേര്. ഇതൊരു ശാസ്ത്രീയ പ്രതിഭാസമാണ്. നമുക്ക് വട്ട് ഉണ്ടാക്കുന്ന രീതിയിലുള്ള ഒരു പ്രതിഭാസം.

അതായത് നമ്മൾ അതുവരെ കണ്ടുകൊണ്ടിരുന്ന സൂര്യൻ അസ്തമിച്ച് ചക്രവാളത്തിനകത്തേക്ക് മറയുമ്പോൾ ഒരു റഫറൻസിന് ഈ അനന്തമായ ആകാശത്ത് ഒന്നുമില്ലാതാവും. പരിചയക്കുറവുള്ള വൈമാനികർക്ക് പെട്ടെന്ന് ദിക്കറിയാൻ കഴിയാത്ത ഒരു അവസ്ഥയുണ്ടാവും.

ഫെഡറിക്കിന് 150 മണിക്കൂർ വിമാനം പറപ്പിച്ചിട്ടുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാത്രി പറപ്പിച്ചിട്ടുമില്ല. ഇങ്ങനെ ഒരു പ്രതിഭാസത്തെക്കുറിച്ച് യാതൊരു അറിവുമില്ല. അതുകൊണ്ട് പെട്ടെന്ന് ഇങ്ങനെ ഒരു പ്രതിഭാസത്തിൽ പെട്ടുപോയ ഫെഡറിക് ഭയപ്പെട്ടുപോയി. ദിശ തെറ്റി. എന്ത് ചെയ്യണമെന്നറിയാതെയായി.

അതുപോലെ അദ്ദേഹം കണ്ട ലൈറ്റ് എന്താണ്? സൂര്യൻ അസ്തമിച്ച് കഴിഞ്ഞാൽ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന തിളങ്ങുന്ന വലിയ വസ്തുക്കൾ സിറിയസ് എന്ന നക്ഷത്രം, ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങൾ എന്നിവയാണ്.ഇത് അദ്ദേഹം വിമാനത്തിൽ ഇരുന്നു കാണുന്നതുകൊണ്ട് അല്പം കൂടെ വലിപ്പവും, തിളക്കവും തോന്നിയിട്ടുണ്ടാവും.

മറ്റൊരു കാര്യം അനുഗ്രഹജീവികൾ കഥകളിൽ വളരെ താല്പര്യമുള്ള ആളായിരുന്നു ഫെഡറിക്. യു. എ.ഫ് ഓകളെ കുറിച്ച് പഠിക്കുന്ന വ്യക്തി ആയിരുന്നു അദ്ദേഹം.അങ്ങനെ അദ്ദേഹം ഉറപ്പിച്ചു ഏതോ അന്യഗ്രഹ ജീവികൾ തൻറെ വിമാനത തട്ടിക്കൊണ്ടുപോകാൻ വരുന്നതാണ്.

വാസ്തവത്തിൽ ഗ്രേവിയാർഡ് സ്പൈറലിന്റെ പ്രത്യേകത വിമാനം കിടന്ന് കറങ്ങിക്കൊണ്ടിരിക്കും. പിന്നെ എവിടെയെങ്കിലും ക്രാഷ്ലാൻഡ് ചെയ്യും. അതാണ് പിന്നീട് അന്വേഷിച്ചിട്ടും ഈ വിമാനം കിട്ടാതിരുന്നത്. ഗ്രേവിയാർഡ് സ്പൈറലാണ് പല വിമാന ദുരന്തങ്ങളുടെ പിന്നിലെന്നും തെളിഞ്ഞിട്ടുണ്ട്.

പകൽ മാത്രം വരുന്ന ഫ്ലൈയിങ് ഡച്ച്മാൻ…!!

പതിനേഴാം നൂറ്റാണ്ടിൽ നിറയെ ആളുകളുമായി വന്ന ഒരു ഡച്ച് കപ്പൽ സൗത്ത് ആഫ്രിക്കയുടെ തീരത്ത് വച്ച് കാറ്റിലും, തിരയിലും പെട്ട് മുങ്ങി. ആ കപ്പലിൽ നിന്ന് ആരും തന്നെ രക്ഷപ്പെട്ടില്ല. എന്നാൽ ചില വർഷങ്ങൾക്ക് ശേഷം ചില നാവികർ പകൽ സമയത്ത് ദൂരെ നിന്ന് പറക്കുന്ന നിലയിൽ ഒരു കപ്പലിനെ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജല ഉപരിതലത്തിന് അല്പം മീറ്ററുകൾ മുകളിലൂടെ വളരെ ദൂരെയായി കടലിൽ പറന്നു പോകുന്ന നിലയിൽ ഒരു കപ്പൽ പല കപ്പലിന്റെ കപ്പിത്താന്മാരും കാണുകയും, റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അത് സൗത്താഫ്രിക്കയുടെ തീരത്ത് മുങ്ങിയ പതിനേഴാം നൂറ്റാണ്ടിലെ ഫ്ലയിംഗ് ഡച്ച്മാൻ ആണ് എന്ന് ഒരു കഥ നാവികരുടെ ഇടയിൽ പ്രചരിക്കുകയും, ഈ കപ്പൽ ഒരു പ്രേത കപ്പലാണ് എന്ന് ആളുകൾ വിശ്വസിക്കുകയും ചെയ്തു.

പകൽ സമയത്ത് മാത്രമാണ് ഈ കപ്പൽ വരുന്നതെന്നും, ഈ കപ്പൽ ആദ്യമായി കാണുന്ന വ്യക്തി ഉടൻതന്നെ മരണപ്പെടുമെന്നും അതൊരു അശുഭ കരമായ കാഴ്ച ആയിരിക്കുമെന്നും നാവികർ വിശ്വസിച്ചചിരുന്നു. അങ്ങനെ പല അനിഷ്ട സംഭവങ്ങളും ഉണ്ടായതായി പല കപ്പിത്താന്മാരും അവരുടെ ഡയറിക്കുറിപ്പുകളിൽ എഴുതിവച്ചിട്ടുണ്ട്.

എന്നാൽ പകൽ സമയത്ത് മാത്രം വരുന്ന ഈ കപ്പൽ ഏതാണ്? നാവികർ പറഞ്ഞിരുന്നതുപോലെ ഫ്ലൈയിങ് ഡച്ച് മാൻ തന്നെയാണോ ഈ കപ്പൽ? അതെന്താണ് രാത്രിയിൽ ആരും ഈ കപ്പലിനെ കാണാത്തത്? ഈ കപ്പൽ പറക്കുന്നു എന്ന് ആളുകൾ പറയുന്നത് എന്തുകൊണ്ടാണ്? അടുത്തുനിന്ന് ആരും ഇതിനെ കണ്ടതായി പറയുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് നമുക്ക് നോക്കാം.

പ്രകാശത്തിന്റെ സഞ്ചാരമാണ് ഇവിടെ പ്രശ്നം. പകൽ സമയത്ത് കരയിൽ നിന്ന് നാം നോക്കുമ്പോൾ ഒരു കപ്പൽ ഭൂമിയുടെ ചക്രവാളത്തിന്റെ അറ്റത്ത് ആണെന്ന് കരുതുക. സ്വാഭാവികമായി നമുക്ക് ഈ ഒരു കാഴ്ച കാണുവാൻ സാധിക്കുന്നതല്ല. കാരണം ഭൂമിയുടെ ചക്രവാളത്തിന്റെ വൃത്താകൃതി മൂലം പ്രകാശരശ്മികൾ നേർരേഖയിൽ നമ്മുടെ കണ്ണുകളെക്കാളും എത്രയോ ഉയരത്തിലാണ് സഞ്ചരിക്കുന്നത്. എന്നാൽ സമുദ്രത്തിന്റെ ഉപരിതലത്തിലുള്ള താപനിലയെക്കാൾ അന്തരീക്ഷത്തിലെ താപനില കൂടുതലാണ്. ഇങ്ങനെ വ്യത്യസ്ത താപനിലയിലൂടെ പ്രകാശരശ്മികൾ സഞ്ചരിക്കുമ്പോൾ “റ” ആകൃതിയിൽ അല്പം താഴോട്ട് വളഞ്ഞ് പ്രകാശം സഞ്ചരിക്കുന്നു. ഈ പ്രകാശമാണ് നമ്മുടെ കണ്ണിലേക്ക് വരുന്നത്.

പ്രകാശം വളഞ്ഞാണ് വരുന്നതെങ്കിലും നമ്മുടെ തലച്ചോറിന് അത് അറിയാൻ കഴിയില്ല. തൽഫലമായി തലച്ചോർ പ്രകാശം നേരെയാണ് വരുന്നതെന്ന് ഒരു തോന്നൽ ഉണ്ടാക്കുന്നു.കപ്പൽ അന്തരീക്ഷത്തിൽ നിൽക്കുന്നതായിട്ട് നമുക്ക് തോന്നാനുള്ള കാരണം ഇതാണ്. ഈ ഒരു പ്രതിഭാസത്തെ “ഫാറ്റ മോർഗാന” എന്ന വിളിക്കുന്നു.

ഇത് എപ്പോഴും ഉണ്ടായിരുന്ന ഒന്നല്ല. ചില പ്രത്യേക താപനിലയും, കാറ്റിന്റെ ഗതിയും എല്ലാം ഒരുമിച്ച് വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇന്നും ചില സന്ദർഭങ്ങളിൽ ഇതുപോലെ സംഭവിക്കാറുണ്ട്. ആളുകൾ കണ്ടിരുന്നത് ഫ്ലൈയിങ് ഡച്ച് മാൻ അല്ല എന്നത് ഒരു സത്യമാണ്. മറ്റേതെങ്കിലും ഒരു കപ്പൽ ആവാം അത്.

നാം പറയുന്ന പല കാര്യങ്ങളുടെയും പിന്നിൽ ശാസ്ത്രീയമായ പല അടിത്തറകളുണ്ട്. എന്നാൽ പൊതുവായി പലയാളുകളും ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അവർക്ക് ഒരുപക്ഷേ ഇതിൻറെ പുറകിലുള്ള ശാസ്ത്രീയ വശങ്ങളെക്കുറിച്ച് അറിവില്ലായിരിക്കാം.

എന്നാൽ നെഗറ്റീവ് ആയിട്ടുള്ള ദുരൂഹതകൾ ഇപ്രകാരം സമൂഹത്തിൽ മുഴുവനായി പരക്കുകയും അത് ഒരു അന്ധവിശ്വാസമായി ആളുകളുടെ ഹൃദയത്തിൽ ഉറഞ്ഞു കൂടുകയും ചെയ്യുന്നു. എന്നാൽ അന്ധവിശ്വാസങ്ങളെ തച്ചുടയ്ക്കുന്ന ഒന്നാണ് ദൈവത്തിൻറെ വചനം. അന്ധവിശ്വാസത്തെ വിശ്വാസം കൊണ്ട് മാത്രമേ നമുക്ക് തകർക്കാൻ കഴിയു.

ജീവനുള്ള ദൈവത്തിലുള്ള വിശ്വാസത്തെ അരക്കെട്ട് ഉറപ്പിക്കുന്ന ദൈവവചന ത്തിന്റെ പ്രകാശം ഹൃദയങ്ങളിലേക്ക് ഇറങ്ങുമ്പോഴാണ് അന്ധവിശ്വാസങ്ങൾ ഓടി അകലുന്നത്. ദൈവത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് അന്ധമായ വിശ്വാസങ്ങളെ നോക്കേണ്ട ആവശ്യമില്ല.

അവൻറെ ജീവിതത്തെ മുഴുവനും നിയന്ത്രിക്കുന്നതു ദൈവമാണ്. ആ ദൈവത്തിൽ അടിയുറച്ച് വിശ്വസിച്ചുകൊണ്ട് ആത്മീയ പാതയിൽ വചനത്തിന്റെ സത്യത്തിൽ നമുക്ക് സഞ്ചരിക്കാം. ദൈവം എല്ലാവരെയും സഹായിക്കട്ടെ.

ബിജോ മാത്യു പാണത്തൂർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.