കവിത: ഒരു ഭ്രൂണത്തി൯െറ വിലാപം | സുജ സജി

എന്തെല്ലാം മോഹങ്ങളുമായി
എന്നമ്മ തൻ ഗ൪ഭ പാത്രത്തിൽ
പറ്റിച്ചേർന്നു വളർന്നു
അമ്മയിൻ നെഞ്ചിടിപ്പി൯
താളത്തിൽ സുഖമായി നിദ്രയിലായി എന്നുടെയുടപിറപ്പി൯ കലപില
പലവുരു കേട്ട് തുള്ളി ഞാനും. കാണാലോകത്തിലേക്ക് വന്നണയുവാൻ
നിത്യം പരിചിതമാകും എന്നമ്മയുടെ
മധുരമൂറും ശബ്ദവും കേട്ട്
കടലലകളിലൂടെ പൊന്ത്തടി
ഒഴുകുന്നതു പോലെയാ, ഉദരത്തിലൂടിയൊഴുകി നീങ്ങി
ഇരുളിൽ നിന്നും പുറം ലോക
കാഴ്ച കാണ്മാൻ കുതൂകമായ് മേവുമ്പോൾ
പൊടുന്നനവേ കൂർത്ത് മൂർത്ത
വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ച് പോയി
ഒരായിരം ആശകളെല്ലാം തകർന്ന നേരം പൊട്ടിക്കരഞ്ഞുകൊണ്ടാ രാത്രിയിൽ
ഉറങ്ങാതെ ഏങ്ങലടിച്ചു
കാണുവാനായി കൺകളിൽ മിന്നിയ
സ്വപ്നങ്ങൾ കീറി മുറിക്കപ്പെടും
ഇന്നൊരു രാത്രി കൂടി മാത്രം
അമ്മയി൯ ചൂടേറ്റു മയങ്ങാം
ഇല്ല ഈ രാത്രി മയങ്ങുവാനാവില്ല
അമ്മേ സുഖമായി ഉറങ്ങിയാലും
ഒരിക്കലും എന്നമ്മയ്ക്ക് ഭാരമാകുവാൻ
നിനച്ചിരുന്നില്ല ഞാൻ
സമ്മർദ്ദങ്ങൾക്ക് മുൻപിൽ ജനനീ
നി൯ നിസ്സഹായതയറിയുന്നു ഞാൻ
മകളായി ഗർഭപാത്രത്തിലുരുവായ്
എന്നതോ ഞാൻ ചെയ്ത പാതകം
ഈ ഭൂമി ആൺ കരുത്തി൯േറ മാത്രമോ?
അറിയില്ല അമ്മേ മകളായ്, സോദരിയായ്, ഭാര്യയായ്, അമ്മയായ് ജീവിക്കുവാ൯ അവകാശം എനിക്കുമില്ലേ
പതം പറച്ചിലുകൾക്കൊടുവിൽ
വിടർന്ന പുലരിയിലിടറുന്ന
പാദങ്ങളോടെ അമ്മ അവിടെയെത്തി
മൗനമാ൪ന്നതും ഉച്ച്ഛ്വാസഗതി വേഗങ്ങളിൽ
പരവശയായ അമ്മയുടെ മേനിയിൽ
സൂചിമുന തുളച്ചു കയറുന്നു
അമ്മ നിദ്രയിലാഴ്ന്നു പോയി
അരുതേ എന്നെ പിഴുതെടുക്കരുതേെയന്നുയരുന്ന ആർത്തനാദം ആര് കേൾക്കാൻ?
ഒടുവിൽ എന്നെയില്ലായ്മ ചെയ്യുവാനായിതാ,
ആയുധങ്ങളെന്നരികിലെത്തി.
പിച്ച നടക്കുവാനാശിച്ച കാലിലേക്കാദ്യത്തെ മുറിവ് അല്ല ച്ഛേദനം സംഭവിച്ചു.
എന്നമ്മയെ കെട്ടി പുണരുവാനാഗ്രഹിച്ച കരങ്ങളിലേക്ക് അടുക്കുകയായ് പിന്നേ,
അരുതേ കാലുകളില്ലെങ്കിലും കരങ്ങളില്ലെങ്കിലും എന്നുടെ ജീവനെ ബാക്കി വയ്ക്കൂ
കരൾ വിങ്ങുമെൻ വേദനയാരു കേൾക്കാൻ, ഇഞ്ചിഞ്ചായെന്നിലെയവസാന
മാംസക്കഷ്ണവും ചാപിള്ള കൂട്ടിലേക്ക് നിർദാക്ഷിണ്യമെറിഞ്ഞു
ഇനിയും ഒരു ജന്മമുണ്ടെങ്കിൽ മകളായി പിറക്കുവാനിടയാകരുതേ
ആരാരും കേൾക്കാതെ പോകുന്നെ൯ വിലാപഗീതം
-സുജ സജി-

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.