കവിത: കാൽവരി | റോജി തോമസ്സ്, ചെറുപുഴ
കാൽവറിക്കുന്നിൻ മുകളിൽ
കുരിശിന് മുമ്പിൽ
കാലം മുട്ടുകുത്തി നിന്നു;
രക്തരചിതമൊരു നിശ്ശബ്ദഗാനമായ്…
മനുഷ്യഹൃദയങ്ങളുടെ വേദനയിൽ
സ്നേഹത്തിന്റെ അർത്ഥം തെളിയുന്നു.
മുൾകിരീടം അവന്റെ നെറ്റിയിൽ
നിഴലായി ചുറ്റി;
ഓരോ മുൾമുനയിലും
ലോകത്തിന്റെ പാപപുകച്ചിൽ…
ഓരോ രക്തതുള്ളിയിലും
വീണ്ടെടുപ്പിന്റെ സ്നേഹസമുദ്രം.
വേദനയെ പുഞ്ചിരിയാക്കി,
പാപഭാരങ്ങൾ ചുമന്നിടുമ്പോൾ
മനുഷ്യനെ ദൈവം ചേർത്തണച്ചു.
കൈകൾ നീട്ടി കുരിശിൽ
ആണിയാലടിച്ചപ്പോൾ,
ആകാശം വേദനിച്ചു മങ്ങിയതായി;
ആണിമുനകൾ മാംസത്തിൽ അല്ലഹോ;
മനുജപാപത്തിന്റെ ആഴങ്ങളിൽ തന്നെ
പതിഞ്ഞിറങ്ങി.
“പിതാവേ, ഇവരോടു ക്ഷമിക്കേണമേ…”
ആ ശബ്ദമതു മേഘങ്ങളിൽ മറഞ്ഞില്ല;
എല്ലാ കുറ്റങ്ങളെയും കഴുക്കുന്ന മഴയായി
കാലത്തിന്റെ നെഞ്ചിൽ പൊഴിഞ്ഞു;
ശത്രുക്കൾക്കും അനുഗ്രഹമായി.
“പിതാവേ, എന്തിന് എന്നെ നീ കൈവെടിഞ്ഞു?”
ആകാശമധ്യേ മുഴങ്ങിയ വാക്കുകൾ!
എങ്കിലും ക്ഷമയുടെ ശബ്ദമായി;
അനുസരണത്താൽ കർമ്മനിരതനായി
കുരിശു പുണർന്നു.
ഇരുൾ പടർന്ന നിമിഷം,
പ്രകാശം ഒളിച്ചുകളഞ്ഞില്ല;
മരണം തോറ്റ നിമിഷത്തിൽ
ജീവൻ പുതുതായി ഉദിച്ചു.
മരണത്തിന്റെ കവാടത്തിൽ നിൽക്കുമ്പോൾ
ജീവൻ ഒരു വാതിൽ തുറന്നു.
കാൽവറിയുടെ കുരിശ്
വേദനയുടെ ചിഹ്നമല്ല,
അവസാനമെന്നു തോന്നുന്ന
ഓരോ നിമിഷത്തിനുള്ളിലും
ദൈവം എഴുതിയ ‘ആരംഭം’.
കാരണം അവിടെ ചൊരിഞ്ഞത്
അവസാനമറ്റ അനന്തസ്നേഹം.
ആ രക്തം അവസാന തുള്ളിയല്ല,
അനന്തതയുടെ ജീവനവിത്ത്;
ഇന്നും മനുഷ്യഹൃദയങ്ങളിൽ മുളച്ച്,
സ്നേഹത്തെ വീണ്ടും ജനിപ്പിക്കുന്ന
രക്ഷയുടെ പൊൻമണി വിത്ത്
വചനമാം സ്വർഗ്ഗീയ വിത്ത്
റോജി തോമസ്സ്, ചെറുപുഴ

- Advertisement -



Comments are closed, but trackbacks and pingbacks are open.