കവിത: അചഞ്ചലമീ ജീവിതം | കൃപ ഡാനിയേൽ

ചിരാചരം ബഹിർഗമിക്കും

അനർഗളം ജീവിതസാഗരം

സദാ ചരിക്കും മാനുഷകുലം.

അകം കാന്തി മിന്നും ഉജ്വലചിന്തകൾ

വ്യഥാകുലം വിട്ടീടുവാൻ,

ചിത്തം തൻ ശക്തിയേകി,

മനമേകും ആത്മചാതുര്യം,

പകർന്നീടും വീര്യം ചാതുരേ.

 

അനന്തമാം ജീവിതസാഗരേ…

ആത്മാവിൻ നിശ്ചലമാം ചിന്തതൻ…

ഉദ്യമത്തിൽ മതിമറന്നിടും മാനുഷ

ഖേദങ്ങൾ ചെമ്മേ മറന്നീടും.

 

നാഥൻ തൻ ചിന്താമഗ്നങ്ങളിൽ

അകം കണ്ണുകൾ തുറക്കും;

നാഥൻ ശബ്ദം ബഹിർഗമിക്കും,

തരളിതനാദം ഹൃത്തിലെൻ

പൂങ്കാവനത്തിൽ അനുനിമിഷം നിറഞ്ഞീടും.

 

വിങ്ങലാം ഖേദങ്ങൾ അകന്നീടും;

പ്രിയസ്വരം എൻ ഹൃദയത്തെ

ആനന്ദത്തിലാഴ്ത്തും;

ആത്മചാതുര്യം എൻ ഹൃത്തിനെ

സദാ നിറയ്ക്കും.

 

അചഞ്ചലമീ ജീവിതം—

നാഥൻ തരും അനന്തനാളുകൾ;

ചഞ്ചലമില്ല, വ്യഥയില്ല, എന്നെന്നും

സത്ചിന്തതൻ മധുരമാം മൊഴികൾ.

 

ദിക്കുകൾ ഭ്രമിക്കും നാദം,

കണ്ണുകൾക്കിമ്പ ദൃശ്യചാരുത;

ചഞ്ചലപ്പെടാതെ മർത്യനെ

വീണ്ടും ആഗമനത്തിനായ് ഉണരാം.

 

ചെമ്മേ ഉയർന്നീടും നാദങ്ങൾ,

കാലം മാറ്റിവയ്ക്കും നിജവാക്കുകൾ;

ആത്മശാന്തിയാൽ നിറയാൻ,

തിരിനാളമായി ഉയരാൻ

കരുത്തേകും പിൻകാലങ്ങൾ.

 

ഓർത്തു നിരാശയാൽ വെമ്പിടാതെ

വരും സത്കാലമോർക്കാം;

ആ വിൺശോഭ കാണാറായ്,

ഹൃദയനാദം പുൽകീടാറായ്.

 

ഉണരാം… ഗമിച്ചീടാം…

വിശ്വവീഥിയിൽ തളർന്നീടാതെ;

ആത്മനാഥൻ സേവ ചെയ്യാം;

നിത്യമാം ജീവൻ അണയാം;

വ്യഥയകറ്റാം, വ്യാകുലത വെടിയാം;

ജയാളിയായ് ഉയരാം…

വിൺപുരേ വാഴാം….

 

കൃപ ഡാനിയേൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading