കണ്ടതും കേട്ടതും: കോവിഡ് കാലത്തെ ചില ചോദ്യങ്ങൾ | വീണ ഡിക്രൂസ്, കുവൈറ്റ്

കഴിഞ്ഞ കുറച്ച് നാളുകളായി നമുക്ക് ചുറ്റും കാണുകയും കേൾക്കുകയും ചെയ്ത ഒരു പേരാണ് കൊറോണ. അത് വെറുമൊരു പേര് എന്നതിനുപരി യവ്വനക്കാർ, കുഞ്ഞുങ്ങൾ, നമ്മുടെ പ്രിയപെട്ടവര്‍ തുടങ്ങി അനേകരെ നമ്മില്‍ നിന്നും വേര്‍പെടുത്തിയ ഒരു പേരാണ്.
പ്രതീക്ഷിക്കാത്ത ഒരതിഥി പോലെ വന്ന് പലരെയും കൈകുമ്പിളില്‍ ഒതുക്കിയപ്പോള്‍ ലോകമെമ്പാടുമുള്ള ജനങ്ങൾ ജാതിമതഭേദമന്യേ നിലവിളിച്ചു, ഉപവസിച്ചു.
എവിടെ ഒരു രക്ഷ എന്നോർത്ത് ഭാരപ്പെട്ടു എന്നാൽ അതിനിടയിലും അധിക്ഷേപിക്കപ്പെട്ട പല ദൈവദാസന്മാരും ഈ വിഷയത്തെ പ്രതി പിൻവാങ്ങി.

കൊറോണയുടെ സംഹാരതാണ്ഡവത്തിനിടയില്‍ അനേകര്‍ അകാലത്തിൽ ലോകം വിട്ടപ്പോൾ “നിങ്ങളുടെ ദൈവം എവിടെ..?”
എന്ന ചോദ്യം നമ്മെ തേടിയെത്തി. പലവിധ അത്ഭുതങ്ങളും അടയാളങ്ങളും കാട്ടിയ ദൈവദാസന്മാർ ഈ സമയത്ത് എവിടെ എന്നും അവർ ചോദിക്കുവാനിടയായി.
വാസ്തവത്തിൽ നമ്മുടെ ദൈവം ഈ വിഷയത്തിൽ മൗനം പാലിച്ചുവോ? ദൈവം എന്തുകൊണ്ടാണ് ഈ മഹാമാരിയെ നമുക്ക് വെളിപ്പെടുത്താതെ രഹസ്യമാക്കി വെച്ചത് ?
തന്‍റെ ദാസന്മാരെ അറിയിക്കാതെ ഒരു കാര്യവും താൻ ചെയ്കയില്ലെന്ന് വചനം പറയുമ്പോൾ ഇതെങ്ങനെ സംഭവിച്ചു.?
ഈ കാലയളവിൽ വിശ്വസ്തരായ ദൈവദാസന്മാർ കഷ്ടതയുടെ തീച്ചൂളയിൽ കൂടി കടന്നുപോകുമ്പോള്‍ നമ്മുടെ ദൈവത്തിൻറെ മറുപടി എന്ത് ?
എന്തുകൊണ്ട് വർഷാരംഭത്തിൽ നന്മ മാത്രം പ്രവചിച്ചവർക്ക് ഈ വലിയ മഹാമാരി വെളിപ്പെട്ടില്ല..?,

എന്നാൽ ഈ വിഷയങ്ങളിൽ യാതൊരു വിധ മറുപടിയും നൽകാതെ അകത്തളങ്ങളിൽ നിലവിളിയോടെ ദൈവസന്നിധിയിൽ ഇരുന്ന ഒരു കൂട്ടം ജനം ഉണ്ട്.
ഇയ്യോബ് പറയുന്നതുപോലെ ദൈവത്തിൽ നിന്ന് നന്മ മാത്രമല്ല അവ്വണ്ണം തന്നെ തിന്മയും പ്രാപിക്കരുതോ എന്ന്. എന്നാൽ സർവ്വതിനേയും ഒരു വാക്കിനാൽ
ഉളവാക്കിയ നമ്മുടെ ദൈവം മരണത്തെ ജയിച്ചവനും പാപികൾക്കായി സ്വന്തം ജീവൻ തന്നവനുമാണ്. ഇന്നലകളില്‍ ഭൌതിക സാമ്പത്തിക ദൈവത്തെ മാത്രം
പ്രസംഗത്തിലൂടെ വരച്ചു കാട്ടിയവര്‍ ക്രൂശിക്കപെട്ടവനായ ക്രിസ്തുവിന്‍റെ കഷ്ടതകള്‍ വിസ്മരിച്ചപ്പോള്‍ ജഡിക പ്രസംഗത്താലും, അതിലൂടെയുള്ള
കൈയടികളാലും ജനത്തെ ഉണർത്തിയവർ കൊവിഡ് കാലത്ത് അപ്രതത്യക്ഷമായി ആളുകൂടുന്നിടം ആത്മീയം അല്ലെന്നും,
ക്രിസ്തുവിന്‍റെ ക്രൂശ് എടുത്ത് ഗുരുവിനെ അനുഗമിക്കുന്നവന്‍ ആണ് യഥാര്‍ത്ഥ ക്രിസ്തുവിന്‍റെ അനുയായി എന്നും തിരിച്ചറിവുകള്‍ അവശേഷിക്കുകയാണ്.

ഈ സമയത്തു നീ മാറിയത് എന്തു ? ദൈവത്തെ നീ സംശയിക്കുന്നുവോ? ദൈവം നമ്മളെ മറന്നു പോയോ? എന്നിത്യാദി ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍
നാം ഒരു ആത്മ പരിശോധന ചെയ്യേണ്ടതുണ്ട്. കപ്പൽ തകരുമെന്നുള്ള സാധ്യതകൾ ലോകം കണ്ടപ്പോൾ പൗലോസ് മാത്രം സുഖമായി ഉറങ്ങിയത് താന്‍ ആരെ വിശ്വസിച്ചിരിക്കുന്നു
എന്ന ഉറപ്പും ധൈര്യവും ഉള്ളതുകൊണ്ടാണ്. ദൈവം തന്നോട് മാത്രമാണ് സംസാരിച്ചത് എന്നും, അതുകൊണ്ട് തന്നെ ദൈവിക ശബ്ദത്തില്‍ സംശയം ലേശംപോലും കലർത്തരുത് എന്നും പൗലോസിനു
നിശ്ചയം ഉണ്ടായിരുന്നു. അഥവാ കലർത്തിയാൽ അതിൽ ‘ലോകം’ അറിയാതെ കടന്നുകൂടുകയും പിന്നീട് പരാജയപ്പെടുകയും ചെയ്യും. അതാണ്‌
വചനം പറയുന്നത് തമ്മിൽ ചേർച്ചയില്ലാത്തവ ഒന്നും അരുതെന്ന്.
ഒരു പ്രളയകാലത്തെ കുറിച്ച് ദൈവിക അരുളപാട് ലഭിച്ച നോഹ സംശയമോ മറുചോദ്യമോ ചോദിക്കാതെ
പെട്ടകം പണിതു. ലോകം അവനെ കളിയാക്കിയെങ്കിലും വാക്ക് പറഞ്ഞ ദൈവത്തില്‍ താന്‍ വിശ്വസിച്ചു.
പ്രവചനം എന്നാൽ വരുവാനുള്ളത് മുൻകൂട്ടി പറയുക എന്നതാണ് അതിനാൽ അതിൽ അതിശയോക്തിയോ, മായമായോ ആത്മാവ് പറയാത്തതോ
ഒന്നും ചേര്‍ക്കേണ്ടതില്ല . ജഡത്തെ ഉണർത്തുന്ന മായക്കാഴ്ചകളും, ബഹളം വെക്കലുകളും “പ്രവചനം” എന്ന് പറയുന്ന ആത്മവരത്തെ മാറ്റിമറിക്കുന്നു.
ഇതും മറ്റുള്ളവരുടെ മുൻപിൽ നമ്മെ ചോദ്യചിഹ്നമാക്കുവാന്‍ സംഗതിയാകുന്നു. പലതും ദൈവത്തിന്‍റെ പേരില്‍ ആത്മാവില്ലാത്ത ബുദ്ധിയുടെ പ്രവചനം മാത്രമായി അത് മാറുമ്പോള്‍
നാം ലോകത്തിന്‍റെ മുൻപാകെ നിന്ദിക്കപ്പെടുന്നു.
ദൈവം ഇന്നും അനന്യൻ ആണ്. നമ്മുടെ വെല്ലുവിളികൾ മനുഷ്യരുമായുള്ളതാകുമ്പോള്‍ ( സ്വന്തം സഹോദരനുമായുള്ള മത്സരം, വാക്കിനാൽ ഉള്ള ശാപങ്ങൾ )
നാം ജയിക്കേണ്ടതിന് ദൈവത്തെ മറയാക്കുന്നു. ദൈവനാമം ഉപയോഗിക്കുന്നു, ഇതൊക്കൊയും ദൈവ മുമ്പാകെ നീതിയുള്ളവ അല്ല.
അതിനാലാണ് നിന്റെ പ്രവൃത്തികൾ ദൈവസന്നിധിയിൽ നീതി ഉള്ളതായി ഞാൻ കണ്ടില്ല എന്ന് വചനം പറയുന്നത് .
ഏലിയാ പ്രവാചകനും ബാലിന്റെ ദേവന്മാരും ഒരുപോലെ ‘അഗ്നി ഇറക്കണം’ എന്ന് ദൈവത്തോട് അപേക്ഷിച്ചു എങ്കിലും ഏലിയവിന്റെ ദൈവം ഉത്തരമരുളിയത്
നിയമവ്യവസ്ഥയ്ക്ക് അനുസരണമായിട്ടുള്ള ഏലിയാവിന്റെ പ്രവര്‍ത്തികള്‍ കൊണ്ടാണ്. അതുപോലെ നാമും നമ്മുടെ പ്രവർത്തികൾ, വാക്കുകൾ, ശുശ്രൂഷ എല്ലാം
പുനഃപരിശോധിക്കണം. നീ ദൈവപുത്രൻ എങ്കിൽ നിന്നെ തന്നെയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞ കള്ളനോട് കർത്താവായ യേശുക്രിസ്തു യാതൊരു
മറുപടിയും പറയുന്നില്ല. നമ്മളും അതുപോലെ തന്നെ വെല്ലുവിളികൾക്ക് ദൈവനാമം ഉപയോഗിക്കാതിരിക്കുക, തർക്കങ്ങൾക്ക് ഞാനില്ല എന്ന് പൗലോസ്
പറയുന്നപോലെ വെല്ലുവിളികളിൽ നിന്നും നമ്മുടെ നാവിനെ സൂക്ഷിക്കുക . ദൈവം ഒരിക്കലും മനുഷ്യപുത്രൻമാരെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല
എന്ന് വചനം പറയുന്നു . നമ്മുടെ പ്രവർത്തികൾ എന്നും നീതിയുള്ളതായി ദൈവസന്നിധിയിൽ കാണുവാൻ ഇടവരട്ടെ,
അന്നാളിൽ നിശ്ചയമായും നമ്മുടെ പ്രാർത്ഥനകൾ ലഭിക്കുവാനിടയാകും , പ്രവചനങ്ങൾ നടപ്പിലാകും, നമ്മുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി
ദൈവസന്നിധിയിൽ നിന്ന് ലഭിക്കുവാൻ ഇടവരും.

ജാതി ജാതിയോടും, രാജ്യം രാജ്യത്തോടും എതിര്‍ക്കുമ്പോള്‍, യുദ്ധങ്ങളും യുദ്ധ ശ്രുതികളും കേള്‍ക്കുമ്പോള്‍, ഭൂകമ്പങ്ങള്‍, ക്ഷമങ്ങള്‍, പകര്‍ച്ചവ്യാധികള്‍,
മഹാമാരികള്‍ തുടങ്ങിയവ നമ്മുടെ മുന്നില്‍ കാണുബോള്‍ “ഇതെല്ലം ഈറ്റു നോവിന്‍റെ ആരംഭമത്രെ ” എന്ന നാഥന്റെ ശബ്ദം നമ്മുടെ കാതുകളില്‍ മുഴങ്ങട്ടെ!
നാം പ്രിയ വെച്ച നാടിനോട് ഏറ്റവും അടുത്തു എന്ന പ്രത്യാശയോടെ നമ്മുടെ വിശ്വാസത്തെ മുറുകി പിടിച്ചു കാതങ്ങള്‍ പിന്നിടാം. അതിനായി
ദൈവം നമ്മെ സഹായിക്കട്ടെ.

വചനത്തില്‍ നിന്നും:
‘യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല’ (ആമോസ് 3 : 7).

വീണ ഡിക്രൂസ്, കുവൈറ്റ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.