ഇന്നത്തെ ചിന്ത : ജീവനുണ്ടെങ്കിലും മരിച്ചവർ |ജെ.പി വെണ്ണിക്കുളം

വെളിപാട്  3:1 ൽ ഇങ്ങനെ വായിക്കുന്നു: സർദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക. ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ അരുളിച്ചെയുന്നതു: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.
വാക്യം 2: ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.

ഹെർമസ് നദീതടത്തിൽ സ്ഥിതി ചെയ്തിരുന്ന സർദീസ് നഗരം ഒരു കാലത്തു സമൃദ്ധിയുടെ കേദാരമായിരുന്നു. നഗരാതിർത്തിയിലൂടെ ഒഴുകിയിരുന്ന പാക്ടോലസ് നദിയിലെ വെള്ളത്തിൽ പോലും സ്വർണം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അതിനാൽ തന്നെ അവൾ അതിൽ അഹങ്കരിച്ചു. കൊരേശ് രാജാവ് പട്ടണം പിടിച്ചടക്കിയപ്പോൾ കാവൽക്കാർ ഉറങ്ങുകയായിരുന്നു. അത്ര അഹങ്കാരികളും മടിയന്മാരുമായിരുന്നു സർദ്ദീസുകാർ. ഇതേ അവസ്ഥ സഭയെക്കുറിച്ചും കർത്താവ് കാണുന്നു. അതിനാൽ തന്നെ ‘ഉണർന്നുകൊൾക’ എന്ന ആഹ്വാനം ഗൗരവമുള്ളതാണ്. പുറമെ എന്തു കാണിച്ചാലും അതു കർത്താവിനു മുൻപാകെ ആത്മീയത ആകുന്നില്ല. സർദ്ദീസ് സഭ ഇപ്പോൾ നിർജ്ജീവ അവസ്ഥയിലാണ്. ഇവിടെയാണ് തിരുത്തൽ ആവശ്യമായി വന്നത്.
അവിടെയുള്ള നല്ലൊരു ശതമാനം ആളുകളെക്കുറിച്ചും പ്രതീക്ഷയില്ലെങ്കിലും ഒരു ശേഷിപ്പ് അവിടെയുണ്ട്. ചാരത്തിൽ പുതഞ്ഞുപോയ ആ കനൽ ഊതി കത്തിക്കുവാനാണ് കർത്താവ് ആവശ്യപ്പെടുന്നത്.
പ്രിയരേ, ഇന്നും വിശ്വാസികൾ എന്നു പേർ പറയുകയും അപ്പോൾ തന്നെ ‘അവിശ്വാസികളായി’ തീരുകയും ചെയ്തവർക്ക് ആത്മീയരായവരെ കൂടി തണുപ്പിക്കാൻ കഴിഞ്ഞെന്നു വരാം. സാത്താൻ തന്ത്രശാലിയാണ്. അതു തിരിച്ചറിയാത്തിടത്തോളം പരാജയത്തിൽ തന്നെ കഴിയേണ്ട വരും. എന്നാൽ വിശ്വസ്തരും വിശുദ്ധരുമായി നിൽക്കുന്നവർക്ക് വെള്ളയുടുപ്പ് ലഭിക്കുകയും ചെയ്യും. അവരുടെ പേര് ജീവന്റെ പുസ്തകത്തിൽ നിന്നും മായിച്ചു കളയുകയില്ല. അതിനാൽ ജീവന്റെ അവസാന തുടിപ്പും നഷ്ടപ്പെടും മുൻപേ ഉണർന്നു ശക്തിപ്പെടുക.

ധ്യാനം : വെളിപ്പാട് 3
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading