ചെറുചിന്ത: മിണ്ടാതിരുന്നു ഞാന്‍ ദൈവമെന്നറിക | ഓമന സജി, ന്യൂ ഡല്‍ഹി

ഒരിക്കല്‍ ഭക്തനായ ഒരു സുവിശേഷകന്‍ കര്‍ത്താവിന്‍റെ വേലയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുമ്പോള്‍ എതിരെ വന്ന വാഹനം അദ്ദേഹത്തെ തട്ടി വീഴ്ത്തി. പരിക്കുകള്‍ കൂടാതെ താന്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വാഹനത്തിന്‍റെ ഉടമയും തമ്മില്‍ അല്പമല്ലാത്ത വാഗ്വാദമുണ്ടായി. അവിടെ നിന്നു മടങ്ങി ഭവനത്തിലെത്തിയ ആ സുവിശേഷകന്‍ വളരെ മനോഭാരത്തോടെ ദൈവസന്നിധിയിലിരുന്നു പ്രാര്‍ത്ഥിച്ചു. അദ്ദേഹം പരിഭവത്തോടെ ദൈവത്തോടു ചോദിച്ചു; കര്‍ത്താവേ! ഞാന്‍ നിന്‍റെ വേലയ്ക്കാണല്ലോ പോയത്, എന്നിട്ടും എനിക്ക് ഭവിച്ച വിപത്തില്‍ നീ ഒന്നിറങ്ങി വന്നില്ലല്ലോ. ഞാനൊറ്റയ്ക്ക് ആ സാഹചര്യത്തെ നേരിടേണ്ടി വന്നല്ലോ. അപ്പോള്‍ കര്‍ത്താവു അവനോടു പറഞ്ഞു, മകനേ, ആ വണ്ടി തട്ടി നീ വീണപ്പോള്‍ തന്നെ നിന്നെ രക്ഷിക്കാന്‍ ഞാന്‍ എന്‍റെ ദൂതനെ നിന്‍റെ അടുക്കല്‍ അയച്ചു. പക്ഷേ ദൂതന്‍ വന്നപ്പോള്‍ കണ്ടത് എതിരാളിക്കെതിരെ കല്ലുമായി നില്‍ക്കുന്ന നിന്നെയാണ്. അതുകൊണ്ടു ദൂതന്‍ മടങ്ങിപ്പോന്നു. ഇവിടെ നാം മനസ്സിലാക്കേണ്ടത്, ദൈവത്തിനു പ്രവര്‍ത്തിക്കേണ്ടിടത്ത് മനുഷ്യന്‍ തന്‍റെ ശക്തി പ്രകടിപ്പിക്കരുത്.

post watermark60x60

തന്നേയും തന്‍റെ ദാസന്മാരേയും നിന്ദിച്ച നാബാലിനോടു പ്രതികാരം ചെയ്‍വാൻ സര്‍വ്വ സന്നാഹങ്ങളുമായി പുറപ്പെട്ടു വന്ന ദാവീദിനെ എതിരേറ്റു ചെന്നു വിനയപൂര്‍വ്വം അവനെ സാഷ്ടാംഗം നമസ്ക്കരിച്ചു അവനു വേണ്ടുന്നതൊക്കേയും കൊടുത്ത് അവന്‍റെ ക്രോധം ശമിപ്പിച്ച വിവേകവതിയായ അബീഗയിലിനോടു ദാവീദു പറയുന്നത്, രക്തപാതകവും സ്വന്തകയ്യാല്‍ പ്രതികാരവും ചെയ്യാതെവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീ അനുഗ്രഹിക്കപ്പെട്ടവള്‍. നിന്നെ എന്‍റെ അടുക്കല്‍ അയച്ചിരിക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്കു സ്തോത്രം.

പലപ്പോഴും വളരെ തിക്തമായ അനുഭവങ്ങള്‍ ജീവിതത്തില്‍ കടന്നു വരുമ്പോള്‍ നാം സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന വ്യക്തികളുടെ പ്രവര്‍ത്തികളും വാക്കുകളും നാം പ്രതീക്ഷിക്കാത്ത വിധം വേദനാജനകമാകുമ്പോള്‍ ആദ്യം മനസ്സിലേക്കോടി വരുന്നത് എങ്ങനെ തക്ക മറുപടി കൊടുക്കാം, എങ്ങനെ ഇതിനെതിരെ പ്രതികരിക്കാം എന്നാണ്. എന്നാല്‍ നമ്മുടെ ഹൃദയം വേദനിക്കുമ്പോള്‍ ആ വേദനയോടെ ദൈവസന്നിധിയില്‍ കാര്യം ഭരമേല്പിക്കുമെങ്കില്‍ നാം പ്രതികരിക്കേണ്ടിടത്തു ദൈവം നമുക്കു വേണ്ടി പ്രതികരിക്കുന്നതു കാണാന്‍ കഴിയും.
നാബാലിനോടു പ്രതികാരം ചെയ്യാനാണ് ദാവീദു പുറപ്പെട്ടു വന്നത്. ഒരുപക്ഷേ ദാവീദിന്‍റെ കൈകളാല്‍ പ്രതികാരം ചെയ്യപ്പെട്ടിരുന്നെങ്കില്‍ അവന്‍ നാബാലിനെ മാത്രമല്ല അവനുള്ളതൊക്കേയും അവന്‍റെ ഭൃത്യരേയും ഉന്മൂലനം ചെയ്തേനെ. അങ്ങനെ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചതില്‍ ദൈവസന്നിധിയില്‍ കുറ്റക്കാരനായി ഭവിക്കുമായിരുന്നു. എന്നാല്‍ യഹോവയുടെ കരം അവനു വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍, യഹോവ നാബാലിനെ മാത്രം തൊട്ടു. അവന്‍ രോഗബാധിതനായി മരിച്ചു പോയി. അവനുള്ളതൊക്കേയും ദൈവം ദാവീദിനു കൊടുത്തു.
ഇതു കൃപായുഗമാണല്ലോ. ആരോടും പ്രതികാരം ചെയ്‌വാൻ പ്രമാണമില്ല. എന്നാല്‍ വേദനയുടെ നഞ്ചു പുരട്ടിയ വാക്കുകളും പ്രവര്‍ത്തികളുമാകുന്ന അമ്പുകള്‍ നമ്മുടെ ഹൃദയത്തില്‍ ആഞ്ഞു പതിക്കുമ്പോള്‍ അപ്പോസ്തോലനായ പത്രൊസ് പറയുന്നതു പോലെ (1 പത്രൊ. 3:9) ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും പകരം ചെയ്യാതെ നിങ്ങള്‍ അനുഗ്രഹം അനുഭവിക്കേണ്ടതിനു വിളിക്കപ്പെട്ടതു കൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പീന്‍. വേദനിപ്പിക്കാന്‍ ഒരു പെനീന ഉണ്ടായിരുന്നതു കൊണ്ടാണ് ഹന്ന യിസ്രായേലിലെ മഹാപുരോഹിതന്‍റെ മാതാവായി അറിയപ്പെടാന്‍ ഇടയായത്. പെനിന്നയോടു മറുപടി പറഞ്ഞു വഴക്കിട്ടു നടന്നിരുന്നെങ്കില്‍ ഹന്നയ്ക്ക് യിസ്രായേലിനെ നയിക്കാന്‍ ഒരു മകനെ ലഭിക്കയില്ലായിരുന്നു. നാം പ്രതികരിച്ചാല്‍ അതിന്‍റെ അനന്തരഫലം അപമാനമായിരിക്കും. എന്നാല്‍ നീതിയോടെ വിധിക്കുന്നവന്‍റെ കയ്യില്‍ കാര്യം ഭരമേല്പിക്കുന്നു എങ്കില്‍, അവന്‍റെ മുമ്പില്‍ കരയുന്നു എങ്കില്‍ നമുക്കു ലഭിക്കുന്ന മറുപടി എത്ര മഹത്വമേറിയതായിരിക്കും.

Download Our Android App | iOS App

ഇന്നലെ നമ്മെ ദു:ഖിപ്പിച്ചവര്‍ ഇന്നു നമ്മെ ഓര്‍ത്തു അത്ഭുത സ്തംബരായി തീരും. അവരുടെ മുമ്പില്‍ നാം മാനിക്കപ്പെടും.
നമുക്ക് ഓരോരുത്തര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഒരുപാട് ഉണ്ടാകാം. മറുപടി പറയാന്‍ കഴിയാതെ വിങ്ങുന്ന ഹൃദയവുമായി ഇറങ്ങിപ്പോരേണ്ടി വന്നിടത്തു ചില നാളുകള്‍ കഴിയുമ്പോള്‍ തലയുയര്‍ത്തി നിന്നു ദൈവത്തിനു നന്ദി പറയാന്‍ എത്രഎത്ര അവസരങ്ങള്‍ ദൈവം തന്നു. ഒരു ദൈവപൈതലിന്‍റെ വിജയത്തിനും ഉന്നതിക്കും കാരണം അവന്‍റെ ശത്രുക്കള്‍ തന്നെയാണെന്നു പറയാന്‍ കഴിയും. ശത്രു നിന്ദിക്കുമ്പോള്‍, നമ്മുടെ നന്മകള്‍ തടഞ്ഞു വയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, നാം ശ്രദ്ധിക്കാത്ത നമ്മുടെ കുറവുകള്‍ എടുത്തു കാട്ടി പരിഹസിക്കുമ്പോള്‍ നാം ഭാഗ്യവാന്മാരായി തീരുകയാണു ചെയ്യുന്നത്. കാരണം പരിഹസിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുമ്പോഴാണ് നിസ്സഹായരായ നാം ദൈവത്തോടു നിലവിളിക്കുന്നത്. അവിടെയാണു ദൈവം നമുക്കു മറുപടിയുമായി കടന്നു വരുന്നത്. നാം അനുഗ്രഹം അനുഭവിക്കാന്‍ കാരണക്കാരായ അവര്‍ക്കു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. പ്രതികാരവും പ്രതികരണവും വേണ്ട. ദൈവം പ്രവര്‍ത്തിക്കും.

ഓമന സജി, ന്യൂ ഡല്‍ഹി

-ADVERTISEMENT-

You might also like