ശുഭദിന സന്ദേശം : ആദ്യജാതനും ഏകജാതനും | ഡോ. സാബു പോള്‍

”നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ”(പുറ.4:22).

യിസ്രായേൽ ജനത്തിൻ്റെ നിലവിളിക്ക് മറുപടിയായി മോശയെ അയയ്ക്കുമ്പോൾ അന്നുവരെ പറയാത്ത ഒരു വിശേഷണം അവരെക്കുറിച്ച് ദൈവം പറയുന്നു. അതാണ് ഇന്നത്തെ കുറിവാക്യം.

യിസ്രായേൽ തൻ്റെ സ്വന്തം ജനമെന്നും, സ്നേഹിതനായ അബ്രഹാമിൻ്റെ സന്തതിപരമ്പരകളെന്നും, പ്രത്യേക സമ്പത്തെന്നുമൊക്കെ ദൈവം പറഞ്ഞിട്ടുണ്ടെങ്കിലും ‘മകൻ’ എന്ന് പറയുന്നത് ആദ്യം ഇവിടെയാണ്. പിന്നീട് ഈ ചിന്ത ആവർത്തിക്കുന്നുണ്ട്(സങ്കീ.89:27, യിര.31:9, ഹോശേ.11:1).

ഫറവോൻ സൂര്യദേവനായ ‘റാ’യുടെ മകനാണെന്നാണ് സ്വയം അവകാശപ്പെടുന്നത്. എല്ലാ നിലയിലും തങ്ങൾക്ക് പ്രയോജനമുള്ള അടിമകളെക്കൊണ്ട് സംഭാരനഗരങ്ങളും കൊട്ടാരങ്ങളും അണക്കെട്ടുകളുമൊക്കെ ഫറവോൻ പണികഴിപ്പിച്ചു…

ആൺകുഞ്ഞുങ്ങളെ കൊന്നൊടുക്കുക വഴി അവർ ഒരിക്കലും തങ്ങൾക്കെതിരെ പ്രതികരിക്കാതിരിക്കുവാനുള്ള കരുക്കൾ നീക്കി….

അവരുടെ ദൈവജനം എന്ന പദവിയും വംശശുദ്ധിയും നഷ്ടപ്പെടുത്തി ആത്മീയ ശക്തിയില്ലാത്ത കേവല മനുഷ്യരാക്കാനുള്ള ബഹുമുഖ തന്ത്രങ്ങൾ ഫറവോൻ അവർക്കെതിരെ മെനഞ്ഞു.

ഈ സന്ദർഭത്തിലാണ് ദൈവം ഫറവോനോട് പറയുന്നത്, നീ ‘റാ’യുടെ മകനാണെങ്കിൽ നിൻ്റെ ജനത്തെക്കൊണ്ട് ശുശ്രൂഷ ചെയ്യിപ്പിക്കുക. എൻ്റെ മകൻ എനിക്ക് ശുശ്രൂഷ ചെയ്യേണ്ടവനാണ്. മാത്രമല്ല, അവനെൻ്റെ ആദ്യജാതനാണ്.

നിസ്തുലമായ ഒരു കർത്തവ്യമാണ് ആദ്യജാതൻ്റേത്. അവൻ അപ്പൻ്റെ ഇഷ്ടഭാജനമാണ്, ഇരട്ടിപ്പങ്കിനർഹനാണ്. അപ്പൻ്റെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കേണ്ടവനാണ്.

പുരാതന പൗരസ്ത്യ നിയമ പ്രകാരം ഒരാൾ മറ്റൊരാളുടെ മകനോട് ദോഷം ചെയ്താൽ അതുപോലെ മറ്റെയാൾക്ക് ഇയാളുടെ മകനോടും ചെയ്യാം….

ദൈവം പറയുന്നു: ”ഞാൻ കല്പിക്കുന്നതു പോലെ എൻ്റെ ആദ്യജാതനെ വിട്ടയക്കുന്നില്ലെങ്കിൽ നിൻ്റെ ആദ്യജാതനെ കൊന്നുകളയും…..!”

ദൈവത്തിൻ്റെ ആദ്യജാതനായ യിസ്രായേലിനെ തകർക്കുക എന്നത് ഫറവോനേക്കാൾ പിശാചിൻ്റെ പദ്ധതിയായിരുന്നു. സ്ത്രീയുടെ സന്തതിയായി പിശാചിൻ്റെ തല തകർക്കുവാൻ ഏകജാതൻ ജഡാവതാരമെടുക്കേണ്ടത് അബ്രഹാമ്യ സന്തതിയിൽ നിന്നുമാണ്. ആ ദൈവീക പദ്ധതിയെ തകർക്കുക എന്ന പദ്ധതിയാണ് പിശാച് ആസൂത്രണം ചെയ്തത്. അപ്പോഴാണ് ദൈവം ഇറങ്ങി വരുന്നതും മോശയ്ക്ക് നിയോഗവും അധികാരവും നൽകുന്നതും.

ഒരു ദൂത്……
പിശാചിന് ചില കാര്യങ്ങൾ ചെയ്യണമെങ്കിൽ സമ്പത്തും സ്വാധീനവും അധികാരവുമൊക്കെയുള്ള ഫറവോൻമാർ വേണം. എന്നാൽ അത്തരം കുതന്ത്രങ്ങളെ പൊളിക്കാൻ ദൈവത്തിന് അടിമയും വിക്കനുമായ മോശ മതി.

പ്രിയമുള്ളവരേ, നമ്മെക്കുറിച്ചുള്ള ദൈവീക പദ്ധതികളെ തകിടം മറിക്കാൻ പിശാച് എത് അധികാരസ്ഥരെ ഉപയോഗിച്ചാലും ദൈവജനം കരയുമ്പോൾ ഇറങ്ങി വന്ന് പ്രവർത്തിക്കുന്ന ദൈവമുണ്ടെന്നറിയുക….!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ശുഭദിന സന്ദേശം: ആദ്യജാതനും ഏകജാതനും | ഡോ. സാബു പോള്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.