ലേഖനം: ആദാം എങ്ങനെ ജീവിച്ചു? | ബെന്നി ഏബ്രാഹാം

ആദാം തന്റെ ജീവിതകാലം നിരാശയിലാണോ കഴിച്ചുകൂട്ടിയത്? ബൈബിൾ എന്തു പറയുന്നു?
“മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ദൈവത്തിന്റെ വായിൽ കൂടി വരുന്ന സകല വചനം കൊണ്ട് ജീവിക്കുന്നു”(മത്തായി4-4)
പാപവും,മരണവും ഉള്ള ലോകത്തിൽ നിന്നു കൊണ്ടാണ് നമ്മുടെ കർത്താവ് ഈ വചനം പരീക്ഷകനോടു പറഞ്ഞത്. അങ്ങനെയാകുമ്പോൾ ഈ വചന പ്രകാരം ആദാം എങ്ങനെ ജീവിച്ചു?

ജീവന്റെ പറുദീസയായ ഭൂമിയിൽ ദൈവത്തിന്റെ നിമിത്തമല്ല മനുഷ്യന്റെ നിമിത്തം മരണം അരിച്ചിറങ്ങി (അതുകൊണ്ട് ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു.റോമർ5-12) ആദാമിന്റെ മരണത്തിലേക്കുള്ള പെൻഡുലം അപ്പോൾ മുതൽ ചലിച്ചു തുടങ്ങി. ആദാം 930 വർഷം വരെ ജീവിച്ചു. അവന്റെ ആയുഷ്ക്കാലമൊക്കെയും അവൻ കഷ്ടതയോടെ അഹോവൃത്തി കഴിച്ചു. അങ്ങനെയെങ്കിൽ ‘മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ദൈവത്തിൻറെ വായിൽ കൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു’.. എന്ന വചനപ്രകാരം നോക്കുകയാണെങ്കിൽ വീണുപോയ ആദാമിന് എങ്ങനെ ദൈവവുമായി ഒരു ബന്ധം സ്ഥാപിക്കാം ഒരു പാപിയായ മനുഷ്യന് ദൈവമായി ഒരു ബന്ധം നിലനിർത്തുക സാധ്യമല്ലല്ലോ! അങ്ങനെയുള്ളപ്പോൾ എങ്ങനെയാണ് ദൈവവചനം കൊണ്ട് ജീവിക്കുന്നത്?
ഇവിടെയാണ് ഉല്പത്തി 3:15ന്റെ പ്രസക്തി “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും അവൻ നിന്റെ തല തകർക്കും;നീ അവന്റെ കുതികാൽ തകർക്കും”-ദൈവത്തിൻറെ വീണ്ടെടുപ്പിന്റെ പദ്ധതിയിൽ ആദാം വെളിയിൽ അല്ല എന്ന് ഇത് കാണിക്കുന്നു.സ്ത്രീയുടെ സന്തതിയായി വരുന്ന മശിഹായിലൂടെ വീണ്ടെടുപ്പ് ഉണ്ട് എന്നു ദൈവം ഇവിടെ വാഗ്ദത്തം നൽകുന്നു.

‘എന്ത് സംഭവിച്ചു’ എന്ന് ആദാമിന് ഒരു ഊഹവും ഇല്ല എന്ന് പറയാൻ ആദാം ശിലായുഗ മനുഷ്യനോ,ഗുഹാ മനുഷ്യനോ ഒന്നും അല്ലായിരുന്നല്ലോ!…കാരണം സർവശക്തന്റെ കരങ്ങളാൽ സൃഷ്ടിക്കപ്പെട്ട ആദം ഒരു പരിപൂർണ്ണ സൃഷ്ടി തന്നെയാണ് ആദാം ദൈവത്തിന്റെ മകനാണ്, ദൈവവുമായി കൂട്ടായ്മ ആചരിച്ചവനാണ് പരിജ്ഞാനം, വിവേകം, ഭാവി പ്രത്യാശ, അറിവ്, കഴിവ് ഇവ പോലുള്ള അനവധി ഗുണങ്ങൾ അവനിൽ വിളങ്ങി നിന്നിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. ഉദാഹരണമായി ദൈവം ഹവ്വായെ അവന്റെ മുൻപിൽ കൊണ്ടുവന്നപ്പോൾ ജീവ ജന്തുക്കൾക്ക് പേരിട്ടത് പോലെ ഒരു പേരിടുക അല്ലായിരുന്നു അവൻ ചെയ്തത്. ‘ഇത് ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽ നിന്ന് എടുത്തിരിക്കുകയാൽ ഇവൾക്കു നാരി എന്നു പേര് ആകും എന്നു പറഞ്ഞു’. ഇതിലൂടെ മനസ്സിലാകുന്നത് വിവാഹബന്ധത്തിന്റെ ആഴമേറിയ ഗാഢബന്ധവും, കുടുംബത്തിൻറെ ഇഴയടുപ്പവും ദൈവം എങ്ങനെയാണ് നോക്കിക്കാണുന്നത് അതേ നിലയിൽ ആദാം തനിക്കു ലഭിച്ച പരിജ്ഞാനത്തിൽ നോക്കിക്കാണുന്നു എന്നുള്ളതാണ്.
അങ്ങനെയുള്ള ആദാം കാര്യങ്ങളെക്കുറിച്ചും അവസ്ഥകളെകുറിച്ചും അവഗാഹമുള്ളവനാകയാൽ തീർച്ചയായും ദുഃഖിതനായി കാണും-‘താൻ മുഖാന്തരം ഭൂമിയിൽ ജനിക്കുന്ന സകലമനുഷ്യരും പാപത്തിനും മരണത്തിനും അടിമകൾ ആയി പോയല്ലോ എന്ന് ദു:ഖം’-എന്നാൽ ഉൽപത്തി 3:15ൽ ദൈവം കൊടുത്ത ദൈവിക വാഗ്ദത്തം ഇന്നുള്ള വേദശാസ്ത്രജ്ഞന്മാരേക്കാൾ അധികം ആദാമിനു വിവേചിച്ചറിയാൻ കഴിഞ്ഞിരുന്നു എന്ന് നിസ്സംശയം പറയാം. ദൈവിക സാന്നിധ്യവും, ദൈവിക തേജസ്സും നഷ്ടപ്പെട്ട അനുഭവത്തിൽനിന്ന് ആദാമിന്റെ ഹൃദയത്തിലേക്ക് ദൈവം വാഗ്ദത്തം മുഖാന്തരം പ്രത്യാശയുടെ കിരണങ്ങൾ കടത്തിവിട്ടു. ഈ ഭൂമിക്ക് ഒരു പ്രത്യാശയുണ്ടെന്നും സ്ത്രീയിൽ നിന്നും വരുന്ന സന്തതി പാപം, മരണം എന്നീ അടിമത്തത്തിൽ നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കും എന്നുമുള്ള ഒരു പ്രത്യാശനിർഭരമായ തിരിച്ചറിവ് ഉണ്ടായി എന്ന് ആദാമിന്റെയും ഹൗവ്വയുടെയും തുടർന്നുള്ള ജീവിതം കാണിക്കുന്നു. ആദാം ഈ വാഗ്ദത്വവും, പ്രത്യാശയും തന്റെ മക്കളോട് അറിയിച്ചു എന്നുള്ളതിന് തെളിവാണ് ഹാബേലിന്റെ വിശ്വാസത്താലുള്ള യാഗം (എബ്രായർ11-4)ഈ യാഗം വാഗ്ദത്ത മശിഹായിലേക്ക് വിരൽചൂണ്ടുന്നു. ഈ വിശ്വാസത്താൽ പാപത്തെ കീഴടക്കാൻ കഴിയാത്ത കായീൻ ഹാബേലിനെ കൊന്നു.

അതിനുശേഷം ഹവ്വ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു കായീൻ കൊന്ന ഹാബേലിനു പകരം ദൈവം എനിക്ക് മറ്റൊരു ‘സന്തതിയെ’ തന്നു എന്ന് പറഞ്ഞ് അവനു ശേത്ത് എന്നു പേരിട്ടു.-ആദിമ മാതാവിൻറെ ഈ വാക്കുകൾ വ്യർത്ഥമായില്ല ‘ശേത്തിന്റെ’ മകനായി തന്നെ ആ സന്തതി ബേത്ലഹേമിൽ പിറന്നു എന്ന് ലൂക്കോസിന്റെ സുവിശേഷം 3-ാംഅധ്യായം അതിൻറെ 23 മുതൽ 38 വരെയുള്ള വാക്യങ്ങളിൽ തെളിയുന്നു. യേശുവിൻറെ ജനനം തലമുറകൾ പുറകോട്ടു പോകുമ്പോൾ ശേത്തിൽ കൂടി ആദാമിൽ എത്തി നിൽക്കുന്നു. ആദിമ ഭൂമിയിൽ ശേത്തിൽ തുടങ്ങി ദൈവത്തിന് ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നു അവർ ജലപ്രളയത്തിനു മുൻമ്പ് ‘ദൈവത്തിന്റെ പുത്രന്മാർ’ എന്നറിയപ്പെട്ടിരുന്നു. ഈ തെരഞ്ഞെടുപ്പ് എന്തിനാണെന്ന് ചോദിച്ചാൽ ഉൽപത്തി3:15ൽ പറഞ്ഞ വാഗ്ദത്ത സന്തതിയെ കൊണ്ടുവരുവാൻ.അതേ ആദാമിന്റെ പ്രത്യാശ തന്റെ മകനായ ശേത്തിനേയും ശേത്തിൻറെ മകനായ എനോശി’നെയും സ്വാധീനിച്ചിരുന്നു എന്നു വേണം അനുമാനിക്കാൻ.എനോശിന്റെ കാലത്ത് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി(ഉൽപ്പത്തി4-26)
ആദാം ശപിക്കപ്പെട്ട ഭൂമിയിൽ കഷ്ടതയോടെ അഹോവൃത്തി കഴിച്ച് 930 വർഷം വരെ ജീവിച്ചു. എങ്കിലും യഥാർത്ഥത്തിൽ അവൻ ജീവിച്ചത് വാഗ്ദത്ത സന്തതിയിലുള്ള പ്രത്യാശയിൽ ആയിരുന്നു ആ പ്രത്യാശ വൃഥാവായില്ല.വാഗ്ദത്ത സന്തതിയായ കർത്താവായ യേശു ശത്രുവിന്റെ തല തകർത്തു “വാഴ്ചകളെയും, അധികാരങ്ങളെയും ആയുധ വർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോൽത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി”(കൊലോസ്യർ2-15) “മരണത്തിന്റെയും പാതാളത്തിന്റേയും താക്കോൽ അവന്റെ കൈവശമാണ്”(വെളിപാട് 1-18).അതേ മനുഷ്യവർഗ്ഗത്തിന്റെ വീണ്ടെടുപ്പ് സാധ്യമാക്കി.

മഹാമാരി,യുദ്ധശ്രുതികൾ,യുദ്ധങ്ങൾ,ക്ഷാമങ്ങൾ തുടങ്ങിയ കാര്യങ്ങൾ മണവാളന്റെ വരവിന്റെ മുന്നോടിയാകുന്ന ഈ കാലഘട്ടത്തിൽ നമ്മൾ എങ്ങനെയാണ് ജീവിക്കുന്നത്?-അതുകൊണ്ട് ഓർക്കുകാ അപ്പം തിന്നാലും മരിക്കും, മന്ന തിന്നാലും മരിക്കും എന്നാൽ ‘ജീവന്റെ അപ്പമായ ക്രിസ്തുയേശുവിൽ’ കൂടി മാത്രം ജീവിക്കും. ‘വചനം ജഡമായി തീർന്നു’ അതാണ് ക്രിസ്തു’അഥവാ സ്ത്രീയുടെ സന്തതി. അവനിൽ വസിക്കുന്നു എങ്കിൽ അവൻ നമ്മെ ജീവിപ്പിക്കും.യേശു മാത്രമാണ് വഴിയും,സത്യവും,ജീവനും.ആമേൻ. ശുഭം.

ബെന്നി ഏബ്രാഹാം
വസായ് റോഡ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.