ലേഖനം: ക്രിസ്തീയ പോരാട്ടം | ജോണ്‍സന്‍ ഡി സാമുവേല്‍

വായന ഭാഗം എബ്രായർ 12: 4
പാപത്തോടു നാം പോരാടുന്നതിൽ പ്രാണത്യാഗ ത്തോളം എതിർത്ത് നിൽക്കണം.
പതിനൊന്നാം അദ്ധ്യായം അനേക ഭക്തന്മാരുടെ ജീവിതത്തിന്റെ അനുഭവത്തെക്കുറിച്ച് പ്രസ്താവിച്ച ശേഷം പന്ത്രണ്ടാം അദ്ധ്യായത്തിൽ ഓട്ടം തികയ്ക്കുന്നതിനു വേണ്ടി സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വ്യക്തമാക്കുന്നു. അതിനുശേഷം നാമൊരു പോരാട്ടത്തിൽ ആയിരിക്കുന്നു എന്നും ജയാളിയായ ക്രിസ്തുവിനെ മാതൃകയാക്കി ഈ പോരാട്ടത്തിൽ
പ്രാണത്യാഗത്തോളം എതിർത്ത് നിൽക്കണമെന്നും പ്രസ്താവിക്കുന്നു. ക്രിസ്തീയ ജീവിതം എന്നത് എക്കാലത്തും പോരാട്ടങ്ങൾ നിറഞ്ഞതാണ് പാപം എന്ന ശത്രുവിനോട് യുദ്ധം ചെയ്യുമ്പോൾ ഒരുപക്ഷേ പ്രാണന് പോലും ത്യാഗം സംഭവിച്ചേക്കാം. എങ്കിലും എതിർത്തു നിന്നെങ്കിലേ അത് നമ്മെ വിട്ട് പോകുകയുള്ളൂ എന്ന മുന്നറിയിപ്പാണ് ഈ വേദഭാഗത്തിലൂടെ നമുക്ക് ലഭിക്കുന്നത്. ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലയും നഷ്ടപ്പെടുത്തുക എന്നുള്ളതാണ് ശത്രുവിന്റെ ഏറ്റവും വലിയ തന്ത്രം .ഏതെല്ലാം തരത്തിലുള്ള പോരാട്ടങ്ങളാണ് നമുക്ക് അഭിമുഖീകരിക്കുവാനുള്ളത് എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുവാൻ ആഗ്രഹിക്കുന്നത്
1. നമ്മോട് തന്നെ പോരാടണം
മറ്റുള്ളവരോട് പ്രസംഗിച്ചിട്ട് ഞാൻ തന്നെ കൊള്ളരുതാത്തവൻ ആയി പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്
(1 കൊരിന്ത്യർ 9: 27). പിശാചിനോടുള്ള പോരാട്ടത്തിൽ നമുക്ക് ജയിക്കുവാൻ കഴിയും. എന്നാൽ സ്വയതോടുള്ള പോരാട്ടത്തിൽ ജയിക്കുക എന്നത് നിസ്സാരമല്ല .നന്മ ചെയ്യണമെന്നാഗ്രഹമുണ്ട് ,ശുശ്രൂഷയിൽ പ്രയോജനപ്പെടണമെന്നാഗ്രഹമുണ്ട്, പ്രാർത്ഥിക്കണമെന്നും വചനം ധ്യാനിക്കണ മെന്നും ആഗ്രഹമുണ്ട് ,എന്നാൽ അതിനു കഴിയാതെ നമ്മുടെ ജഡത്തോട് പോരാടുന്ന ജഡാഭിലാഷങ്ങളെ ജയിക്കുവാൻ പോരാട്ടം കൂടിയേതീരൂ . പൗലോസിന്റെ ഭാഷയിൽ ഞങ്ങളുടെ പോരിന്റെ ആയുധങ്ങൾ ജഡിക ങ്ങളല്ല കോട്ടകളെ ഇടിപ്പാൻ ശക്തിയുള്ളവ തന്നേ അവയാൽ ഞങ്ങൾ സങ്കല്പങ്ങളെയും ദൈവത്തിന്റെ പരിജ്ഞാനത്തിന് വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞ് ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിൽ പിടിച്ചടക്കുന്നു( 2 കൊരിന്ത്യർ 10:3,4) ഉപവസിക്കേണ്ടതും പ്രാർത്ഥിക്കേണ്ടതും ലോകത്തിലെ ഭൗതിക നന്മകൾക്ക് വേണ്ടി മാത്രമല്ല മറിച്ച് ആത്മാവിനോട് പോരാടുന്ന ജഡമോഹങ്ങളെ ജയിക്കുവാൻ വേണ്ടി ആയിരിക്കണം (1 പത്രോസ് 2 :11).

2. ബന്ധങ്ങളെ ബന്ധനങ്ങളാക്കുന്ന പോരാട്ടം.
പിശാച് തന്റെ പദ്ധതിയെ യേശുവിന് മുമ്പിൽ വെളിപ്പെടുത്തേണ്ടതിന് പത്രോസിനെ കരുവാക്കിയ തുപോലെ ശരീരമില്ലാത്ത പിശാച് തന്റെ പദ്ധതികൾ നിറവേറ്റുവാൻ ഭാര്യയെയോ, ഭർത്താവിനെയോ, കുഞ്ഞുങ്ങളെയോ ബന്ധുമിത്രാദികളെയോ തന്റെ ആയുധമായി ഉപയോഗിക്കുന്നു എന്ന് തിരിച്ചറിയാൻ കഴിയാത്തതാണ് പലരുടെയും ബന്ധങ്ങൾ ബന്ധനങ്ങൾ ആയി മാറുവാനുള്ള കാരണം. പാപത്തെ കീഴടക്കണം എന്നുള്ള ദൈവത്തിൻറെ മുന്നറിയിപ്പിനെ അവഗണിച്ചതാണ് കയ്യീൻ സഹോദരന്റെ ഘാധകൻ ആകുവാനുള്ള കാരണം. പിശാചിന്റെ കയ്യിലെ കളിപ്പാട്ടങ്ങളായ് അവന്റെ കൈക്കിണങ്ങിയ ആയുധങ്ങൾ ആയിരിക്കുവാനല്ല കർത്താവ് നമ്മെ തിരഞ്ഞെടുത്തത് .ആയതിനാൽ ജീവിതത്തിൽ ക്രമീകരിക്കേണ്ട വിഷയങ്ങളെ ക്രമീകരിച്ച് ബന്ധങ്ങളെ ബന്ധനങ്ങളാക്കുന്ന പിശാചിന്റെ തന്ത്രങ്ങളോട് പോരാടി വിജയം പ്രാപിക്കുവാൻ നമുക്ക് കഴിയട്ടെ.
3.പാപത്തോട് പോരാടണം
ആകയാൽ പാപം നിങ്ങളുടെ മർത്യ ശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറ് ഇനി വാഴരുത്. മനുഷ്യന്റെ മേലുള്ള പാപത്തിന്റെ വാഴ്ചയെക്കുറിച്ച് ഇവിടെ പ്രസ്താവിക്കുന്നു.പാപസംബന്ധമായി പിശാചിന്റെ രാജ്യത്ത് മരിച്ചവർക്കേ ക്രിസ്തുവിന്റെ രാജ്യത്തിൽ ജീവിക്കുവാൻ കഴിയൂ. പാപത്തോടു പോരാടുന്നതിൽ ഒന്നാമതായി നമ്മുടെ പാപങ്ങളെ അംഗീകരിക്കുവാനുള്ള മനസ്സുണ്ടാകണം.തന്റെ തെറ്റുകളെ മറച്ചുവെക്കുന്നവന് ശുഭം വരികയില്ല. അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും. സുവിശേഷ പോർക്കളത്തിൽ ആർക്കും പിടിച്ചു കെട്ടുവാൻ കഴിയാത്ത അജയ്യ ശക്തിപ്രാപിച്ച പൗലോസുപോലും മറ്റുള്ളവരോട് പ്രസംഗിച്ചിട്ടുണ്ട് താൻതന്നെ കൊള്ളരുതാത്തവൻ ആയിത്തീരാതിരിക്കേണ്ടതിന് തന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കി .നമ്മുടെ ഓരോരുത്തരുടെയും ജീവൻ വിലയേറിയതാണ് തോമസ് തോന്നയ്ക്കൽ എന്ന ദൈവദാസന്റെ വാക്കുകളിൽ” ജീവിതത്തിൽ എന്ത് നഷ്ടപ്പെട്ടാലും തിരികെ പിടിക്കാം പക്ഷേ ജീവൻ നഷ്ടപ്പെട്ടാൽ ഒരിക്കലും തിരികെ പിടിക്കാൻ കഴിയുകയില്ല ജീവിതം ഒന്നേയുള്ളൂ അത് നഷ്ടമാകരുത്”. ആയതിനാൽ പാപത്തോടു പോരാടി അതിന്റെ വാഴ്ചയെ തകർത്തു ജയം പ്രാപിക്കുവാൻ നമുക്കിടയാകട്ടെ.

4. പിശാചിനോട് പോരാടണം
തന്ത്രശാലിയായ ഒരു പ്രതിയോഗിയാണ് പിശാച്. പിശാചിനോട് എതിർത്തു നിൽപ്പിൻ എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും (യാക്കോബ് 4: 7) ഇത് ഒരു കൊറോണ കാലയളവാണല്ലോ. ലോകമെമ്പാടും വലിയ നാശം വിതയ്ക്കുന്ന ഒരു ചെറിയ വൈറസിനെ സോപ്പിട്ട് കൈകഴികിയും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ചെറുത്ത് തോൽപ്പിക്കാൻ ഏറെക്കുറേ മനുഷ്യൻ പരിശീലിച്ച് കഴിഞ്ഞു .എന്നാൽ ദുഃഖകരമായ വസ്തുത , വൈറസ് ഇത്ര ഭീകരൻ ആണെന്ന് അറിഞ്ഞിട്ടും അതിനെ വിലകുറച്ചു കാണുന്നു എന്നുള്ളതാണ് .അതിനാൽ പലർക്കും വലിയ വില കൊടുക്കേണ്ടി വരുന്നു. ഇതുപോലെ ദൈവത്തിന്റെ സർവ്വായുധ വർഗ്ഗങ്ങളെ ധരിച്ചുകൊണ്ട് പിശാചിനോട് എതിർത്തുനിന്നാൽ അവൻ നമ്മെ വിട്ടു ഓടിപോകും. അതിന് തയ്യാറാകുന്നില്ലെങ്കിൽ നാം വലിയ വില കൊടുക്കേണ്ടി വരും.
5. ദുരുപദേശങ്ങളോട് പോരാടണം
ഏത് കള്ളനാണയങ്ങളും വിറ്റഴിക്കാൻ കഴിയുന്ന ഒരു പൊതു മാർക്കറ്റായി പെന്തക്കോസ്ത് സമൂഹം മാറി എന്നുള്ളത് ദുഃഖകരമായ വസ്തുതയാണ്. ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്ന് ഞാനറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചു കളയാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേൽക്കും. അതുകൊണ്ട് ഉണർന്നിരിപ്പിൻ (അപ്പോസ്തല പ്രവർത്തി 28: 29-31) ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തിയെ ത്യജിക്കുന്നവർ (2തിമോത്തി 3: 4 -5) ഇക്കൂട്ടരെ തിരിച്ചറിയുവാൻ വളരെ പ്രയാസമായിരിക്കും. യൂദാ ഇപ്രകാരം പറയുന്നു അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ (യൂദാ1:19 ).ഇങ്ങനെയുള്ള ദുരുപദേശക്കാരെ തിരിച്ചറിയുവാനുള്ള വിവേചന വരത്തിനായി നമുക്ക് പ്രാർത്ഥിക്കാം.

പ്രിയമുള്ളവരെ ക്രിസ്തീയ പോരാട്ടത്തിൽ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നമുക്ക് തന്നെആത്മീയ വർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവനായിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നു ദൈവസ്നേഹത്തിൽ നമ്മെതന്നെ സൂക്ഷിക്കാം.പ്രാണൻ ത്യജിക്കേണ്ടിവന്നാലും ഈ പോരാട്ടത്തിൽ പരാജയപ്പെടാതെ മുന്നേറുവാൻ ദൈവം നമ്മെ സഹായിക്കട്ടെ .ആമേൻ.

ജോണ്‍സന്‍ ഡി സാമുവേല്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.