കാലികം: കോവിഡ് – പ്രാർത്ഥിച്ചിട്ടും നീങ്ങിപ്പോകാത്ത ഒരു ശൂലമോ? | പാ. ടി. വി. തങ്കച്ചൻ

അപ്പൊസ്തലനായ പൗലോസ്‌ തന്റെ ജഡത്തിൽ അനുഭവിച്ച വേദനാജനകമായ ഒരു ശൂലത്തെക്കുറിച്ചും അത്‌ തന്നെ വിട്ടു നീങ്ങിപ്പോകേണ്ടതിന്നു മൂന്നുവട്ടം ദൈവത്തോടു പ്രാർത്ഥിച്ചിട്ടും മാറിപ്പോകാതിരുന്നതിനെക്കുറിച്ചും തന്റെ അനുഭവം 2കൊരി.12:7-9 വേദഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. പ്രാർത്ഥനയാൽ അനേകം വിടുതലുകൾക്കു അനുഭവസ്ഥനായ പൗലോസ്‌ ദൈവത്താൽ വിളിക്കപ്പെട്ടവനും ദൈവത്തിന്നായി ഉപയോഗിക്കപ്പെടുന്നവനും ആയിരുന്നിട്ടും തന്റെ ശരീരത്തിൽ അനുഭവിച്ച ഒരു പ്രത്യേക കഷ്ടത്തിൽ നിന്നും വിടുതൽ ലഭിക്കേണ്ടതിന്നു മൂന്നു വട്ടം ദെവത്തോട്‌ അപേക്ഷിച്ചിട്ടും “എന്റെ ക്രുപ നിനക്കു മതി” എന്ന മറുപടിയിൽ ആശ്വസിക്കേണ്ടതായി വന്നു. തനിക്കു ലഭിച്ച വെളിപ്പാടുകളുടെ ആധിക്യം നിമിത്തം നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു തന്നെ കുത്തേണ്ടതിന്നായി ദൈവം ഏർപ്പെടുത്തിയിരുന്ന സാത്താന്റെ ഒരു ദൂതനായിരുന്നു അതു എന്നു പറയപ്പെടുന്നു. ദൈവം ഒരു കാര്യം ചെയ്യുമ്പോൾ അതിന്റെ പിന്നിൽ നന്മക്കു വേണ്ടിയുള്ള ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കും. അനുഭവിക്കുന്ന കഷ്ടങ്ങൾ നമുക്കു ബുദ്ധിമുട്ടായി തോന്നാം എങ്കിലും അതിലും വലിയ ദോഷം സംഭവിക്കാതിരിപ്പാൻ ഒരു ചെറിയ കഷ്ടം ദൈവത്തിന്റെ ക്രുപയോടും ശക്തിയോടും കൂടെ അനുഭവിക്കുന്നതാണു നല്ലത്‌ എന്ന പാഠമാണു ദൈവം നമ്മെ പഠിപ്പിക്കുന്നതു.

കഴിഞ്ഞ മൂന്നു മാസമായി സകല ദൈവജനങ്ങളും ദൈവത്തോടു നിരന്തരമായി പ്രാർത്ഥിക്കയാണു ലോകത്തെ കുത്തിക്കൊണ്ടിരിക്കുന്ന ഈ കൊറോണ വൈറസ്‌ എന്ന ശൂലം നീങ്ങിപ്പോകുവാൻ. എന്നാൽ ഭരണകൂടങ്ങൾക്കു പോലും ബോദ്ധ്യമായിതുടങ്ങി ഈ കോവിഡു ഉടനെ നീങ്ങിപ്പോകുന്ന പ്രശ്നമില്ല, കോവിഡിനൊപ്പം ജീവിക്കുകയല്ലാതെ മറ്റു വഴിയില്ല എന്നു. ഇത്രമാത്രം പ്രാർത്ഥിച്ചിട്ടും എന്തു കൊണ്ടു ഇതു നീങ്ങിപ്പോകുന്നില്ല എന്നു ചോദിച്ചാൽ ഇതു മനുഷ്യരുടെ നിഗളം നിമിത്തം ദൈവം തന്നേ നിയമിച്ചു വെച്ചിരിക്കുന്നതാകാം. ദൈവം ഏറ്റവും വെറുക്കുന്ന പാപമാണു നിഗളം അഥവാ അഹങ്കാരം. ബാബിലോൺ രാജാവായ നെബുഖദ്നെസർ പണ്ടു നിഗളിച്ചു സംസാരിച്ചപ്പോൾ ദൈവം അവനെ പുല്ലു തിന്നുന്ന കാളെക്കു സമനാക്കി കാട്ടിലേക്കു അയച്ചു. സ്വർഗ്ഗത്തിലെ ദൂതന്മാർ നിഗളിച്ചതിനാൽ തൽസ്ഥാനത്തു നിന്നു അവരെ വെട്ടി താഴ്ത്തിക്കളഞ്ഞു.
ഇന്നും ജ്ഞാനം നിമിത്തവും ധനം നിമിത്തവും സൗന്ദര്യം നിമിത്തവും ബലവും അധികാരവും നിമിത്തവും മനുഷ്യർ എത്രമാത്രം നിഗളികൾ ആയിരിക്കുന്നു. മൂന്നര ലക്ഷത്തിലധികം പേർ കോവിഡു ബാധിച്ചു ഇതിനോടകം ലോകത്താകമാനം മണ്മറയപ്പെട്ടു!എവിടെ അടക്കപ്പെട്ടു എന്നോ എങ്ങനെ അടക്കപ്പെട്ടു എന്നുപോലും അറിയാതെ തന്നെ!! അവർ എല്ലാവരും ദുഷ്ടന്മാരും ജീവിച്ചിരിക്കുന്നവർ നല്ലവരും എന്ന് അർത്ഥമാക്കേണ്ടതില്ല. ഇത്രയെ ഉള്ളു മനുഷ്യന്റെ അഹംഭാവം!!!
ലോകത്തെ ആർക്കും തോൽപിക്കാനാവാത്തവിധം ജ്ഞാനത്താൽ ശാസ്ത്രം പുരോഗമിച്ചിരിക്കുന്നു; ചന്ദ്രനിലും ചൊവ്വയിലും എത്തിയിരിക്കുന്നു; എന്നു അഹങ്കരിച്ച ലോകം ലക്ഷങ്ങളെ കൊന്നൊടുക്കിയ ഒരു പരമാണുവിന്റെ മുമ്പിൽ പരാജയപ്പെട്ടില്ലേ? പണം കൊണ്ടു എന്തും കഴിയും എന്ന മനുഷ്യന്റെ അഹങ്കാരത്തിനു തിരിച്ചടിയായി ലോകം മുഴുവൻ സാമ്പത്തിക തകർച്ച നേരിടുകയല്ലെ? മുഖസൗന്ദര്യം വെളിപ്പെടുത്തി നിഗളിച്ചു നടന്ന സകല മുഖങ്ങളിലും കറുത്ത മാസ്ക്കു ധരിക്കേണ്ടിവന്നില്ലേ? മനുഷ്യന്റെ അധികാരം സ്വയത്തിന്റെ നേട്ടമായി കരുതുന്നവരാണു അധികവും. അധികാരം കൊണ്ട്‌ എത്ര ഹീനവും നീചവും ക്രൂരവുമായ പ്രവർത്തികൾ ചെയ്തു? സത്യദൈവത്തെ ആരാധിക്കുന്നതും സത്യസുവിശേഷം ഘോഷിക്കുന്നതും അധികാരം കൊണ്ട്‌ അടിച്ചമർത്തുവാൻ ശ്രമിച്ചിട്ടില്ലേ? എന്നാൽ ദൈവത്താൽ അല്ലാതെ ഒരധികാരവും ഇല്ല എന്നു സകലഅധികാരികളും തിരിച്ചറിയട്ടെ. ആത്മീയരുടെ ഇടയിൽപോലും അധികാര ദുർവ്വിനിയോഗം എത്രമാത്രം വർദ്ധിച്ചിരിക്കുന്നു. പാപവും അധർമ്മവും ദുർമ്മാർഗ്ഗവും എത്രമാത്രം വർദ്ധിച്ചിരിക്കുന്നു. മനുഷ്യരിൽ ദൈവഭയം ഇല്ല; എത്ര കൊടും ക്രൂരതകൾ ചെയ്യുന്നതിനും മടിയില്ല. ചതിക്കുന്നു, വഞ്ചിക്കുന്നു, കുലപാതകം ചെയ്യുന്നു, വ്യഭിചാരം ചെയ്യുന്നു, മോഷ്ടിക്കുന്നു അങ്ങനെ ദൈവം വെറുക്കുന്ന എത്രയെത്ര പാപങ്ങൾ മനുഷ്യർ ചെയ്യുന്നു? ഒരു നിസ്സാര വൈറസിനെക്കൊണ്ടു മനുഷ്യനെ പാഠം പഠിപ്പിക്കുവാൻ കഴിയുന്ന ദൈവത്തെ ഇനിയെങ്കിലും ഭയപ്പെടുമോ? ആകയാൽ ഈ കൊറോണ എന്ന ശൂലം ലോകമനുഷ്യരുടെ നിഗളത്തെ താഴ്ത്തുവാൻ ദൈവം അയച്ച ഒരു സാത്താന്യദൂതനാകയാൽ ഉടനെ മാറിപ്പോകും എന്നു കരുതേണ്ടതില്ല, അതിനൊപ്പം ജീവിക്കാൻ തയ്യാറാകാം.

ഇതിന്റെ മദ്ധ്യത്തിലും ദേശത്തിൽ നടക്കുന്ന സകല മ്ലേച്ഛതകളും നിമിത്തം നെടുവീർപ്പിട്ടു നിലവിളിക്കുന്ന ഒരു കൂട്ടം ദൈവമക്കൾ ലോകത്തിന്റെ വിവിധ കോണുകളിൽ ഉണ്ട്‌. അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരു പുരുഷൻ അവരുടെ നെറ്റിയിൽ അടയാളമിട്ടു അവരെ വേർതിരിക്കുന്നു (യെഹസ്ക്കേൽ 9:1-6). മാനസാന്തരപ്പെടുവാൻ മനസ്സില്ലാത്തവർ വാളിനും മരണത്തിനും ഇരയായ്തീരും. കൊറോണയെന്ന ഈ ശൂലം നിമിത്തം ബുദ്ധിമുട്ടുന്ന ദൈവത്തിന്റെ ജനത്തോട്‌ ദൈവം പറയുന്നു “എന്റെ ക്രുപ നിനക്കു മതി, എന്റെ ശക്തി ബഹീനതയിൽ തികഞ്ഞു വരുന്നു”. ആകയാൽ ലോകമേ, നിഗളം വിട്ടു താഴ്മ ധരിക്കുക. ദൈവജനമേ നിഗളം വിട്ടു താഴ്മ ധരിക്കുക. സകല അധർമ്മവും പാപവും വിട്ടു ദൈവത്തിങ്കലേക്കു തിരിയുക.

പാസ്റ്റർ. ടി. വി. തങ്കച്ചൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.