ലേഖനം: വില കൂടിയ വില കുറഞ്ഞ ഞാൻ | റോബിന്‍സണ്‍ ഇ. ജോയ്, നാഗ്പൂര്‍

കുറച്ചു സമയങ്ങൾക്ക് മുൻപ് ഫേസ്ബുക്കിൽ എനിക്കൊരു ഫ്രണ്ട് റിക്വസ്റ്റ് വന്നു, എന്റെ ചിന്താഗതിക്ക് അനുസരിച്ച് ആ വ്യക്തിയെ ഫേസ്ബുക്കിൽ സുഹൃത്തായി സ്വീകരിക്കുന്നതിൽ ഒരു അർത്ഥവും ഞാൻ കണ്ടില്ല, അതിനാൽ അദ്ദേഹത്തിന്റെ സൗഹൃദത്തിനായുള്ള അപേക്ഷ ഞാൻ അംഗീകരിച്ചതുമില്ല. എന്നാൽ കുറച്ച് സമയങ്ങൾ കഴിഞ്ഞപ്പോൾ ആ വ്യക്തി സൗഖ്യമില്ലാതെ കിടപ്പാണെന്നും ഞാൻ അറിഞ്ഞു, അപ്പോഴും തന്റെ സൗഹൃദത്തിനായുള്ള അപേക്ഷ ഞാൻ അംഗീകരിച്ചില്ല; അദ്ദേഹത്തെ അത്ര വിലയുള്ള വ്യക്തിയായി ഞാൻ കണക്കാക്കിയില്ല, അതു തന്നെ കാരണം.

അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് ലഭിച്ച ഫോൺ കോളിൽ നിന്നും അറിയാൻ സാധിച്ചു ആ വ്യക്തി ലോകത്തിൽ നിന്നും എന്നന്നേക്കുമായി മാറ്റപ്പെട്ടിരിക്കുന്നു. പക്ഷേ ആ വാർത്ത ഒരു ഷോക്ക് പോലെ ആയിരുന്നു ഞാൻ ശ്രവിച്ചത്. അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു, കൂടാതെ ചിന്തിപ്പിച്ചു. വാസ്തവത്തിൽ എന്റെ ചിന്താഗതി എപ്രകാരമുള്ളതാണെന്ന് എനിക്ക് തന്നെ മനസ്സിലാക്കുവാൻ സാധിച്ചു.
ആ പാവം മാന്യ വ്യക്തിയുടെ സൗഹൃദത്തിനായുള്ള അപേക്ഷ ഞാൻ അംഗീകരിക്കാതെയിരുന്നത് കൊണ്ട് എനിക്ക് എന്തു ലാഭമുണ്ടായി? സൗഹൃദത്തിനായുള്ള തന്റെ അപേക്ഷ ഞാൻ അംഗീകരിച്ചിരുന്നു എങ്കിൽ എനിക്ക് എന്തു നഷ്ടമുണ്ടാകുമായിരുന്നു? ദൈവിക പാതയിൽ നടക്കുന്നു എന്ന ധരിച്ചു വച്ചിരുന്ന എന്റെ വില പോകാത്ത ചിന്താഗതിയെ മാറ്റാൻ ഇടയാക്കിയ ഒരു സംഭമായിരുന്നു ഇത്.
നാം നമ്മുടെ ചിന്താഗതികൾക്കനുസരിച്ച് മറ്റുള്ളവർക്ക് വില നൽകുന്നു, അതേ രീതിയിൽ നാം ഓരോരുത്തരോടും ഇടപെടുകയും ചെയ്യുന്നു. നാം നമുക്ക് തന്നെ ഒരു മൂല്യം നൽകി മറ്റുള്ളവരെ അതിനടിസ്ഥാനത്തിൽ അളക്കുവാൻ താല്പര്യപ്പെടുകയും, മറ്റുള്ളവരെ നമ്മെക്കാൾ മൂല്യം കുറഞ്ഞവരായി കാണാൻ ഇച്ഛിക്കുകയും ചെയ്യുന്നു. സ്വയം നീതിയിയുടെ ഉച്ചകോടിയിൽ നിന്നിരുന്ന എന്നിൽ അനീതിയുടെ മനോഭാവമുണ്ടെന്ന് മനസ്സിലാക്കിത്തന്ന ഒരു സംഭവമായിരുന്നു ഇത്.
സ്വർഗ്ഗം വിട്ടിറങ്ങി നമ്മെ തേടി വന്ന കർത്താവിന്റെ മനോഭാവം അതെത്ര നന്നായിരുന്നു, തന്നെ സമീപിച്ച ഒരു വ്യക്തിയെ പോലും ഓടിച്ചു കളഞ്ഞതായി ഒരു സുവിശേഷത്തിലും നാം വായിക്കുന്നില്ല, മറിച്ച് ആൾക്കൂട്ടത്തെ കണ്ട് മനസ്സലിഞ്ഞ് അവർക്ക് വയറു നിറയെ ആഹാരം കൊടുത്തു വീടുകളിലേക്ക് അയച്ച ഒരു മനോഭാവം. തന്നെ കാണാൻ തിക്കും തിരക്കും കൂട്ടിയ ജനത്തെ ഇടയനില്ലാത്ത ആടുകളെന്ന് തിരിച്ചറിഞ്ഞ മനോഭാവം. പാവപ്പെട്ട മുക്കുവരെ തന്റെ അരുമ ശിഷ്യരാക്കിയ വൻ മനസ്സ്.
ക്രിസ്തു ശിഷ്യരെന്ന് അഭിമാനിക്കുന്ന നാം ഓരോരുത്തരും പിന്തുടരേണ്ടുന്നത് ക്രിസ്തുവിന്റെ മനോഭാവത്തെയാണ് (എഫേ 4: 2), നാം ആ ആത്മിക തലത്തിൽ എത്തിക്കഴിഞ്ഞാൽ മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠരെന്നെണ്ണാൻ നമുക്ക് സാധിക്കും (ഫിലി 2: 3).

മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്ക്കേണ്ടത് (മത്താ 3: 8) എന്റെ ജീവിതത്തിൽ വളരെ അനിവാര്യമാണെന്ന് എനിക്ക് മനസ്സിലാക്കിത്തന്ന ഒരു അനുഭവമായിരുന്നു ഇത്, വില കൂടിയ വില കുറഞ്ഞ ഞാനാണെന്ന പാഠം പഠിപ്പിച്ച സംഭവം. നാം ഓരോരുത്തരിലും മാനസന്തരത്തിനുതകുന്ന ഫലം ഉണ്ടാകുവാൻ കർത്താവ് സഹായിക്കട്ടെ.

റോബിന്‍സണ്‍ ഇ. ജോയ്, നാഗ്പൂര്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.