ലേഖനം: ബർന്നബാസിന്റെ ശുശ്രൂഷകൾ | ബെന്നി ഏബ്രാഹാം

” തളർന്നിരിക്കുന്നവനെ വാക്കുകൊണ്ട് താങ്ങുവാൻ അറിയേണ്ടതിനു യെഹോവയായ കർത്താവ് എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു,” (യെശയ്യാവ്50-4). ഒരർത്ഥത്തിൽ ഇതായിരുന്നു ബർന്നബാസ്.
“പ്രബോധനപുത്രൻ’ എന്ന് അർത്ഥമുള്ള ‘ബർന്നബാസ്’എന്ന് അപ്പോസ്തോലന്മാർ മറുപേർ വിളിച്ചിരുന്ന കുപ്രദീപുകാരനായ യോസേഫ് എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പോസ്തോലന്മാരുടെ കാൽക്കൽ വെച്ചു.” (അപ്പോ 4-36).
‘പ്രബോധനം’-എന്നുപറഞ്ഞാൽ ധൈര്യപെടുത്തുകാ, വിശ്വാസത്തിൽ താങ്ങി നിർത്തുക, നിത്യതയ്ക്കു വേണ്ടി ഒരുക്കുക, ശുശ്രൂഷയിൽ ശക്തിപ്പെടുത്തുക, തളർന്നിരിക്കുന്നവരെ ബലപ്പെടുത്തുക ഇങ്ങനെ പല അർഥങ്ങൾ കൊടുക്കാം.
“അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിലും വിശ്വാസത്തിലും നിറഞ്ഞവനും ആയിരുന്നു” (അപ്പോ 11-24)

post watermark60x60

ബർന്നബാസ് ആരായിരുന്നു എന്നു ചോദിച്ചാൽ- യഥാർത്ഥ പേര് യോസേഫ്, ജന്മസ്ഥലം കുപ്രദ്വീപ്(സൈപ്രസ്), ലേവി ഗോത്രക്കാരൻ, അപ്പോസ്തോലന്മാരുമായി വളരെ അടുത്ത പരിചയം, നല്ല മനുഷ്യൻ, പരിശുദ്ധാത്മാവിൽ നിറഞ്ഞവൻ, വിശ്വാസത്തിൽ നിറഞ്ഞവൻ, നിലം വിറ്റ പണം അപ്പോസ്തോലന്മാരുടെ കാൽക്കൽ കൊണ്ടുവെച്ചവൻ, പ്രബോധനപുത്രൻ എന്ന് അർത്ഥമുള്ള ‘ബർന്നബാസ്’ എന്നു അപ്പോസ്തലന്മാർ മറുപേർ വിളിക്കുന്നവൻ,ഇതെല്ലാം കൂടാതെ അദ്ദേഹം ‘ക്രിസ്തുവിൻറെ അപ്പോസ്തലൻ’ ആയിരുന്നു(അപ്പോ 14-14). ഇതാണ് ചുരുക്കമായുള്ള വിവരണം.

ശൗൽ തന്റെ മാനസാന്തരത്തിനു ശേഷം യെരൂശലേമിൽ ശിഷ്യന്മാരോട് ചേരുവാൻ ശ്രമിച്ചപ്പോൾ അവനൊരു ശിഷ്യൻ എന്ന് വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.എന്നാൽ ബർണബാസ് അവനെ കൂട്ടി അപ്പോസ്തോലന്മാരുടെ അടുക്കൽ കൊണ്ടു ചെന്ന് അവൻ മാനസാന്തരപ്പെട്ടതും അതിനുശേഷം നടന്നതൊക്കെയും അവരോട് വിവരിച്ചു പറഞ്ഞു.,(അപ്പോ9-26),
അതിനുശേഷം ശൗൽ അവരുമായി ചേർന്ന് പെരുമാറുകയും കർത്താവിൻറെ നാമത്തിൽ പ്രാഗല്ഭ്യത്തോടെ പ്രസംഗിക്കുകയും ചെയ്തു. യെവന ഭാഷക്കാരായ യഹൂദന്മാരുമായി അവൻ സംഭാഷിച്ചു തർക്കിച്ചു. അവരോ അവനെ കൊല്ലുവാൻ വട്ടം കൂട്ടി. സഹോദരന്മാർ അതറിഞ്ഞ് അവനെ കൈസര്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ നിന്നും തർസോസിലേക്ക് അയച്ചു.(അപ്പോ9-30)
ശൗൽ തർസോസിൽ ഇരിക്കുവാനുള്ളവനല്ല എന്ന് മനസ്സിലാക്കിയ ബർന്നബാസ് ശൗലിനെ തിരക്കി തർസോസിലേക്ക് പോയി അവിടെനിന്ന് ശൗലിനെ അന്ത്യോക്യയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഒരു വർഷം അവർ അന്ത്യോക്യയിൽ ആയിരുന്നു എന്ന് കാണാം.(അപ്പോ11-25,26).
അന്ത്യോക്യായിലെ സഭയിൽനിന്ന് ബർണബാസിനേയും, ശൗലിനേയും പരിശുദ്ധാത്മാവ് ശുശ്രൂഷയ്ക്കായി വേർതിരിച്ചു.അങ്ങനെ അന്ത്യോക്യയിൽ നിന്ന് ബർണബാസ്, ശൗൽഎന്നിങ്ങനെ രണ്ടുപേർ മിഷ്യനറിയാത്ര ആരംഭിച്ചു അവരോടു കൂടെ യോഹന്നാൻ എന്ന മർക്കോസും ഉണ്ടായിരുന്നു.
ഈ മിഷ്യനറിയാത്രയുടെ തുടക്കത്തിൽ ബർന്നബാസിന്റെ പേരായിരുന്നു ലൂക്കോസ് ആദ്യം രേഖപ്പെടുത്തിയിരുന്നത്,Acts13ന്റെ 1മുതൽ8വരെയുള്ള വാക്യങ്ങളിൽ ഇതു കാണാം. എന്നാൽ അതിനുശേഷം പൗലോസിൽ കൂടി ശക്തമായ ശുശ്രൂഷകൾ കൾ വെളിപ്പെട്ടു തുടങ്ങി തുടർന്നുള്ള വാക്യങ്ങളിൽ ലൂക്കോസ് പൗലോസിന്റെ പേരാണ് ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കാണാം.അപ്പോ14-12 പ്രകാരം പൗലോസ് മുഖ്യപ്രസംഗി ആണ്.
പരിശുദ്ധാത്മാവ് പൗലോസിനെ കരങ്ങളിൽ എടുത്ത് ഉപയോഗിക്കുന്നത് കൂട്ടു വേലക്കാരനായ ബർന്നബാസിന് എന്തെങ്കിലും നീരസമോ അസൂയയോ ഉണ്ടായി കണ്ടില്ല.പകരം പരിശുദ്ധാത്മാവിന്റെ പ്രവർത്തികൾക്കായി ബർണബാസ് പൗലോസിനോട് ചേർന്നുനിൽക്കുന്നതാണ് കാണുന്നത്.
ഇന്നുള്ള അധികാര വടംവലികൾ, ആരാണ് സീനിയർ, ആർക്കാണ് കൂടുതൽ പ്രവർത്തന പരിചയം, തുടങ്ങിയ മനോഭാവങ്ങളും, തർക്കങ്ങളും ഉയർന്നുവരുമ്പോൾ ബർന്നബാസിനെ ഓർക്കുന്നത് നന്നായിരിക്കും.

Download Our Android App | iOS App

അപ്പോ13-13ൽ പംഫുല്ല്യയിൽ വെച്ചു യോഹന്നാൻ എന്ന മർക്കോസ് മിഷ്യനറിയാത്ര പൂർത്തിയാക്കാതെ അവരെ വിട്ടുപോയി പോയി. ശേഷം മിഷ്യനറി യാത്ര പൗലോസും ബർണബാസും ചേർന്നു പൂർത്തിയാക്കിയിട്ടു അന്ത്യോക്യയിലേക്ക് മടങ്ങിപ്പോന്നു.
കുറെനാൾ കഴിഞ്ഞപ്പോൾ ഒരു രണ്ടാം മിഷനറി യാത്രയ്ക്കായി പൗലോസും ബർണബാസും പോകാൻ തയ്യാറായി. എന്നാൽ മർക്കോസ് എന്ന യോഹന്നാനെ കൂട്ടിക്കൊണ്ടു പോകുവാൻ ബർന്നബാസ് ഇഛിച്ചു. പൗലോസോ പംഫുല്ല്യയിൽ നിന്നും തങ്ങളെ വിട്ടു വേലക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടുപോകുന്നത് യോഗ്യമല്ല എന്നു നിരൂപിച്ചു. അവർ തമ്മിൽ തർക്കം ഉണ്ടായി വേർപിരിഞ്ഞു. പൗലോസ് ശീലാസിനേയും കൂട്ടി രണ്ടാം മിഷ്യനറിയാത്രക്കു പുറപ്പെട്ടു. ബർണബാസ് മാർക്കോസിനെയും കൂട്ടി കപ്പൽ കയറി കുപ്രോസ് ദ്വീപിലേക്കു പോയി.
ഇവിടെ പൗലോസ് ചെയ്തത് ശരി എന്ന് തോന്നിയേക്കാം.എന്നാൽ ഈ ഒരു സംഭവത്തോടെ കൂടി ബർണബാസ് തിരശ്ശീലയുടെ പിന്നിലേക്ക് മറയുന്നു. പിന്നീട് ബൈബിളിലെ താളുകളിൽ അദ്ദേഹത്തെക്കുറിച്ച് അധികം ഒന്നും കാണാനില്ല.
ഒരു മർക്കോസിനു വേണ്ടി തന്റെ മിഷ്യനറിയാത്രയും അതിലൂടെ വരാമായിരുന്നു അനവധി നേട്ടങ്ങളുടെ പങ്കാളിത്തവും വേണ്ട എന്നുവെച്ച് തന്റെ ജന്മദേശത്തേക്ക് ബർണബാസ് എന്ന പ്രബോധനപുത്രൻ മടങ്ങുവാൻ ഉള്ള കാരണം എന്താണ്??
തീർച്ചയായും മർക്കോസ് വേല പൂർത്തിയാക്കാതെ പോയതു തെറ്റ് തന്നെയാണ്. എന്നാൽ മാർക്കോസിനെ കുറിച്ചുള്ള പരിശുദ്ധാത്മാവിന്റെ ഉദ്ദേശം ഇതുമൂലം നടക്കാതെ പോകാതിരിക്കുവാൻ അവനെ ചേർത്തു പിടിക്കേണ്ടത് ആവശ്യമാണന്നു ബർന്നബാസ് തിരിച്ചറിഞ്ഞു. അതിനാൽ ബർണബാസ് മാർക്കോസിനെ ചേർത്തുപിടിച്ചു.
യെരൂശലേമിൽ എത്തിയ ശൗലിനെ ശിഷ്യന്മാർ ഭയപ്പെട്ടപ്പോൾ ചേർത്തുപിടിച്ചതും, തർസോസിലേക്ക് അന്വേഷിച്ചുപോയി അന്ത്യോക്യയിലേക്കു വിളിച്ചുകൊണ്ടു വന്നതും, അതുമൂലം പൗലോസ് ശുശ്രൂഷയിൽ ഉയർന്നു പോകുംമ്പോഴും യാതൊരു അസൂയയുമില്ലാത് ഒന്നാം മിഷ്യനറിയാത്രയിൽ പൗലോസിനോടു ചേർന്നു നിന്നതും ഈ ബർന്നബാസ് ആയിരുന്നല്ലോ.(അപ്പോ 11-25,26)
അതുപോലെ ബർന്നബാസ് മർക്കോസിന്റെ കൂടെ നിന്നു. അതുകൊണ്ട് മാർക്കോസിനെ കുറിച്ച് നമ്മൾക്ക് പിന്നീട് കേൾക്കുവാൻ ഇടയായി. ‘മർക്കോസിന്റെ സുവിശേഷം’ എഴുതിയത് ഈ മർക്കോസ് ആണ്.
2തിമഥയോസ് 4-11ൽ പൗലോസ് ഇങ്ങനെ പറയുന്നു,”ലൂക്കോസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ മർക്കോസ് എനിക്ക് ശുശ്രൂഷയ്ക്ക് ഉപയോഗം ഉള്ളവനാകയാൽ അവനെ കൂട്ടിക്കൊണ്ടു വരുക” കാലം കുറെ കഴിഞ്ഞതിനുശേഷം ബർണബാസിന്റെ തീരുമാനമായിരുന്നു ശരിയെന്ന് പൗലോസിന്റെ ഈ പ്രസ്താവനയിലൂടെ തെളിയുന്നു.മാർക്കോസിനെ കുറിച്ച് പൗലോസ് വളരെ താൽപര്യത്തോടെ അവൻ ശുശ്രൂഷയ്ക്ക് ഉപയോഗം ഉള്ളവനാണെന്നും അവനെ കൂട്ടിക്കൊണ്ടു വരിക എന്നും തിമഥയോസിനോടു പറയുന്നു.
മർക്കോസിനെ അന്ന് ബർണബാസ് കൈവിട്ടിരുന്നെങ്കിൽ ഒരു പക്ഷെ ശുശ്രൂഷയിൽ ഊർജ്ജസ്വലത ഉള്ള ഒരുവനായി മർക്കോസ് ആയിതീരില്ലായിരിക്കാം!,മർക്കോസിന്റെ സുവിശേഷം പിറവിയെടുക്കുക ഇല്ലായിരിക്കാം!…എന്തായാലും ബർണബാസിന്റെ ശുശ്രൂഷ പൗലോസിനെയും മർക്കോസിനേയും പോലെയുള്ളവരെ കൈപിടിച്ചുയർത്തുന്ന ശുശ്രൂഷ ആയിരുന്നു.

സ്വന്തംപേര് ,പ്രസക്തി ,സ്ഥാനമാനങ്ങൾ, അംഗീകാരങ്ങൾ, ‘ഞാനേ ഉള്ളൂ ഞാനല്ലാതെ മറ്റാരും ഇല്ല’ എന്നീ മനോഭാവങ്ങൾ- വർദ്ധിച്ചു വരുന്ന ഇന്നത്തെ ആത്മീയ കാലയളവിൽ ഇന്നു ബർണബാസിനെ പോലെയുള്ളവർ ‘ഓഫീർ തങ്കം’ പോലെ ആയിരിക്കുന്നു.
ബർണബാസ് അദ്ദേഹത്തെ ഏൽപ്പിച്ച ശുശ്രൂഷ ഭംഗിയായി ചെയ്തു. അതുകൊണ്ട് ഒരു ചോദ്യം- ആരുണ്ട് ഇവിടെ ബർണബാസിന്റെ ശുശ്രൂഷകളുടെ തുടർച്ചയെ ചെയ്യുവാൻ??. ശുഭം..

ബെന്നി ഏബ്രാഹാം
വസായ് റോഡ്.

-ADVERTISEMENT-

You might also like