കാലികം: ദർശനവും നേതൃത്വവും | പാ.സിനോജ് ജോർജ് കായംകുളം

ദർശനം എന്ന പദത്തിന്റെ അർത്ഥം മലയാളി സമൂഹത്തിന് നന്നായി അറിവുള്ളതാണ്. സ്വപ്നങ്ങൾ മനുഷ്യ മനസ്സിൽ പഞ്ചേന്ദ്രിയങ്ങളാൽ അനുഭവിച്ച വസ്തുതകൾ മസ്തിഷ്കം പൂർണ്ണമായ സ്വസ്തതയിൽ എത്തുമ്പോൾ (ഉറക്കം) ചിത്രങ്ങളായി മൂന്ന് സെക്കന്റ് ദൈർഘ്യത്തിൽ മാത്രം ഉളവാകുന്നതത്രേ എന്ന് മന:ശാസ്ത്രം.

മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം സ്വപ്നത്തെ കുറിച്ച് പറഞ്ഞതാണ് ദർശനനത്തിന് ഏറ്റവും നല്ല വിശദീകരണം, “ഉറക്കത്തിൽ കാണുന്നതല്ല മറിച്ച് ഉറക്കം കെടുത്തുന്നതാണ് സ്വപ്നം.”

എന്നാൽ നേതൃത്വത്തിന് ദർശനം നഷ്ടപ്പെട്ടാൽ ആ സമൂഹത്തിന്റെ നിലനിൽപ് തന്നെ വളരെ ബുദ്ധിമുട്ടാകുമെന്ന് വിശുദ്ധ ബൈബിളും ചരിത്രവും സാക്ഷി. നേതൃത്വത്തിന്റെ പരമപ്രധാനമായ കരുത്ത് കായികമോ സാമ്പത്തികമോ പട്ടാളമോ അല്ല മറിച്ച് ദൈവീകജഞാനമെന്നത് ശലോമോനിലൂടെ വ്യക്തം. ഈ ദൈവീകമായ ജ്ഞാനത്തെയാണ് ഞാൻ ദർശനമെന്ന് പറയുവാൻ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

ബൈബിൾ കഥാപാത്രങ്ങളിൽ പ്രചാരം നേടിയ ദാർശനികനായ ഒരു നേതാവാണ് യോസഫ്. തന്റെ ദർശനത്തിന്റെ (മലയാള പരിഭാഷയിൽ സ്വപ്നം എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്) പരമ പ്രധാനമായ ഘട്ടം നാം കാണുന്നത് ക്ഷാമകാലത്തിൽ തന്റെ അധികാര പരിധിയിലും അയൽ രാജ്യങ്ങൾക്കും ഗുണകരമായി എന്നതിനാൽ ആണ്.

അദ്ദേഹത്തിന്റെ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്തു, അപ്പോൾ എല്ലാം തന്റെ ദൈവീകജ്ഞാനം ആ പ്രത്യേക വിഷയത്തോട് അടുത്ത് നിന്ന അഥവാ ഉൾപ്പെട്ട വ്യക്തികൾ മാത്രം അറിയുവാൻ ഇടയായി. എന്നാൽ തനിക്ക് ലഭിച്ച സ്ഥാനം സ്വന്തം കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കാതെ ക്ഷേമ കാലത്ത് പാണ്ടികശാലകളിൽ ധാന്യം നിറക്കുവാൻ താൻ ദൈവീക ജ്ഞാനം ഉപയോഗിച്ചു. ഇവിടെയാണ് യോസഫിനെ ലോകമറിയുന്ന ഒരു ദാർശനികനായി ഉയർത്തപ്പെടുവാൻ ഇടയാക്കിയത്.

എന്നാൽ ഇന്ത്യയിലെ രാഷ്ട്രീയ സാമുദായിക സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ മുകളിൽ പറഞ്ഞതിന്റെ കാലിക പ്രസക്‌തി അനുവാചകർക്ക് മനസ്സിലാകും. അതത് കാലത്ത് നേതൃത്വത്തിൽ എത്തിയവർ അവരവരുടെ പാർട്ടിക്കും കുടുംബത്തിനും വേണ്ടി മാത്രം ക്ഷേമ കാലത്ത് പാണ്ടികശാല നിറച്ചു എന്നതാണ് സ്പഷ്ടം.

കാരണം കൊറോണ കാലത്ത് ജി.ഡി.പി യിൽ നിന്നും 10 % വായ്പ എടുക്കേണ്ട ഗതികേട് ഈ മഹാരാജ്യത്ത് സംജാതമായി. കൂടാതെ പൊതു മേഖലകളിൽ ബാക്കിയുള്ള പലതും വ്യക്തികൾക്ക് വിൽക്കുവാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. സംസ്ഥാനതലത്തിൽ നോക്കിയാൽ ഉദ്യോഗസ്ഥരിൽ നിന്നും വേതനം നിർബന്ധമായി എടുക്കുന്നു. ദുരിധാശ്വാസ നിധി എന്ന പേരിൽ പുതിയ അക്കൗണ്ട് തുറന്ന് കൈ നീട്ടുന്ന അവസ്ഥ.

ഇവയെല്ലാം സൂചിപ്പിക്കുന്നത് സ്വാതന്ത്രിത്തിന് ശേഷം രാജ്യവും സംസ്ഥാനവും ഭരിച്ച നേതാക്കളുടെ കാലാകാലങ്ങളിൽ സംഭവിച്ച ദർശനത്തിന്റെ മങ്ങലാണ്. എന്നാൽ രാജ്യത്തിന്റെ ഉന്നമന്നം മാത്രം മുഖ്യ ലക്ഷ്യമായിട്ടുള്ള രാജ്യങ്ങളിൽ ഭരണാധികാരികളും പാർട്ടികളും ഓരോ പൗരനും നല്ല സാമ്പത്തിക സഹായവും ഒപ്പം ഏത് സാഹചര്യത്തേയും നേരിടുവാൻ സാമ്പത്തികമായി തയ്യാർ എടുക്കുമെന്നും നേതൃത്വം ഉറപ്പ് നൽകുന്നു.

ഇവയൊക്കെ ഒരു പക്ഷേ നമുക്ക് ഉൾകൊള്ളുവാൻ സാധ്യമല്ലാത്ത കാര്യങ്ങൾ എന്ന് കരുതാം. എന്നാൽ ഇവിടെ നാം വസ്തുതകളെ വിലയിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം ഈ മഹാമാരിയും അതിന്റെ പരിണിത ഫലങ്ങളും നാം ഭൂമിയിൽ ആയിരിക്കുന്നതിനാൽ നമ്മെയും ബാധിച്ചില്ലേ!

യോസഫിന്റെ ദാർശനികതയും ശലോമോന്റെ ജ്ഞാനവും പ്രസംഗവിഷയത്തിൽ മാത്രം ഒതുങ്ങാതെ പ്രവൃത്തി പഥത്തിൽ എത്തിക്കുക അത്രേ വേണ്ടത്.

ഈ കൊറോണ കാലത്ത് ഭക്ഷ്യധാന്യ കിറ്റുകൾ അഭിനന്ദനാർഹമായ തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കു മാത്രമല്ല ഏവർക്കും ആത്മീക രാഷ്ട്രീയതലങ്ങിൽ നിന്നും ലോക്കൽതലങ്ങൾ മുതൽ ദേശീയതലങ്ങൾ വരെ നൽകി എന്നത് പ്രശംസനീയം തന്നെ. എന്നാൽ ഇവിടെ ഒരു ചോദ്യം; “നേതൃത്വം ക്ഷേമ കാലത്ത് യോസഫിനെപ്പോലെ പാണ്ടികശാല നിറച്ചിട്ട് ക്ഷാമ കാലത്ത് നൽകുകയായിരുന്നോ?”

ഇവിടെ പാണ്ടികശാല എന്നത് ഇന്ന് പൊതു ഫണ്ട് എന്ന് കരുതാം. എന്നാൽ നമ്മുടെ പൊതു പാണ്ടികശാല ശൂന്യമായതിനാൽ ഈ മഹാമാരിയിൽ ലോകമെമ്പാടുമുള്ളവരെ അടിയന്തരമായി സമീപിച്ച് സ്വരൂപിച്ച് സഹായിച്ചു എന്നതല്ലേ സത്യം.

എന്നാൽ കുഴിയിൽ നിന്നും കുണ്ടറവഴി കൊട്ടാരത്തിലെത്തിയ യോസഫ് ദൈവീക ജ്ഞാനം ഉപയോഗിക്കേണ്ട സമയത്ത് ഉപയോഗിച്ചപ്പോൾ “പണ്ടേ പൊതു ഫണ്ട് ഉണ്ടായി.” തന്റെ കൂടപ്പിറപ്പുകൾക്ക് പോലും നൽകിയതും ഈ പൊതു ഫണ്ടിൽ നിന്നും ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.

എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയിൽ ഒരു രാഷ്ട്രീയ സാമുധായിക ആത്മീക നേതാക്കളും പ്രത്യേകാൽ പെന്തെക്കോസ്ത് നേതാക്കൾക്കും ഈ കൊറോണ കാലത്ത് അന്നം മുട്ടുകയോ ഒരു കിറ്റിനു വേണ്ടി കൈ നീട്ടണ്ടതായോ വന്നില്ല എന്നതാണ് യാഥാർത്ഥ്യം.

വ്യക്തിപരമായ ഫണ്ടുകളും പ്രോജക്ടുകളും ട്രസ്റ്റുകളും പാർട്ടികളും നമുക്കെല്ലാം ഉള്ളപ്പോൾ പൊതുവായ ഫണ്ടിന് എന്ത് സാദ്ധ്യത, എന്ത് പ്രസക്തി. കുറഞ്ഞ പക്ഷം നേതൃത്വം ദൈവീക ജ്ഞാനം ഉപയോഗിച്ച് തങ്ങൾക്ക് ലഭിച്ച സ്ഥാനങ്ങൾ പൊതു നന്മയ്ക്ക് ഉപയോഗിക്കണം. ഇന്ന് കണ്ടതിനേക്കാളും ഇനി കാണാൻ പോകുന്ന ക്ഷാമം അതിരൂക്ഷ മാകുമെന്ന് മനസ്സിലാക്കി പ്രവൃത്തിക്കേണ്ട സമയമാണ് ഇത്.

നേതൃത്വം എന്നത് മുകളിൽ പറഞ്ഞവർ മാത്രമല്ല പ്രാദേശിക സഭകളും കുടുംബങ്ങളും ഈ വിഷയത്തിൽ മുൻകരുതൽ എടുക്കേണ്ടതാണ്. നമ്മെ ഏൽപ്പിച്ചിരിക്കുന്ന ഒരു നേതൃത്വം അത് ചെറുതോ വലുതോ ആകട്ടെ അതിൽ ദീർഘദർശനം ഉള്ളവർ ആയിരിക്കുക. ക്രിസ്തീയ ജീവിതത്തിൽ കർത്താവിന്റെ രണ്ടാം വരവോ നമ്മുടെ മരണമോ വേഗത്തിൽ സംഭവിക്കുവാൻ സാധ്യത ഉണ്ട് എന്നത് ഉറപ്പുള്ളകാര്യമാണ്. ആയതിനാൽ ഇതിന്റെ മറവിൽ പെതുകാര്യങ്ങളിൽ മാത്രം നാളേക്ക് കരുതുന്നത് ശരിയല്ല എന്ന വാദം മാറ്റി വെച്ച്, “നാളെയ്ക്ക് ഒരു മുൻകരുതൽ ഉള്ളവർ ആകാം.”

ഈ കാലത്ത് എങ്കിലും മാറി ചിന്തിക്കുന്നില്ലെങ്കിൽ അയ്യോ കഷ്ടം!
“സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം” എന്ന പഴമൊഴി കേവലം വ്യക്തിപരമായി മാത്രം എടുക്കാതെ നാം നേതൃത്വം വഹിക്കുന്ന ഇടങ്ങളിൽ പ്രായോഗികമാക്കുക, അല്ലങ്കിൽ “കാഴ്ച (ദർശനം) മങ്ങിയ നേതാവ് (ഏലി പുരോഹിതൻ) പിന്നോട്ട് വീണ് കഴുത്ത് ഒടിഞ്ഞ് മരിക്കും” എന്നത് വിസ്മരിക്കുവാൻ പാടില്ലാത്ത തിരുവചന ദൃഷ്ടാന്തമാണ്.

പാസ്റ്റർ സിനോജ് ജോർജ് കായംകുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.