ലേഖനം: തിരഞ്ഞെടുപ്പും അനന്തര ഫലങ്ങളും | ബോബൻ ശാമുവേൽ തുവയൂർ

ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന് ദൈവം നൽകിയ പ്രത്യേകതകളിൽ പ്രധാനപെട്ടതാണ് തിരഞ്ഞെടുക്കുവാൻ ഉള്ള സ്വാതന്ത്ര്യം. ഏത് വിഷയത്തിന്റെയും ഭാവി നിര്ണയിക്കുന്നതു നമ്മുടെ തിരഞ്ഞെടുപ്പാണ്. ഇന്ന് നാം എന്തായിരിക്കുന്നുവോ അത് ഒരിക്കൽ നാം തിരഞ്ഞെടുത്തതിന്റെ പ്രതിഫലനമാണ്. നമ്മുടെ മുൻകാല അനുഭവങ്ങളും മറ്റ് പലരുടെയും അനുഭവങ്ങളും നമ്മെ സഹായിക്കുന്ന ഘടകവും ആണ്. ഇന്നത്തെ നമ്മുടെ തിരഞ്ഞെടുപ്പുകൾ നാളെ യിലെ നമ്മുടെ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തെ കാര്യമായി സ്വാധീനിക്കും.
മനഃശാസ്ത്ര ഗവേഷകർ പറയുന്നതു നമ്മുടെ സന്തോഷത്തിന്റെ 40 ശതമാനത്തോളം നിര്ണയിക്കുന്നതു നമ്മൾ ചെയ്യുന്ന തിരഞ്ഞെടുപ്പുകളാണ്.
ആദിയിൽ ഏദനിൽ ആദ്യമനുഷ്യനായ ആദാമിന്റെ തിരഞ്ഞെടുപ്പാണ് മനുഷ്യകുലത്തിന്റെ ഭാവി നിര്ണയിച്ചതും പാപം പ്രവേശിച്ചതും. വിഗ്രഹാരാധി ആയിരുന്ന അബ്രഹാം ഒരിക്കൽ കേട്ട ദൈവശബ്ദത്തിനു മുൻപിൽ ഒരു തിരഞ്ഞെടുപ്പ് നടത്തിയതു മൂലം തന്റെ പി ൻ തലമുറ ഐശ്വര്യ മായി അനുഗ്രഹിക്കപെട്ടു. സകല സുഖ സുഷുപ്തിയിൽ മിസ്രയിമ്യ കൊട്ടാരത്തിൽ കഴിഞ്ഞിരുന്ന മോശ താൻ ഫറവോന്റെ പുത്രിയുടെ മകൻ എന്ന് വിളിക്കപ്പെടുന്നതിനേക്കാളും പാപത്തിന്റെ തൽക്കാല ഭോഗങ്ങളെക്കാളും ദൈവജനത്തോട് കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു. അടുത്ത ഫറവോനായി രാജ്യം ഭരിക്കാമായിരുന്നിട്ടും മിസ്രയിമിലെ നിക്ഷേപങ്ങളെ നിരസിച്ചു ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നെണ്ണി. മിസ്രയേമ്യ സുഖ സൗകര്യങ്ങളിൽ ജീവിച്ചു മരിച്ചിരുന്നെങ്കിൽ വെറും ഒരു “മമ്മി “(ശവകുടീരം )ആയി മാത്രം ഒതുങ്ങിയേനെ. സർവ്വ ശക്തനാം ദൈവത്തെ മുഖാമുഖം കാണാനോ ആ ദൈവത്തിന്റെ കരങ്ങളാൽ അടക്കപ്പെടാനോ മറുരൂപമലയിൽ ഏലീയാവിനോടൊപ്പം യേശുവിന്റെ സാന്നിദ്ധ്യം അനുഭവിക്കാനോ കഴിയുമായിരുന്നില്ല.

രൂത്ത് അമ്മാവിയമ്മയായ നവോമിയോടൊപ്പം പോകാൻ തീരുമാനിച്ചപ്പോൾ അവൾ തിരഞ്ഞെടുത്തതു ദാവീദ് രാജാവിന്റെ തലമുറയിലേക്കും യേശുവിന്റെ ചരിത്രത്തിലേക്കും ഉള്ള കാൽവയ്പായിരുന്നു. അതെ നമ്മുടെ ഭാവി നിർണ്ണയിക്കുന്നത് നമ്മുടെ തിരെഞ്ഞെടുപ്പ് ആണ്. ഒരിക്കൽ ശിമോൻ പത്രോസ് യേശുവിന്റെ വാക്കിന് മുൻപിൽ സമർപ്പിച്ചു എല്ലാം ഉപേക്ഷിച്ചു നാഥന്റെ മാർഗം തിരഞ്ഞെടുത്തു. സ്വർഗ്ഗരാജ്യത്തിലെ താക്കോൽ ഏല്പിക്കാൻ തക്കവണ്ണം വളർന്നെങ്കിലും ഒരു രാത്രിയിൽ നിരാശനായി പണ്ട് ഉപേക്ഷിച്ച പടകും വലയും എടുത്തു പഴയ പണിക്ക് പോയി. ആ തിരഞ്ഞെടുപ്പിന്റെ അന്ത്യം ശൂന്യത ആയിരുന്നു. എന്നാൽ സ്നേഹനിധിയായ യേശുനാഥൻ അടുത്ത പകലിനു മുൻപേ മാറിപോകാത്ത വാഗ്ദത്ത ങ്ങളും ദൗത്യവും ഏല്പിച്ചു മാറോടു അണച്ചു. നാമും ഒരിക്കൽ ഈ നിത്യജീവന്റെ വഴി തിരഞ്ഞെടുത്തതുകൊണ്ട് നിത്യരക്ഷയുടെ നിത്യരാജ്യത്തിന്റെ അവകാശികൾ ആയിത്തീർന്നു. ഓരോ നിമിഷവും നാം ഓരോ തിരഞ്ഞെടുപ്പിന്റെ മുൻപിൽ ആണ്. നാം എന്തു തിരഞ്ഞെടുക്കുന്നുവോ അതായിരിക്കും നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ചില തെറ്റായ തിരഞ്ഞെടുപ്പുകൾ നടത്തി ക്രൂരമായ അനന്തര ഫലങ്ങൾ അനുഭവിക്കുന്നവർ നമ്മുടെ ഇടയിൽകണ്ടേക്കാം. എന്നാൽ സ്നേഹവാനായ യേശുനാഥൻ നമ്മെ ചേർ ത്തു പിടിയ്ക്കാൻ അരികിൽ നില്പുണ്ട്. വേദനയുടെയും നിരാശയുടെയും പടുകുഴിയിൽ നിന്നും നമ്മെ കരം പിടിച്ചുയർത്താൻ പുതിയ ദൗത്യത്തിലേക്കു നയിക്കുവാൻ. നാഥന്റെ മുൻപിൽ ഒരു നിമിഷം സമർപ്പിക്കാം. കർത്താവ് പറയുന്നു “പണ്ടുള്ളവയെ ഓർക്കേണ്ട, ഇപ്പോഴുള്ളവയെ നിരൂപിക്കുകയും വേണ്ടാ. ഇതാ ഞാൻ പുതിയതതൊന്ന് ചെയ്യുന്നു .”ഏത് വഴി തിരഞ്ഞെടുക്കണമെന്നു അറിയാതെ നിരാശ പെട്ടിരിക്കുന്നുവെങ്കിൽ വഴി പറഞ്ഞു തരുന്ന സകല സത്യത്തിലും വഴി നടത്തുന്ന പരിശുദ്ധാത്മാവിൽ ആശ്രയിക്കാം. ശരിയായ തിരെഞ്ഞെടുപ്പ് ആയിരിക്കട്ടെ നമ്മുടേത്.

ബോബൻ ശാമുവേൽ തുവയൂർ

-Advertisement-

You might also like
Comments
Loading...