കവിത: നയീനിലെ വിധവ | മേരി ജോയ് തൃശൂര്‍

‘എങ്ങിനെ ഞാനെന്നകതാരിൽ നൊമ്പരം
എണ്ണമറ്റുള്ളോരീ വേർപാടിൻ സ്പന്ദനം
എങ്ങു പോയ്‌ എങ്ങു പോയ്‌ ആശ്രയം പുൽകേണ്ടു? ‘
തേങ്ങലിലാവലോടൊന്നു ചൊന്നീടിനാൾ

വൈധവ്യ ദുഖത്തിൻ മുൾമുന പാകിയ
വീഥിയിലോടിത്തളർന്നതാം വേളയിൽ
ചന്തത്തിനൊത്തൊരു- ചെന്തളിർച്ചെണ്ടുപോൽ
ചിന്തും നറുമണം മിന്നും കതിർമലർ

തങ്കക്കതിരോനിൻ തിങ്ങുന്ന ജ്വാല പോൽ
തങ്കമേ നീയെന്റെ സർവസ്സ്വമായില്ലേ?
വിടരുവാൻ വെമ്പും നൽസൂനവുമല്ലേ നീ
പടരുവാൻ ഓങ്ങിയോർ വല്ലിയുമല്ലയോ?

പൊൻമകനേ നീ നിത്യ നിദ്രയിലാണ്ടുവോ?
നിൻ തായയിൻ രോദനം നീ ശ്രവിച്ചീടുമോ?
മേദിനിയിൽ ഞാനിന്നേകയായ് തീർന്നയ്യോ
വേദന മുറ്റുന്നീ മാനസനൗകയിൽ

മാലോകരെ നിങ്ങളൊന്നു ചൊന്നീടുവിൻ
മാലൊഴിഞ്ഞെന്നു ഞാൻ ഈ ഭൂവിൽ- മേവിടും
ആർത്തനാദത്തിന്റെ മാറ്റൊലിയിൻ ജനം
ചേർത്തു മാറയായ് മാറിയോരമ്മയെ

പാർത്താൽ ഇവളെത്ര കാരുണ്യം- കേഴുവോൾ
ഓർത്തു പുലമ്പുന്നു സാന്ത്വനമേകുന്നു
മൃത്യു തൻ ഘോര അസ്ത്രമങ്ങേൽക്കുമാ-
മർത്യന്റെ മൺകൂടും പൊട്ടിത്തകർന്നിടും !

സഹജേ നീയിന്നൊന്നു നിനയ്ക്കുമോ
ഇഹലോകവാസവും മായാ – മായയെ
സർവേശ സൂക്തി തൻ സാന്ത്വനമല്ലാതെ
ഉർവ്വിയിൽ മർത്യനു പ്രത്യാശയായ്- എന്തുള്ളു ?

ചെന്നു പുരോഹിതർ ചൊന്നു- വേദോക്തികൾ;
ഒന്നുമേ ഏറ്റില്ല, തോർന്നില്ല കണ്ണുനീർ
മുത്തം കൊടുത്തവൾ തന്നേകസൂനുവേ
മുറ്റുമായി ചേർത്തു തൻ മാർവ്വോടണച്ചതും

പെട്ടെന്നലിഞ്ഞു പോയ്‌ തപ്തമാം ആരവം
തിട്ടമില്ലാത്തൊരു തൂമഞ്ഞു പെയ്തപോൽ
ചുറ്റിലും നിൽപ്പവർ ഭവ്യമായ് വീക്ഷിപ്പൂ
മുറ്റും പ്രഭയാർന്ന ദേവാത്മപൂർണ്ണനെ

ആരാരിവനിത്ര ശ്രേഷ്ഠ സമ്പൂർണ്ണനായ്
നാരിയവൾ ഹൃത്തിലാശ്ചര്യമാർന്നുചൊൽ
ദ്യോവിലെ വാസം ത്യജിച്ചങ്ങുതീർന്നൊരീ
ഭൂവിൽ പതിച്ചതാം താരകമാണിവൻ

പൂർവ്വ പ്രവാചകർ ആത്മനേത്രങ്ങളാൽ
ദൂരത്തു ദർശിച്ച സർവേശ നന്ദനൻ
മഹിയിലെ മനുജന്റെ മാറിടാശാപവും
മാറ്റിടുവാൻ വന്ന മന്നവനാണു താൻ

തൃപ്പാദത്തിലർപ്പണം ചെയ്യുകിൽ തീർന്നു- പോം
തീരാത്ത നൊമ്പരക്കാർമുകിൽ വൃന്ദവും
സന്താപത്തീയതിൽ വെന്തുരുകുന്നൊരാ
സാധു വിധവയെ കണ്ടു സർവ്വേശ്വരൻ

തൻ ഭക്തരിൻ കണ്ണുനീർ തൂ- ക്കുവാനൊത്തൊരാ
പൊൻകരം നീട്ടിയിട്ടന്തികേ വന്നു താൻ,
മൽ പുത്രീ നീ കരയല്ലേ പതറല്ലേ
സൽകൃപയൂറ്റാം ഞാൻ സ്വർഗീയമാരിയാൽ

തഞ്ചത്തിലെത്തി ആ പുണ്ണ്യപുഗംവൻ
മഞ്ചത്തിലേറുന്ന ആരോമലിൻ ചാരെ
ഒട്ടും ഭ്രമിക്കാതെ നിന്നു നൽ-പ്രാഭവത്തോടൊരു-
ശത്രുവെ വെല്ലും ഭടന്റെ പോൽ

സ്നേഹാൽ മൊഴിഞ്ഞവൻ ‘സുതനേ- ഉണർന്നീടൂ’
സ്തബ്ധരായി സർവ്വരും സർവേശ- ദീപ്തിയാൽ
അത്ഭുതമത്ഭുതം !നിദ്രയിലാണ്ടൊരാ-
പ്രേതമാം ഗാത്രത്തിൽ ഉണ്മ വിടർന്നുഹാ !

മൃത്യുവാം ഭീകരൻ മുട്ടും മടക്കിയോ?
പാതാള വാതിലും തട്ടിത്തകർത്തുവോ?
വ്യക്തം, ഭ്രമിച്ചു പോയി സർവ്വരും നാഥന്റെ
ശക്തി പ്രഭാവത്തിന്നാഘാതമേൽക്കവേ

ആശ്ലേഷമേറിയങ്ങേകിയാ തായയും
ആയിരം മുത്തമങ്ങർപ്പിച്ചു പുത്രനും
ഇരുവരും പ്രണമിപ്പൂ ആ പുണ്ണ്യപാദത്തിൽ
ഒരുമയായ് നാഥന്റെ തിരുമുഖശോഭയിൽ

മൃത്യുവിൻ ഘോരമാം താഴ്‌വര താണ്ടിയി –
ങ്ങെത്തിയ മർത്യന്റെ ചിത്തം തുടിപ്പൂ ഹാ !
സഹജരെ കൂടുവിൻ ഒന്നുപോൽ മോദരായ്
സർവ്വരും പാടുവിൻ സർവേശ ഗീതികൾ

നിത്യം ഭജിച്ചീടാം ഭക്തരായ് നാഥനെ
സത്യത്തിലും സ്തുതി സ്തോത്രം സമസ്തവും…
നിത്യം ഭജിച്ചീടാം ഭക്തരായ് നാഥനെ
സത്യത്തിലും സ്തുതി സ്തോത്രം സമസ്തവും…

(വായന ഭാഗം: ലുക്കോസ് 7 )
മേരി ജോയ് തൃശൂര്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.