ശുഭദിന സന്ദേശം : അടയാളവും അന്തകനും | ഡോ.സാബു പോൾ

”അവനോടു യഹോവ… യെരൂശലേമിന്റെ നടുവിൽകൂടി ചെന്നു, അതിൽ നടക്കുന്ന സകല മ്ലേച്ഛതകളും നിമിത്തം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക എന്നു കല്പിച്ചു”(യെഹ.9:4).

post watermark60x60

ലോകത്തെ ആകമാനം പിടിച്ചുകുലുക്കുകയും, അനേകരുടെ ജീവൻ തട്ടിയെടുക്കുകയും, അനിശ്ചിതത്വത്തിൻ്റെ ആഴക്കയത്തിലേക്ക് ആളുകളെ തള്ളിയിടുകയും ചെയ്ത ആഗോള മഹാമാരി അഞ്ചാം മാസത്തിലും ആരാലും പിടിച്ചുകെട്ടപ്പെടാതെ അങ്കക്കലി പൂണ്ടു നിൽക്കുകയാണ്….

ഇതിനോടുള്ള മനുഷ്യൻ്റെ പ്രതികരണങ്ങൾ പലവിധമാണ്.

Download Our Android App | iOS App

…അനാത്മീയർ ദൈവത്തെയും മതവിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്നു.
…പ്രകൃതി സ്നേഹികൾ മനുഷ്യൻ്റെ ചൂഷണ സ്വഭാവത്തെ കുറ്റപ്പെടുത്തുന്നു.

…പാശ്ചാത്യർ പ്രഭവകേന്ദ്രമായ ചൈനയ്ക്കെതിരെ തിരിയുന്നു.
…മനുഷ്യ സ്നേഹികൾ പാവപ്പെട്ടവരെ അവഗണിച്ചുള്ള ആഡംബരങ്ങൾക്കെതിരായ ഒരു ചൂണ്ടുപലകയായി ഇതിനെ ദർശിക്കുന്നു.

…ആത്മീയരിൽ ചിലർ, ലോകജനതയുടെ അധാർമ്മികതയ്ക്കെതിരായ ദൈവീക ന്യായവിധിയായി ഇതിനെ കാണുന്നു.

…ആത്മീയരിൽ മറ്റു ചിലർ, ഇന്ന് സഭകളിൽ നടക്കുന്ന അനാത്മീയ പ്രവണതകൾക്കെതിരായ ദൈവകോപം എന്ന് വിലയിരുത്തുന്നു.

ദൈവം ഇതെല്ലാം കണ്ട് മൗനമായിരിക്കുന്നു…..

മാനസാന്തരപ്പെടാൻ നൽകിയ ദൈവീക ന്യായവിധിയാണെങ്കിൽ രണ്ടു കാര്യം സംഭവിക്കണമായിരുന്നു.

1. ശക്തമായ മുന്നറിയിപ്പ് പൊതുവിൽ നൽകുമായിരുന്നു.(ഒരു ചെറിയ പ്രാർത്ഥനാ ഗ്രൂപ്പിൽ അല്ല.)
2. എങ്ങനെ, എപ്പോൾ, പരിഹാരം വരുമെന്നും വെളിപ്പെടുത്തുമായിരുന്നു.

എന്നാൽ മാനസാന്തരത്തിനിട നൽകാതെ ദൈവം ന്യായവിധി നടത്തിയപ്പോഴെല്ലാം പെട്ടെന്ന് സമ്പൂർണ്ണ നാശം സംഭവിക്കുകയാണു ണ്ടായത്.

പ്രശ്നം വരുന്നതിനു മുമ്പേ ദൈവം പ്രവാചകനെ അറിയിച്ച ദൂതാണ് ഇന്നത്തെ വേദഭാഗം…..

രണ്ട് സന്ദർഭങ്ങളിൽ ദൈവം സംഹാരകനിൽ നിന്ന് ജനത്തെ രക്ഷിച്ചതായി വചനം വ്യക്തമാക്കുന്നു.

മിസ്രയീമിൽ ചോരത്തളി ആചരിച്ച ജനം സംഹാരകനിൽ നിന്ന് രക്ഷപ്പെട്ടു. രക്ഷിക്കപ്പെടുന്ന, ക്രിസ്തുവിൽ ആയിത്തീരുന്ന ഒരു വ്യക്തി ശിക്ഷാവിധിയിൽ നിന്ന് ഒഴിഞ്ഞു പോകുന്നതിനെയാണ് ഈ സംഭവം കാണിക്കുന്നത്.

എന്നാൽ ഇന്നത്തെ വേദഭാഗം ചൂണ്ടിക്കാണിക്കുന്നത് രക്ഷിക്കപ്പെട്ട, ദൈവവുമായി ഉടമ്പടി ചെയ്ത, പുരോഹിതൻമാരും യാഗങ്ങളുമുള്ള ജനത്തെക്കുറിച്ചാണ്. ദൈവാലയത്തിൽ നിന്നുമാണ് ന്യായവിധി ആരംഭിക്കുന്നത് പോലും…

അധാർമ്മികതയും മ്ലേച്ഛതകളും കണ്ട് വിലപിക്കുന്നവരുടെ നെറ്റിയിൽ അടയാളമിടാൻ പറയുകയും അങ്ങനെയല്ലാത്തവരെ എല്ലാം കൊന്നുകളയാൻ ദൂതന്മാരോട് ആജ്ഞാപിക്കുകയും ചെയ്യുന്നു.

ഈ ദൂതിൻ്റെ നിവൃത്തി ബാബിലോണ്യ ആക്രമണത്തിൽ നിറവേറി. മ്ലേച്ഛതകളെ അനുകൂലിച്ചവർ വിലപിക്കുന്ന പ്രവാചകനെ കൊന്നുകളയാൻ ശ്രമിച്ചു.

പക്ഷേ…

അവർ പരാജയപ്പെട്ടു… പിന്നീട് ദൂതിൻ്റെ നിവൃത്തിയിൽ അവരെല്ലാം തകർക്കപ്പെട്ടപ്പോഴും വിലപിച്ച യിരമ്യാവിനെ ദൈവം സൂക്ഷിച്ചു….

പ്രിയമുള്ളവരേ,
ഇന്നത്തെ പ്രതിസന്ധിയുടെ കാര്യ കാരണങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും ലോകത്തിൽ നടമാടുന്ന അധാർമ്മികതയ്ക്കും മ്ലേച്ഛതകൾക്കുമെതിരെ ദൈവജനം വിലപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു…

വിലപിക്കുന്നവരെ അടയാളമിട്ട് വേർതിരിക്കുന്നൊരു ദൈവമുണ്ടെന്നറിയുക…

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like