പുസ്‌തക നിരൂപണം: കലവറയിലെ കൽപാത്രങ്ങൾ: ഒരു ആസ്വാദനം | ജസ്റ്റിൻ ജോർജ് കായംകുളം

എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ പാസ്റ്റർ ബ്ലെസ്സൺ പി ബി ഡൽഹി എഴുതിയ ‘കലവറയിലെ കൽപ്പാത്രങ്ങൾ’ എന്ന് നോവൽ കഴിഞ്ഞ കുമ്പനാട് കൺവൻഷനിൽ പ്രിയ ബ്ലെസ്സൻചായന്റെ കയ്യിൽ നിന്നും വാങ്ങുവാൻ ഇടയായി.
വളരെ കാലങ്ങൾക്ക് ശേഷം ഒറ്റയിരുപ്പിന് വളരെ താല്പര്യത്തോടെ വായിച്ചു തീർത്ത ഒരു പുസ്തകം ആയിരുന്നു അത്.
ആദ്യമായ് ഞാൻ വായിക്കുന്ന ക്രിസ്ത്യൻ നോവൽ ഏഴംകുളം സാംകുട്ടി എന്ന എഴുത്തുകാരന്റെ പാളം തെറ്റിയ തീവണ്ടി ആണ്. പിന്നീടങ്ങോട്ട് അനേകം ക്രിസ്തീയ പെന്തക്കോസ്ത് പശ്ചാത്തലത്തിൽ ഉള്ള നോവലുകൾ വായിച്ചിട്ടുണ്ട്.

post watermark60x60

മരുഭൂമിയിൽ ഒരു കുളിർകാറ്റ് പോലെയാണ് ‘കലവറയിലെ കൽപ്പാത്രങ്ങൾ’ എനിക്ക് അനുഭവപ്പെട്ടത്. ഈ കാലഘട്ടത്തിലും ആശയസമ്പുഷ്ടമായ രചനകൾ പുറത്ത് വരുന്നുണ്ടല്ലോ എന്നോർത്തപ്പോൾ സന്തോഷം തോന്നി..

കൃത്യമായി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി, ജീവിതത്തിലെ പച്ചയായ യാഥാർഥ്യങ്ങളിലൂടെ, ലളിതമായ വാക്കുകളിൽ വായനക്കാരനെ പിടിച്ചു നിർത്തി, ഒറ്റയിരുപ്പിന് പുസ്തകം വായിച്ചു തീർക്കാനുള്ള താല്പര്യം ജനിപ്പിക്കാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്.

Download Our Android App | iOS App

ഒരു ശരാശരി നാട്ടിൻപുറ-ഗ്രാമീണ കർഷക പെന്തകോസ്ത് കുടുംബ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന നോവൽ ആശയാവിഷ്ക്കാരങ്ങളുടെ കൃത്യമായ ആസൂത്രണത്തിൽ അവസാനിക്കുമ്പോൾ കണ്ണുകൾ ഈറനണിയിച്ചും, ആനന്ദാശ്രു പൊഴിച്ചും കൊണ്ട് മാത്രമേ വായിച്ചു തീർക്കാൻ കഴിയുകയുള്ളു.

കേവലം അക്ഷരങ്ങൾ കൊണ്ട് ഹൃദയങ്ങളെ തൊടുന്ന, ആത്മികതയിൽ ഒട്ടും തന്നെ ശോഷണം വരുത്താതെ കഥാപാത്രങ്ങൾ നമ്മിൽ ഒരാളായി തോന്നിപ്പിക്കാൻ എഴുത്തുകാരൻ ആഴമായി ആഗ്രഹിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

മനസാന്തരവും, വേർപാടും, അപകടവും, ദുരന്തങ്ങളും ഒക്കെ കടന്ന് വരുന്ന നോവലിൽ ദൈവീകതയുടെ കരസ്പര്ശനങ്ങൾ പലപ്പോഴും എഴുത്തുകാരന്റെ നീറുന്ന അനുഭവങ്ങളിൽ ചാലിച്ച് എഴുതി വരുന്നത് നമ്മെ കൂടുതൽ കഥയിലേക്ക് വലിച്ചടുപ്പിക്കുന്നുണ്ട്.

സെലിനും, റിൻസിയും, റേച്ചലും, ബിബിനും, മഞ്ജുവും, സുരേഷും പലിശക്കാരൻ തോമാച്ചനുമെല്ലാം ജീവിത യാത്രയിൽ സംഭവിക്കുന്ന ഉയർച്ച താഴ്ചകളുടെ നേർക്കാഴ്ചകളാണ്.

വലിയ അക്ഷരങ്ങളും, ഗുണമേന്മയുള്ള പേപ്പറിൽ മികച്ച രീതിയിലുള്ള അച്ചടിയും കെട്ടിലും മട്ടിലും മികച്ച അനുഭവം നൽകുന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.

സർഗാത്മക രചനകളോട് മുഖം തിരിക്കുന്ന, ആത്മീയ അളവുകോൽ കൊണ്ട് എഴുത്തിനെ വരെ അളക്കുന്ന ഒരു സമൂഹത്തിൽ ധൈര്യത്തോടെ ദൈവം നൽകിയ കഴിവുകൾ ഉപയോഗിച്ചു മികച്ച ഒരു രചന വായനാലോകത്തിന് സമ്മാനിച്ച പാസ്റ്റർ ബ്ലെസ്സൺ പി.ബിക്ക് എന്റെ സ്നേഹാഭിവാദനങ്ങൾ.

ജസ്റ്റിൻ ജോർജ് കായംകുളം

-ADVERTISEMENT-

You might also like