ലേഖനം: ട്രാൻസ് – അവഹേളനമോ അതോ അവസരമോ…? | സാം തോമസ്, ന്യൂഡൽഹി

കൊറോണയ്ക്കു നന്ദി….! ട്രാൻസ് എന്ന മലയാള സിനിമ ഉണ്ടാക്കിയേക്കാമായിരുന്ന വിവാദ, പരിഹാസ തിരമാലകൾ തടഞ്ഞുനിർത്തിയതിന്…. പക്ഷെ, തിരമാലകൾ അടങ്ങിയെങ്കിലും, ചെറിയ ഓളങ്ങൾ അവിടവിടെയായി സംഭവിക്കുന്നുണ്ട്, അത് തുടരുകയും ചെയ്യും, പ്രത്യേകിച്ചും ഈ സിനിമ തിയേറ്ററുകൾ വിട്ടു ടി.വി.ചാനലുകളിലും, മറ്റു മീഡിയകളിലും വരാനിരിക്കെ. പൊതുവെ ട്രാൻസ് എന്ന എന്ന സിനിമ ഒരു സമ്മിശ്ര വികാരമാണ് സൃഷ്ടിച്ചത് എന്ന് കരുതപ്പെടുന്നു. പെന്തക്കോസ്തുകാരെ, അവരുടെ വിശ്വാസങ്ങളെ പൊതുവെ വിമർശന ബുദ്ധിയോടെ കാണുന്ന ആളുകൾ പോലും ഈ സിനിമയെ, അത് ഉയർത്തിയ വിമർശനങ്ങളെ പെന്തക്കോസ്തുകാർക്കെതിരായി മാത്രമുള്ള ഒന്നായി കാണുന്നില്ല. എന്നാൽ, ക്രൈസ്തവ വിശ്വാസത്തെ കച്ചവടം ചെയ്യുന്ന ചൂഷക വർഗ്ഗങ്ങൾക്കെതിരായ ഒന്നായി കാണുന്നുണ്ടുതാനും. ഈ കൂട്ടത്തിൽ പെന്തക്കോസ്തിന്റെ ലേബലിൽ അറിയപ്പെടുന്നവർ ഉണ്ടെന്നുള്ളത് സത്യവുമാണ്. എന്നാൽ, ഈ സിനിമ പെന്തക്കോസ്തു സമൂഹത്തിനു മുഴുവൻ അപമാനകരവും,
യേശുക്രിസ്തുവിനെയും, സുവിശേഷത്തെയും അവഹേളിക്കുന്നതുമാണ്
എന്നൊരു കാഴ്ചപ്പാടാണ് മറ്റൊരു വിഭാഗം മുന്നോട്ടു വയ്ക്കുന്നത്. ഇങ്ങനെ ചിന്തിക്കുന്ന ഈ ആളുകളുടെ സമീപനം
യാഥാർഥ്യബോധത്തോടെയുള്ളതാണോ, ആരാണ് യഥാർത്ഥത്തിൽ
പെന്തക്കോസ്തു സമൂഹത്തെയും, സുവിശേഷത്തെയും അപമാനിക്കുന്നത്
എന്നൊരു പുനർവായനയ്ക്കാണ് ഞാൻ ഇവിടെ ശ്രമിക്കുന്നത്.

ഒന്നാമതായി, പ്രസ്തുത സിനിമയുടെ തുടക്കത്തിൽ ‘മതപരമായ
വിശ്വാസങ്ങളെ ബഹുമാനിക്കുന്നു’ എന്നെഴുതിക്കാണിച്ചിട്ടും, അതിനോട്
നീതി പുലർത്തിയിട്ടില്ല എന്നാണ് വിമർശകരുടെ നിരീക്ഷണം. എന്നുവച്ചാൽ
സിനിമയിലെ രംഗങ്ങൾ മതപരമായ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു
എന്നർത്ഥം. എന്നാൽ, എന്നുമുതലാണ് പെന്തക്കോസ്ത് വൃണപ്പെടാൻ
തക്ക വികാരങ്ങളുള്ള ഒരു മതമായി മാറിയത്…? പെന്തക്കോസ്ത് ഒരു
മതമാണെങ്കിൽ മാത്രമല്ലെ മതവികാരം വൃണപ്പെട്ടു എന്ന് പറയാനാകൂ…?
അപ്പോൾ, മതമില്ലാത്ത പെന്തക്കോസ്തിന്റെയും, അത്തരമൊരു
മതമില്ലാത്ത പെന്തക്കോസ്തുകാരുടെയും യാതൊരു വികാരങ്ങളും ഒന്നിനാലും
വൃണപ്പെടേണ്ട കാര്യമില്ല. ഇനി, വിശ്വാസത്തെ ബാധിക്കുന്നു എന്നാണു
പരാതിയെങ്കിൽ, ഉയർന്നുവരുന്ന കാതലായ ചോദ്യം, ‘എന്താണ് വിശ്വാസം’
എന്നുള്ളതാണ്. വചനത്തിന്റെ അടിസ്ഥാനത്തിൽ വിശ്വാസം എന്നത് ഒരു
വിശ്വാസിയും, അവന്റെ/അവളുടെ രക്ഷകനായ ദൈവവും തമ്മിലുള്ള
വ്യക്തിപരമായ ബന്ധം (ർelation) ആണ്. അപ്പോൾ, ഒരു വിശ്വാസിയും ദൈവവും
തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തെ വൃണപ്പെടുത്തുവാൻ
അവനവനല്ലാതെ യാതൊന്നിനുമാകില്ല. അപ്പോസ്തോലനായ പൗലോസ്
പറയുന്നത് ശ്രദ്ധിക്കുക; “ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും നമ്മെ
വേർപിരിക്കുന്നതാർ? ഇപ്പോഴുള്ളതിനോ,വരുവാനുള്ളതിനോ… മറ്റു
യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കാൻ കഴിയില്ല എന്ന് ഞാൻ
ഉറച്ചിരിക്കുന്നു. (റോമർ 8 :35 ,39 ) ഇതാണ്, ഇതായിരിക്കണം ഒരു ഭക്തന്റെ
ദൈവവുമായുള്ള ബന്ധം, ദൈവത്തിലുള്ള വിശ്വാസം. അപ്പോൾ, ഒരു കൂട്ടം
മനുഷ്യരുടെ ഭാവനാസൃഷ്ടി മാത്രമായ വെറുമൊരു സിനിമ കൊണ്ട്
വൃണപ്പെടാനുള്ളതേയുള്ളൂ നമ്മുടെ വിശ്വാസമെങ്കിൽ, അത് യഥാർത്ഥ
വിശ്വാസമല്ല, ഒരുതരം അന്ധവിശ്വാസമാണ്.

അടുത്ത പ്രശ്നമായി ഉയർത്തിക്കാണിക്കുന്നത്ഈ സിനിമ അന്യഭാഷയെ
അനുകരിക്കുന്നു എന്നതാണ്.അന്യഭാഷ എന്നത് പെന്തക്കോസ്തുകാരുടെ
മാത്രം പ്രത്യേകതയായി കരുതപ്പെട്ട കാലത്തുനിന്നും നാം മുൻപോട്ടു
പോയി. ഇന്ന് മറ്റു മതങ്ങളിലും അന്യഭാഷയോ, അങ്ങനെ കരുതാവുന്നതോ
ആയ കാര്യങ്ങൾ കണ്ടുവരുന്നുണ്ട്. എന്ന് വച്ചാൽ അന്യഭാഷ എന്നത്
പെന്തക്കോസ്തിന്റെ കുത്തകയൊന്നുമല്ല. അപ്പോൾ, അന്യഭാഷയെ
അനുകരിക്കുന്നത് അഭിമാനപ്രശ്നമായി ഊതിപ്പെരുപ്പിക്കേണ്ട
കാര്യമൊന്നുമില്ല. ഇനി, ദൈവീക അന്യഭാഷ എന്താണെന്നും,
എങ്ങനെയാണു ലഭിക്കുന്നതെന്നും, എന്തിനാണ്
ലഭിക്കുന്നതെന്നുമൊക്കെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള സാമാന്യമായ
അറിവ് മലയാളി പെന്തക്കോസ്തു വിശ്വാസികൾക്കുണ്ട്. അപ്പോൾ,
പരിഹസിക്കുന്നു എന്നതിന്റെ യഥാർത്ഥ അർത്ഥത്തിൽ പരിശോധിച്ചാൽ
അന്യഭാഷയെ പരിഹാസപാത്രമാക്കിത്തീർത്തതും, പരിഹസിക്കുന്നതും
പെന്തക്കോസ്തുകാരെ തന്നെയാണ്. പാരമ്പര്യ പെന്തക്കോസ്തുകാരെക്കും
ന്യൂ ജനറേഷൻ പെന്തക്കോസ്തുകാരെക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽ
നിന്നും ഒഴിഞ്ഞുമാറാനാകില്ല. ആത്മാഭിഷേകത്തിന്റെ ഏകവും,
പ്രത്യക്ഷവുമായ അടയാളം അന്യഭാഷയാണെന്നു പഠിപ്പിച്ചു,
അന്യഭാഷയില്ലെങ്കിൽ അത് ആത്മീകതയുടെ കുറവാണെന്നും, അന്യഭാഷാവരം
ഇല്ലാത്തവർ എന്തോ കുറവുള്ളവരാണെന്നും ചിത്രീകരിച്ചു ആളുകളെ
സമ്മർദ്ദതന്ത്രങ്ങളിൽ അകപ്പെടുത്തി നിർബന്ധപൂർവ്വം അന്യഭാഷ
അടിച്ചേൽപ്പിച്ച പാരമ്പര്യ പെന്തക്കോസ്തു ഉപദേശങ്ങളുടെ
വക്താക്കളും, ദൈവീക അന്യഭാഷയുടെ പാവനതയും, മൂല്യവും
തൃണവല്ഗണിച്ചു്, എന്താണ് അന്യഭാഷയുടെ ദൈവീകമായ ഉദ്ദേശം
എന്നുപോലും മനസ്സിലാക്കാതെ, സ്ഥാനത്തും അസ്ഥാനത്തും
ആവശ്യമില്ലാതെ പ്രയോഗിച്ചു അന്യഭാഷയെ കൂത്തുകാഴ്ചയാക്കി മാറ്റിയ
ഇന്നത്തെ ന്യൂ ജനറേഷൻ പെന്തക്കോസ്തുകാരും ഒരുപോലെ അന്യഭാഷയെ
പരസ്യകോലമാക്കിയതിനു ഉത്തരവാദികളാണ്. ഇന്നത്തെ അന്യഭാഷ പറയുന്ന പെന്തക്കോസ്തുകാരിൽ എത്ര പേർക്ക് ഉറപ്പുണ്ട് തങ്ങൾ പറയുന്നത്
ദൈവദത്തമായ അന്യഭാഷയാണെന്ന്…? പരിശുദ്ധാത്മാവിനാൽ നൽകപ്പെട്ട
അന്യഭാഷാവരം ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നവരെ
അംഗീകരിക്കുമ്പോൾത്തന്നെ, ഈ വരം ലഭിക്കാത്തവർ തങ്ങൾക്കും ഇത്
ലഭിച്ചിട്ടുണ്ട് എന്ന വ്യാജേന കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ
ദൈവാത്മാവിനെ ദുുഃഖിപ്പിക്കുന്ന പാപവും, അന്യഭാഷയോടുള്ള
പരിഹാസവുമാണ്. അങ്ങനെ അക്ഷരാർത്ഥത്തിൽ പരിഹാസികളായ നാം, അകമേ
ഒരു നവീകരണത്തിന് തയ്യാറാകാതെ എന്തിനാണ് മറ്റുള്ളവർ പരിഹസിക്കുന്നു
എന്ന് പരാതി പറയുന്നത്…?

ട്രാൻസ് എന്ന സിനിമ സുവിശേഷ യോഗങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്നു
എന്നതാണ് അടുത്ത ആരോപണം. എന്നാൽ, എന്തായിരുന്നു നമ്മുടെ
സുവിശേഷയോഗങ്ങൾ, ഇന്ന് എന്താണ് നമ്മുടെ സുവിശേഷയോഗങ്ങൾ
എന്ന് ചിന്തിച്ചാൽ ഈ പരാതിക്കും പരിഹാരമാകും. ഇന്ന്, എത്ര സുവിശേഷ
യോഗങ്ങൾ അതിന്റെ പേരിനോട് നീതി പുലർത്തി സംഘടിപ്പിക്കപ്പെടുന്നുണ്ട്? ഇന്നത്തെ സുവിശേഷ യോഗങ്ങളിൽ
സത്യസുവിശേഷം തന്നെയാണോ പ്രസംഗിക്കപ്പെടുന്നത്? ഉത്തരം
അന്വേഷിച്ചാൽ, ‘ഗ്രേറ്റ് കമ്മീഷൻ’ ന്റെ ചുമതലക്കാർ എന്നവകാശപ്പെടുന്ന
ആധുനിക പെന്തക്കോസ്തു സുവിശേഷ വേലക്കാർ മുഖം താഴ്ത്തി
നിൽക്കേണ്ടി വരും. ഇനി,സുവിശേഷം യഥാർത്ഥത്തിൽ പ്രസാംഗിക്കപ്പെട്ട
കാലത്തും സുവിശേഷവേലയും, സുവിശേഷ പ്രസംഗങ്ങളും നിരവധിയനവധി
പ്രതികൂലങ്ങളും, പ്രയാസങ്ങളും, പരിഹാസങ്ങളും തരണം ചെയ്തു തന്നെയാണ്
മുന്നേറിയിട്ടുള്ളത്. അനുഭവങ്ങളുടെ തീച്ചൂടിൽ വാടാതെ പിതാക്കന്മാർ
നമുക്ക് കൈമാറിയ സുവിശേഷീകരനം എന്ന ദൈവീകമായ ഉത്തരവാദിത്വം ഒരു സിനിമയുടെ
വെയിലിൽ മറക്കുവാനും, അത്തരം സിനിമകൾ സുവിശേഷയോഗങ്ങളോടുള്ള
വെല്ലുവിളിയായി കണക്കാക്കാനും നമുക്കാകില്ല. അതേസമയം, സുവിശേഷ സത്യങ്ങളുടെ
പ്രചാരണത്തെക്കാളുപരി, രോഗസൗഖ്യവും, കടബാധ്യതകളുടെ
മോചനവുമൊക്കെയാണ് ഇന്നത്തെ നമ്മുടെ സുവിശേഷ യോഗങ്ങളുടെ
ഹൈലൈറ്. ബന്ധനങ്ങളുടെ മോചനം, രോഗസൗഖ്യം, രോഗശാന്തി,
കടഭാരങ്ങളുടെ മോചനം… ഇങ്ങനെയുള്ള ആപേക്ഷികമായ കാര്യങ്ങൾ
വാഗ്ദാനം ചെയ്തു ജനങ്ങളുടെ ശാരീരികവും, മാനസികവും, ആത്മീകവുമായ
ദൗർബല്യങ്ങളെ ചൂഷണം ചെയ്തു ആളെക്കൂട്ടി, ആധുനിക
വാദ്യോപകരണങ്ങളുടെയും, മേളക്കൊഴുപ്പിന്റെയും അകമ്പടിയോടെ അവരെ ഒരു താൽക്കാലികമായ മായികാവസ്ഥയിലെത്തിക്കുന്ന വെറും മേളാങ്കങ്ങളായി അധപ്പതിച്ചുപോയ സുവിശേഷത്തിന്റെ പേരിലുള്ള
പ്രഹസനങ്ങളെ അവസാനിപ്പിക്കുവാൻ ആർക്കു സാധിക്കും..? ഇതിനെതിരെ ആരും, മീഡിയാ സംവിധാനങ്ങൾ കയ്യിലുള്ളവർ പോലും, പ്രതികരിക്കാത്തതെന്തുകൊണ്ടാണ്…?
ചെന്നുചേരുന്നിടത്തൊക്കെയും സകല പ്രാണികൾക്കും ജീവനും,
ചൈതന്യവും നൽകുവാൻ കഴിവുള്ള ദൈവവചനം എന്ന ജീവജലത്തിന്റെ
ഉറവുകളെ വിട്ടുകളഞ്ഞു, കേവലം ജഡത്തിന്റെ ആഗ്രഹങ്ങളെയും
ആവശ്യങ്ങളെയും തൃപ്തിപ്പെടുത്തുകയെന്ന പൈശാചിക തന്ത്രത്തിന്റെ
വക്താക്കളായി മാറി , ക്രൂശിതനായ ക്രിസ്തുവിനേക്കാളും ഫോറൻസിക്
പ്രവാചകന്മാർക്കും ഇൻസ്റ്റന്റ് സൗഖ്യദാതാക്കൾക്കും പിന്നാലെയോടുന്ന
ഇന്നത്തെ പെന്തക്കോസ്തുകാരെ എങ്ങനെയാണു വിമർശനങ്ങൾക്ക്
അതീതരാകുന്നത്…? ഇത്തരം പേക്കൂത്തുകളെ ആരെങ്കിലും വിമർശിച്ചാൽ
അതെങ്ങനെയാണ് നിർമ്മല സുവിശേഷം പങ്കുവയ്ക്കുന്ന
സുവിശേഷയോഗങ്ങൾക്കെതിരായ വിരൽചൂണ്ടലാകുന്നത്…? എന്നാൽ,
എന്താണ് യഥാർത്ഥ പെന്തക്കോസ്ത് എന്നും, ചുറ്റുപാടുകളിൽ ഇന്ന്
മുഖ്യമായും കണ്ടുവരുന്നത് പ്രഹസനങ്ങൾ മാത്രമാണെന്നും
വിളിച്ചുപറയാൻ ആർജ്ജവമുള്ള ആരെയും കാണുന്നില്ലതാനും. ഈ
സാഹചര്യത്തിലാണ് ഇതുപോലെയുള്ള സിനിമകളും,അവയുടെ കാലിക
പ്രസക്തിയും സിനിമാവിരോധികളായ (?)
പെന്തക്കോസ്തുകാരുടെയിടയിൽപ്പോലും ചർച്ചാവിഷയമായി മാറുന്നത്.

പെന്തക്കോസ്തുകാരെ, പ്രത്യേകിച്ചും പാസ്റ്റർമാരെ വിമർശിക്കാൻ
പാടില്ല എന്നൊരു വികലമായ ചിന്താധാര സൃഷ്ടിച്ചെടുക്കാൻ
അല്പമല്ലാത്ത ചില ശ്രമങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നതായി ഈ
സിനിമയുമായി ബന്ധപ്പെട്ടു നടന്ന ചില കുപ്രസിദ്ധരായ പാസ്റ്റർമാരുടെ
പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ദൈവത്തിന്റെ പേരും
പറഞ്ഞു സ്വയം ദൈവമായി പ്രതിഷ്ഠിക്കാനുള്ള ഒരു വെമ്പൽ ഈ
സ്വയംപ്രഖ്യാപിത ‘അഭിഷിക്തന്മാരിൽ’ കാണാം. കത്തോലിക്കാ സഭയെ
തെറ്റാവരത്തിന്റെ പേരിൽ വിമർശിക്കുമ്പോൾ തന്നെയാണ് പെന്തക്കോസ്തുകാരും അതേപാതയിൽ നീങ്ങുന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, പെന്തക്കോസ്തിനുള്ളിലെ
മാലിന്യങ്ങളെ തിരിച്ചറിയാനോ, തികഞ്ഞ സ്നേഹത്തിൽ പുറത്താക്കാനോ, ഒരു
നവീകരണത്തിനോ ഒരു നേതാക്കന്മാരും തയ്യാറല്ല. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾക്കു പിന്നാലെ പായുമ്പോൾ ആർക്കാണ് ഇതിനൊക്കെ
സമയം..? അങ്ങാടിയിലെ വന്ദനത്തിനും, കൺവെൻഷനുകളിലെ
മുഖ്യാസനങ്ങൾക്കും ലക്ഷങ്ങൾ മുടക്കുവാൻ തയ്യാറുള്ള,
കുപ്രചാരകന്മാരുടേതുപോലെ തന്നെ അകമേയുള്ള പുഴുക്കുത്തിന്റെ മറ്റൊരു
പാഠഭേദം ആയ ഈ അധികാരസ്ഥന്മാർക്കു എങ്ങനെയാണ് സഭാഗാത്രം
പുറമെനിന്ന് നേരിടുന്ന പുഴുക്കുത്തുകൾ ചെറുക്കുവാനാകുക…? സിനിമയിലെ
വില്ലന്മാർ കോട്ടിട്ട കോർപ്പറേറ്റുകൾ ആണെങ്കിൽ, യഥാർത്ഥ
വില്ലന്മാർ വെള്ളയിട്ട കോർപ്പറേറ്റുകൾ ആണ്. ഇതിന്റെ പ്രത്യക്ഷമായ
ഉദാഹരമാണ് ഓരോ സഭാ ഇലെക്ഷൻ കാലവും. സിനിമയിലെ നായകൻ
ജീവിക്കാൻ വേണ്ടിയാണു പാസ്റ്റർവേഷം കെട്ടിയാടുന്നതെങ്കിൽ, ആധുനിക
സഭയിൽ അധികാരത്തിനും, സമ്പത്തിനും, പ്രശസ്തിയുടെ
വെള്ളിവെളിച്ചത്തിനും വേണ്ടിയുള്ള കടിപിടിയാണ് കാണാനാകുന്നത്.
ഇങ്ങനെ നോക്കുമ്പോൾ, ട്രാൻസ് എന്ന സിനിമയോ, ഇതിനു മുൻപ്
വന്നിട്ടുള്ള സിനിമകളോ, ഇനി ഇതിന്റെ ചുവടുപിടിച്ചു വരാനിരിക്കുന്ന
സിനിമകളോ ഒന്നുമല്ല നമ്മുടെ വിഷയം, അത് ഒരു ആന്തരീക
നവീകരണത്തിന്റെ ആവശ്യകത തന്നെയാണ്. സ്വന്തം കുറവുകൾ കണ്ടറിഞ്ഞു
ആവശ്യബോധത്തോടെ രട്ടിലും, വെണ്ണീറിലും ഇരിക്കാൻ, സഭക്ക് വേണ്ടി
നിലവിളിക്കാൻ, നശിച്ചുപോകുന്ന തലമുറകൾക്കു വേണ്ടി കണ്ണീർ
പൊഴിക്കാൻ, ദൈവവചനത്തിനു ചെവി കൊടുക്കാൻ ബിലെയാമുമാർ ഇല്ലാതെ വരുമ്പോഴാണ് ഇങ്ങനെ ചില കഴുതകളുടെ
വായ് തുറക്കുന്നത്, അത് ദൈവത്താൽ സംഭവിക്കുന്നതാണ് എന്ന്
ചിന്തിക്കുവാനാണ് എനിക്കിഷ്ടം. പെന്തക്കോസ്തുകാരും, പെന്തക്കോസ്തു വിശ്വാസങ്ങളും
ഒരിക്കലും വിമർശനത്തിന് അതീതരല്ല. തന്നെയുമല്ല, വിമർശനങ്ങളുടെയും,
പരിഹാസങ്ങളുടെയും മുൾപ്പാതകൾ ചവിട്ടിക്കടന്നു തന്നെയാണ് സത്യസഭ
എക്കാലത്തും യാത്ര തുടർന്നിട്ടുള്ളത്. അപ്പോൾ, ഇത്തരം
സിനിമകളിൽക്കൂടെയും പുറത്തു നിന്നും വിമർശനങ്ങൾ ഉണ്ടാകുമ്പോൾ
അസഹിഷ്ണുതയല്ല ആവശ്യം,മറിച്ചു , അതിനെ ഒരു അവസരമായി കണ്ടു,
അകമെനിന്നുള്ള സ്വയം വിമർശനാത്മകമായ തിരുത്തലുകളാണ്.

സാം തോമസ്, ന്യൂഡൽഹി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.