ലേഖനം: മടങ്ങിവരാം… ദൈവസ്നേഹത്തിലേക്ക് | പാ. തോമസ് എബ്രഹാം, കുമിളി

”കർത്താവിൽ ഏകചിന്തയോടിരിപ്പിൻ” എന്ന് അപ്പൊസ്തലനായ പൗലോസ് പ്രബോധിപ്പിക്കുന്നു (ഫിലിപ്പിയര്‍ 4 : 2 ,3 ). യുവോദ്യയും സുന്തുകയും എന്നീ രണ്ടു സ്ത്രീകളോടുള്ള വ്യക്‌തിപരമായ പ്രബോധനമാണ് ഈ വാക്യങ്ങളിൽ കാണുന്നത്. ഇവരെക്കുറിച്ച് തിരുവചനത്തിൽ മറ്റൊരിടത്തും രേഖപ്പെടുത്തിയിട്ടില്ല. ഇവർ സുവിശേഷഘോഷണത്തിൽ പൗലോസിനോടൊപ്പം പോരാടിയവരാണ് എന്ന് ഇവിടെ സൂചിപ്പിക്കുന്നു. അവർ തമ്മിലുള്ള പിണക്കത്തിന്റെ കാരണങ്ങൾ വ്യക്തമല്ലെങ്കിലും അവർ അത്ര യോജിപ്പിലല്ലെന്ന് വ്യക്‌തമാണ്. അത് സഭയിലെ ആത്‌മീയ സന്തോഷം നഷ്ടമാക്കിയിരുന്നു .അതിനാൽ ‘കർത്താവിൽ നിലനിൽക്കണം’ എന്ന് അപ്പോസ്തലൻ ആഹ്വാനം ചെയ്യുന്നു.(ഫിലിപ്പിയര്‍ 4 :1,2 ). നിങ്ങൾ ഏകാത്മാവിൽ നിലനിൽക്കണം എന്ന് ഫിലിപ്പിയര്‍ 1:27ലും കാണുന്നു.

ഒരു ക്രിസ്താനിയുടെ നിലനിൽപ്പ് ക്രിസ്തുവിൽ മാത്രമാണ്. നാം ക്രിസ്തുവാകുന്ന പാറമേൽ നിലനിൽക്കുന്നു എങ്കിൽ സുസ്ഥിരരാണ്. ഇന്ന് അനേകരും ലോകത്തിന്റെ സ്ഥാനമാനങ്ങളിലും മഹിമയിലും പ്രശസ്തിയിലും നിലനിൽപ്പാൻ ആഗ്രഹിക്കുന്നു. എന്നാൽ അതെല്ലാം താൽക്കാലികവും നശ്വരവുമാണ്

കർത്താവിൽ ഏക ചിന്തയോടിരിപ്പിന്‍ എന്ന് ആഹ്വാനം ചെയ്യുന്ന അപ്പോസ്തോലൻ ഐക്യതയുടെ അനിവാര്യതയാണിവിടെ സൂചിപ്പിക്കുന്നത്. ഏതു കാരണത്താലുള്ള ഭിന്നതയോ പിണക്കമോ ആയിരുന്നാലും അവർ ക്രിസ്തുവിൽ ഒന്നായി തീരുവാൻ പൗലോസ് ആഹ്വാനം ചെയ്യുന്നു. മനുഷ്യനെയും ദൈവത്തെയും തമ്മിൽ നിരപ്പിക്കാനായാണ് ക്രിസ്തു കാൽവരിയിൽ തന്നെത്താൻ അർപ്പിച്ചത്. അങ്ങനെ ദൈവവുമായുള്ള അനുരഞ്ജനത്തിന്റെ അടയാളമാണ് വിശ്വാസികളുടെ പരസ്പരം ഉള്ള ഐക്യത. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാൻ കഴിയാത്തവർക്ക്‌
കാണപ്പെടാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കാൻ കഴിയും? (1 യോഹന്നാൻ 4:20). തമ്മിൽ വിദ്വേഷത്തിലും അതു നിമിത്തം ഉണ്ടാകുന്ന ആത്മീയ വിളർച്ചയിലും നാം ആയിരിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ബലിമരണത്തെ നാം വ്യർത്ഥമാക്കുകയാണ് ചെയ്യുന്നത്.

ക്രിസ്തുവിനെ കൂടാതെയൊരു ഐക്യതയും ഇല്ല. ഏതു തരത്തിലും സ്വഭാവത്തിലും ഉള്ളവർ ആയാലും വൈപരീത്യങ്ങളായ അവസ്ഥാ വിശേഷതകൾ ഉള്ളവരായാൽ പോലും ക്രിസ്തുവിൽ ഒന്നായി തീരുവാൻ കഴിയും. ക്രിസ്തുവിനെ വാസ്തവമായി സ്‌നേഹിക്കുമ്പോൾ മറ്റുള്ളവരെയും സ്നേഹിപ്പാൻ കഴിയും.
ഒരപ്പത്തിന്റെ അംശികൾ, ഒരു പാനപാത്രത്തിന്റെ ഓഹരിക്കാർ ഒരേയൊരാത്മാവിനെ പാനം ചെയ്തിരിക്കുന്നവർ എന്ന് അഭിമാനിക്കുന്നവർ ഒരുമിച്ചു നിൽക്കാൻ, ഒരുമിച്ചു ആരാധിക്കാൻ കഴിയാതെ വിപരീത ധ്രുവങ്ങളിൽ കഴിയുന്നത് എത്ര ശോചനീയം.. !!!
ചുങ്കക്കാരനായ മത്തായിയും എരിവുകാരനായ ശീമോനും വ്യത്യസ്തവും വൈപരീത്യവുമായ സാഹചര്യങ്ങളിൽ നിന്നുള്ളവർ ആയിരുന്നു. റോമാ ഭരണത്തിന്റെ അധികാരത്തിൽ നിന്നും യഹൂദന്മാരെ മോചിപ്പിക്കാൻ അടരാടിയവർ ആയിരുന്നു എരിവുകാർ. റോമാ ഭരണകൂടത്തിനു വേണ്ടി യഹൂദന്മാരെ പീഡിപ്പിച്ചു അധികചുങ്കം പിരിച്ചു ഗവണ്മെന്റിനു അധികലാഭം വരുത്തുന്നവർ ആയിരുന്നു ചുങ്കക്കാർ. എന്നാൽ അവർ കർത്താവിനെ കണ്ടു മുട്ടിയപ്പോൾ അവരുടെ കാഴ്ചപ്പാടിന് മാറ്റം വന്നു.അതുപോലെ പ്രവർത്തനങ്ങളിലും മാറ്റം വന്നു. ബദ്ധശത്രുക്കൾ ആയിരുന്നവർ ക്രിസ്തുവിൽ ഒന്നായിത്തീർന്നു.

സകലവും മറന്ന് ദൈവരാജ്യത്തിനും സുവിശേഷത്തിന്റെ വ്യാപ്തിക്കും സഭകളുടെ ഐക്യതക്കും തൻനിമിത്തം ദൈവനാമമഹത്വത്തിനും ആയി ഒത്തൊരുമയോടെ മുന്നേറാം..

പാസ്റ്റർ തോമസ് എബ്രഹാം, കുമിളി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.