കവര്‍ സ്റ്റോറി: പ്രവാസികളുടെ സാമൂഹിക അകലം | എഡിസൺ ബി ഇടയ്ക്കാട്

ക്വാറന്റൈൻ, ഐസൊലേഷൻ, സാമൂഹിക അകലം’ തുടങ്ങി പദങ്ങൾ ഈയടുത്തകാലത്തായി ലോകം മുഴുവൻ കൂടുതലായി ഉപയോഗിക്കപ്പെടുന്നു. ലോകത്തെ ഭീതിയിലാഴ്ത്തി മുന്നേറുന്ന കൊറോണാ വൈറസാണ് ഈ പദങ്ങൾക്ക് കൂടുതൽ പ്രചാരം നൽകിയത്. കൊറോണാ വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കുക എന്ന് വിവിധ സർക്കാരുകൾ അവരുടെ നയമായി പ്രഖ്യാപിച്ചു കഴിഞ്ഞു. രോഗികൾ അടുത്തിടപഴകുന്നതും, രോഗ ലക്ഷണമുള്ളവരുമായി സമ്പർക്കം ഒഴിവാക്കുന്നതിനുമാണ് സാമൂഹിക അകലം പാലിക്കേണ്ടത്. ഒരു മീറ്റർ മുതൽ മൂന്ന് മീറ്റർ വരെയാണ് പല രാജ്യങ്ങളിലും സാമൂഹിക അകലം പാലിക്കുന്നതിനായി നിജപ്പെടുത്തിയിട്ടുള്ളത്. എന്നാൽ സാമൂഹിക അകലം പാലിക്കുന്നതിന് പ്രവാസികൾക്ക് സാധിക്കുന്നുണ്ടോ ?

പ്രവാസികൾക്കിടയിൽ ‘സെൽഫ് അക്കോമഡേഷൻ’ സംവിധാനങ്ങളിൽ കഴിയുന്നവർക്ക് സാമൂഹിക അകലം പാലിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കാം. പല സ്വഭാവമുള്ള തൊഴിൽ ചെയ്യുന്നവർ ഒരുമിച്ച് താമസിക്കേണ്ടി വരുന്നത് ഇപ്പോഴത്തെ സമയങ്ങളിൽ വെല്ലുവിളികളായി മാറും.

കട്ടികുറഞ്ഞ പ്ലൈവുഡും, ടിൻ ഷീറ്റും കൊണ്ടുണ്ടാക്കുന്ന ഒറ്റമുറി വീട്. നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ താമസിക്കുന്ന താൽക്കാലിക റൂമുകളാണിത്. നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ ആറോ ഏഴോ മാസങ്ങളിലേക്കാണ് ഇത്തരം റൂമുകൾ നിർമ്മിക്കുന്നത്. കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതുവരെ ആ ജോലിയുടെ ഭാഗമാകുന്നവർ ഇത്തരം വീടുകളിൽ ആണ് താമസിക്കുന്നത്. കട്ടികുറഞ്ഞ പ്ലൈവുഡുകൾ ഭിത്തികൾക്ക് പകരമായി ഉപയോഗിക്കുകയും, മുകളിൽ ടിൻ ഷീറ്റുകൾ പാകി സിമന്റ് കട്ടകൾ കൊണ്ട് അവ ഉറപ്പിക്കുകയും ചെയ്യുന്നു. മഴയെ പ്രതിരോധിക്കാൻ ഇത്തരം വീടുകൾക്ക് ശേഷി ഇല്ലാത്തതിനാൽ മഴയും കാറ്റും ഉള്ള സമയങ്ങളിൽ ഇത്തരം വീടുകളിൽ താമസിക്കുന്നവരുടെ അവസ്ഥ വളരെ ശോചനീയമാകാറുണ്ട്.
സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ നിർമ്മാണ മേഖലകളിൽ പണിയെടുക്കുന്ന ഇത്തരം ജീവനക്കാരുടെ താമസസൗകര്യങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുന്നുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്.
കൂടുതൽ തൊഴിലാളികൾ ഉള്ള കോൺട്രാക്ടർമാർ തങ്ങളുടെ ജോലിക്കാർക്കായി മികച്ച പാർപ്പിട സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
ചില കമ്പനികളുടെ താൽക്കാലിക സംവിധാനമാണ് പോർട്ടബിൾ ക്യാബിൻ. ഇത്തരം പാർപ്പിട സൗകര്യങ്ങൾ സുരക്ഷ നൽകുന്നുണ്ടെങ്കിലും ചൂട് സമയങ്ങളിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്.
എന്നാൽ മറ്റു ചില കമ്പനികൾക്ക് സ്ഥിര പാർപ്പിട സംവിധാനങ്ങളുണ്ട്. എണ്ണത്തിൽ കൂടുതൽ തൊഴിലാളികൾ ഉള്ള കമ്പനികളിൽ ഓരോ റൂമിലും താമസിക്കുന്നവരുടെ എണ്ണവും കൂടുതലായിരിക്കും. എന്നാൽ ഇത്തരം പാർപ്പിട സൗകര്യങ്ങളെക്കുറിച്ച് പ്രവാസികൾക്ക് കാര്യമായ പരാതികൾ ഒന്നുമില്ല. പ്രവാസികൾ ഇതിൽ തൃപ്തരാണ്.

പ്രവാസിയുടെ സ്വപ്നം

ഓരോ പ്രവാസിക്കും ഓരോ സ്വപ്നങ്ങളുണ്ട്. മിക്ക പ്രവാസികളുടെയും സ്വപ്നങ്ങൾക്ക് സാമ്യം ഉണ്ടാകാനാണ് സാധ്യത. ഒരു വീട് എന്നതാണ് അവരിൽ പലരുടെയും പ്രധാന ആഗ്രഹം. മക്കളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം, വീട്, വാഹനം, ലോൺ, കടം തുടങ്ങി നീണ്ട ലിസ്റ്റുമായി ഗൾഫ് കയറിയവരുമുണ്ട്. എന്നാൽ ഇവയെ കൂടാതെ വേണ്ടപ്പെട്ടവരുടെ രോഗം, മരണം, വിവാഹം എന്നിവയെല്ലാം പ്രവാസിയുടെ പ്രാരാബ്ധത്തിന്റെ കൊഴുപ്പു കൂട്ടാറുണ്ട്.
ശുചീകരണ പ്രവർത്തനങ്ങളും നിർമ്മാണ മേഖലകളിലുമടക്കം നൂറുകണക്കിന് തൊഴിലിടങ്ങളിലാണ് നമ്മുടെ ആൾക്കാർ ജോലി ചെയ്യുന്നത്. തുച്ഛമായ ശമ്പളം മുതൽ മെച്ചപ്പെട്ട വേതനം വരെ ലഭിക്കുന്നവർ ഇവർക്കിടയിലുണ്ട്. വിദേശത്തെ ഞെരുക്കങ്ങളിലും സ്വദേശത്ത് പണക്കാരനായി മാറുന്ന പ്രവാസികളേയും നമുക്കിടയിൽ കാണാം. എല്ലാ പ്രവാസികളുടെയും അവസ്ഥ ഇതുതന്നെ ആകണമെന്നില്ല. എന്നാൽ ചിലരെങ്കിലും ഇത്തരം സാഹചര്യങ്ങളിലൂടെ മുന്നോട്ടു പോകുന്നു എന്നതാണ് സത്യം.
റേഷൻ കാർഡിലെ സ്ഥാനക്കയറ്റം, ബന്ധുക്കളുടെ വിവാഹം അടക്കമുള്ള ചടങ്ങുകളിൽ മുന്തിയ തുക നൽകുന്ന പ്രമുഖരുടെ ലിസ്റ്റിലെ അംഗം എന്നിങ്ങനെ വ്യത്യസ്ത നേട്ടങ്ങളും ഈ സമയങ്ങളിൽ പ്രവാസികൾ കൈവരിക്കാറുണ്ട്.

പ്രവാസിയുടെ ചില പ്രത്യേകതകൾ
1. രാജ്യങ്ങൾക്കിടയിൽ അതിർത്തി പ്രശ്നങ്ങളും നുഴഞ്ഞു കയറ്റവുമൊക്കെ ചർച്ചയാകുമ്പോൾ രാജ്യാന്തര സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് പ്രവാസികൾ.
2. ആഭ്യന്തരപ്രശ്നങ്ങളോ, ജാതിമതചിന്തകളോ ചില സമയങ്ങളിൽ രാജ്യത്തെ പ്രക്ഷുബ്ധമാക്കുമ്പോൾ ഹിന്ദിയെ ആഗോള ഭാഷയാക്കി മാറ്റി രാജ്യസ്നേഹം പങ്കിടുന്നവരാണ് പ്രവാസികൾ.
3. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്ക്

മെച്ചപ്പെട്ടാലും കടം എടുക്കൽ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നവരാണ് പ്രവാസികൾ.

പ്രവാസികൾക്കായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ വിസ്മരിക്കുന്നില്ല. പ്രവാസികളായി കഴിയുന്ന രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങളും വിദേശികളായി വന്നു പാർക്കുന്ന ഇത്തരം ആൾക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാറുണ്ട്. എന്നാൽ അപ്രതീക്ഷിതമായി വരുന്ന ഇത്തരം മഹാമാരികൾ ആശങ്ക ജനിപ്പിക്കാറുണ്ട്. പലപ്പോഴായി മാനസിക സമ്മർദ്ദങ്ങളെ അതിജീവിച്ച് പരിചയമുള്ള പ്രവാസികൾക്ക് ഇതിനെയും തരണം ചെയ്യാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു.

എഡിസൺ ബി.ഇടയ്ക്കാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.